ഏത് പ്രായക്കാര്‍ക്കും എല്ലായ്പ്പോഴും കളിക്കാവുന്ന ഒരു മത്സര ഇനമായി ഫുട്ബോള്‍ മാറിക്കഴിഞ്ഞു. നേരത്തേ പ്രഫഷണലുകളാണ് കൂടുതല്‍ ഫുട്ബോള്‍ കളിച്ചിരുന്നതെങ്കില്‍, ഇന്ന് ടര്‍ഫുകളുടെ എണ്ണം കൂടിയതോടെ കൂടുതല്‍ ആളുകള്‍ കളിക്കാനിറങ്ങുന്നു. ഫുട്ബോള്‍ കളിയ്ക്കുമ്പോള്‍ ഇന്‍ജുറി അല്ലെങ്കില്‍ പരിക്ക് പറ്റുന്നത് സാധാരണമാണ്. ചെറുതും വലുതുമായ പരിക്കുകള്‍ സംഭവിച്ചേക്കാം. ഇത്തരം പരിക്കുകള്‍ എങ്ങനെ ഒഴിവാക്കാം എന്ന് പരിശോധിക്കാം.
കളിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മനസും ശരീരവും കളിക്കാനായി തയ്യാറാക്കിയ ശേഷം വേണം മത്സരത്തിന് ഇറങ്ങാന്‍. ഉറക്കം തൂങ്ങിയോ, പെട്ടെന്നുള്ള വെപ്രാളത്തില്‍ വന്നോ ഫുട്ബോള്‍ കളിക്കുമ്പോള്‍ പരിക്കുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. കളിക്കുന്നതിന് അര മണിക്കൂര്‍ മുന്നേ 2,3 ഗ്ലാസ് വെള്ളം കുടിയ്ക്കുക. ഇതില്‍ ഗ്ലൂക്കോസോ പഞ്ചസാരയോ ചേര്‍ക്കാം. ശരീരത്തിന് കൂടുതല്‍ ഊര്‍ജം ലഭിക്കുന്നതിന് ഇവ സഹായകരമാണ്. വാംഅപ്പ് ചെയ്യുന്നതും വളരെ പ്രധാനപ്പെട്ടതാണ്. പേശികളെല്ലാം മത്സരത്തിനായി തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് വാംഅപ്പ്. വീക്കന്റ് പ്രളയേഴ്സിന് മറ്റുള്ളവരെ അപേക്ഷിച്ച് ഊര്‍ജം കുറവായിരിക്കും. പരിക്ക് ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. പുകവലി ശീലമാക്കിയവര്‍ മത്സരത്തിന് 2,3 ദിവസം മുന്നേ അവ താല്‍ക്കാലികമായി ഉപേക്ഷിക്കുക. പുകവലിക്കുന്നവര്‍ക്ക് ഹ്യദയത്തിലേക്കുള്ള പമ്പിങ് കുറയാന്‍ സാധ്യത ഏറെയാണ്. പുകവലി ഒഴിവാക്കുന്നതാണ് ഏറ്റവും ഉത്തമം.
മത്സരത്തിനങ്ങുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ക്യത്യമായി വാംഅപ്പ് ചെയ്ത് ശരീരത്തെ സജ്ജമാക്കുക. അതിന് ശേഷം ഗെയിം പ്ലാന്‍ ചെയ്യുക. ഇന്‍ജുറി വരാന്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ നിന്ന് കഴിവതും മാറി നില്ക്കാന് ശ്രമിക്കുക. ഇന്‍ജുറികള്‍ പലതുണ്ട്.
