രാവിലത്തെ തിരക്കുകള്‍ക്കിടയില്‍ ആരോഗ്യകരമായ പ്രാതല്‍ തയ്യാറാക്കുന്നത് പലപ്പോഴും വെല്ലുവിളിയാണ്. എന്നാല്‍ അതത്ര പ്രയാസമുള്ള കാര്യമല്ല. വളരെ പെട്ടെന്ന് തയ്യാറാക്കാവുന്നതും ആരോഗ്യകരവുമായ ചില ബ്രേക്ക് ഫാസ്റ്റ് ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തുകയാണിവിടെ.
- ഓട്സ് മീല്‍
നിങ്ങള്‍ ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നത് പിന്തുടരാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കണമെന്നാണ് ആയുര്‍വേദം പറയുന്നത്. ഫ്രൂട്ട്സോ ഈന്തപ്പഴമോ ചേര്‍ത്ത ഓട്സ് വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്നതും എളുപ്പത്തില്‍ ദഹിക്കുന്നതുമാണ്. ജീരകം, ഫെനുഗ്രീക്ക് സീഡ്സ്, ഉള്ളി, ഇഞ്ചി, നെയ്യ് എന്നിവ ചേര്‍ത്തും ഓട്സ് കഴിക്കാം. തണുപ്പിനു വേണ്ടി അല്പം തൈരും കഴിക്കാം.
- മുട്ടകള്‍
ഊര്‍ജ്ജസ്വലമായ ദിവസം ആരംഭിക്കാന്‍ പ്രോട്ടീന്‍ വളരെ നല്ലതാണ്. പ്രോട്ടീന്‍ ലഭിക്കാന്‍ ഏറ്റവും എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും ലഭ്യമായതും മുട്ടയാണ്. മുട്ട പൊരിച്ചോ, പുഴുങ്ങിയോ സ്ക്രാമ്പിള്‍ ചെയ്തോ നിങ്ങളുടെ സമയം പോലെ കുക്ക് ചെയ്യാം. മുട്ടയിലെ കലോറിയെക്കുറിച്ച് ആശങ്ക വേണ്ട. മുട്ടയില്‍ അത്രയധികം കലോറിയൊന്നുമില്ല. പ്രോട്ടീന്‍ പെട്ടെന്ന് വയറു നിറക്കുന്നതിനാല്‍ ദീര്‍ഘനേരം വിശപ്പില്ലാതെ നിലനിര്‍ത്തും. അനാവശ്യമായി എന്തെങ്കിലും ചവച്ചുകൊണ്ടിരിക്കാനുള്ള പ്രവണത കുറയും.
- കോരയും മറ്റു നേര്‍ത്ത പ്രോട്ടീനുകളും
മുട്ട കഴിക്കാന്‍ താല്പര്യമില്ലാത്തവര്ക്ക് കോര, ചൂര തുടങ്ങിയ മത്സ്യങ്ങള്‍ കഴിക്കാവുന്നതാണ്. ഇതില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ശരീരത്തെ ഹൃദ്രോഗം, ആര്‍ത്രൈറ്റിസ്, അര്‍ബുദം തുടങ്ങിയ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കും. ചൂരയോടൊപ്പം കുറച്ച് പച്ചക്കറികളും സ്ക്രാമ്പിള്‍ഡ് മുട്ടയും മുഴുധാന്യ ടോസ്റ്റും കഴിക്കാം.
- പച്ചക്കറികള്‍
ബ്രേക്ക് ഫാസ്റ്റിന് പച്ചക്കറികള്‍ കഴിക്കുന്നത് ദിവസവും ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. ഗ്ലൈസമിക് ഇന്‍ഡക്സ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ പൊതുവായും ചയാപചയ പ്രവര്‍ത്തനങ്ങളെ പ്രത്യേകിച്ചും ശക്തിപ്പെടുത്തും. കുറച്ചു മുട്ട കൂടെ ചേര്‍ക്കുന്നതും മുട്ട ചേര്‍ത്ത് സാലഡ് തയ്യാറാക്കുന്നതും നല്ലതാണ്. അത്താഴത്തിനുള്ള ഭക്ഷണമായും ഇത് കഴിക്കാം.
- മുന്തിരി ജ്യൂസും ഗ്ലൈസമിക് ഇന്‍ഡക്സ് കുറഞ്ഞ ഫ്രൂട്ടുകളും
മുന്തിരി ജ്യൂസില്‍ ധാരാളം വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. അത് നിങ്ങളുടെ ചര്‍മത്തിനും ഫ്രീ റാഡിക്കലുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാനും നല്ലതാണ്. ഓറഞ്ച് ജ്യൂസും നല്ലതാണ്. രണ്ടിലും വളരെയധികം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു.
- തൈര്
വയറിനാവശ്യമായ നല്ല ബാക്ടീരിയ ധാരാളം അടങ്ങിയിരിക്കുന്ന പ്രൊബയോട്ടിക് ആണ് തൈര്. ശ്വസന വ്യവസ്ഥയില്‍ ആരംഭിക്കുന്നതും അതിനെ ബാധിക്കുന്നതുമായ അസുഖങ്ങളെ തുടച്ചുനീക്കാന്‍ തൈര് ഫലപ്രദമാണ്.
- നാരങ്ങാ വെള്ളം
ആരോഗ്യദായകമായ ഒരു പാനീയം കുടിച്ചും ഒരു ദിവസം ആരംഭിക്കാവുന്നതാണ്. രാവിലെ ആദ്യം ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ അല്പം നാരങ്ങ പിഴിഞ്ഞ് കുടിക്കാന്‍ ശ്രമിച്ചുനോക്കൂ. ചൂടുവെള്ളം കുടല്ഭിത്തികളിലെ പേശീ സങ്കോചത്തെ ഉത്തേജിപ്പിച്ച് കുടലിലെ ചലനങ്ങളെ സഹായിക്കുന്നതിനാല്‍ ശരീരത്തില്‍ നിന്ന് മാലിന്യങ്ങളെ പുറന്തള്ളുന്നതിന് സഹായിക്കുന്നു.