ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അസിഡിറ്റിയാണെന്ന് പറയുന്നവര്‍ ഏറെയാണ്. ഒരിക്കലെങ്കിലും അസിഡിറ്റി അനുഭവിക്കാത്തവര്‍ ഇല്ലെന്നുള്ളതും സത്യമാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ എന്താണ് അസിഡിറ്റിയെന്ന് മനസിലാക്കാതെയാണ് പലരും ഈ വാക്ക് പ്രയോഗിക്കുന്നത്. എന്തു കൊണ്ടാണ് അസിഡിറ്റി ഉണ്ടാകുന്നത്. അസിഡിറ്റി ഉണ്ടാകുമ്പോള്‍ സംഭവിക്കുന്നത് എന്താണ്. ഇതൊക്കെ അറിയണമെങ്കില്‍ ആദ്യം അസിഡിറ്റി എന്താണെന്ന് മനസിലാക്കണം.
എന്താണ് അസിഡിറ്റി
അന്നനാളത്തിലൂടെയാണ് നാം കഴിക്കുന്ന ഭക്ഷണം ആമാശയത്തില്‍ എത്തുന്നത്. ശേഷം വയറ്റിനുള്ളിലെ ആമാശയ ഗ്രന്ഥികള്‍ ഭക്ഷണം ദഹിക്കുന്നതിന് ആവശ്യമായ ആസിഡ് (ദഹന രസങ്ങള്‍) ഉല്‍പ്പാദിപ്പിക്കുന്നു. എന്നാല്‍ ദഹനത്തിന് ആവശ്യമായതിലും കൂടുതല്‍ അളവില്‍ ആസിഡ് ഉല്‍പ്പാദിപ്പിക്കപ്പെടുമ്പോള്‍ നമുക്ക് വയറ്റിനുള്ളില്‍ ഒരു പുകച്ചില്‍ അഥവാ പൊള്ളുന്നത് പോലെയുള്ള അനുഭവം ഉണ്ടാകുന്നു. ഇതാണ് പൊതുവെ അസിഡിറ്റി എന്നു പറയുന്നത്.
ആസിഡ് റിഫ്‌ളെക്‌സെന്നും അറിയപ്പെടുന്ന അസിഡിറ്റി നെഞ്ചിന് താഴെയായാണ് അനുഭവപ്പെടുന്നത്. നെഞ്ചെരിച്ചിലെന്നും ചിലര്‍ ഇതിനെ പറയാറുണ്ട്. അസിഡിറ്റി ഉള്ളവരില്‍ ദഹനരസങ്ങള്‍ അന്നനാളത്തിലേക്ക് തിരിച്ചൊഴുകുന്നത് സാധാരണമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ നെഞ്ചിനുള്ളില്‍ പൊള്ളുന്നത് പോലെയോ വേദനയോ അനുഭവപ്പെടും. ആരോഗ്യകരമല്ലാത്ത ജീവിതശൈലിയാണ് അസിഡിറ്റിയുടെ പ്രധാന കാരണമെങ്കിലും ഇത് തിരിച്ചറിയുന്നവര്‍ വളരെ ചുരുക്കമാണ്.
ആഴ്ചയില്‍ രണ്ട് തവണയി കൂടുതല്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ നിങ്ങള്‍ക്ക് Gastroesophageal reflux disease (ജിഇആര്‍ഡി) ആണെന്ന് ഡോക്ടര്‍ വിധിയെഴുതും. അസിഡിറ്റി കൂടുതലായാല്‍ താഴെപ്പറയുന്ന ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം.
1. അന്നനാളത്തിന്റെ തകരാറ്: നമ്മുടെ വായും ആമാശയവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു നാളിയാണ് അന്നനാളം. ദഹനരസങ്ങള്‍ ആമാശയത്തില്‍ നിന്ന് അന്നനാളത്തിലേക്ക് പിറകോട്ട് ഒഴുകിയാല്‍ അന്നനാളത്തിലെ അള്‍സര്‍, ഈസോഫാഗൈറ്റിസ്, അന്നനാളത്തിന്റെ സങ്കോചം, ബാരെറ്റ്‌സ് ഈസോഫാഗസ് എന്നീ അസുഖങ്ങള്‍ക്ക് കാരണമാകും.
2 അന്നനാളത്തിലെ കാന്‍സര്‍
3 പല്ലിന് കേട്: ആസിഡ് റിഫ്‌ളെക്‌സ് പല്ലിലെ ഇനാമലിനെ നശിപ്പിക്കുന്നു. ഇത് പല്ലില്‍ കേടുണ്ടാകുന്നതിന് കാരണമാകുന്നു.
