spot_img

സ്വയംഭോഗം തെറ്റല്ല; ലൈംഗികശേഷി കുറയുമെന്നത് തെറ്റിദ്ധാരണ

ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും കുറ്റപ്പെടുത്തപ്പെടുകയും അതേസമയം ഏറ്റവുമധികമാളുകള്‍ പരിശീലിക്കുകയും ചെയ്യുന്ന ലൈംഗിക പ്രവൃത്തിയാണ് മാസ്റ്റര്‍ബേഷന്‍ അഥവാ സ്വയംഭോഗം.എന്താണ് സ്വയംഭോഗം ? എല്ലാവര്‍ക്കുമറിയുന്നതാണെങ്കിലും വളരെയധികം തെറ്റിദ്ധാരണ പരത്തിയിട്ടുള്ള വാക്കു കൂടിയാണ് സ്വയംഭോഗം. ഒരാള്‍ തന്റെ ലൈംഗികാവയവങ്ങളെ സ്വയം ഉദ്ദീപിപ്പിക്കുക വഴി ലൈംഗികാനന്ദം കണ്ടെത്തുകയും അങ്ങനെ രതിമൂര്‍ഛയിലേക്ക് സ്വയം എത്തുകയും ചെയ്യുന്ന പ്രവൃത്തിയാണ് സ്വയംഭോഗം.

സ്വയംഭോഗം ചെയ്യുന്നവര്‍ക്ക് വന്ധ്യതയുണ്ടാകുന്നു എന്നൊരു തെറ്റിദ്ധാരണ പൊതുവെ ആളുകള്‍ക്കിടയിലുണ്ട്. സ്വയംഭോഗം ചെയ്താല്‍ ലൈംഗിക ശേഷി കുറയുമെന്നും ഇണയോടുള്ള ലൈംഗികാസക്തി കുറയുമെന്നും പാപമാണെന്നും ശരീരത്തിന്റെ കരുത്ത് കുറഞ്ഞു പോകുമെന്നും തുടങ്ങി നിരവധി തെറ്റായ ധാരണകളാണ് ലോകമെമ്പാടുമുള്ളത്. അടിസ്ഥാനമില്ലാത്ത, ശാസ്ത്രീയമായ യാതൊരു പിന്തുണയുമില്ലാത്ത വാദങ്ങളാണിവയെല്ലാം.

എന്താണ് യാഥാര്‍ത്ഥ്യം ?
എന്താണ് സ്വയംഭോഗം എന്ന് നേരത്തേ പറഞ്ഞല്ലോ. ചെറിയ കുട്ടികളില്‍ പോലും സ്വയംഭോഗത്തിനുള്ള ചോദന കാണപ്പെടുന്നു എന്നതാണ് വാസ്തവം. ബാല്യകാലത്ത് കുട്ടികള്‍ അവരുടെ സ്വന്തം ശരീരത്തെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്താറുണ്ട്. അവര്‍ ശരീരത്തില്‍ സ്പര്‍ശിക്കുന്ന സമയത്ത് ലൈംഗികാവയവത്തില്‍ തൊടുമ്പോള്‍ അവര്‍ക്ക് ആനന്ദം ലഭിക്കുന്നതായി കാണാം. ഏതു കുട്ടിയെ നിരീക്ഷിച്ചാലും ഇത് കാണാന്‍ കഴിയും. ഇതിനു രണ്ടു കാരണങ്ങളുണ്ട്. ലൈംഗികാവയവത്തിനു ചുറ്റുമുള്ള നാഡികളാണ് ഒന്നാമത്തെ കാരണം. ഈ നാഡികള്‍ വളരെ പെട്ടെന്ന് ഒരു ആനന്ദാനുഭൂതിയുണ്ടാക്കുന്നു. സ്വന്തം ശരീരത്തെ അറിയാനുള്ള കുട്ടികളുടെ ത്വര അല്ലെങ്കില്‍ അമിത ആഗ്രഹമാണ് മറ്റൊരു കാരണം. ഇതിലൂടെ ആനന്ദം കിട്ടുന്നതിനാല്‍ കുട്ടികള്‍ എപ്പോഴും ലൈംഗികാവയവത്തില്‍ പിടിച്ച് കളിക്കുന്ന രീതിയുണ്ടാകുന്നു. ഇത് പിന്നീട് കുട്ടികള്‍ വലുതാകുമ്പോള്‍ പല രീതിയില്‍ വളര്‍ന്ന് സ്വയംഭോഗം എന്ന ലൈംഗിക പ്രവര്‍ത്തനമായി മാറുന്നു.

ആരോഗ്യപരമായോ മനശാസ്ത്രപരമായോ യാതൊരു ദോഷവുമുണ്ടാക്കാത്ത ലൈംഗിക പരിശീലനമാണ് സ്വയംഭോഗം എന്നതാണ് വാസ്തവം. എന്നാല്‍ മധ്യകാലഘട്ടത്തിലെ ധാര്‍മികത, ലൈംഗികത തെറ്റാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. അതിനെത്തുടര്‍ന്ന് ഒരാള്‍ സ്വയം ലൈംഗികാനന്ദം കണ്ടെത്തുന്നത് പാപമാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. സെമിറ്റിക് മതങ്ങളിലും മറ്റു വിശ്വാസ പ്രമാണങ്ങളിലുമെല്ലാം ഇത് വലിയ തെറ്റായി മാറി. ഇത് പിന്നീട് നമ്മുടെ സമൂഹത്തിലെ ആരോഗ്യകരമായ ലൈംഗിക പ്രവണതകളെ പലരീതിയില്‍ സ്വാധീനിച്ചു.

