മൂന്നു വയസ്സിലൊക്കെ അത്യാവശ്യം തല്ലുകൊള്ളിത്തരമുണ്ടായിരുന്ന കുട്ടിയായിരുന്നോ നിങ്ങള്‍? എങ്കില്‍ ഹൃദ്രോഗത്തെ ഭയക്കേണ്ടതില്ലെന്ന് കാനഡയില്‍ നടത്തിയ ഒരു പഠനം പറയുന്നു. കാനഡ മാക്ക് മാസ്റ്റര്‍ സര്‍വകലാശാലയില്‍ മൂന്നിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള 418 കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ചെറിയ പ്രായത്തിലെ ശാരീരിക ആയാസങ്ങള്‍ ശരീരത്തിന് എങ്ങനെയൊക്കെ പോസിറ്റീവായി പരിണമിക്കുന്നുവെന്നു കണ്ടെത്താനായിരുന്നു ഈ പഠനം.
പഠനത്തിന്റെ ഭാഗമായി നിരീക്ഷണത്തിനു വിധേയരായ കുട്ടികളുടെ കാര്‍ഡിയോവാസ്‌കുലാര്‍ ഫിറ്റ്‌നസ്, ഹൃദയധമനികളുടെ ബലം, രക്തസമ്മര്‍ദം എന്നിവ വര്‍ഷങ്ങളോളം തുടര്‍ച്ചയായി നിരീക്ഷിച്ചു. മൂന്നു വര്‍ഷത്തോളം accelerometer എന്ന ഉപകരണം വര്‍ഷത്തില്‍ ഒരാഴ്ച കുട്ടികളുടെ അരക്കെട്ടില്‍ ഘടിപ്പിച്ച് അവരുടെ ഫിസിക്കല്‍ ആക്ടിവിറ്റി അളന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കുട്ടികളുടെ ശാരീരികചലനങ്ങള്‍ അവരില്‍ പിന്നീട് എങ്ങനെ ഗുണം ചെയ്യുന്നുവെന്ന് കണ്ടെത്തിയത്.
ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഈ പഠനത്തില്‍ പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ക്കാണ് കൂടുതല്‍ പോസിറ്റീവ് മാറ്റം ഉണ്ടാകുന്നതായി കണ്ടെത്തിയത്. പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് ഫിസിക്കല്‍ ആക്ടിവിറ്റി കൂടുതല്‍ നല്‍കുന്നത് അവരുടെ രക്തധമനികളുടെ ആരോഗ്യത്തിനു നല്ലതാണെന്ന് ഈ പഠനം പറയുന്നു. ഹൃദ്രോഗം പലപ്പോഴും പ്രായം കൂടുമ്പോഴാകും തലപൊക്കുക. എന്നാല്‍ ചെറുപ്പത്തിലെ പ്രവൃത്തികള്‍ ഭാവിയില്‍ പോലും രോഗങ്ങളില്‍ നിന്നു രക്ഷിക്കാം എന്നാണ് ഈ പഠനത്തിലൂടെ തെളിയിക്കാന്‍ ഗവേഷകര്‍ ശ്രമിച്ചത്. ഒപ്പം ഫിസിക്കല്‍ ആക്ടിവിറ്റിയുടെ പ്രാധാന്യം എത്രയെന്നും ഇതു പറഞ്ഞു വയ്ക്കുന്നു.