അസിഡിറ്റിയുടെ കാരണങ്ങള്‍
1 ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങള്‍
കൃത്യനിഷ്ഠയില്ലാത്ത ഭക്ഷണക്രമം, ഭക്ഷണം ഒഴിവാക്കല്‍ , ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള ഭക്ഷണം കഴിക്കല്‍ , അമിതാഹാരം, ഫൈബര്‍ കുറഞ്ഞ ആഹാര സാധനങ്ങള്‍ തുടങ്ങിയ ഭക്ഷണശീലങ്ങള്‍ അസിഡിറ്റിക്ക് കാരണമാകും.
2 ചില ഭക്ഷണസാധനങ്ങളുടെ അമിതോപയോഗം
ചായ, കാപ്പി, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, സോഫ്റ്റ്ഡ്രിങ്കുകള്‍, എരിവ്, പുളി, ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍, പീസ, ഡോണട്ട്, വറുത്ത ഭക്ഷണസാധനങ്ങള്‍ തുടങ്ങി കൊഴുപ്പ് അടങ്ങിയിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും.
3 മരുന്നുകളുടെ പാര്‍ശ്വഫലം
അണുബാധ, രക്ത സമ്മര്‍ദ്ദം, വിഷാദരോഗം, ഉത്കണ്ഠ എന്നിവയ്ക്കുള്ള മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍ തുടങ്ങി സ്ഥിരമായും താത്കാലികമായും കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലമായി അസിഡിറ്റി ഉണ്ടാകാം.
4 മറ്റ് കാരണങ്ങള്‍
ജിഇആര്‍ഡി, ട്യൂമര്‍, ആമാശയത്തിലെ അള്‍സര്‍ തുടങ്ങിയ ഉദരരോഗങ്ങള്‍,നോണ്‍വെജ് ഭക്ഷണശീലങ്ങള്‍, അമിത സമ്മര്‍ദ്ദം, ഉറക്കക്കുറവ്, പുകവലി, വ്യായാമക്കുറവ്, സ്ഥിരമായ മദ്യോപയോഗം എന്നീ കാരണങ്ങള്‍ കൊണ്ടും അസിഡിറ്റി ഉണ്ടാകാം. കൂടാത, ആസ്തമ, പ്രമേഹം തുടങ്ങിയ രോഗാവസ്ഥ ഉള്ളവരിലും, പൊണ്ണത്തടി ഉള്ളവരിലും ഗര്‍ഭിണികളിലും ആര്‍ത്തവ വിരാമത്തോട് അടുത്ത സ്ത്രീകളിലും അസിറ്റിക്ക് സാധ്യതയേറെയാണ്.
അസിഡിറ്റിയുടെ ലക്ഷണങ്ങള്‍
അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ ഓരോരുത്തരിലും വ്യത്യസ്തമാണ്. വായു കോപത്തിന്റെയും അസിഡിറ്റിയുടെയും ലക്ഷണങ്ങള്‍ ഏതാണ്ട് സമാനമാണ്. നെഞ്ച് വേദന, വാരിയെല്ലിന് താഴെ പൊള്ളുന്നത് പോലുള്ള തോന്ന എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. അതേസമയം താഴെപ്പറയുന്ന ചില ലക്ഷണങ്ങള്‍ ചിലരില്‍ അനുഭവപ്പെടാറുണ്ട്.
1 വയറുവേദനയും പുകച്ചിലും
2 തൊണ്ടവേദനയും പുകച്ചിലും
3 ഭക്ഷണം ഇറക്കാന്‍ വിഷമം അല്ലെങ്കി തൊണ്ടയില്‍ എന്തെങ്കിലും തടസം ഉള്ളതായുള്ള തോന്നല്‍
4 ഇടയ്ക്കിടെയുള്ള എക്കിള്‍
5 വായില്‍ ദീര്‍ഘസമയം പുളിരസമോ കയ്പ്പ് രസമോ ഉള്ള ആസിഡ് തികട്ടി വരല്‍
6 ഭക്ഷണശേഷം ക്ഷീണം
7 അലസത
8 മലബന്ധം
9 ദഹനക്കുറവ്
10 ശ്വാസത്തിന് ദുര്‍ഗന്ധം
അസിഡിറ്റി പ്രശ്‌നം ഗുരുതരമായി മാറുമ്പോള്‍ നെഞ്ചിലും വയറിലുമുള്ള പുകച്ചില്‍ കൂടുക, നെഞ്ചില്‍ വല്ലാത്ത അസ്വസ്ഥത അനുഭവപ്പെടുക, മലത്തില്‍ രക്തത്തിന്റെ സാന്നിധ്യമോ കറുപ്പ് നിറമോ ഉണ്ടാകുക, രക്തം ഛര്‍ദ്ദിക്കുക, വരണ്ട ചുമ, ശ്വാസതടസം, തൊണ്ടയടപ്പ്, തൊണ്ടയില്‍ മുറിവ്, അകാരണമായ ഭാരക്കുറവ് എന്നീ ലക്ഷണങ്ങള്‍ കണ്ടേക്കാം.
