പ്രമേഹത്തെ തുടര്‍ന്ന് ലോകത്ത് ഓരോ എട്ടു സെക്കന്‍ഡിലും ഒരാള്‍ വീതം മരണപ്പെടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്ന അവസ്ഥയാണ് പ്രമേഹം. രാവിലെ വെറും വയറ്റില്‍ നടത്തുന്ന രക്ത പരിശോധനയില്‍ പഞ്ചസാരയുടെ അളവ് (FBS) 126 ന് മുകളിലോ, ഭക്ഷണത്തിനു ശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞോ അല്ലെങ്കില്‍ ഏതെങ്കിലും സമയത്തോ ചെയ്യുന്ന രക്ത പരിശോധനയില്‍ (PBS) 200 ന് മുകളിലോ ആണെങ്കില്‍ പ്രമേഹം ഉണ്ടെന്നര്‍ത്ഥം.
പ്രമേഹം കൊണ്ടുണ്ടാകുന്ന താല്‍ക്കാലിക പ്രയാസങ്ങള്‍ മാത്രമേ നാം കണക്കിലെടുക്കാറുള്ളൂ. ദാഹം, അമിതമായി മൂത്രമൊഴിക്കല്‍, ക്ഷീണം ഇവയൊക്കെ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍ ചിലരില്‍ ദേഹത്ത് ചൊറിച്ചിലും, ഫംഗല്‍ അണുബാധയുമുണ്ടാകാം. മുറിവുകളുണ്ടായാല്‍ ഉണങ്ങാതാരിക്കാനും മൂത്രത്തില്‍ പഴുപ്പുണ്ടാകാനും കൈകാലുകള്‍ക്ക് മരവിപ്പ് വരാനും സാധ്യതയുണ്ട്. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം പ്രമേഹം ഉണ്ടായിക്കഴിഞ്ഞാല്‍ പകുതിയിലധികം സമയങ്ങളിലും നമുക്ക് ലക്ഷണങ്ങളുണ്ടാവില്ല എന്നതാണ്.
ലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കിലും പ്രമേഹം ഉണ്ടാകാം. ഒരിക്കല്‍ പ്രമേഹം ഉണ്ടെന്നു കണ്ടെത്തിയാല്‍ ലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കിലും പിന്നീട് എല്ലാ മാസവും പ്രമേഹം പരിശോധിക്കണം. വെറും വയറ്റിലെ പരിശോധനയില്‍ ഷുഗര്‍ 110 നു താഴെയും ഭക്ഷണത്തിനു ശേഷമുള്ളത് 180 നു താഴെയും നിര്‍ത്താന്‍ ശ്രമിക്കുക. ഏറ്റവും നല്ലത് 140 നു താഴെ നിര്‍ത്തുന്നതാണ്. മറ്റൊന്ന് HBA1C പരിശോധനയാണ്. കഴിഞ്ഞ മൂന്നു മാസത്തെ ശരാശരിയാണ് HBA1C. അത് പ്രമേഹമില്ലാത്തൊരാള്‍ക്ക് 4.5 മുതല്‍ 5.6 വരെയാണുണ്ടാവുക. 5.7 മുതല്‍ 6.5 വരെ പ്രീ ഡയബറ്റിസും 6.5 നു മുകളില്‍ ഡയബറ്റിസുമാണ്. പ്രമേഹമുള്ളൊരാള്‍ HBA1C പരമാവധി ഏഴിനു താഴെ നിര്‍ത്തണം. FBS, PBS എന്നിവ എല്ലാ മാസവും പരിശോധിക്കണം. HBA1C ആറു മാസം കൂടുമ്പോഴെങ്കിലും പരിശോധിക്കണം. ലക്ഷണങ്ങളില്ലാതെ നോക്കുകയല്ല, പ്രമേഹം നിയന്ത്രണത്തില്‍ നിര്‍ത്തുകയാണ് വേണ്ടത്.
പ്രമേഹം കൊണ്ട് നിരവധി പ്രശ്നങ്ങളുണ്ടാകുന്നു. പ്രമേഹം മൂര്‍ഛിക്കുമ്പോള്‍ കണ്ണിന്റെ ഞരമ്പിനെയും കാഴ്ചയെയും ബാധിക്കുന്നു. വൃക്കകള്‍, രക്തക്കുഴലുകള്‍, ഹൃദയം, തലച്ചോര്‍ എന്നിവയെയും പലതരത്തില്‍ ബാധിക്കുന്നു. അങ്ങനെ പല പല അവയവങ്ങളെ ബാധിച്ചാണ് എട്ടു സെക്കന്‍ഡില്‍ ഓരോ മരണം വീതം സംഭവിക്കുന്നത്. അതിനാല്‍ പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താന്‍ അങ്ങേയറ്റം ജാഗ്രത കാണിക്കുക.