വ്യായാമത്തിന് ഏറ്റവും അനുയോജ്യമായ വഴിയാണ് സൈക്ലിങ്. അര മണിക്കൂര്‍ സൈക്ലിങ് 300 കലോറി കത്തിച്ചു കളയുമെന്നാണ് കണക്ക്. സൈക്ലിങ് ചെയ്യുന്നത് പുറത്ത് ഗ്രാമപ്രദേശങ്ങളിലാണെങ്കില്‍ ശുദ്ധവായു ലഭിക്കുകയും ചെയ്യും. ഏറ്റവും കൂടുതല്‍ ശ്രദ്ധയും സുരക്ഷയും വേണ്ട വ്യായാമം കൂടിയാണിത്. താഴെ പറയുന്ന കാര്യങ്ങള്‍ സൈക്ലിങിന് കൂടുതല്‍ സുരക്ഷയും സംരക്ഷണവും നല്‍കും.
സൈക്കിള്‍ എപ്പോഴും പരിശോധിക്കുക
ഇതാണ് ഒന്നാമത്തെ നിയമം. കുട്ടികളുമായാണ് സൈക്ലിങ് ചെയ്യുന്നതെങ്കില്‍ പ്രത്യേകിച്ചും. കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും മൂന്നു ലക്ഷത്തോളം കുട്ടികള്‍ക്ക് സൈക്ലിങിനെ തുടര്‍ന്ന് അപകടമുണ്ടാകുകയും പതിനായിരത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യാറുണ്ട്. തലയ്ക്കു മുറിവേല്‍ക്കുന്നത് അത്യന്തം അപകടകരമാണ്. അതിനാല്‍ സുരക്ഷയ്ക്കാവശ്യമായ കാര്യങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
- നിങ്ങളുടെ ശരീരത്തിനു അനുയോജ്യമായ സൈക്കിള്‍ തെരഞ്ഞെടുക്കുക. ഓരോ തവണ ഉപയോഗിക്കുന്നതിനു മുമ്പും ബ്രേക്ക് പരിശോധിക്കുക.
- ടയറുകള്‍ക്ക് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കുക.
- ചെയിന്‍ എപ്പോഴും ഗ്രീസ് ചെയ്തുവെച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുക
ശരിയായ വസ്ത്രധാരണം
ഏതു സ്‌പോര്‍ട്‌സിനും അതിനു അനുയോജ്യമായ വസ്ത്രധാരണം നടത്തേണ്ടതുണ്ട്. നീന്തലിന് അതിന്റേതായ വസ്ത്രധാരണ രീതിയുള്ളതുപോലെ സൈക്ലിങിനും പ്രത്യേക വസ്ത്രധാരണം സ്വീകരിക്കുക.
- തെളിച്ചമുള്ള വസ്ത്രങ്ങള്‍ ധരിക്കുക : പെട്ടെന്നു ശ്രദ്ധിക്കുന്ന നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. എന്നാലേ മറ്റു വാഹനങ്ങള്‍ക്ക് നിങ്ങളെ കാണാനും കൂട്ടിയിടികള്‍ ഒഴിവാക്കാനും കഴിയുകയുള്ളൂ.
- അയവുള്ള വസ്ത്രങ്ങള്‍ ഇടരുത് : അയവുള്ള വസ്ത്രങ്ങള്‍ ചെയിനിലോ ടയറിലോ കുടുങ്ങി അപകടങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ചലനം സാധ്യമാക്കുന്നതും എന്നാല്‍ അയവില്ലാത്തതുമായ വസ്ത്രധാരണം സ്വീകരിക്കുക.
- കൈ-കാല്‍ മുട്ടുകള്‍ക്ക് സംരക്ഷണം : കൈ മുട്ടുകളും കാല്‍ മുട്ടുകളും പെട്ടെന്നുള്ള ആഘാതങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ പാഡുകള്‍ ഉപയോഗിക്കാം.
- ഗുണനിലവാരമുള്ള ഹെല്‍മറ്റ് : ആക്‌സിഡന്റിന്റെ സമയത്ത് തലയുടെ സംരക്ഷണമാണ് ഏറ്റവും പ്രധാനം. ഗുണനിലവാരമുള്ള ഹെല്‍മറ്റ് വാങ്ങാന്‍ ശ്രദ്ധിക്കുക.
തുടക്കത്തില്‍ എപ്പോഴും വാം അപ് ചെയ്യുക
നിങ്ങള്‍ക്ക് എളുപ്പത്തില്‍ കഴിയുമെന്നു കരുതി ആദ്യം തന്നെ സൈക്കിള്‍ വലിയ വേഗതയില്‍ ഓടിക്കരുത്. 10 മിനിറ്റ് വാം അപ് ചെയ്തശേഷം മാത്രമേ സൈക്കിള്‍ ചവിട്ടിത്തുടങ്ങാവൂ. സൈക്കിള്‍ ചവിട്ടി തുടങ്ങുമ്പോള്‍ ആദ്യത്തെ അഞ്ചു മിനിറ്റ് മെല്ലെ മെല്ലെ ചവിട്ടി ഹൃദയമിടിപ്പിന്റെ നിരക്കും മറ്റും കൂടിക്കൂടിവരുന്നതായി ശ്രദ്ധിച്ചശേഷം മാത്രം വേഗത കൂട്ടുക. വാം അപ് നിങ്ങളുടെ രക്തയോട്ടം കൂട്ടി മെല്ലെ ശരീരത്തിലെ മൊത്തം രക്തചംക്രമണം വര്‍ധിപ്പിക്കുന്നു. വലിയ റൈഡുകള്‍ക്ക് 20 മിനിറ്റെങ്കിലും വാം അപ് ചെയ്യണം.
വെള്ളം കുടിക്കുക
എപ്പോഴും വെള്ളം കുടിക്കാനും ശരീരത്തെ നിര്‍ജ്ജലീകരണമില്ലാതെ സംരക്ഷിക്കാനും ശ്രദ്ധിക്കുക. അത് സൈക്ലിങ് ചെയ്യുമ്പോള്‍ മാത്രമല്ല, അല്ലാത്തപ്പോഴും. ജ്യൂസായോ, സൂപ്പായോ, വെറും വെള്ളമായോ ദിവസവും രണ്ട് ലിറ്റര്‍ വെള്ളം കുടിക്കണം. ചായയും കാപ്പിയും എണ്ണത്തില്‍പ്പെടുത്തരുത്. സൈക്ലിങ് ചെയ്യുമ്പോള്‍ വിയര്‍ക്കുന്നതിനാല്‍ ധാരാളം വെള്ളം കുടിക്കേണ്ടിവരും. നഷ്ടപ്പെടുന്ന ജലാംശം തിരിച്ചുപിടിക്കണം. ഓരോ 15 മിനിറ്റിലും വെള്ളം കുടിക്കണം.
ശരിയായ ഭക്ഷണം
സൈക്ലിങ് ആരോഗ്യത്തിനു വേണ്ടിയാണ് ചെയ്യുന്നത്. അതിനാല്‍ ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. അതിനായി ആരോഗ്യകരമായ ഭക്ഷണങ്ങളും സ്‌നാക്കുകളും മാത്രം കൈയില്‍ സൂക്ഷിക്കുക. ഇത് സൈക്ലിങ് ചെയ്യാനുള്ള ആരോഗ്യം നല്‍കുക മാത്രമല്ല, സൈക്ലിങിനു ശേഷം ഊര്‍ജ്ജസ്വലരായി ഇരിക്കാനും സഹായിക്കുന്നു.