ഡയറക്ട് ഇന്‍ജുറി നേരിട്ട് ഇടി കിട്ടുമ്പോള്‍ ഉണ്ടാകുന്ന പരിക്കുകളാണ്. തുടയുടെയും കൈകാലുകളുടെയും മസിലുകള്‍ക്കാണ് കൂടുതലും പരിക്ക് പറ്റുക. ഒപ്പമുള്ള ഫിസിഷ്യനെ പരിക്ക് കാണിച്ചതിന് ശേഷം ഗുരുതരമല്ലെങ്കില്‍ മാത്രം കളി തുടരുക. ചതവുകളും ഉണ്ടാകാറുണ്ട്. ശരീരത്തിന്റെ പല ഭാഗത്തും ഇവ ഉണ്ടായേക്കാം. സ്ട്രച്ചിങ് ഇന്‍ജുറി ഹാന്‍ഡ് സ്ട്രിങ് മസില്, കാഫ് മസില് എന്നിവയ്ക്കുണ്ടാകുന്ന വലിച്ചിലാണ് ഇന്ജുറിയാകുന്നത്. പല ഗ്രേഡുകളില്‍ ഉള്ള പരിക്കുകള്‍ ഉണ്ട്. ഗ്രേഡ് 1,2 എന്നിവയ്ക്ക് ഐസ് വെച്ച് വിശ്രമിച്ചാല്‍ മതിയാകും. ഗ്രേഡ് 3യ്ക്ക് ക്യത്യമായ പരിശോധനയും സ്കാനിങ്ങും ചികിത്സയും വിശ്രമവും ആവശ്യമാണ്. ലിഗ്മെന്റ് ഇന്‍ജുറി കണങ്കാല്, കാല്‍മുട്ട് എന്നിവയ്ക്കുണ്ടാകുന്ന പരിക്കാണ്. കാല്മുട്ടിനുള്ളിലുണ്ടാകുന്ന മെനിസ്കസ് ഇന്‍ജുറി. ട്വിസ്റ്റിങ് ഇന്‍ജുറി മൂലമാണ് ഇവ പലതും ഉണ്ടാകുന്നത്. ഫിസിഷ്യന്റെ ഉപദേശത്തിന് അനുസരിച്ച് ചികിത്സിക്കേണ്ടവയാണ് ഇവയെല്ലാം.
കളിക്കിടയില്‍ ചൂയിങ്കം ചവയ്ക്കുന്നവര്‍ക്ക് ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. കളിക്കിടയില്‍ ജലാംശം നഷ്ടപ്പെടുന്നത് ശരീരത്തിന് നല്ലതല്ല. ഇടയ്ക്കിടെ തുപ്പുന്നതും, ഗ്രൗണ്ടിലൂടെ എപ്പോഴും ഓടുന്നതും ഒഴിവാക്കുക
കളി കഴിഞ്ഞാല്‍ ശ്രദ്ധിക്കേണ്ടവ
കളി കഴിഞ്ഞയുടന്‍ വേഗം വെള്ളം കുടിക്കുന്ന ശീലം ഒഴിവാക്കുക. ശരീരം കൂടുതല്‍ വാം അപ്പ് ആയിരിക്കുന്ന സമയത്ത് വെള്ളം കുടിയ്ക്കുന്നത് ശരീരം പെട്ടെന്ന് വാം ഡൗണ്‍ ആകാന്‍ കാരണമാകും. സാവധാനം ശരീരത്തെ വാം ഡൗണ്‍ ആക്കുക. മസിലുകള്‍ക്ക് വിശ്രമം കൊടുക്കുക. പുകവലിക്കുന്നവര്‍ മത്സരത്തിന് ശേഷം ഉടനെ തന്നെ പുകവലിക്കാതിരിക്കുക. അത് ഹ്യദയാഘാതം പോലുള്ളവ ക്ഷണിച്ച് വരുത്തും.
കളിക്കുന്നതിനിടെ പരിക്ക് പറ്റിയാല്‍ ശ്രദ്ധിക്കേണ്ടവ
പരിക്കുകള്‍ പല ഗ്രേഡുകള്‍ ഉണ്ട്. ഇന്‍ജുറി പറ്റിയാല്‍ അടുത്തുള്ള ആശപത്രിയില്‍ ചികിത്സ തേടുക. ഡോക്ടറുടെ നിര്‍ദേശ പ്രകാരം പരിശോധനകളും സ്കാനിങ്ങുകളും ചെയ്യുക. സ്വയം ചികിത്സ നിര്‍ബന്ധമായും ഒഴിവാക്കണം. ലിഗമെന്റ് ഇന്‍ജുറി പോലുള്ളവ കൂടുതല്‍ ഗുരുതരമാകാന്‍ സ്വയം ചികിത്സ കാരണമാകും.