ശരീരത്തിലെ മറ്റു പല അവയവങ്ങളേക്കാളും ചെറുതെങ്കിലും പിത്താശയം വളരെ സുപ്രധാനമായ ദൗത്യമാണ് ചെയ്യുന്നത്. കൊഴുപ്പിനെ നിയന്ത്രിക്കാനായി കരൾ ഉൽപാദിപ്പിക്കുന്ന പിത്തരസം പുറത്തെത്തുന്നത് ഈ ചെറിയ അവയവത്തിലൂടെയാണ്. എന്നാൽ പിത്താശയത്തിലുണ്ടാകുന്ന കല്ലുകൾ, അവയവത്തിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നു. ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുക, പൊണ്ണത്തടി, ക്യത്യമായ ഡയറ്റിങ്ങില്ലാതെയുള്ള ഭക്ഷണം എന്നിവയെല്ലാം പിത്താശയ കല്ലിന് കാരണമാകാറുണ്ട്. ചില ഭക്ഷണങ്ങൾ നിങ്ങളുടെ ആഹാരത്തിനൊപ്പം കൂട്ടിയാൽ പിത്താശയക്കല്ലുകളുടെ ശല്യത്തിൽ നിന്നും രക്ഷ നേടാൻ സാധിക്കും.
മഞ്ഞൾ
വേദന സംഹാരിയും വിഷസംഹാരിയും മാത്രമല്ല മഞ്ഞൾ. അതിനും മേലെ ഗുണങ്ങൾ ഏറെയുള്ള പ്രക്യതിയുടെ സമ്മാനമാണ്. ഇതിലടങ്ങിയിരിക്കുന്ന കർക്യുമിൻ പിത്താശയക്കല്ലിനുള്ള പരിഹാരമാണ്. ശരീരത്തിലെ കൊളസ്ട്രോൾ ലെവൽ കുറയ്ക്കാനും കൊഴുപ്പ് അടിയുന്നത് തടയുകയും ചെയ്യുന്നു. ഒപ്പം തന്നെ മഞ്ഞൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നവർക്ക് പിത്താശയ കല്ല് വരാനുള്ള സാധ്യതയും കുറവായിരിക്കും. ഒരു ദിവസം ഒരു ടീസ് സ്പൂൺ മുതൽ ഒരു ടേബിൾ സ്പൂൺ മഞ്ഞൾ വരെ നിങ്ങൾക്ക് ഉപയോഗിക്കാം. പിത്താശയക്കല്ല് നീക്കം ചെയ്യുന്നതിനൊപ്പം പിത്താശയത്തിന്റെ സംരക്ഷണത്തിനും മഞ്ഞൾ ഉപയോഗിക്കുന്നു.
പഴങ്ങളും പച്ചക്കറികളും
പിത്താശയം ശരീരത്തിലെ ടോക്സിനുകളെ പുറത്താക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതിനാൽ ശ്രദ്ധയും സംരക്ഷണവും ഏറെ ആവശ്യമുളള ഒരു അവയവമാണത്. അതിനാൽ കാൽഷ്യവും കൊഴുപ്പും കല്ലുകളായി മാറുന്നത് തടയേണ്ടത് അത്യാവശ്യമാണ്. ഇതിന് ആശ്രയിക്കാവുന്ന നല്ല പച്ചക്കറികളും പഴങ്ങളേയുമാണ്. ഫ്രഷ് ആയിട്ടുള്ള പച്ചക്കറികളും പഴങ്ങളും നൽകുന്ന വിറ്റമിനുകളും പോഷകങ്ങളും മറ്റൊരു ഹെൽത്ത് ഡ്രിങ്കും നിങ്ങൾക്ക് നൽകുന്നില്ല. ആസിഡ് സാന്നിധ്യമുള്ള നാരങ്ങ, ആപ്പിൾ, ബീറ്റ്സ്, സെല്ലറി, തക്കാളി എന്നിവ പിത്താശയ കല്ലിന് പരിഹാരമാണ്. പഞ്ചസാര ചേർക്കാത്ത ഫ്രഷ് ഫ്രൂട്ട്ജ്യൂസ്, വെജിറ്റബിൾ ജ്യൂസ് എന്നിവയും ആരോഗ്യത്തിന് ഉത്തമമാണ്.
കാപ്പി
കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ഏറെ പഴികൾ കേൾക്കുന്നതാണെങ്കിലും ഒരു കപ്പ് കാപ്പി ദിനവും കുടിയ്ക്കുന്നത് പിത്താശയക്കല്ലിനെ തടയാൻ സഹായിക്കുന്നു. ഒപ്പം തന്നെ ശരീരത്തിന് കൂടുതൽ ഭർജവും പ്രദാനം ചെയ്യുന്നു. 1-2 കപ്പ് കാപ്പി ദിവസവും കുടിയ്ക്കുന്നവർക്ക് പിത്താശയ കല്ല് വരാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനങ്ങൾ പറയുന്നു.
ഫൈബർ സമ്പുഷ്ടമായ ഭക്ഷണങ്ങൾ
പഴങ്ങൾക്കും പച്ചക്കറിക്കും പുറമേ ഫൈബർ നിറഞ്ഞ മറ്റ് ആഹാരങ്ങളും ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് പിത്താശയക്കല്ല് തടയുന്നതിനും കരളിന്റെയും പിത്താശയത്തിന്റെയും സംരക്ഷണത്തിന് ഉത്തമമാണ്. ഫൈബർ നിറഞ്ഞ ഭക്ഷണം കഴിയ്ക്കുന്നവരിൽ പിത്താശയക്കല്ല് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഓട്സ്, ബാർലി, മധുരക്കിഴങ്ങ്, ഫഌക്സീഡ്സ്, ഓറഞ്ച്, ആപ്രികോട്ട്, മുന്തിരി, മാങ്ങ എന്നിവയെല്ലാം ഫൈബർ സമ്പുഷ്ടമാണ്. ഭക്ഷണത്തിൽ ഇവയിൽ ഏതെങ്കിലും ദിനവും ഉൾപ്പെടുത്തുക.
അയേൺ സമ്പന്നമായ ഭക്ഷണങ്ങൾ
ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുന്നത് പിത്താശയക്കല്ല് രൂപപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. അതിനാൽ ഇരുമ്പിന്റെ സാന്നിധ്യം മതിയായ അളവിൽ ശരീരത്തിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പയറുവർഗങ്ങൾ, ചീര, മറ്റ് ഇലക്കറികൾ, സീ വെജിറ്റബിൾസ് എന്നിവയിലെല്ലാം ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു.
ക്യത്യമായ സമയങ്ങളിൽ ഭക്ഷണം കഴിയ്ക്കുകയും സമീക്യതാഹാരം ശീലമാക്കുകയും ചെയ്യുന്നവർക്ക് പിത്താശയക്കല്ല് വരാൻ സാധ്യതയുണ്ടാവില്ല. അമിതവണ്ണവും ശരീരത്തിൽ അമിത കൊഴുപ്പും ഉള്ളവർ ഡയറ്റ് നോക്കുന്നതിനൊപ്പം വ്യായാമവും പതിവാക്കുക.