ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഹാര്‍ട്ട് അറ്റാക്ക് മുതലായ അസുഖങ്ങള്‍ വരാനുള്ള കാരണം എന്താണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അതുപോലെ പ്രമേഹം, പേശികള്‍ക്കും മസിലുകള്‍ക്കും എല്ലുകള്‍ക്കും മറ്റും ബാധിക്കുന്ന സന്ധിവാതം, മുട്ടു വേദന ഇതൊക്കെ വരാനുള്ള കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? പലതരത്തില്‍ ക്യാന്‍സറുകള്‍ വരാനുള്ള കാരണം എന്തെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ലോകത്തിലെ പ്രായമായവരില്‍ ഏകദേശം 30 ശതമാനം ആള്‍ക്കാരെയും ബാധിച്ചിട്ടുള്ള അസുഖമാണ് പ്രമേഹം. ഇതിനെല്ലാം കാരണം ഒരൊറ്റ കാര്യമാണ്, അമിതവണ്ണം.
അമിതവണ്ണമാണെന്ന് എങ്ങനെ തിരിച്ചറിയാം
പലരും പറയുന്ന കാര്യമാണ് എനിക്ക് അമിതവണ്ണമില്ല എന്നത്. എന്നാല്‍ ഉടനെ തന്നെ നിങ്ങളുടെ ഉയരം നോക്കുക. നിങ്ങളുടെ ഭാരം നോക്കുക. ഉയരം സെന്റീ മീറ്ററില്‍ കണക്കാക്കി ഭാരം കിലോഗ്രാമില്‍ കണക്കാക്കി ഫോണില്‍ ബിഎംഐ (Body mass index) എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ താഴെ ചിത്രത്തില്‍ കാണുന്നതുപോലെ ഒരു വിന്‍ഡോ തുറന്നു വരും. അതില്‍ ശരീര ഭാരവും ഉയരവും യഥാക്രമം നല്‍കിയാല്‍ നിങ്ങളുടെ ബിഎംഐ കാണിക്കും. ആ ബിഎംഐ 23 ന് മുകളിലാണെങ്കില്‍ നിങ്ങള്‍ ഓവര്‍ വെയിറ്റാണ്. 30 ന് മുകളിലാണെങ്കില്‍ നിങ്ങള്‍ അമിതവണ്ണമുള്ള ആളാണ്. ഉദാഹരണത്തിന് നിങ്ങള്‍ 165 സെന്റീമീറ്റര്‍ ഉയരം ഉള്ള ആളാണെങ്കില്‍ അതില്‍ നിന്ന് 100 കുറയ്ച്ചാല്‍ 65. അത്രയും ഭാരമേ നിങ്ങള്‍ക്ക് പാടുള്ളു.
ശരീര ഭാരത്തില്‍ ഇത്തരമൊരു ജാഗ്രത സ്വീകരിച്ചാല്‍ ബിഎംഐ 23 ന് താഴെ നിര്‍ത്തിയാല്‍ അനേകം അസുഖങ്ങളെ പ്രതിരോധിക്കാനാകും. ഈ ഒരു വിഷയത്തില്‍ അന്താരാഷ്ട്ര കോണ്‍ഫെറന്‍സ് വരെ നടക്കുന്നുണ്ട്. 2020 മുതല്‍ മാര്‍ച്ച് 4 അന്താരാഷ്ട്ര അമിതവണ്ണ ദിനമായി ആചരിക്കുകയാണ്. ഈ വിഷയത്തില്‍ ആളുകളെ ബോധവാന്മാരാക്കാനും അതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കാനുമാണ് ഈ ദിനാചരണം. അമിതവണ്ണം ഇന്നു തന്നെ നിയന്ത്രിക്കുക. അതിലൂടെ ഹൃദയാഘാതം, പ്രമേഹം, ക്യാന്‍സര്‍ തുടങ്ങി നിരവധി അസുഖങ്ങള്‍ വരാതിരിക്കാന്‍ സഹായകരമാകും.