പ്രമേഹ രോഗികൾ ഏറ്റവും അധികം ശ്രദ്ധകൊടുക്കേണ്ടതിൽ ഭക്ഷണത്തിന്റെ പങ്ക് വളരെ പ്രധാനമാണ്. ക്യത്യമായ ഭക്ഷണം ക്യത്യമായി അളവിൽ കഴിയ്ക്കുകയും ഒപ്പം വ്യായാമവും ചെയ്യുന്നതിലൂടെ പ്രമേഹത്തെ നിയന്ത്രിച്ച് നിർത്താൻ സാധിക്കും. ചില ഭക്ഷണങ്ങളും പാനീയങ്ങളും ആരോഗ്യകരമാണെങ്കിലും പ്രമേഹരോഗികളെ സംബന്ധിച്ച് അവ ഒഴിവാക്കേണ്ടതു തന്നെയാണ്. ശരീരത്തിൽ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്ന ഭക്ഷണങ്ങളെല്ലാം പ്രമേഹമുള്ളവർ ഒഴിവാക്കേണ്ടതാണ്. പ്രധാനമായും പ്രമേഹ രോഗികൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പരിശോധിക്കാം..
ഡ്രൈ ഫ്രൂട്ട്സ്
ആരോഗ്യകരമായ ഭക്ഷണത്തിൽ ഡ്രൈ ഫ്രൂട്ട്സും നാം ഉൾപ്പെടുത്താറുണ്ട്. എന്നാൽ ഇവ പ്രമേഹ രോഗികൾ കഴിയ്ക്കുന്നത് ഉത്തമമല്ല. പഴങ്ങൾ ഡീഹൈഡ്രേറ്റ് ചെയ്താണ് ഡ്രൈ ഫ്രൂട്ട്സ് ആക്കി മാറ്റുന്നത്. ടൈപ്പ് 2 ഡയബറ്റിസ് ഉള്ളവർ ഇവ കഴിയ്ക്കാൻ പാടില്ല. പകരമായി സ്ട്രോബെറി, മുന്തിരി എന്നിവ ആവശ്യമായ അളവിൽ കഴിയ്ക്കുക.
ചോറ്, ബ്രഡ്, അരിപ്പൊടി
കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയിരിക്കുന്ന അരിയാഹാരങ്ങൾ പ്രമേഹ രോഗികളുടെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നതിനും പ്രമേഹം കൂടുന്നതിനും ഇത് കാരണമാകും. ഇവ ഒഴിവാക്കി, ബാർളി, ഓട്സ് മീൽ, ബ്രൗൺ റൈസ് എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുക.
പാൽ ഉൽപന്നങ്ങൾ
പാൽ ഉൽപന്നങ്ങൾ ഏതായാലും അവയിലെല്ലാം വലിയ അളവിൽ കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ കൊളസ്ട്രോൾ ലെവൽ ഉയരാൻ കാരണമാകുന്നു. ഹ്യദ്രോഗം പോലുള്ള മാരക രോഗങ്ങളിലേക്ക് പാൽ ഉത്പന്നങ്ങളുടെ ഉപയോഗം കൊണ്ടെത്തിക്കുന്നു. യോഗർട്ട്, തൈര്, മോര്, ഐസ്ക്രീം, ചീസ്, വെണ്ണ എന്നിവ പ്രമേഹ രോഗികൾ പൂർണമായും ഉപേക്ഷിക്കുക. കൊഴുപ്പ് കുറഞ്ഞ പാൽ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദധിക്കുക.
റെഡ് മീറ്റ് ഒഴിവാക്കുക
കൊഴുപ്പ് ധാരാളം അടങ്ങിയ ഇറച്ചികൾ ഭക്ഷിക്കുന്നത് കൊളസ്ട്രോൾ ലെവൽ വർധിക്കുന്നതിന് കാരണമാകുന്നു. പാൽ ഉത്പന്നങ്ങൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അതേ പ്രശ്നങ്ങൾ തന്നെയാണ് റെഡ് മീറ്റ് ഉപയോഗിക്കുമ്പോളും സംഭവിക്കുന്നത്. കൊഴുപ്പ് അധികം ഇല്ലാത്ത ഇറച്ചിയുടെ ഭാഗങ്ങൾ മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
വറുത്ത ഭക്ഷണങ്ങൾ
എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പ്രമേഹ രോഗികൾക്കും കൊളസ്ട്രോൾ ഉള്ളവർക്കും വില്ലനാണ്. ഫ്രഞ്ച് ഫ്രൈസ്, പൊട്ടറ്റോ ചിപ്സ്, ചിക്കൻ ഫ്രൈ തുടങ്ങിയ വറുത്ത ഭക്ഷണങ്ങളിലെല്ലാം തന്നെ എണ്ണയുടെ അംശം വളരെ കൂടുതലാണ്. ടൈപ്പ് 2 ഡയബറ്റിസ് ഉള്ളവർ നിർബന്ധമായും ഇത്തരം ഭക്ഷണം ഒഴിവാക്കണം. ഹോട്ടലുകളിൽ നിന്നും മറ്റുമുള്ള ഭക്ഷണവും ഒഴിവാക്കുക.
