അമ്മമാരുടെ ലോകത്തേക്ക് ആദ്യമായെത്തുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന ആശങ്കകളും അങ്കലാപ്പുകളും ഏറെയാണ്. കുഞ്ഞുമായി ബന്ധപ്പെട്ട ആശങ്കകള്‍ കഴിഞ്ഞാല്‍ അവര്‍ ഏറ്റവും ആകുലപ്പെടുക സ്വന്തം ശരീരഭാരത്തെ കുറിച്ചായിരിക്കും. പ്രസവശേഷം ശരീരത്തിന് വണ്ണം വെക്കുന്നത് മിക്ക അമ്മമാരും അനുഭവിക്കുന്ന ഒരു അവസ്ഥയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ ശാസ്ത്രീയ വിശദീകരണം ഉണ്ട്. മാത്രമല്ല, ഇതി ആശങ്കപ്പെടേണ്ടതില്ലെന്നും വൈദ്യശാസ്ത്രം പറയുന്നു.
പ്രസവശേഷം ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളില്‍ നാണം തോന്നേണ്ട യാതൊരു കാര്യവുമില്ല. അമ്മയാകുക എന്ന മഹത്തരമായ പ്രവൃത്തിയിലൂടെയാണല്ലോ അത്തരം മാറ്റങ്ങളും ഉണ്ടാകുന്നത്. അതിനാല്‍ ക്ഷമയോടെ ഇത്തരം കാര്യങ്ങളെ കൈകാര്യം ചെയ്യുക. വണ്ണം കുറയ്ക്കുന്നതിനായി മരുന്നുകളെയും അംഗീകൃതമല്ലാത്ത ടോണിക്കുകളെയും ആശ്രയിച്ചാല്‍ അവയുടെ പാര്‍ശ്വഫലങ്ങളില്‍ നിന്ന് കരകയറുക അസാധ്യമാകും. പ്രസവാനന്തരം ഉണ്ടായ ശരീരഭാരം സ്വാഭാവികമായി തന്നെ നഷ്ടമാകുമെന്ന് തിരിച്ചറിയുക. ആരോഗ്യകരമായ ചില ജീവിതശൈലികള്‍ പിന്തുടരുകയും ശരീരത്തിന്റെ താളക്രമം മനസിലാക്കുകയും ചെയ്താല്‍ എളുപ്പത്തില്‍ അമിതഭാരം ഇല്ലാതാക്കാം. ഏല്ലാറ്റിനുമുപരിയായി ശുഭചിന്തകളുള്ള ഒരു മനസും സ്വന്തം പ്രവര്‍ത്തികളിലുള്ള വിശ്വാസവുമാണ് ആദ്യം വളര്‍ത്തിയെടുക്കേണ്ടത്.
പ്രസവാനന്തരം ശരീരഭാരം വര്‍ധിക്കുന്നതിനുള്ള കാരണങ്ങള്‍
പലകാരണങ്ങള്‍ കൊണ്ടും പ്രസവത്തിന് ശേഷം ശരീരഭാരം കൂടാം. മറുപിള്ളയില്‍ നിന്നും ഗര്‍ഭകാല ഹോര്‍മോണായ എച്ച്‌സിജി രക്തത്തി കലരുന്നതിനാല്‍ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ നമുക്ക് കൂടുതല്‍ വിശപ്പ് അനുഭവപ്പെടും. ഗര്‍ഭകാലത്ത് സ്ത്രീകളുടെ ശരീരത്തിലെ ദഹനത്തെയും മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളെയും ഊര്‍ജ, പോഷക വിതരണത്തെയും നിയന്ത്രിക്കുന്ന ഹോര്‍മോണാണ് എച്ച്‌സിജി. ഇതിന്റെ പ്രവര്‍ത്തനഫലമായി നമ്മള്‍ രണ്ടാള്‍ക്ക് വേണ്ടി ഭക്ഷണം കഴിക്കാന്‍ ആരംഭിക്കും. എന്നാല്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നുണ്ടാകുന്ന കൊഴുപ്പും ഊര്‍ജവുമൊന്നും നമ്മുടെ ശരീരത്തില്‍ പ്രകടമാകണമെന്നില്ല. അവ ആദ്യം ഗര്‍ഭസ്ഥ ശിശുവിലേക്കാണ് പോകുന്നത്, പിന്നീടാണിവ അമ്മമാരുടെ ശരീരത്തിലെത്തുന്നതും അമിതഭാരം പ്രകടമാകുന്നതും. മാത്രമല്ല, ഗര്‍ഭകാലത്ത് ശരീരഭാരം അല്‍പ്പം കൂടുന്നത് നല്ലതാണെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ നമ്മുടെ ശരീരത്തിന് വെക്കുന്ന ഭാരം പ്രസവാനന്തരം നഷ്ടപ്പെടുന്നില്ല. കുഞ്ഞിനെ മുലയൂട്ടുന്നതിലൂടെ ശരീരഭാരം കുറക്കാമെന്നത് വെറും മിഥ്യാധാരണ മാത്രമാണ്.
