ഒക്ടോബര്‍ 20 ലോക ഓസ്റ്റിയോപൊറോസിസ് ദിനമാണ്. ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിക്ഷയം ഇന്ന് വളരെ വ്യാപകമായ അസുഖമാണ്. രോഗാവസ്ഥയിലെത്തിച്ചേരുന്ന അസ്ഥിക്ഷയവും, രോഗാവസ്ഥയിലെത്താതെ പ്രയാസങ്ങളുണ്ടാക്കുന്ന അസ്ഥിക്ഷയവുമുണ്ട്.
നമ്മുടെ എല്ലുകള്‍ ഉണ്ടാക്കിയിരിക്കുന്നത് വിവിധ ഘടകങ്ങള്‍ കൊണ്ടാണ്. നമ്മുടെ ശരീരത്തിന്റെ ഫ്രെയിമുകള്‍ എന്നു പറയുന്നത് എല്ലുകളാണ്. എല്ലുകളാണ് നമ്മെ സംരക്ഷിക്കുന്നതും ചലിക്കുവാന്‍ സഹായിക്കുന്നതും അവയവങ്ങളെ പരസ്പരം ചേര്‍ത്തുവെക്കുന്നതും. എല്ലുകള്‍ ഉണ്ടാക്കിയിരിക്കുന്ന ഘടകങ്ങളില്‍ കാത്സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, അയണ്‍ തുടങ്ങീ നിരവധി മിനറലുകള്‍ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ മറ്റേതു അവയവങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതു പോലെത്തന്നെ ഇവയിലും ജീവകോശങ്ങളുണ്ട്. പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഇത്തരം വസ്തുക്കളുടെ കൃത്യമായ സമന്വയത്തിലൂടെയാണ് എല്ലുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. അതിനാല്‍ ഈ ഘടകങ്ങളെല്ലാം തന്നെ നാം കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കേണ്ടത് എല്ലുകളുടെ ആരോഗ്യത്തിന് അനിവാര്യമാണ്. മറ്റു അവയവങ്ങളില്‍ നിന്നു വ്യത്യസ്തമായി എല്ലുകള്‍ക്ക് കാഠിന്യവും ശക്തിയും നല്‍കുന്നത് അതിലടങ്ങിയിരിക്കുന്ന മിനറലുകളാണ്. കാത്സ്യവും ഫോസ്ഫറസുമാണ് അവയില്‍ പ്രധാനം. ഇവയുടെ അളവ് കുറയുന്നത് എല്ലുകള്‍ക്ക് ബലക്ഷയമുണ്ടാക്കുകയും അതുമൂലം വിവിധ രോഗങ്ങളുണ്ടാകുകയും ചെയ്യുന്നു.
നാം കഴിക്കുന്ന ഭക്ഷണങ്ങളിലെല്ലാം തന്നെ ഈ മിനറലുകളടങ്ങിയിട്ടുണ്ട്. കാത്സ്യവും ഫോസ്ഫറസും നമ്മുടെ ഭക്ഷണത്തിലുണ്ടായാലും അവ എല്ലുകളിലെത്തിച്ചേരണമെന്നില്ല. ഇവയെ കുടലില്‍ നിന്ന് വലിച്ചെടുത്ത് രക്തത്തിലൂടെ എല്ലുകളിലെത്തിക്കുന്നതില്‍ ചില ഹോര്‍മോണുകള്‍ക്കും വിറ്റാമിനുകള്‍ക്കും പങ്കുണ്ട്. വിറ്റാമിന്‍ ഡി അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. വിറ്റാമിന്‍ ഡി നമ്മുടെ ശരീരത്തില്‍ ആവശ്യത്തിനുണ്ടെങ്കിലും അവ ഉപയോഗിക്കപ്പെടുന്നില്ല. വെയില്‍ കൊള്ളുമ്പോഴാണ് വിറ്റാമിന്‍ ഡി ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇന്ന് വെയില്‍ കൊള്ളുന്ന സാഹചര്യം നാം പരമാവധി ഒഴിവാക്കുന്നതിനാല്‍ എല്ലുകളിലേക്ക് മിനറലുകളെത്തിക്കുന്ന പ്രക്രിയയെ സഹായിക്കാന്‍ വിറ്റാമിന്‍ ഡിയ്ക്കു കഴിയുന്നില്ല. ഇത് എല്ലുകളുടെ ബലക്ഷയത്തിനും മറ്റു അസ്ഥി രോഗങ്ങള്‍ക്കും കാരണമാകുന്നു. എല്ലുകളുടെ ബലക്ഷയം ശരീരത്തില്‍ വേദനകള്‍ക്കും എല്ലുകള്‍ പെട്ടെന്നു പൊട്ടിപ്പോകുന്നതിനും ഇടയാക്കുന്നു.
ചില ഹോര്‍മോണുകളുടെ വ്യതിയാനവും എല്ലുകളുടെ ബലത്തെ സ്വാധീനിക്കുന്നു. ആര്‍ത്തവ സമയത്ത് സ്ത്രീകളില്‍ ഈസ്ട്രജനും പ്രൊജസ്ട്രോണും ധാരളമായി ഉണ്ടാകുന്നതിനാല്‍ എല്ലുകളുടെ സംരക്ഷണം നന്നായിത്തന്നെ നടക്കുന്നു. എന്നാല്‍ ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളില്‍ എല്ലുകളുടെ സംരക്ഷണത്തിനായി പ്രത്യേകശ്രദ്ധ നല്‍കേണ്ടതുണ്ട്. പ്രായം വര്‍ധിക്കുമ്പോഴും എല്ലുകളുടെ ബലക്ഷയം സംഭവിക്കുന്നു. അതിനാല്‍ അന്‍പത് വയസ് കഴിഞ്ഞവര്‍ എല്ലുകളുടെ ആരോഗ്യത്തിന് പ്രത്യേക ജാഗ്രത നല്‍കണം. നല്ല രീതിയില്‍ ഭക്ഷണം കഴിക്കാതിരുന്നാലും ആവശ്യത്തിന് വ്യായാമം ചെയ്തില്ലെങ്കിലും എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും.
ചില രോഗാവസ്ഥകളില്‍ കാത്സ്യം എല്ലുകളില്‍ എത്താത്തതിനെത്തുടര്‍ന്നും മറ്റും എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കാം. അതിനാല്‍ ഭൂരിഭാഗം ആളുകള്‍ക്കും ഇന്ന് ഓസ്റ്റിയോപൊറോസിസിന്റെ പല വകഭേദങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. നേരത്തേ തിരിച്ചറിഞ്ഞ് പരിഹരിക്കുകയാണ് ഇതിനുള്ള പോംവഴി. എക്സ്-റേ, സ്‌കാനിങ്, രക്ത പരിശോധനകള്‍ എന്നിവ നടത്തി എല്ലുകളുടെ ബലക്ഷയം കണ്ടെത്താം. വ്യായാമം, നല്ല ഭക്ഷണരീതി എന്നിവ രോഗം വരുന്നതിനു മുന്നേ ശ്രദ്ധിക്കുന്നതാണ് നല്ലത്. ആഴ്ചയില്‍ രണ്ടോ മൂന്നോ മണിക്കൂറെങ്കിലും വെയില്‍ കൊള്ളാനും പ്രത്യേകം ശ്രദ്ധിക്കണം. എങ്കില്‍ മാത്രമേ വിറ്റാമിന്‍ ഡി കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയുള്ളൂ.