spot_img

കാര്യമില്ലാതെ കരയുന്നതിന്റെ കാരണങ്ങള്‍

ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ച്ചയും സ്വാഭാവികമാണ്. ചിലപ്പോള്‍ കാരണമില്ലാതെ നാം കരയാറുണ്ട്. അതില്‍ അസാധാരണമായി ഒന്നുമില്ല. ഭൂരിഭാഗം ആളുകള്‍ക്കും അങ്ങനെ സംഭവിക്കാറുണ്ട്. എന്നാല്‍ കരച്ചില്‍ അമിതമാകുകയും കാരണമില്ലാതെ ഇമോഷണലാകുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിന് എന്തോ കാരണമുണ്ട്. അത് കണ്ടെത്തി പരിഹരിക്കുക തന്നെ വേണം. കാര്യമറിയാത്ത നിങ്ങളുടെ കണ്ണീരിന്റെ കാരണങ്ങള്‍ താഴെ പറയുന്ന എന്തുമാവാം.

  1. ഉറക്കം നഷ്ടപ്പെടുക

ഒരു മുതിര്‍ന്നയാള്‍ക്ക് ദിവസവും ഏഴു മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. മതിയായ ഉറക്കം ലഭിക്കാതെ വരുന്നത് ഇമോഷനുകളെ കൈകാര്യം ചെയ്യുന്നതിനെ സ്വാധീനിക്കും. പ്രത്യേകിച്ച് വൈകാരിക പ്രതികരണങ്ങളില്‍ വ്യത്യാസം വരുന്നു. എന്താണ് പ്രധാനം, ഏതാണ് നിസ്സാരം, ഏതാണ് കൈകാര്യം ചെയ്യാന്‍ കഴിയുന്നത് തുടങ്ങിയ കാര്യങ്ങളെ വേര്‍തിരിച്ചറിയാനുള്ള കഴിവ് തലച്ചോറിന് നഷ്ടപ്പെടുന്നു. എല്ലാം വളരെ ഗൗരവമുള്ള കാര്യമായി തോന്നുന്നതും ചെറിയ കാരണങ്ങളോടു പോലും അമിതമായി പ്രതികരിക്കുന്നതുമാണ് ഇതിന്റെ ഫലം. 

  1. സമ്മര്‍ദ്ദം

കാരണമറിയാത്ത നിങ്ങളുടെ കരച്ചിലിന്റെ കാരണം ചിലപ്പോള്‍ സമ്മര്‍ദ്ദം നിറഞ്ഞ ജീവിതരീതിയായിരിക്കാം. അടച്ചുവയ്ക്കപ്പെട്ട നിങ്ങളുടെ ടെന്‍ഷന്‍ കണ്ണീര്‍ രൂപത്തില്‍ പുറത്തേക്കു പോകുന്നതാകാം. അമിതമായ സമ്മര്‍ദ്ദം നിങ്ങളെ ശൂന്യമാക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യും. തലവേദന, വയറിന്റെ പ്രശ്‌നങ്ങള്‍, വേദനകള്‍ തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങള്‍ക്കും സമ്മര്‍ദ്ദം കാരണമാകുന്നു. അതിനാല്‍ നിങ്ങള്‍ കൂടുതലായി ജോലി ചെയ്യുകയോ, എപ്പോഴും സമ്മര്‍ദ്ദത്തിലായിരിക്കുകയോ, സംഘര്‍ഷഭരിതമായ  സാഹചര്യത്തിലായിരിക്കുകയോ ചെയ്താല്‍ സമ്മര്‍ദ്ദം കുറക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുക. 

  1. പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം

ഭൂരിഭാഗം സ്ത്രീകള്‍ക്കും ആര്‍ത്തവത്തിനു മുന്നേയുള്ള ദിനങ്ങളില്‍ മൂഡ് പ്രശ്‌നങ്ങളും അകാരണമായ കരച്ചിലും സാധാരണമാണ്. പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം എന്നാണ് ഇതിനെ പറയുന്നത്. ആര്‍ത്തവം തുടങ്ങുമ്പോള്‍ ഇത് അവസാനിക്കുകയും ചെയ്യും. കരച്ചില്‍ പോലെ തന്നെ പലപ്പോഴും വിഷാദവും ടെന്‍ഷനും ഉല്‍ക്കണ്ഠയും പലരിലും ഉണ്ടാകാറുണ്ട്. ചഞ്ചലമായ മൂഡും ശ്രദ്ധിക്കാനുള്ള പ്രയാസവും ദേഷ്യം കാണിക്കലും ഉണ്ടാവാം. സ്തനങ്ങള്‍ക്ക് ബലക്കുറവ്, തലവേദന, വിശപ്പ്, ദഹന പ്രശ്‌നങ്ങള്‍, ശരീരം വീര്‍ക്കുക തുടങ്ങിയ ശാരീരിക ലക്ഷണങ്ങളും പല സ്ത്രീകളും പ്രകടിപ്പിക്കാറുണ്ട്. ആര്‍ത്തവചക്രത്തോടനുബന്ധിച്ചുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിനു കാരണം.