പ്രതിവിധി
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ സ്ഥിരമായി അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണാന്‍ മടി കാണിക്കരുത്. അന്നനാളത്തിന്റെ എക്‌സ്‌റേ എടുക്കുന്നതിലൂടെ ഡോക്ടര്‍ക്ക് അസിഡിറ്റി സ്ഥിരീകരിക്കാന്‍ കഴിയും. രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ ഡോക്ടര്‍ നല്‍കുന്ന മരുന്ന് കഴിക്കുക. രോഗാവസ്ഥ ഗുരുതരമാണെങ്കില്‍ ഡോക്ടര്‍ ഒരു പക്ഷേ പ്രോട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്ററോ ആമാശയത്തിലെ ആസിഡ് ഉല്‍പ്പാദനം കുറയ്ക്കാന്‍ സഹായിക്കുന്ന ശസ്ത്രക്രിയയോ നിര്‍ദ്ദേശിക്കാറുണ്ട്.
അസിഡിറ്റി പ്രാരംഭ ദശയിലാണെങ്കില്‍ ചില കാര്യങ്ങള്‍ നിയന്ത്രിച്ച് കൊണ്ട് രോഗമുക്തി നേടാം.
1 ദിവസവും രണ്ട് ഗ്ലാസ് കരിക്കിന്‍ വെള്ളം കുടിക്കുന്നത് ദഹന വ്യവസ്ഥയ്ക്ക് ആശ്വാസമേകും.
2 അസിഡിറ്റിയെ പ്രതിരോധിക്കുന്ന മറ്റൊരു പാനീയമാണ് തണ്ണിമത്തന്‍ ജ്യൂസ്. പ്രാതലിനൊപ്പം ഒരു ഗ്ലാസ് തണ്ണിമത്തന്‍ ജ്യൂസ് കഴിക്കുന്നത് നല്ലതാണ്.
3 ഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഒരു ഗ്ലാസ് ഫ്രഷ് ലൈം കുടിച്ചാല്‍ അസിഡിറ്റി മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാം.
4 ഭക്ഷണശേഷം ഒരു ഗ്ലാസ് ചെറുചൂടു വെള്ളം കുടിക്കുക
5 ഏത്തപ്പഴം, വെള്ളരിക്ക, തൈര് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
6 അസിഡിറ്റി കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അകറ്റാന്‍ ഒരു കഷ്ണം വെളുത്തുള്ളി ചവയ്ക്കുന്നത് നല്ലതാണ്.
7 ദഹനം എളുപ്പമാക്കാന്‍ ഇഞ്ചി മികച്ചതാണ്. ഭക്ഷണത്തില്‍ ചേര്‍ത്തോ ഒരു ഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിച്ച് അര ഗ്ലാസായി കുറുക്കിയോ ഇഞ്ചി സേവിക്കാം
8 ജീരകവും ദഹനം എളുപ്പമാക്കുന്ന ഒരു ഉത്തമാഹാരമാണ്. വെറുംവയറ്റില്‍ ജീരകവെള്ളം കുടിച്ചാല്‍ അസിഡിറ്റി കുറയ്ക്കാം.
9 ച്യൂയിംഗം കഴിച്ചാല്‍ അസിഡിറ്റി കുറയ്ക്കാമെന്നത് അവിശ്വസിനീയമാണെങ്കിലും സത്യമാണ്. ച്യൂയിംഗം ചവയ്ക്കുന്നതിലൂടെ കൂടുതല്‍ ഉമിനീര്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും അന്നനാളത്തിലൂടെയുള്ള ഭക്ഷണത്തിന്റെ സഞ്ചാരം എളുപ്പമാകുകയും ചെയ്യുന്നു.
10 ഏറ്റവും ഒടുവിലായി ദിവസം രണ്ടുലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുക.