ഐസ് ക്രീം, ശീതളപാനീയങ്ങള്‍, ഡെസേര്‍ട്ട് എന്നീ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കുമ്പോള്‍ പെട്ടെന്ന് ഒരുതരം തലവേദന അനുഭവപ്പെടാറുണ്ടോ? അതിനെയാണ് ബ്രെയ്ന്‍ ഫ്രീസ് എന്ന് പറയുന്നത്. മൈഗ്രേന്‍ ഉള്ളവര്‍ക്കും, പാരമ്പര്യമായി തലവേദനയുള്ള കുടുംബത്തില്‍ ജനിച്ചവര്‍ക്കും ബ്രെയ്ന്‍ ഫ്രീസ് വരുന്നത് വളരെ സാധാരണമാണ്. ഇത്തരം തലവേദന പെട്ടെന്ന് വന്ന് കുറച്ച് സമയത്തിനുള്ളില്‍ തന്നെ കുറയുന്നതാണ്. പക്ഷേ കുറച്ച് സമയത്തേക്ക് ആണെങ്കിലും അതികഠിനമായ വേദനയാണ് അനുഭവപ്പെടുക. പെട്ടെന്ന് വന്ന് പോകുന്നതിനാല്‍ തന്നെ പലരും ഈ തലവേദനയെ അത്ര ഗൗരവമായി കാണാറില്ല.
സ്ഫിനോപാലറ്റിന്‍ ഗാംഗ്ലിയന്‍ സെല്ലുകള്‍ തലവേദന അനുഭവപ്പെടുത്തുന്ന ഞരമ്പുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. വേദന പോലുള്ളവ തലച്ചോറിനെ അറിയിക്കുന്നതും അത് ശരീരത്തിനെ അറിയിക്കുന്നതും ഈ ഞരമ്പുകളാണ്. നിങ്ങളുടെ നാക്കിലോ, വായുടെ മുകള്‍ഭാഗത്തോ തണുത്ത പദാര്‍ത്ഥങ്ങള്‍ സ്പര്‍ശിക്കുമ്പോള്‍ രക്തക്കുഴലുകള്‍ ചുരുങ്ങുന്നു. അല്‍പസമയത്തിനുള്ളില്‍ ഇവ പൂര്‍വ സ്ഥിയിലേക്ക് എത്തുകയും ചെയ്യും. ഇതാണ് വേദനയായി അനുഭവപ്പെടുന്നത്.
തണുത്ത ഭക്ഷണങ്ങള്‍ വളരെ വേഗം കഴിയ്ക്കുന്നവരിലും ബ്രെയ്ന്‍ ഫ്രീസ് ഉണ്ടാകാറുണ്ട്. മൈഗ്രേനിന്റെ പ്രശ്നം ഉള്ളവര്‍ക്ക് ബ്രെയ്ന്‍ ഫ്രീസ് ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. മൈഗ്രേന്‍ ഉള്ളവരില്‍ നടത്തിയ ഒരു പഠനത്തില്‍ 47.9 ശതമാനം ആളുകള്‍ക്കും ബ്രെയ്ന്‍ ഫ്രീസ് ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത്തരം തലവേദന അധികവും സ്ത്രീകളിലാണ് കണ്ടു വരാറുള്ളതെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. കുടുംബത്തില്‍ തലവേദന ഉള്ളവരുണ്ടെങ്കില്‍ പിന്‍ഗാമികള്‍ക്ക് ബ്രെയ്ന്‍ ഫ്രീസ് വരാനുള്ള സാധ്യതയും ഏറെയാണ്. അച്ഛനമ്മമാര്‍ക്ക് ബ്രെയ്ന്‍ ഫ്രീസ് ഉണ്ടെങ്കില്‍ മക്കള്‍ക്കും ഇത് വരാന്‍ സാധ്യത ഏറെയാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ബ്രെയ്ന്‍ ഫ്രീസ് ഉണ്ടാകുന്നത് ഏങ്ങനെയാണ് വ്യക്തമാക്കിയതില്‍ തന്നെയാണ് അതിന്റെ പ്രതിവിധിയും ഇരിക്കുന്നത്. പെട്ടെന്ന് വന്നു പോകുന്ന വേദനയായതുകൊണ്ട് തന്നെ ഇവയ്ക്ക് പ്രത്യേക ചികിത്സകളുടെ ആവശ്യം വരുന്നില്ല. വേദന വന്ന് അല്‍പസമയത്തിനുള്ളില്‍ തന്നെ അത് മാറുന്നു. അതേസമയം വേദന സഹിക്കാനാകുന്നില്ല എന്നാണെങ്കില്‍ അല്‍പം ചൂടുള്ള പാനീയങ്ങള്‍ കുടിയ്ക്കാനായി തിരഞ്ഞെടുക്കാം. ഇത് സങ്കോചിച്ചിരിക്കുന്ന രക്തക്കുഴലുകളെ വികസിപ്പിക്കുകയും വേദന പെട്ടെന്നു തന്നെ മാറുകയും ചെയ്യും. തണുത്ത ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ സമയമെടുത്ത് കഴിയ്ക്കുക, അല്‍പനേരം വെച്ച് തണുപ്പ് കുറഞ്ഞ ശേഷം കഴിയ്ക്കുന്നതും ബ്രെയ്ന്‍ ഫ്രീസ് തടയാന്‍ സഹായകരമാണ്.