ഇവ കൂടാതെ മാനസിക സമ്മര്‍ദ്ദം, വിഷാദം, ചില സാഹചര്യങ്ങളി തൈറോയിഡ് തുടങ്ങിയ ശാരീരിക അവസ്ഥകളും പുതിയ അമ്മമാരെ തേടിയെത്തുന്നു. കുഞ്ഞുങ്ങളുടെ സംരക്ഷണം കൂടി ഉത്തരവാദിത്തമായി മാറുന്ന ചില അമ്മമാരില്‍ സ്‌ട്രെസ്സ് ഉണ്ടാകുകയും അതുകാരണം കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ശരീരത്തിലുണ്ടാകുകയും ചെയ്യും. വിശപ്പ് കൂടാന്‍ കാരണമാകുന്ന കോര്‍ട്ടിസോള്‍ ഉദരത്തിന് താഴ്ഭാഗത്തായി കൊഴുപ്പ് സംഭരിക്കപ്പെടുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. ചിലര്‍ക്ക് പ്രസവാനന്തരം വിഷാദരോഗം വരികയും അത് വിശപ്പിനെ സ്വാധീനിച്ച് ശരീരഭാരം കൂടാന്‍ ഇടയാക്കുകയും ചെയ്യും. ചിലരില്‍ പ്രസവത്തിന് ശേഷം തൈറോയിഡ് കണ്ടുവരാറുണ്ട്. ഇതും ശരീരഭാരം കൂടാന്‍ കാരണമാകുന്നു.
ഭാരം കുറയ്ക്കാനുള്ള പൊടിക്കൈകള്‍
ധാരാളം വെള്ളം കുടിക്കുക
ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നത് പലവിധത്തി ശരീരത്തിന് ഗുണം ചെയ്യും. ഒന്നാമതായി അത് ശാരീരിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കും. വയറ് നിറഞ്ഞതായുള്ള തോന്നലുണ്ടാക്കി വിശപ്പിനെ പ്രതിരോധിക്കാനും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് നല്ലതാണ്. അലാറം വെച്ച് വെള്ളം കുടിക്കേണ്ട കാര്യമൊന്നുമില്ല. ശരീരത്തില്‍ ആവശ്യത്തിന് ജലാംശമുണ്ടോയെന്ന് പരിശോധിക്കുന്നതിനായി മൂത്രത്തിന്റെ സുതാര്യത ശ്രദ്ധിച്ചാല്‍ മതി. മൂത്രം സുതാര്യമല്ലെങ്കില്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടണം. അതല്ല സുതാര്യമായ മൂത്രമാണെങ്കില്‍ ശരീരത്തി ആവശ്യത്തിന് വെള്ളമെത്തുന്നുണ്ടെന്നര്‍ത്ഥം.
