ശരീരത്തിന്റെ ആരോഗ്യവും കായികക്ഷമതയും നിലനിർത്തുന്നതിൽ അസ്ഥികൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കൊളാജെൻ എന്ന പ്രോട്ടിനുകളാൽ നിർമ്മിക്കപ്പെട്ടതാണ് അസ്ഥികൾ. കാൽഷ്യം ഫോസ്‌ഫേറ്റും മറ്റ് മിനറൽസും മഗ്നീഷ്യവുമെല്ലാം ചേർന്നാണ് എല്ലുകൾക്ക് ബലവും ആരോഗ്യവും പ്രദാനം ചെയ്യുന്നത്. മറ്റെല്ലാത്തിനേയും പോലെ തന്നെ അസ്ഥികളും എല്ലാ കാലത്തും ഒരുപോലെ ഇരിക്കണമെന്നില്ല. എല്ലുകളുടെ ടിഷ്യുവിലും കാലം ചെല്ലുംതോറും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും. പഴയ എല്ലുകൾ ശരീരത്തിൽ തന്നെ മാറ്റങ്ങൾ സംഭവിച്ച് പുതിയ എല്ലുകൾ രൂപാന്തരപ്പെടുന്നു. ഓരോ പത്ത് വർഷവും നിങ്ങളുടെ അസ്ഥികൾ ഇങ്ങനെ പുതുതായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്.
അസ്ഥിക്ഷയത്തിന്റെ കാരണങ്ങൾ
പ്രായം
ഓരോ ദിവസവും എല്ലുകളിൽ പുതിയ ടിഷ്യുകൾ ഉണ്ടാവുകയും പഴയവ നശിച്ച് പോകുകയും ചെയ്യുന്നു. ചെറുപ്പക്കാരിൽ വളരെ വേഗം പുതിയ ടിഷ്യുകൾ ഉണ്ടാകുകയും എന്നാൽ നശിച്ച് പോകുന്ന ടിഷ്യുവിന്റെ എണ്ണം കുറവുമായിരിക്കും. എന്നാൽ പ്രായം ചെല്ലുംതോറും പുതിയ ടിഷ്യൂ ഉണ്ടാകുന്ന വേഗം കുറയുകയും പഴകിയ ടിഷ്യുകൾ നശിച്ചുപോകുന്നത് വേഗത്തിലാകുകയും ചെയ്യും. 35 വയസിന് ശേഷമാണ് ഇങ്ങനെ സംഭവിക്കുന്നത്. 50 വയസ് കഴിഞ്ഞ സ്ത്രീകളിലും 70 വയസ് കഴിഞ്ഞ പുരുഷൻമാരിലും അസ്ഥിക്ഷയത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.
ആഹാരത്തിലെ അശ്രദ്ധ
പഴങ്ങളും പച്ചക്കറികളും അടങ്ങുന്ന പോഷകസമ്പുഷ്ടമായ ആഹാരം ശീലമാക്കിയവർ അസ്ഥിക്ഷയത്തെ കുറിച്ച് ചിന്തിക്കേണ്ടി വരില്ല. കാൽഷ്യം, വിറ്റമിൻ ഡി, വിറ്റമിൻ കെ, കലോറി എന്നിവയെല്ലാം അസ്ഥിക്ഷയം ഉണ്ടാകുന്നത് തടയുന്നു. ഇവയിൽ കാൽഷ്യവും വിറ്റമിൻ ഡിയുമാണ് ഏറ്റവും പ്രധാനപ്പെട്ടവ. ഒരു ദിവസം 1000 മില്ലിഗ്രാം കാൽഷ്യം മനുഷ്യന് ആവശ്യമായി വരുന്നു. 70 വയസിന് മുകളിൽ പ്രായമുള്ളവർക്ക് 800 മില്ലിഗ്രാം കാൽഷ്യവും വേണ്ടി വരുന്നു. എന്നാൽ ഭക്ഷണത്തിലൂടെ ഇവ ലഭിക്കുന്നില്ലെങ്കിൽ പുതിയ ടിഷ്യുവിന്റെ വളർച്ചയെ അത് ബാധിക്കുകയും അസ്ഥക്ഷയത്തിലേക്ക് നയിക്കുകയും ചെയ്യും. പോഷക സമ്പുഷ്ടമായ ആഹാര രീതി പിന്തുടരുകയാണ് ഇതിനുള്ള ഏറ്റവും മികച്ച പോംവഴി.
ശരീരത്തിൽ അമിതമാകുന്ന വിറ്റമിൻ എ
വിറ്റമിൻ എ എല്ലുകളുടെ വളർച്ചയ്ക്കും മറ്റും അത്യാവശ്യമാണ്. എങ്കിൽപ്പോലും ഇവ ശരീരത്തിൽ അളവിൽ കൂടുതൽ എത്തുന്നത് അസ്ഥിക്ഷയത്തിന് കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ടിഷ്യുകളുടെ വളർച്ചയെ മന്ദിപ്പിക്കുന്നതിനൊപ്പം വിറ്റമിൻ ഡിയുടെ പ്രവർത്തനത്തെയും ഇത് ദോഷകരമായി ബാധിക്കും. വിറ്റമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ അളവിൽ കൂടുതൽ ഉപയോഗിക്കാതിരിക്കുക. അസ്ഥക്ഷയത്തിന് സാധ്യതയുള്ളവർ ക്യത്യമായി ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കണം.
എപ്പോഴുമുള്ള വിശ്രമം
ഒരു ജോലിയും ചെയ്യാതെ കൈയ്ക്കും കാലുകൾക്കും ആയാസം നൽകാതെ വെറുതെയിരിക്കുന്നവർക്കും അസ്ഥക്ഷയമുണ്ടാകാനുള്ള സാധ്യത വളരെ ഏറെയെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കായികാധ്വാനം ചെയ്യുന്നത് എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. എപ്പോഴും ഊർജസ്വലമായി ഇരിക്കാൻ ശ്രദ്ധിക്കുക. ഭാരമുള്ള വസ്തുക്കൾ എടുത്തുകൊണ്ടുള്ള വ്യായാമം, നടത്തം, ഓട്ടം, നീന്തൽ, സ്‌റ്റെപ്പുകൾ കയറുക, ഡാൻസ്, കായിക മത്സരങ്ങൾ എന്നിവയെല്ലാം എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ സഹായകരമാണ്.