ഏകദേശം 15 -19 മാസങ്ങള്‍ക്കിടയില്‍ തന്നെ കുട്ടികള്‍ അവരുടെ ലൈംഗികാവയവത്തില്‍ സ്പര്‍ശിച്ച് ആനന്ദം കണ്ടെത്തുന്നതായി കാണാം. അങ്ങനെ ചെറുപ്പത്തിലേ ലൈംഗികാവയവത്തെ ഉദ്ദീപിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന കുട്ടികള്‍ കൗമാരപ്രായമെത്തുമ്പോള്‍ സെക്ഷ്വല്‍ ഫാന്റസികള്‍ക്കായി ശ്രമിക്കുന്നു. ഇതും തികച്ചും ആരോഗ്യകരമായ രീതിയാണ്. സ്വന്തം ലൈംഗികാവയവങ്ങളോടുള്ള താല്‍പര്യം പിന്നീട് വളര്‍ന്ന് മറ്റുള്ളവരുടെ ലൈംഗികാവയവങ്ങളോടും ശരീര ഭാഗങ്ങള്‍ പുറത്തുകാണുന്ന ചിത്രങ്ങളോടും മാധ്യമങ്ങളോടുമുള്ള താല്‍പര്യമായും വളരുന്നു. പിന്നീട് കൗമാരകാലത്തിന്റെ ഏറ്റവും മനോഹരമായ സമയത്ത് അവര്‍ക്ക് പ്രായപൂര്‍ത്തിയാകുന്നു. പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവചക്രം ആരംഭിക്കുകയും ആണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി സെക്ഷ്വല്‍ ക്യാരക്ടര്‍ (താടി, മീശ, കക്ഷത്തിലും ഗുഹ്യഭാഗത്തും രോമ വളര്‍ച്ച, ലിംഗത്തിന്റെ വലുപ്പം കൂടുക, ശബ്ദം കനത്തതാകുക) വികസിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഒരാള്‍ കരുത്തനാകുന്നു എന്നതിന്റെ ലക്ഷണമാണിവ.

 

കിന്‍സ്ലി എന്ന വിഖ്യാത ഗവേഷകന്‍ പറയുന്നത് 99 ശതമാനം പുരുഷന്മാരും നാലില്‍ മൂന്ന് സ്ത്രീകളും സ്വയംഭോഗം ചെയ്യുന്നവരാണ് എന്നാണ്. അത്രയേറെ വ്യാപകമാണ് ഈ ശീലം. എന്നാല്‍ നമ്മുടെ സമൂഹം ഇതിനെ തെറ്റായി കാണുകയും അതിന് അനുവദിക്കുകയും ചെയ്യുന്നില്ല. ശാരീരികമായും മാനസികമായും തയ്യാറാണ് എന്നാല്‍ സമൂഹം അനുവദിക്കുന്നില്ല എന്ന സംഘര്‍ഷം കൗമാരക്കാരിലുണ്ടാകുന്നു. പിന്നീട് പലപ്പോഴും ഈ സംഘര്‍ഷത്തെ അതിജീവിക്കുന്ന പ്രക്രിയയായി സ്വയംഭോഗം മാറുന്നു.

യുവത്വത്തിലേക്കു കടക്കുന്ന സമയത്തും സ്വയംഭോഗം പലരൂപത്തിലും നാം പിന്തുടരുന്നു. ഇണയുമായുള്ള സ്വയംഭോഗം, പരസ്പരം ലൈംഗികാവയവങ്ങള്‍ ഉദ്ദീപിപ്പിക്കല്‍, ഫിംഗറിങ്, ഹാന്‍ഡ് ജോബ് എന്നീ രീതികളില്‍ അത് തുടരുന്നു. വിവാഹത്തിനു ശേഷവും വധ്യവയസ്‌കരിലും വൃദ്ധന്മാരിലും സ്ത്രീ പുരുഷ ഭേദമന്യേ പലവിധത്തിലുള്ള സ്വയംഭോഗ രീതികള്‍ കണ്ടു വരുന്നു.

കൈകള്‍ ഉപയോഗിച്ചുള്ള സ്വയംഭോഗം മാത്രമല്ല, ഉപകരണം ഉപയോഗിച്ചുള്ള സ്വയംഭോഗവും (സെക്സ് ടോയ്സ്, വൈബ്രേറ്റര്‍) ഉണ്ട്. അനല്‍ മാസ്റ്റര്‍ബേഷന്‍ എന്നൊരു രീതിയുമുണ്ട്. ഇങ്ങനെ പലരീതിയില്‍ സ്വയംഭോഗാസക്തി മനുഷ്യരില്‍ നിലനില്‍ക്കുന്നു. ഇത് തീര്‍ത്തും ആരോഗ്യകരമാണ്. എന്നാല്‍ നിരന്തരം തുടര്‍ച്ചയായി സ്വയംഭോഗം ചെയ്യുന്ന അവസ്ഥയിലേക്കെത്തിയാല്‍ അത് മറ്റുള്ള ആനന്ദങ്ങള്‍ അനുഭവിക്കുന്നതില്‍ നിന്ന് നമ്മെ തടയുന്നു. വളരെ ചുരുക്കം പേരില്‍ മാത്രം കാണുന്ന ഈ അവസ്ഥയ്ക്ക് സൈക്കോ തെറാപ്പി, മരുന്നു ചികിത്സ, കൗണ്‍സിലിങ് എന്നിവ വേണ്ടിവരുന്നു. വലിയൊരു ശതമാനം പേരിലും തികച്ചും ആരോഗ്യകരമായ ശീലമായാണ് ഇത് കാണപ്പെടുന്നത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.