മനുഷ്യന് ജീവിക്കാൻ ഏറ്റവും അത്യാവശ്യം വേണ്ടുന്ന ഒന്നാണ് വെള്ളം. ആരോഗ്യവും സൗന്ദര്യവും നിലനിർത്തുന്നതിനൊപ്പം വണ്ണം കുറയ്ക്കാനും സഹായകരമാണെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കുന്നത്. ദിവസവും ഒരു മനുഷ്യൻ ശരാശരി 8 ഗ്ലാസ് വെള്ളം കുടിയ്ക്കണം. എന്നാൽ പലരും ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിയ്ക്കുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വണ്ണം കുറയ്ക്കാൻ ഡയറ്റ് പ്ലാൻ ചെയ്ത് ഭക്ഷണം കഴിയ്ക്കുകയും എന്നാൽ വെള്ളം വേണ്ട രീതിയിൽ കുടിയ്ക്കാതിരിക്കുകയും ചെയ്താൽ വണ്ണം കുറയ്ക്കാൻ നിങ്ങൾ ഏറെ കഷ്ടപ്പെടേണ്ടി വന്നേക്കാം. അതിനാൽ വെള്ളം ധാരാളമായി കുടിയ്ക്കേണ്ടത് അത്യാവശ്യമാണ്.
ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് ജലമാണ്. നിർജലീകരണം മൂലം പല പ്രശ്നങ്ങളും ഉണ്ടായേക്കാം. അമേരിക്കയിലെ നാഷണൽ ഹെൽത്ത് ആന്റ് ന്യുട്രീഷ്യൻ എക്സാമിനേഷൻ സർവേ നടത്തിയ പഠനത്തിൽ അമിതവണ്ണം കുറയ്ക്കാൻ ഭക്ഷണത്തോടൊപ്പം വെള്ളം നിർബന്ധമായും കുടിയ്ക്കണമെന്ന് കണ്ടെത്തിയിരുന്നു. അല്ലാത്തപക്ഷം, വണ്ണം കുറയ്ക്കുക ദുഷ്കരമായിരിക്കും. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ നടത്തേണ്ടിയിരിക്കുന്നു. നന്നായി വെള്ളം കുടിയ്ക്കുന്ന കുട്ടികളിൽ അമിതവണ്ണം ഉണ്ടാകാറില്ലെന്നാണ് മറ്റൊരു പഠനം വ്യക്തമാക്കുന്നത്.
നേരിട്ട് തെളിയിച്ചിട്ടില്ലെങ്കിലും വെള്ളം കുടിയ്ക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായകരമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഓവറോൾ ഫാറ്റ് കുറയ്ക്കാൻ വെള്ളം സഹായിക്കുന്നെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ഭക്ഷണം കഴിയ്ക്കുന്നതിന് മുൻപ് വെള്ളം കുടിയ്ക്കരുതെന്ന് പൊതുവെ പറയാറുണ്ട്. വെള്ളം കുടിച്ച് വയറു നിറച്ചാൽ ഭക്ഷണം കുറച്ച് മാത്രമേ കഴിക്കാൻ സാധിക്കൂ. വണ്ണം കുറയ്ക്കാൻ ആഗ്രഹമുള്ളവർക്ക് ഈ രീതി പരീക്ഷിച്ച് നോക്കാവുന്നതാണ്. ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന കലോറിയുടെ അളവ് കുറയുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ശരീരത്തിൽ വെള്ളത്തിന്റെ അളവ് നിലനിർത്താൻ മറ്റ് മധുര പാനീയങ്ങൾ ഉപയോഗിക്കുന്നവർ ധാരാളമാണ്. എന്നാൽ ഇത്തരം പാനീയങ്ങൾ ശരീരത്തിന് ദോഷമല്ലാതെ കാര്യമായ ഗുണം ചെയ്യില്ലെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. ശുദ്ധമായ വെള്ളത്തേക്കാൾ ശരീരത്തിന് അമൂല്യമായ മറ്റൊരു പാനീയമില്ല. പഞ്ചസാര ചേർന്ന പാനീയങ്ങൾ വണ്ണം കൂടാനും ഡയബറ്റിസ് പോലുള്ള ജീവിതശൈലി രോഗങ്ങൾക്കും കാറരണമാകാറുണ്ട്. അതിനാൽ മടി കളഞ്ഞ് വെള്ളം നന്നായി കുടിയ്ക്കുക.