വ്യയാമം
പ്രസവാന്തരം ഉണ്ടായ ശരീരവണ്ണം കളയുന്നതിനായി കൃത്യമായ ഒരു ഭക്ഷണക്രമം ഏര്‍പ്പെടുത്താം. എന്നാല്‍ മിക്കവാറും ഭക്ഷണത്തിലൂടെ മാത്രം നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലേക്ക് ശരീരഭാരം കുറയ്ക്കാന്‍ സാധിച്ചേക്കില്ല. അതുകൊണ്ട് വളരെ പെട്ടെന്ന് വണ്ണം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഭക്ഷണ ക്രമത്തോടൊപ്പം വ്യായാമവും ശീലിക്കണം. ശരീരഭാരം കുറയ്ക്കുന്നതിനുമപ്പുറം സ്‌ട്രെസ് കുറയ്ക്കുന്നതിനും ഉറക്കം മെച്ചപ്പെടുത്തുന്നതിനും മനസുഖം ലഭിക്കുന്നതിനും വ്യായാമം നല്ലതാണ്.
ഉറക്കം വിട്ടൊരു കളി വേണ്ട
ഇരുപത്തിനാലു മണിക്കൂറും നിങ്ങളുടെ സാമീപ്യം ആഗ്രഹിക്കുന്ന പൊന്നോമന ഒപ്പമുണ്ടാകുമ്പോള്‍ എങ്ങനെ ഉറങ്ങാനാകുമല്ലേ? പക്ഷേ ഉറക്കമില്ലാതാകുമ്പോള്‍ നിങ്ങള്‍ ചില ചീത്ത ശീലങ്ങള്‍ക്കു കൂടി അടിമയാകും. ഉദാഹരണത്തിന് അസമയത്തെ ആഹാരം, ചായ കുടിക്കല്‍ തുടങ്ങിയവ. അത് വണ്ണം കുറക്കാനുള്ള നിങ്ങളുടെ ആഗ്രഹത്തിന്റെ വില്ലനാണ്. രാത്രി മതിയായ ഉറക്കമുണ്ടാകാതെ ക്ഷീണമനുഭവപ്പെട്ടാല്‍ ശരീരം കോര്‍ട്ടിസോള്‍ ഉല്‍പ്പാദിപ്പിക്കുകയും അങ്ങനെ വിശപ്പ് കൂടുകയും ചെയ്യും.
അതിരുകടന്ന സ്വപ്‌നങ്ങള്‍ അരുത്
സ്വപ്‌നങ്ങള്‍ക്ക് അതിരില്ല എന്നൊക്കെ പറയുമെങ്കിലും പ്രസവ ശേഷമുള്ള വണ്ണം കുറയ്ക്കലിനെപ്പറ്റി അമിത പ്രതീക്ഷ വെച്ചു പുലര്‍ത്തരുത്. പ്രസവശേഷം സെലിബ്രിറ്റികള്‍ പണ്ടത്തെപ്പോലെ മെലിഞ്ഞു സുന്ദരിയായ കഥകളൊക്കെ നിങ്ങളെ സ്വാധീനിച്ചേക്കാം. അതു കേട്ട് ഒന്നുരണ്ടു മാസങ്ങള്‍ കൊണ്ട് പഴയതു പോലെയാകാം എന്ന് കരുതുന്നത് അബദ്ധമാണ്. നമ്മള്‍ കേള്‍ക്കുന്ന കഥകളൊന്നും 100 ശതമാനം ശരിയായിരിക്കില്ലെന്നതാണ് സത്യം. ഇനി സത്യമാണെങ്കില്‍ തന്നെ നമുക്ക് അത് സാധ്യമാകണമെന്നില്ല. അവരുടെ ഭാരം കുറയ്ക്കാന്‍ ഒരു വലിയ സംഘം തന്നെ ഒപ്പം കാണും. കൃത്യമായ പ ദ്ധതികള്‍ തയാറാക്കി സെലിബ്രിറ്റിയെ അതിലൂടെയൊക്കെ കൊണ്ടുപോയി ഭാരം കുറക്കേണ്ടത് അവരുടെ ചുമതലയാണ്. ഒരു വര്‍ഷം കൊണ്ടു മാത്രമേ ഗര്‍ഭകാലത്ത് ശരീരത്തിലെത്തിയ അമിതവണ്ണം കുറയ്ക്കാന്‍ സാധിക്കുള്ളുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചിലപ്പോള്‍ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കൊണ്ട് മാത്രമേ പഴയ അവസ്ഥയിലേക്ക് ശരീരത്തെ എത്തിക്കാന്‍ പറ്റൂ.
