കട്ടിയുള്ള വില്ലുപോലെ വളഞ്ഞ പുരികങ്ങൾ പെൺകുട്ടികളുടെ സ്വപ്നമാണ്. എന്നാൽ പലർക്കും അത് സ്വപ്നമായി തന്നെ അവശേഷിക്കുകയാണ്. നീളവും വീതിയും കുറഞ്ഞ് മുഖത്തിന് അഭംഗിയായി നിൽക്കുന്ന പുരികക്കൊടികളെയോർത്ത് ഇനി ടെൻഷനടിക്കേണ്ട. ചില പൊടിക്കൈകൾ കൊണ്ട് പുരികങ്ങൾ മികച്ചതാക്കാം..
വെളിച്ചെണ്ണ
വെളിച്ചെണ്ണ ധാരളം പോഷകമൂല്യങ്ങൾ അടങ്ങിയതാണ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റമിൻ ഇ, ഇരുമ്പ് എന്നിവ മുടിയുടെ വളർച്ചയ്ക്കും കരുത്തിനും സഹായകരമാണ്. ഫാറ്റി ആസിഡായ ലോറിക് ആസിഡ് വെളിച്ചെണ്ണയിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് മുടി പൊഴിച്ചിലിന് പരിഹാരം കാണുകയും പ്രോട്ടീനിന്റെ കുറവ് പരിഹരിക്കുകയും ചെയ്യുന്നു. കട്ടിയുള്ള പുരികത്തിനായി വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. കുറച്ച് വെളിച്ചെണ്ണ എടുത്ത് കൈകൊണ്ട് പുരികത്തിൽ നന്നായി മസാജ് ചെയ്യുക. ഇത് ആ ഭാഗത്തെ രക്തയോട്ടം കൂടാൻ സഹായിക്കും. രാത്രി കിടന്നുറങ്ങിയ ശേഷം രാവിലെ ചെറുചൂടുവെള്ളത്തിൽ മുഖം കഴുകുക. 3 മാസത്തോളം ഇത് തുടർന്നുപോരുക. നല്ല പുരികം ഉണ്ടാകും.
ഒലിവ് ഓയിൽ
വെളിച്ചെണ്ണ പോലെ തന്നെ ഒലിവ് ഓയിലും പുരികത്തിന് കട്ടിയുണ്ടാകാനായി ഉപയോഗിക്കാവുന്നതാണ്. ഒലിക് എന്ന ഫാറ്റി ആസിഡാണ് ഒലിവ് ഓയിലിൽ അടങ്ങിയിരിക്കുന്നത്. പുരികത്തിന്റെ വേരുകൾക്ക് ബലമേകാനും, മോയ്സ്ചർ നിലനിർത്താനും ഒലിവ് ഓയിൽ സഹായിക്കുന്നു. കുറച്ച് ഒലിവ് ഓയിൽ എടുത്ത് പുരികത്തിൽ നന്നായി മസാജ് ചെയ്യുക. പിറ്റേന്ന് രാവിലെയോ, 30 മിനിറ്റിന് ശേഷമോ കഴുകി കളയാവുന്നതാണ്. എല്ലാ ദിവസവും ചെയ്യുന്നത് പെട്ടെന്ന് പുരികം വളരാൻ സഹായിക്കും.
സവാള നീര്
സവാള, ഉള്ളി എന്നിവ ഭക്ഷണത്തിൽ പ്രധാനപ്പെട്ടതു പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിലും മുഖ്യ ഘടകമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിയോക്സിഡന്റുകൾ ഫ്ളവനോയിഡ് എന്നിവ പുരികത്തിന്റെ വളർച്ച മെച്ചപ്പെടാൻ സഹായിക്കുന്നു. കഷണ്ടിയുള്ളവർക്ക് വരെ മുടി കിളിർക്കാൻ ഉള്ളി നീര് സഹായിക്കും. സവാളയോ ഉള്ളിയോ നന്നായി ചതച്ച് അതിന്റെ നീര് എടുത്ത ശേഷം, പുരികത്തിൽ അവ നന്നായി പുരട്ടി മസാജ് ചെയ്യുക. നീര് ഉണങ്ങിയതിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. മാസത്തിൽ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് പുരികം വളരാൻ സഹായിക്കും.
മുട്ടയുടെ മഞ്ഞ
മുട്ടയുടെ വെള്ളയാണ് പലപ്പോഴും മുടിയുടെ സംരക്ഷണത്തിനായി തിരഞ്ഞെടുക്കുന്നത്. എന്നാൽ മുട്ടയുടെ മഞ്ഞയിൽ പ്രോട്ടീനേക്കാളുപരി വിറ്റമിൻ ഡിയാണ് കൂടുതലുള്ളത്. മുടിയുടെ സംരക്ഷണത്തിന് വിറ്റമിൻ ഡിയും അത്യാവശ്യമാണ്. മുട്ടയുടെ മഞ്ഞക്കരു മാത്രം എടുത്തതിന് ശേഷം, ക്രീം പരുവത്തിലാകും വരെ നന്നായി ഇളക്കുക. ഒരു കോട്ടൺ തുണി ഉപയോഗിച്ച് ഈ മിശ്രിതം പുരികത്തിൽ പുരട്ടുക. 15-20 മിനിറ്റിന് ശേഷം കഴുകി കളയുക. ആവ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യുക.
പാൽ
പ്രോട്ടീൻ സമ്പുഷ്ടമായ പാൽ ചർമ്മത്തിന്റെ വിവിധ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ്. മുടിയുടെ വളർച്ചയ്ക്കും സംരക്ഷണത്തിനും പാൽ ഉത്തമമാണ്. വ്യത്തിയുള്ള പാത്രത്തിൽ കുറച്ച് പാൽ എടുക്കുക. കോട്ടൺ തുണി അതിൽ മുക്കി പുരികങ്ങളിൽ പുരട്ടുക. പാൽ ഉണങ്ങിയതിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകുക. ഇടയ്ക്കിടെ ഇങ്ങനെ ചെയ്യുന്നത് പുരികം കട്ടിയായി വളരാൻ സഹായിക്കും.