മദ്യം
പ്രമേഹമുള്ളവരുടെ ബ്ലഡ് ഷുഗർ ലെവലിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാക്കാൻ മദ്യത്തിന് സാധിക്കും. പ്രമേഹത്തിന് പുറമേ മറ്റ് രോഗങ്ങൾക്കും കാരണമാകുന്ന മദ്യപാനശീലം പ്രമേഹ രോഗികൾ നിർബന്ധമായും ഒഴിവാക്കേണ്ടതാണ്. ഒഴിവാക്കാൻ ബുദ്ധിമുട്ടുള്ളവർ ഡോക്ടറുടെ വിദഗ്ധ നിർദേശം തേടുക. ഡോക്ടർ നിർദേശിക്കുന്ന അളവിൽ മാത്രം മദ്യം കഴിയ്ക്കുക.
ജ്യൂസ്
പുറത്തു നിന്ന് വാങ്ങുന്ന പാക്കറ്റ് ജ്യൂസുകൾ പോഷക സമ്പുഷ്ടമാണെങ്കിലും അവയിൽ പ്രിസർവേറ്റീവുകളും പഞ്ചസാരയും ചേർത്തിട്ടുണ്ടാകും. ഇത് ശരീരത്തിലെ ബ്ലഡ് ഷുഗർ ലെവൽ ക്രമാതീതമായി ഉയരാൻ കാരണമാകുന്നു. വീട്ടിൽ ജ്യൂസ് ഉണ്ടാക്കാൻ താൽപര്യമുള്ളവർ അധികം മധുരമുള്ള പഴങ്ങൾ തിരഞ്ഞെടുക്കാതിരിക്കുക. പച്ചക്കറികൾ കൊണ്ടുള്ള വൈവിധ്മാർന്ന ജ്യൂസുകൾ തയ്യാറാക്കാവുന്നതാണ്.
തണ്ണിമത്തൻ, വാഴപ്പഴം
എല്ലാത്തരം പഴങ്ങളിലും വിറ്റമിനുകൾ മിനറൽസ് പോഷകങ്ങൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. അതോടൊപ്പം തന്നെ കാർബോഹൈഡ്രേറ്റിന്റെ അളവും കൂടുതലായിരിക്കും. തണ്ണിമത്തൻ, വാഴപ്പഴം പോലുള്ള പഴങ്ങളിൽ പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കും. ഇത് രക്തസമ്മർദം ഉയരാൻ കാരണമാകും. അതിനാൽ പഞ്ചസാരയുടെ അളവ് കുറഞ്ഞ ഭക്ഷണങ്ങൾ ശീലമാക്കുക
പുറത്തു നിന്നുള്ള ഭക്ഷണങ്ങൾ
ഫാസ്റ്റ് ഫുഡ് എന്ന പേരിൽ വാങ്ങി കഴിയ്ക്കുന്ന പിസ, ബർഗർ, ചൈനീസ് ഫുഡ്, ഏറെ മധുരമുള്ള ഭക്ഷണങ്ങൾ എന്നിവയെല്ലാം ആരോഗ്യത്തിന് ഹാനികരമാണ്. പ്രമേഹരോഗികൾ പ്രത്യേകിച്ചും ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കണം. എണ്ണ, പ്രിസർവേററീവ്, മസാല, പഞ്ചസാര എന്നിവയെല്ലാം അധികം ചേർത്താണ് ഇത്തരം ഭക്ഷണങ്ങൾ ഉണ്ടാക്കുന്നത്. അതിനാൽ ഇവ പൂർണമായും ഒഴിവാക്കേണ്ടതുണ്ട്.