മനുഷ്യജീവന് അത്യന്താപേക്ഷിതമായ ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശരീരത്തിന് കഴിയാതെവരുന്ന അവസ്ഥയാണ് ടൈപ്പ് വണ്‍ പ്രമേഹം. ഭക്ഷണം ദഹിക്കുമ്പോള്‍ രക്തത്തില്‍ പഞ്ചസാരയുണ്ടാകുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോശങ്ങളിലേക്ക് പഞ്ചസാര (ഗ്ലൂക്കോസ്) എത്തിക്കുന്നതില്‍ ഇന്‍സുലിന്റെ പങ്ക് വളരെ വലുതാണ്. പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന കോശങ്ങള്‍ നശിപ്പിക്കപ്പെടുമ്പോള്‍ ഇന്‍സുലിന്‍ ഉല്‍പാദനം കുറയുകയും രക്തപ്രവാഹത്തിലുള്ള ഗ്ലൂക്കോസിന്റെ അളവ് വളരെയധികം വര്‍ധിക്കുകയും ചെയ്യുന്നു. ഇത് ജീവന്‍ നഷ്ടപ്പെടാന്‍ വരെ സാധ്യതയുള്ള പ്രശ്‌നമാണ്. ഇന്‍സുലിന്‍ കൃത്രിമമായി നല്‍കുകയാണ് ഇതിനുള്ള ചികില്‍സ. കുട്ടികളില്‍ ടൈപ്പ് വണ്‍ പ്രമേഹം ബാധിക്കുന്നത് അതീവശ്രദ്ധ ആവശ്യമുള്ള അവസ്ഥയാണ്.
ലക്ഷണങ്ങള്‍
അമിതമായ ദാഹവും എപ്പോഴും മൂത്രമൊഴിക്കുന്നതും ടൈപ്പ് വണ്‍ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്. കുട്ടികളുടെ രക്തത്തില്‍ അവശേഷിക്കുന്ന അധിക പഞ്ചസാര കലകളില്‍ നിന്ന് ദ്രാവകാംശം വലിച്ചെടുക്കുന്നതിന്റെ ഫലമായാണ് കൂടുതലായി ദാഹിക്കുകയും പതിവിലും കൂടുതല്‍ വെള്ളം കുടിക്കുകയും മൂത്രമൊഴിക്കുകയും ചെയ്യുന്നത്. ടോയ്ലറ്റില്‍ പോയി മൂത്രമൊഴിക്കാന്‍ ശീലിച്ച കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിക്കാന്‍ ആരംഭിക്കുന്നത് മറ്റൊരു ലക്ഷണമാണ്.
കഠിനമായ വിശപ്പ് മറ്റൊരു ലക്ഷണമാണ്. കോശങ്ങളിലേക്ക് പഞ്ചസാര എത്തിക്കാന്‍ ആവശ്യമായ ഇന്‍സുലിന്‍ ശരീരത്തില്‍ ഇല്ലാത്തതിനാല്‍ പേശികളിലും അവയവങ്ങളിലും ആവശ്യത്തിന് ഊര്‍ജ്ജം എത്തുകയില്ല. ഇത് തീവ്രമായ വിശപ്പിനു കാരണമാകുന്നു.
വിശപ്പ് കൂടുതലായതിനാല്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും ഭാരം പെട്ടെന്ന് കുറഞ്ഞേക്കാം. ഊര്‍ജ്ജോല്‍പാദനത്തിന് വേണ്ടത്ര പഞ്ചസാര ലഭിക്കാത്തതിനാല്‍ ശേഖരിച്ചു വെച്ചിരിക്കുന്ന കൊഴുപ്പ് പേശികള്‍ ഉപയോഗിക്കുന്നതിനാലാണിത്. ടൈപ്പ് വണ്‍ പ്രമേഹത്തിന്റെ പ്രകടമായ ആദ്യ സൂചന പെട്ടെന്നുള്ള ഭാരം കുറയലാണ്. കോശങ്ങളിലെ പഞ്ചസാരയുടെ കുറവ് കുട്ടികളെ ഉദാസീനരും ക്ഷീണമുള്ളവരുമാക്കും. കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും അവരുടെ പെരുമാറ്റത്തില്‍ വ്യത്യാസങ്ങളുണ്ടാകുകയും ചെയ്യും. മാനസിക പ്രശ്‌നങ്ങള്‍ക്ക് പുറമേ കുട്ടിയുടെ സ്‌കൂളിലെ പ്രകടനത്തിലും പ്രശ്‌നങ്ങളുണ്ടാകാം.
കുട്ടിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ ഉയര്‍ന്നതാണെങ്കില്‍ കണ്ണിന്റെ ലെന്‍സുകളില്‍ നിന്ന് അത് ദ്രാവകം വലിച്ചെടുത്തേക്കാം. അതിനാല്‍ കുട്ടിക്ക് വ്യക്തമായ കാഴ്ചയുണ്ടാവില്ല. ടൈപ്പ് വണ്‍ പ്രമേഹമുള്ള പെണ്‍കുട്ടികളുടെ ജനനേന്ദ്രിയത്തില്‍ യീസ്റ്റ് അണുബാധകള്‍ ഉണ്ടാകാം. ശിശുക്കള്‍ക്ക് യീസ്റ്റ് മൂലം ഡയപ്പര്‍ റാഷസ് വരാനും സാധ്യതയുണ്ട്.
ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയുംവേഗം കുട്ടികളെ ഡോക്ടറുടെ അടുത്ത് എത്തിക്കുക.
കാരണങ്ങള്‍
കുട്ടികളിലെ ടൈപ്പ് വണ്‍ പ്രമേഹ കാരണങ്ങള്‍ ഇവയാകാം.
- ടൈപ്പ് വണ്‍ പ്രമേഹമുള്ള മാതാപിതാക്കളോ സഹോദരങ്ങളോ ഉള്ളവര്‍ക്ക് ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
- ചില ജീനുകളുടെ സാന്നിധ്യം ടൈപ്പ് വണ്‍ പ്രമേഹം വികസിപ്പിക്കുന്നതിനു കൂടുതല്‍ കാരണമാകുന്നു.
- ചില പ്രത്യേക വംശക്കാരില്‍ ജീവിതരീതികളുടെ പ്രത്യേകതകള്‍ മൂലം ടൈപ്പ് വണ്‍ പ്രമേഹം കണ്ടുവരുന്നുണ്ട്.
- മുലപ്പാലിനു പകരം പശുവിന്റെ പാല്‍ നേരത്തേ കുടിച്ചു തുടങ്ങുന്നത് ടൈപ്പ് വണ്‍ പ്രമേഹ സാധ്യത കൂട്ടുന്നു. കുഞ്ഞുങ്ങള്‍ക്ക് നേരത്തെതന്നെ ധാന്യങ്ങള്‍ നല്‍കിത്തുടങ്ങുന്നതും ടൈപ്പ് വണ്‍ പ്രമേഹത്തിന് കാരണമായേക്കാം.
അനന്തര ഫലങ്ങള്‍
നെഞ്ചുവേദനയോടുകൂടിയ ഹൃദയധമനികളിലെ തകരാര്‍, ഹൃദയാഘാതം, പക്ഷാഘാതം, ധമനികളുടെ ചുരുങ്ങല്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയ്ക്ക് പ്രമേഹം കാരണമായേക്കാം. കുട്ടിയുടെ ഞരമ്പുകള്‍, പ്രത്യേകിച്ച് കാലുകളിലെ ചെറിയ രക്തക്കുഴലുകളെ രക്തത്തിലെ അധിക ഗ്ലൂക്കോസ് ബാധിച്ചേക്കാം. ഇത് തരിപ്പ്, മരവിപ്പ്, പുകച്ചില്‍, വേദന എന്നിവയ്ക്ക് കാരണമാകും. സാധാരണയായി നാഡിയ്ക്ക് വളരെക്കാലം കൊണ്ട് മാത്രമാണ് തകരാറുകള്‍ സംഭവിക്കുന്നത്. രക്തത്തില്‍ നിന്നു മാലിന്യങ്ങള്‍ ഫില്‍റ്റര്‍ ചെയ്യുന്ന അനേകം ചെറിയ രക്തക്കുഴലുകളെ പ്രമേഹം തകരാറിലാക്കുന്നു. പ്രമേഹം റെറ്റിനയിലെ രക്തക്കുഴലുകളെ ദോഷകരമായി ബാധിക്കുന്നതിനാല്‍ ഇത് കാഴ്ചശക്തി കുറയാനും അന്ധതയ്ക്കും കാരണമാകും. പ്രമേഹമുള്ള കുഞ്ഞുങ്ങള്‍ക്ക് ബാക്ടീരിയ, ഫംഗസ് എന്നിവ മൂലമുള്ള അണുബാധ, ചൊറിച്ചില്‍ എന്നിവ വരാനുള്ള സാധ്യതയും കൂടുതലാണ്.
പ്രതിരോധ മാര്‍ഗങ്ങള്‍
ടൈപ്പ് വണ്‍ പ്രമേഹം പൂര്‍ണ്ണമായി ചികിത്സിച്ചുമാറ്റാന്‍ കഴിയില്ല. ടൈപ്പ് വണ്‍ പ്രമേഹം വരാന്‍ ഉയര്‍ന്ന സാധ്യതയുള്ള കുട്ടികള്‍ക്ക് ആന്റിബോഡികള്‍ നല്‍കാറുണ്ട്. എന്നാല്‍ അവ പ്രമേഹത്തെ തടയുമെന്ന് ഉറപ്പില്ല. കുട്ടികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരമാവധി നിയന്ത്രിച്ചുനിര്‍ത്തുകയും ആരോഗ്യകരമായ ഭക്ഷണശീലം തുടരാനും വ്യായാമം ചെയ്യാനും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യാനുള്ളത്. കൃത്യമായ ഇടവേളകളില്‍ രക്തപരിശോധന നടത്തുകയും ഡോക്ടറെ സന്ദര്‍ശിക്കുകയും ചെയ്യുക. രോഗം നിര്‍ണ്ണയിക്കുന്ന സമയത്തും ക്രമമായ ഇടവേളകളിലും കണ്ണ് പരിശോധനയും നടത്തണം.