ദിനംതോറും നിങ്ങൾ ഉപയോഗിക്കുന്ന ഒരു മെറ്റലാണ് നിക്കൽ. ആഭരണങ്ങൾ, പണം, വസ്ത്രങ്ങൾ, തുടങ്ങി ഭക്ഷണത്തിൽ പോലും നിക്കലിന്റെ അംശങ്ങൾ ഉണ്ട്. നല്ല ബലമുള്ളതും എന്നാൽ വായുവുമായി പതിയെ സമ്പർക്കത്തിൽ ഏർപ്പെടുന്നതുമാണ് നിക്കൽ. സർവസാധാരണമായ നിക്കലിന്റെ ഉപയോഗംകൊണ്ട് നിരവധി ആളുകൾക്ക് നിക്കൽ അലർജി കണ്ടുവരുന്നുണ്ട്. പ്രധാനമായും സ്ത്രീകളിലാണ് ഇവ കൂടുതലായി കാണുന്നത്. നിക്കൽ മെറ്റലുമായി ശരീരഭാഗങ്ങൾ സമ്പർക്കത്തിലാകുമ്പോൾ ആ ഭാഗങ്ങളിൽ ഉണ്ടാകുന്ന ചൊറിച്ചിൽ, ചുവന്ന തടിപ്പ്, പാടുകൾ എന്നിവയാണ് അലർജിയുടെ ലക്ഷണങ്ങൾ. കാരണം, വൈവിധ്യമാർന്ന ആഭരണങ്ങളും, വസ്ത്രങ്ങളും തിരഞ്ഞെടുത്ത് അണിയുന്നവർ സ്ത്രീകളാണല്ലോ. എന്നാൽ നിക്കൽ അലർജി ഉണ്ടാകാനുള്ള യഥാർത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല. ചർമ്മത്തിന്റെ സെൻസിറ്റിവിറ്റി മൂലമാണ് അലർജി ഉണ്ടാകുന്നതെന്നാണ് പറയപ്പെടുന്നത്.
നിക്കൽ അലർജിയുടെ പ്രധാന കാരണങ്ങളായി പറയുന്ന ഒന്ന് ആഭരണങ്ങളാണ്. പലതരത്തിലുള്ള ആഭരണങ്ങൾ സ്ത്രീകൾ അണിയാറുണ്ട്. അവയിൽ നല്ലൊരു ശതമാനത്തിലും നിക്കലിന്റെ സാന്നിധ്യം ഉണ്ട്. ശരീരഭാഗങ്ങളുമായി ഇത് ബന്ധപ്പെട്ട് കിടക്കുന്നതോടെ അളർജി തുടങ്ങുകയായി. പ്രത്യേകിച്ചും വിലകുറഞ്ഞ കമ്മലുകൾ മാലകൾ എന്നിവയിൽ നിക്കലിന്റെ സാന്നിധ്യം വളരെ കൂടുതലായിരിക്കും. 960 സ്‌കൂൾ വിദ്യാർഥിനികളിൽ നടത്തിയ പഠനത്തിൽ സ്ഥിരമായി ആഭരണങ്ങൽ ധരിക്കുന്ന കുട്ടികൾക്ക് നിക്കൽ അലർജി വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കോയിനുകളും കറൻസിയും ഉണ്ടാക്കുന്നതിനായി നിക്കലുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പേപ്പർ കറൻസികളിൽ പോലും നിക്കലിന്റെ സാന്നിധ്യമുണ്ട്. നാണയങ്ങളോ കറൻസിയോ ശരീരത്തിൽ സ്പർശിക്കുമ്പോൾ ചിലരിൽ ചൊറിച്ചിലും അലർജിയുടെ ലക്ഷണങ്ങളും കാണാറുണ്ട്. ഇവയിൽ വിയർപ്പ് കൂടി ചേരുമ്പോൾ അസ്വസ്ഥത വർധിക്കുന്നു. മെറ്റാലിക് സെൽഫോൺ കവറുകളിലും നിക്കലിന്റെ അംശം അടങ്ങിയിട്ടുണ്ട്. ഇവ ചെവിയോട് ചേർത്ത് വെക്കുന്നതും ഏറെനേരം കൈയ്യിൽ വെക്കുന്നതും ചിലയാളുകളിൽ ചൊറിച്ചിലിന് കാരണമായേക്കാം. ഇതുപോലെ തന്നെ നിക്കൽ ചേർന്ന വെള്ളി താക്കോലുകൾ, കണ്ണടകളുടെ ഫ്രെയിം,പേപ്പർ ക്ലിപ്പ്, പേന എന്നിവയിലും നിക്കൽ അടങ്ങിയിട്ടുണ്ട്. നാം നിത്യേന ഉപയോഗിക്കുന്ന സ്‌റ്റെയ്‌ലസ് സ്റ്റീൽ ഉപകരണങ്ങളിലും നിക്കൽ അടങ്ങിയിരിക്കുന്നു. അവ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുമ്പോൾ ചില ആളുകളിൽ നിക്കൽ അലർജി കൂടാൻ സാധ്യതയുണ്ട്.
നിക്കൽ അലർജി മൂലം കഷ്ടപ്പെടുന്നവർക്ക് പ്രത്യേക മരുന്നുകളൊന്നും ഇല്ല. അത്തരം സാധനങ്ങൾ ഉപേക്ഷിക്കുക. നിക്കൽ അടങ്ങിയിട്ടില്ലാത്തവ ശ്രദ്ധയോടെ വാങ്ങി ഉപയോഗിക്കുക. സാധനങ്ങൾ വാങ്ങുമ്പോൾ പിപിഎം നോക്കുക (പാട്‌സ് പെർ മില്യൺ) ആ വസ്തുവിൽ അടങ്ങിയിരിക്കുന്ന നിക്കലിന്റെ അളവാണ് കാണിക്കുന്നത്. 5പിപിഎമ്മിൽ കുറഞ്ഞ വസ്തുക്കൾ ഉപയോഗിക്കാൻ കൂടുതൽ ശ്രദ്ധിക്കുകയാണ് വേണ്ടത്. കോയിനുകൾ, കറൻസി, ആഭരണങ്ങൾ എന്നിവ നനവോടെയോ വിയർപ്പുമായോ ഉപയോഗിക്കാതിരിക്കുക. ആഭരണങ്ങൾ ഉപയോഗിച്ച ശേഷം വ്യത്തിയാക്കാൻ മറക്കരുത്.