കണ്ണ്, മൂക്ക്, ചുണ്ട്, തലമുടി, സ്തനങ്ങള്‍, നഖങ്ങള്‍ എന്നുവേണ്ട, അടിമുടി സുന്ദരിയാകണം എന്നു ചിന്തിക്കുന്ന പെണ്‍കുട്ടികള്‍ ഏറെയാണ്. എന്നാല്‍ ഈ ചിന്തകളെല്ലാം മാറുന്ന ഒരു സമയമുണ്ട്; അമ്മയാകുന്ന നിമിഷം.
അമ്മയാകുമ്പോള്‍ ഓരോ സ്ത്രീയും പുതിയൊരു ജീവിതമാണ് ജീവിക്കുന്നത്. അതുവരെ താന്‍ ആരായിരുന്നോ, അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തയായ ഒരു പുതിയ വ്യക്തി. ശരീരത്തില്‍ വരുന്ന മാറ്റങ്ങളോടൊപ്പം അവളുടെ ചിന്തകളും മാറുന്നു. അതുവരെ തന്റെ ശരീരം എങ്ങനെ സുന്ദരമാക്കാം എന്നു ചിന്തിച്ചിരുന്നവര്‍ പൊടുന്നനെ തന്റെ കുഞ്ഞിനെപ്പറ്റി മാത്രം ചിന്തിക്കുന്നു.
ശരീരസൗന്ദര്യത്തെക്കുറിച്ചുള്ള ചിന്ത മാറ്റി, എങ്ങനെ തന്റെ കുഞ്ഞിനു വേണ്ടി ശരീരം പ്രവര്‍ത്തിക്കുന്നു എന്ന പാഠമാണ് മാതൃത്വം സ്ത്രീയെ പഠിപ്പിക്കുന്നത്- ബോഡി ഇമേജ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
സ്തനവലുപ്പം, സ്തനസൗന്ദര്യം ഇവയെല്ലാം പെര്‍ഫക്ട് ആയിരിക്കണം എന്ന ചിന്ത അമ്മമാരല്ലാത്ത സ്ത്രീകള്‍ക്കാണെന്നു കണ്ടു. 484 സ്ത്രീകളില്‍ നടത്തിയ ഒരു സര്‍വേയില്‍ 69 ശതമാനം പേരും തങ്ങളുടെ സ്തനവലുപ്പത്തില്‍ അസംതൃപ്തരാണെന്നും 44 ശതമാനം പേരും വലിപ്പം കൂടിയ സ്തനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും കണ്ടു.
അമ്മയാകുമ്പോള്‍ സ്തനങ്ങളുടെ രൂപത്തില്‍ സ്വാഭാവികമായും വ്യത്യാസം വരും. കുഞ്ഞിനു മുലപ്പാല്‍ നല്‍കണം എന്നാകും അമ്മയുടെ ചിന്ത. അപ്പോള്‍ തങ്ങളുടെ സ്തനസൗന്ദര്യം നഷ്ടപ്പെടുമല്ലോ എന്ന ചിന്ത അമ്മമാര്ക്കുണ്ടാവില്ല എന്ന് ഗവേഷകനും ബ്രിട്ടനിലെ ആംഗ്ലിയ റസ്കിന് സര്‍വകലാശാലയിലെ പ്രഫസറുമായ വിരേന്‍ സ്വാമി പറയുന്നു.
സ്തന വലുപ്പത്തെക്കുറിച്ചുള്ള അസംതൃപ്തിയും സ്വന്തം ശരീരത്തെക്കുറിച്ചുള്ള പൂര്ണതാബോധവുമൊക്കെ അമ്മയാകുമ്പോള്‍ ഒരു സ്ത്രീക്ക് ഇല്ലാതെയാകുന്നു എന്ന് പഠനം പറയുന്നു. അമ്മയാകുന്ന നിമിഷം, ശരീരത്തെ ഏറെ പോസിറ്റീവ് ആയി അവള് കണ്ടു തുടങ്ങുന്നു.