ലോകത്ത് 89 ട്രോപ്പിക്കല്‍ രാജ്യങ്ങളിലായി 12 മില്യണ്‍ ഹെക്ടറില്‍ തെങ്ങുണ്ട്. തേങ്ങയില്‍ പലവിധ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഉള്ളിലെ കൊഴുപ്പുള്ള വെള്ളയില്‍ നിന്ന് പാലും തേങ്ങാവെള്ളവും ലഭിക്കുന്നു.
കുറച്ചു വര്‍ഷങ്ങളായി ലാക്ടോസ് ഇന്‍ടോളറന്‍സും വേഗനിസവും തേങ്ങയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കിയിട്ടുണ്ട്. വെള്ളം, പാല്‍, ക്രീം, ഷുഗര്‍, വിനിഗര്‍ അങ്ങനെ ആരോഗ്യകരമായ പലതും നാളികേരത്തില്‍ നിന്ന് ലഭിക്കുന്നു. തേങ്ങാപ്പാലും തേങ്ങാവെള്ളവും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുന്നത് പോഷകങ്ങളെ സംബന്ധിച്ച നിങ്ങളുടെ തെരഞ്ഞെടുപ്പിന് സഹായകമാകും.
തേങ്ങാവെള്ളവും അതിന്റെ പ്രയോജനങ്ങളും
ഇളനീരില്‍ നിന്നു ലഭിക്കുന്ന തണുപ്പും മധുരവുമുള്ള ജ്യൂസ് പ്രകൃതിയില്‍ നിന്നുള്ള ഊര്‍ജ്ജദായകമായ പാനീയമാണ്. ഒരു കപ്പ് തേങ്ങാവെള്ളത്തില്‍ കാത്സ്യം, മഗ്നിഷ്യം, മാംഗനീസ്, പൊട്ടാസ്യം, സോഡിയം, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ താഴെ പറയുന്ന ഗുണങ്ങളും നല്‍കുന്നു.
- ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കാന്‍ തേങ്ങാവെള്ളത്തിലുള്ള ആന്റിഓക്‌സിഡന്റുകള്‍ക്ക് കഴിയുന്നു.
- ഇത് രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിച്ചു നിര്‍ത്തുന്നതിനാല്‍ പ്രമേഹമുള്ളവര്‍ക്ക് നല്ലതാണ്. കൂടാതെ ഇതിലുള്ള മഗ്നീഷ്യം രോഗത്തിന്റെ പുരോഗതിയെ തടയുന്നു.
- മൂത്രത്തിലും കിഡ്‌നിയിലും കല്ലുണ്ടാകാതെ നോക്കാന്‍ ഈ പാനീയം കുടിക്കുന്നത് നല്ലതാണ്.
- ചീത്ത കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡും കുറക്കാന്‍ ഇത് സഹായിക്കുന്നതായി ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
- രക്തസമ്മര്‍ദ്ദം മിതമായി നിലനിര്‍ത്തേണ്ടവര്‍ക്ക് പൊട്ടാസ്യത്തിന്റെ നല്ല ഉറവിടവുമാണ് ഇത്.
- കഠിനമായ വര്‍ക്കൗട്ടിനും പരിശീലനത്തിനും ശേഷം ശരീരത്തിലെ നിര്‍ജലീകരണം ഒഴിവാക്കുന്നതിനും ഇത് മികച്ച പാനീയമാണ്.
തേങ്ങാപ്പാലും അതിന്റെ ഗുണങ്ങളും
നാളികേരത്തിലെ കൊഴുത്ത ഭാഗം വെള്ളം ചേര്‍ത്ത് പിഴിഞ്ഞെടുത്താണ് തേങ്ങാപ്പാല്‍ ഉണ്ടാക്കുന്നത്. ഇപ്പോള്‍ തേങ്ങാപ്പാല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങാനും ലഭിക്കുന്നു. നൂറ്റാണ്ടുകളായി ഏഷ്യയിലും ആഫ്രിക്കന്‍ വിഭവങ്ങളിലും തേങ്ങാപ്പാല്‍ ഉപയോഗിച്ചു വരുന്നു.
- ഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ലതാണ്.
- എല്‍ഡിഎല്‍, ചീത്ത കൊളസ്‌ട്രോള്‍ എന്നിവ കുറക്കുന്നതിന് തേങ്ങയിലെ മാംസഭാഗം കഴിക്കുന്നത് നല്ലതാണ്.
- ഇതിലെ ആന്റിഓക്‌സിഡന്റുകളും ലോറിക് ആസിഡും ഇന്‍ഫ്‌ളമേഷന്‍ കുറക്കാന്‍ സഹായിക്കുന്നു.
- ഇതിന് ആന്റിബാക്ടീരിയല്‍ ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്.
തേങ്ങാവെള്ളം ശരീരത്തിന് നിരവധി പോഷകങ്ങള്‍ നല്‍കുന്നു. അത് രോഗങ്ങളില്‍ നിന്നുള്ള സംരക്ഷണവും ചൈതന്യവും നല്‍കുന്നു. വേഗനായ ആളുകള്‍ക്ക് തേങ്ങാപ്പാല്‍ നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കുന്നുണ്ട്. തേങ്ങാപ്പാലും വെളിച്ചെണ്ണയും കൊളസ്‌ട്രോള്‍ നിരക്ക് കൂട്ടുമെന്ന പഴയ ധാരണ തെറ്റായിരുന്നു. പിന്നീട് ശാസ്ത്രലോകം തേങ്ങയിലേത് പൂരിത കൊഴുപ്പാണെന്ന് കണ്ടെത്തിയിരുന്നു. തേങ്ങാപ്പാല്‍ ശരീരത്തിന്റെ നിര്‍ജ്ജലീകരണത്തെ തടയാന്‍ സഹായിക്കുന്നില്ല. എന്നാല്‍ തേങ്ങാവെള്ളം ശരീരത്തിന് ഇലക്ട്രോലൈറ്റ്‌സും എനര്‍ജിയും ജലാംശവും നല്‍കുന്നു.