ന്യൂഡല്‍ഹി: ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ഉള്‍പ്പെടെയുള്ള ആശുപത്രി ജീവനക്കാരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കി കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടു വന്നത്. ജീവനക്കാരെ ആക്രമിക്കുന്നവര്‍ക്ക് പത്തു വര്‍ഷം വരെ തടവും പത്തുലക്ഷം രൂപവരെ പിഴയും ചുമത്തുന്ന ബില്ലിന്റെ കരട് ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.
ആശുപത്രികള്‍ക്കു നേരെയും ജീവനക്കാര്‍ക്കെതിരേയും ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് പുതിയ കൊണ്ടു വന്നത്. ആശുപത്രി, നഴ്സിങ് ഹോം, ഡിസ്പന്‍സറി, ക്ലിനിക്, ലാബ്, ആംബുലന്‍സ് തുടങ്ങി വൈദ്യശുശ്രൂഷയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും വസ്തുക്കള്‍ക്കുമുണ്ടാകുന്ന നാശത്തിനു നഷ്ടപരിഹാരം നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
മര്‍ദനമേറ്റതായി ജീവനക്കാരന്‍ രേഖാമൂലം നല്‍കുന്ന പരാതി സ്ഥാപനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഉടന്‍ തന്നെ പോലീസിനു കൈമാറണമെന്നും ബില്ലില്‍ പറയുന്നു.
ബില്ലിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍
* ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മിഡ്വൈഫുമാര്‍, ഓക്‌സിലറി നഴ്സ്-മിഡ്വൈഫുമാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍, മെഡിക്കല്‍-നഴ്സിങ്-പാരാ മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ഹെല്‍ത്ത് വിസിറ്റര്‍മാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, സഹായികള്‍ തുടങ്ങിയവരെ ആശുപത്രി വളപ്പിനും പുറത്തും ആക്രമിക്കുന്നതും ജോലി തടസ്സപ്പെടുത്തുന്നതും ജാമ്യമില്ലാ കുറ്റമായിരിക്കും.
* ആരോഗ്യപരിപാലന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെ ആക്രമിക്കുകയോ ആക്രമണത്തിനു പ്രേരിപ്പിക്കുകയോ നാശനഷ്ടം വരുത്തുകയോ അതിനു പ്രേരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് ആറുമാസംമുതല്‍ അഞ്ചുവര്‍ഷംവരെ തടവും 50,000 രൂപ മുതല്‍ അഞ്ചുലക്ഷം രൂപവരെ പിഴയും ശിക്ഷ ലഭിക്കും
* ഇന്ത്യന്‍ ശിക്ഷാനിയമം 320-ാം വകുപ്പില്‍ പറയുന്നപ്രകാരം ഗുരുതരമായ പരിക്കേല്‍പ്പിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷംമുതല്‍ പത്തുവര്‍ഷംവരെ തടവും രണ്ടുലക്ഷം രൂപ മുതല്‍ പത്തുലക്ഷം രൂപവരെ പിഴയും ശിക്ഷ ലഭിക്കും
* ശിക്ഷയ്ക്കു പുറമേ കുറ്റവാളിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാം. കേടുവരുത്തിയ സ്വത്തിന്റെ വിപണി മൂല്യത്തിന്റെ ഇരട്ടിയോ, കോടതി നിശ്ചയിക്കുന്ന തുകയോ നഷ്ടപരിഹാരം നല്‍കണം
* ഈ നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ ഡിവൈ.എസ്.പി. റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം.
* ജീവനക്കാര്‍ക്കുണ്ടാകുന്ന നിസ്സാര പരിക്കിന് ഒരു ലക്ഷം രൂപയും ഗുരുതരമായ പരിക്കിന് അഞ്ചുലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കണം
* നഷ്ടപരിഹാരത്തുക അടച്ചില്ലെങ്കില്‍ വസ്തു ജപ്തിചെയ്ത് പണമീടാക്കണം.