spot_img

എങ്ങിനെ നേടും സന്തോഷവും സമാധാനവും

ജീവിതത്തില്‍ എന്താണ് ലക്ഷ്യമെന്നു ചോദിച്ചാല്‍ പലരും പറയുന്ന മറുപടി ആരോഗ്യമുള്ള, സന്തോഷവും സമാധാനവുമുള്ള ജീവിതം സ്വന്തമാക്കുക എന്നതാണ്. എന്നാല്‍ എന്താണ് ഈ സന്തോഷമെന്നോ, എങ്ങനെ സമാധാനം ലഭിക്കുമെന്നോ പലര്‍ക്കുമറിയില്ല.

ശരിക്കും എന്താണ് ജീവിതത്തെ സന്തോഷവും സമാധാനവുമുള്ളതാക്കുന്ന ആ ഘടകം ? എല്ലാവരും ആ ഘടകത്തിനു പിന്നാലെയാണ് പായുന്നത്. പക്ഷേ പലരും ലക്ഷ്യത്തിലെത്തുന്നില്ല.

ഇതേക്കുറിച്ച് നടന്ന ഏറ്റവും വലിയ പഠനം ഹാര്‍വാര്‍ഡ് സ്റ്റഡി ഓഫ് അഡള്‍ട്ട് ഡെവലപ്പ്മെന്റ് ആണ്. ലോകത്ത്‌ നടന്ന ഏറ്റവും ദീര്‍ഘമേറിയ പഠനങ്ങളിലൊന്നാണിത്. 80 വര്‍ഷക്കാലമാണ് ഈ പഠനം നടത്തിയത്. 286 പേരാണ് ഈ പഠനത്തിന്റെ ഭാഗമായത്. ചെറുപ്പകാലം മുതല്‍ ജീവിതത്തിന്റെ നിര്‍ണ്ണായകമായ സന്ദര്‍ഭങ്ങളിലൂടെയെല്ലാം കടന്നുപോയി 80 വയസ് പൂര്‍ത്തിയാകുന്നതു വരെ ഇവര്‍ പഠനത്തിന്റെ ഭാഗമായി. 286 പേരില്‍ തുടങ്ങിയ പഠനം അവസാനിക്കുമ്പോള്‍ 19 പേര്‍ മാത്രമാണ് അവശേഷിച്ചത്. ബാക്കിയുള്ളവര്‍ മരണപ്പെട്ടു.

ഈ 286 പേരുടെയും ജീവിതത്തിലെ സന്തോഷങ്ങള്‍, സങ്കടങ്ങള്‍, വെല്ലുവിളികള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും പഠനവിധേയമാക്കിയതില്‍ നിന്ന് കണ്ടെത്തിയ കാര്യം എന്താണെന്നു ചോദിച്ചാല്‍ മനുഷ്യനെ ആരോഗ്യത്തോടെ ജീവിക്കാന്‍ സഹായിക്കുന്നത് അവരുടെ ബന്ധങ്ങളാണെന്നാണ്. നല്ല ബന്ധങ്ങളുള്ള ആളുകള്‍ക്ക് നല്ല ആരോഗ്യമുണ്ടാകുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ നിര്‍ണ്ണായക ഘടകമാണ് ബന്ധങ്ങള്‍. ഒരാള്‍ക്ക് നല്ല ബന്ധങ്ങളുണ്ടാക്കാന്‍ കഴിഞ്ഞാല്‍ അയാള്‍ക്ക് മികച്ച ശാരീരിക-മാനസിക ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ കഴിയും. 50 വയസ്സുള്ള ഒരാള്‍ക്ക് അയാളുടെ പങ്കാളിയില്‍ നിന്ന് ഊഷ്മളമായ ബന്ധവും സ്നേഹവും ലഭിക്കുകയാണെങ്കില്‍ 80 ാമത്തെ വയസ്സിലും മനസ്സ് തളരാതെ, ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ സന്തോഷവും സമാധാനവും കാണാന്‍ കഴിയും എന്നാണ് ഈ പഠനം പറയുന്നത്.

കുടുംബവുമായുള്ള ബന്ധം, സുഹൃദ് ബന്ധം, സാമൂഹിക ബന്ധം എന്നിങ്ങനെ മൂന്നു തലത്തിലുള്ള ബന്ധത്തെക്കുറിച്ചാണ് പഠനത്തില്‍ പറയുന്നത്. തുടക്കത്തില്‍ കുടുംബത്തിലുണ്ടാകുന്ന ബന്ധങ്ങള്‍, കുടുംബത്തിലെ മറ്റുള്ളവരില്‍ നിന്ന് ലഭിക്കുന്ന സ്നേഹവും പരിഗണനയുമെല്ലാം അയാളുടെ പിന്നീടുള്ള ബന്ധങ്ങളെയും ബന്ധങ്ങളുണ്ടാക്കാനുള്ള കഴിവിനെയും സ്വാധീനിക്കുന്നു. ഉദാഹരണത്തിന്, ചെറുപ്പത്തില്‍ മാതാപിതാക്കളില്‍ നിന്ന് വളരെ നല്ല സ്നേഹവും സംരക്ഷണവും കിട്ടിയ ഒരാള്‍ക്ക് പിന്നീട് വലുതായി ജീവിതത്തില്‍ ഒരു പങ്കാളിയൊക്കെ ഉണ്ടാകുന്ന സ്റ്റേജില്‍ അവരോട് നല്ല ബന്ധം പുലര്‍ത്താന്‍ കഴിയുന്നു. വ്യക്തികളുടെ ബുദ്ധിശക്തിയെ വരെ ബന്ധങ്ങള്‍ സ്വാധീനിക്കുന്നുവെന്നും ഈ പഠനം പറയുന്നു.

വ്യക്തിബന്ധങ്ങള്‍ക്കും കുടുംബ ബന്ധങ്ങള്‍ക്കുമൊപ്പം പ്രധാനപ്പെട്ടതാണ് സുഹൃദ് ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും. ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും സുഹൃത്തുക്കളോട് തുറന്നു പറയാന്‍ കഴിയുന്നത് ആരോഗ്യകരം മാത്രമല്ല, വലിയ ഭാഗ്യവുമാണ്. ഏറ്റവും കൂടുതല്‍ സാമൂഹിക ബന്ധങ്ങളുള്ളവര്‍ക്ക് മാനസികവും ശാരീരികവുമായ ആരോഗ്യമുണ്ടാകുമെന്ന് ഈ പഠനത്തില്‍ കണ്ടെത്തിയിരുന്നു. കൂടുതല്‍ ആളുകളുമായി സംസാരിക്കുകയും ഇടപെടുകയും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് ഒരാളുടെ ആരോഗ്യത്തെ പോസിറ്റീവായി സ്വാധീനിക്കുന്നു. അതുകൊണ്ടു തന്നെയാണ് ലോകാരോഗ്യ സംഘടന ആരോഗ്യത്തെ ‘ ശാരീരികവും മാനസികവും സാമൂഹികവുമായ സ്വാസ്ഥ്യം’ എന്നു നിര്‍വചിച്ചത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.