  1. ആര്‍ത്തവ വിരാമം

നിങ്ങള്‍ മുപ്പതുകളുടെ അവസാനത്തിലോ നാല്‍പ്പതുകളുടെ തുടക്കത്തിലോ ആണെങ്കില്‍ അകാരണമായ കരച്ചിലിന്റെ പ്രേരകം ഹോര്‍മോണ്‍ വ്യതിയാനങ്ങളാണെന്നു പറയാം. ആര്‍ത്തവവിരാമത്തോടനുബന്ധിച്ചും അതിനു മുന്നേയുള്ള കാലത്തും ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ സ്ത്രീകള്‍ പ്രകടിപ്പിക്കാറുണ്ട്. മൂഡ് വ്യതിയാനങ്ങള്‍, ഉറക്ക പ്രശ്‌നങ്ങള്‍, യോനി വരണ്ടിരിക്കുക എന്നീ ലക്ഷണങ്ങള്‍ ആര്‍ത്തവവിരാമത്തിനു മാസങ്ങള്‍ക്കും വര്‍ഷങ്ങള്‍ക്കും മുന്നേ പോലും പ്രകടമാകാറുണ്ട്. അണ്ഡാശയത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നതാണ് ഇതിനു കാരണം. തുടക്കത്തില്‍ ആര്‍ത്തവചക്രം ക്രമരഹിതമാകുകയും അവസാന ആര്‍ത്തവം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം ആര്‍ത്തവവിരാമം സംഭവിക്കുകയും ചെയ്യുന്നു. ഹോര്‍മോണുകളുടെ കാര്യമായ വ്യതിയാനം സംഭവിക്കുന്ന പെരിമെനപോസ് (ആര്‍ത്തവവിരാമത്തിനു മുന്നേയുള്ള വര്‍ഷങ്ങള്‍) കാലത്താണ് മൂഡ് വ്യതിയാനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത്. ഈ ദിവസങ്ങളില്‍ വിഷാദവും ഉല്‍ക്കണ്ഠയും മാത്രമല്ല കാരണമറിയാത്ത കരച്ചിലുകളും ഉണ്ടാകുന്നു. ഒരു നിമിഷം കരഞ്ഞ് അടുത്ത നിമിഷം ചിരിക്കുന്ന അനുഭവങ്ങളും പലര്‍ക്കും ഉണ്ടാവാറുണ്ട്. 

  1. പോസ്റ്റ്‌കോയിറ്റല്‍ ഡിസ്‌ഫോറിയ

സെക്‌സിനു ശേഷം നിങ്ങള്‍ക്ക് സങ്കടം വരികയോ കണ്ണു നിറയുകയോ ചെയ്യാറുണ്ടോ ? പേടിക്കണ്ട, നിങ്ങള്‍ ഒറ്റക്കല്ല. ഈ അവസ്ഥയ്ക്ക് പറയുന്ന പേരാണ് പോസ്റ്റ്‌കോയിറ്റല്‍ ഡിസ്‌ഫോറിയ. ലൈംഗികബന്ധത്തിനു ശേഷം സങ്കടം, ദേഷ്യം, ഉല്‍ക്കണ്ഠ എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍. 46 ശതമാനം സ്ത്രീകളും ജീവിതത്തില്‍ ഒരു തവണയെങ്കിലും ഇത് അനുഭവിച്ചിട്ടുള്ളവരാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ശാരീരികവും വൈകാരികവുമായ കാരണങ്ങളും ഇതിനു പിന്നിലുണ്ട്.

കൂടാതെ വിഷാദം, തൈറോയിഡ് പ്രശ്‌നങ്ങള്‍, രക്തത്തില്‍ പഞ്ചസാരയുടെ കുറവ്, വിറ്റാമിന്‍ ബി12 ന്റെ കുറവ് എന്നിവയുള്ളവരും തലച്ചോറിനു ക്ഷതമേറ്റവര്‍, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, മറവി പോലെയുള്ള രോഗമുള്ളവരും കാരണമറിയാതെ കരയാറുണ്ട്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.