സ്‌നാക്‌സുകള്‍ ആകാം, പോഷക സമ്പുഷ്ടമെങ്കില്‍ മാത്രം
മുലയൂട്ടുന്ന അമ്മമാര്‍ക്ക് പെട്ടന്ന് വിശക്കും. കൃത്യമായി നിയന്ത്രിച്ചില്ലെങ്കില്‍ ഈ വിശപ്പ് നമ്മെ അമിത വണ്ണത്തിലേക്ക് എത്തിക്കും. എന്നാല്‍ വിശക്കുമ്പോള്‍ പഴങ്ങള്‍, ധാന്യങ്ങള്‍, പച്ചക്കറികള്‍, നട്ട്‌സ്, തൈര് എന്നിവ കഴിക്കുന്നത് നല്ലതാണ്. ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ യജ്ഞത്തെ അവ സഹായിക്കും.
പ്രസവശേഷം ഭക്ഷണരീതി എത്തരത്തില്‍ ആകണം
പ്രസവശേഷം ഒറ്റയടിക്ക് വണ്ണം കുറച്ചു കളയുന്ന കഠിന ഡയറ്റുകള്‍ക്ക് പിറകേ പോകരുത്. അങ്ങനെ ചെയ്താല്‍ ചില വിഷവസ്തുക്കള്‍ ശരീരം ഉല്‍പ്പാദിപ്പിക്കുകയും അവ രക്തത്തില്‍ കലര്‍ന്ന് നിങ്ങളുടെ കുഞ്ഞിന് ദോഷം ചെയ്യുകയും ചെയ്യും. ക്രമേണ വണ്ണം കുറയ്ക്കുകയെന്നതാവണം ലക്ഷ്യം. ശരീരപ്രവര്‍ത്തനങ്ങള്‍ക്കായി സ്ത്രീകള്‍ക്ക് ദിവസേന 1500-2200 കലോറി ആവശ്യമാണ്. മുലയൂട്ടുന്ന അമ്മമാരാണെങ്കില്‍ കുറഞ്ഞത് 1800 കലോറിയെങ്കിലും ദിവസവും ശരീരത്തിലെത്തണം.
പ്രസവം കഴിഞ്ഞ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും 5-6 തവണ കുറച്ചു കുറച്ചായി ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഇതിനിടയി ആരോഗ്യപൂര്‍ണമായ സ്‌നാക്‌സുമാകാം. എന്നാല്‍ ഒരു നേരം പോലും ഭക്ഷണം ഒഴിവാക്കരുത്. അത് ശരീരത്തിന് ദോഷം ചെയ്യുമെന്ന് മാത്രമല്ല, അടുത്ത തവണ കൂടുതല്‍ കഴിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും.
എന്തൊക്കെ ഭക്ഷണങ്ങള്‍ ആകാം
ഫൈബര്‍
ഫൈബര്‍ സമ്പുഷ്ടമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിങ്ങളുടെ ദഹനാരോഗ്യം മെച്ചപ്പെടുത്തും. സോല്യബിള്‍ ഫൈബര്‍ വിശപ്പുണ്ടാക്കുന്ന ഫൈബറിനെ പ്രതിരോധിക്കുകയും അങ്ങനെ വിശപ്പ് കുറയ്ക്കുകയും ചെയ്യും.
