ജിമ്മുകളിലെ നിത്യകാഴ്ചകളിലൊന്നായ ട്രെഡ്മില്ലുകൾ വീടുകളിലേക്കും ചേക്കേറിയിരിക്കുന്നു. ഫഌറ്റുകളിലും മറ്റും താമസിക്കുന്നവരാണ് കൂടുതലായും ട്രെഡ്മില്ലുകൾ ഉപയോഗിക്കുന്നത്. സ്ഥല പരിമിതിയും, സമയക്കുറവിനുമെല്ലാം ട്രെഡ്മില്ലുകൾ പരിഹാരമാണ്. മറ്റ് വ്യായാമങ്ങളെ പോലെ തന്നെ ട്രെഡ്മില്ലുകളിലെ വ്യായാമവും വളരെയേറെ ഗുണകരമാണ്. നടക്കാം, ഓടാം, ഇവയ്ക്കൊപ്പം സംഗീതം ആസ്വദിക്കാം, ശരീര ഊഷ്മാവ് കണക്കാക്കാം അങ്ങനെ ഗുണങ്ങൾ ഏറെയാണ്.
ട്രെഡ്മില്ല് എന്നത് ഒരു എറോബിക് എക്സസൈസ് ആണ്. പ്രായമായവർക്കും ചെറുപ്പക്കാർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ കായികക്ഷമത അനുസരിച്ച് വേഗത കൂട്ടാനും കുറയ്ക്കാനും സാധിക്കുന്നു. 2008 ൽ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിൽ 18 മുതൽ 59 വരെ പ്രായമുള്ളവർ കുറഞ്ഞത് 2 മണിക്കൂറെങ്കിലും ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്ന് പറയുന്നു. ഹ്യദയത്തിന്റെ ആരോഗ്യത്തിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ഫിറ്റ്നസ് നിലനിർത്തുന്നതിനും ട്രെഡ്മില്ല് സഹായകരമാണ്. രക്തസമ്മർദം കുറയ്ക്കുകയും, അനാവശ്യ കൊളസ്ട്രോളിനെ ശരീരത്തിൽ നിന്ന് നീക്കുകയും എല്ലുകളുടെ ബലം വർധിപ്പിക്കുകയും ചെയ്യുന്നു. ദിനവും ട്രെഡ്മില്ലിൽ വർക്ക്ഔട്ട് ചെയ്യുന്നവർക്ക് മറ്റ് വ്യായാമങ്ങൾ ആവശ്യമില്ല.
വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് ഒപ്പം തന്നെ മാനസികാരോഗ്യവും ഭർജവും പ്രദാനം ചെയ്യുന്നു. ശാരീരികമായി പ്രവർത്തനക്ഷമമായിരിക്കുമ്പോൾ തലച്ചോറും അതിനൊപ്പം ഊർജസ്വലമായിരിക്കും. മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കാനും മനസ് ശാന്തമാക്കാനും വ്യായാമം ഏറെ ഗുണകരമാണ്. അതിനാൽ ട്രെഡ്മില്ലിൽ മികച്ച ഒരു വ്യായാമശീലം ഉണ്ടാക്കിയെടുക്കാം.
ശരീരഭാരം കുറയ്ക്കാനും അത് ക്യത്യമായി മനസിലാക്കാനും ട്രെഡ്മില്ലിലെ വ്യായാമത്തിലൂടെ സാധിക്കും. എത്രദൂരം നടന്നു, ശരീര ഊഷ്മാവിന്റെ അളവ്, എത്ര കലോറി ശരീരത്തിൽ നിന്നും നഷ്ടമായി എന്നു തുടങ്ങി ശരീരഭാരത്തിന്റെ അളവ് വരെ ഇന്നത്തെ പുത്തൻ സാങ്കേതികവിദ്യയിൽ ഇറങ്ങുന്ന ട്രെഡ്മില്ലുകൾ കാണിച്ചുതരുന്നു. ട്രെഡ്മില്ല് വീടുകളിലോ, ജിമ്മിലോ ആയതിനാൽ കാലാവസ്ഥ മോശമാണെന്ന് കരുതി വ്യായാമം മുടക്കേണ്ടി വരില്ല. എത്ര സമയം വേണമെങ്കിലും ട്രെഡ്മില്ലിൽ സമയം ചെലവഴിക്കാം. പക്ഷഘാതം വന്നവർക്ക് വളരെ വേഗം സുഖം പ്രാപിക്കാൻ ട്രെഡ്മില്ലില്ലെ വർക്കൗട്ട് നല്ലതാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിലെ കലോറി എരിച്ചുകളയാൻ പറ്റിയ നല്ലൊരു മാർഗം കൂടിയാണ് ട്രെഡ്മില്ല്.
പുറത്ത് ഓടാനോ നടക്കാനോ പോകുമ്പോൾ തെന്നിവീഴാനും അപകടങ്ങളോ പരിക്കുകളോ സംഭവിക്കാൻ സാധ്യത ഏറെയാണ്. എന്നാൽ ട്രെഡ്മില്ലിൽ ആണെങ്കിലോ പരിക്കേൽക്കാനുള്ള സാധ്യത വളരെ കുറവാണ്. ട്രെഡ്മില്ല് ക്യത്യമായി ഉപയോഗിക്കാൻ അറിയാവുന്ന ഒരാൾക്ക് പുറത്ത് നടക്കാൻ പോകുന്നതിലും ഏറ്റവും സുരക്ഷിതവും കാര്യക്ഷമവുമാണ് ട്രെഡ്മില്ലിലെ വ്യായാമം. എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ഇഷ്ടാനുസരണം വ്യായാമത്തിൽ ഏർപ്പെടാം. പ്രത്യേകിച്ചും പല ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർക്ക് തങ്ങളുടെ ആരോഗ്യം നിലനിർത്താനും സംരക്ഷിക്കാനും ട്രെഡ്മില്ല് സഹായകരമാണ്..