പ്രോട്ടീന്‍
കൊഴുപ്പ് കുറഞ്ഞ മാംസം, മുട്ട, മത്സ്യം, പാല്‍ എന്നിവ പ്രോട്ടീന്‍ കലവറയാണ്. അവ ശരീരപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും വിശപ്പ് കുറച്ച് ശരീരത്തിലേക്ക് കൂടുത കലോറി എത്തുന്നതിനെ തടയുകയും ചെയ്യുന്നു.
സങ്കീര്‍ണ കാര്‍ബോ ഹൈഡ്രേറ്റുകള്‍
കൂടുത സമയമെടുത്ത് മാത്രമേ വിഘടിക്കൂ എന്നതിനാല്‍ സങ്കീര്‍ണ(കോംപ്ലെക്‌സ്) കാര്‍ബോഹൈഡ്രേറ്റുകള്‍ ദിവസം മുഴുവന്‍ ശരീരത്തിന് കൂടുതല്‍ ഊര്‍ജം പ്രദാനം ചെയ്യുന്നു.
അപൂരിത, ബഹുപൂരിത കൊഴുപ്പുകള്‍
കൊഴുപ്പ് പൂര്‍ണമായും ഉപേക്ഷിക്കരുത്. അപൂരിതവും ബഹുപൂരിതവുമായ കൊഴുപ്പുകള്‍ ശരീരത്തെ ആരോഗ്യമുള്ളതാക്കി നിലനിര്‍ത്തുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
ഒഴിവാക്കേണ്ടവ
പഞ്ചസാര, സംസ്‌കരിച്ച കാര്‍ബോ ഹൈഡ്രേറ്റ്
മധുര പാനീയങ്ങള്‍, കേക്കുകള്‍, ബിസ്‌കറ്റുകള്‍ തുടങ്ങി പഞ്ചസാരയും സംസ്‌കരിച്ച കാര്‍ബോ ഹൈഡ്രേറ്റും അമിതമായി അടങ്ങിയ, പോഷകം കുറഞ്ഞ ഭക്ഷണങ്ങള്‍. ഇത്തരത്തിലുള്ള അമിത കലോറിയും കുറഞ്ഞ പോഷക ഗുണങ്ങളുമുള്ള ഭക്ഷണങ്ങള്‍ വണ്ണം കൂടാന്‍ കാരണമാകുകയും ഹൃദ്രോഗങ്ങള്‍, അര്‍ബുദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.
സംസ്‌കരിച്ച ഭക്ഷണ സാധനങ്ങള്‍
ഫാസ്റ്റ്ഫുഡ്, നേരത്തേ പാക്ക് ചെയ്ത് വെച്ചിരിക്കുന്ന ഭക്ഷണങ്ങള്‍ തുടങ്ങി സംസ്‌കരിച്ച ഭക്ഷണ സാധനങ്ങള്‍ ആരോഗ്യത്തിന് ദോഷകരമാണ്. ഇവയില്‍ അമിതമായി പഞ്ചസാരയും കൊഴുപ്പും കലോറിയും ഉപ്പും അടങ്ങിയിരിക്കുന്നു. നിങ്ങളുടെ വണ്ണം കുറയ്ക്കാനുള്ള പദ്ധതികളെ തകിടം മറിക്കുന്നവയാണ് ഇവ.
മദ്യം
അമിതമായി കലോറി അടങ്ങിയ മറ്റൊരു പാനീയമാണ് മദ്യം. മദ്യത്തില്‍ നിന്നും ശരീരത്തിന് പോഷകങ്ങളൊന്നും ലഭിക്കാനുമില്ല. വയറു ചാടുന്നതിനും മദ്യപാനം കാരണമാകുന്നു. മൂലയൂട്ടുന്ന അമ്മമാരില്‍ മദ്യപാനം മുലപ്പാല്‍ കുറയുന്നതിന് കാരണമാകുന്നു.