ചുറ്റും സന്തോഷം പരത്താനുള്ള പ്രത്യേക കഴിവ് നമ്മുടെ ചിരികള്‍ക്കുണ്ട്. എന്നാല്‍ ഒരു പല്ല് നഷ്ടപ്പെട്ടതുകൊണ്ട് മാത്രം ചിരിക്കാന്‍ മടിക്കുന്ന എത്രയോ ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. സ്ഥിരമായ പല്ലുകളില്‍ ഏതെങ്കിലും ഒന്ന് നഷ്ടപ്പെട്ടാല്‍ വെപ്പ് പല്ലുകള്‍ വെക്കേണ്ടതായി വരാറുണ്ട്. ചിരിക്കാനും ഭക്ഷണം കഴിക്കാനും മാത്രമല്ല ശരിയായ സംസാരത്തിനും തൊട്ടടുത്തുള്ള പല്ലുകളെ യഥാസ്ഥാനത്ത് നിലനിര്‍ത്തുന്നതിനും മോണയുടെ ആരോഗ്യത്തിനും ഇത് അനിവാര്യമാണ്. ഊരി വെക്കാവുന്ന പല്ലുകളെക്കാള്‍ സ്ഥിരമായി ഉറപ്പിച്ച് നിര്‍ത്താവുന്ന പല്ലുകളാണ് പലരും തിരഞ്ഞെടുക്കാറുള്ളത്. തൊട്ടടുത്തുള്ള ആരോഗ്യമുള്ള പല്ലുകളെ രാകിയ ശേഷം ഉറപ്പിച്ചു നിര്‍ത്തുന്ന ഇത്തരം പല്ലുകളെയാണ് ഡെന്റല്‍ ബ്രിഡ്ജസ് എന്ന് പറയുന്നത്. എന്നാല്‍ തൊട്ടടുത്തുള്ള പല്ലുകള്‍ രാകാതെ നഷ്ടപ്പെട്ട പല്ലുകള്‍ മാത്രം അവിടെ ഉറപ്പിക്കുന്നതിനെയാണ് ഡെന്റല്‍ ഇംപ്ലാന്റ്സ് എന്ന് പറയുന്നത്. ഏത് പല്ലാണോ നഷ്ടപ്പെട്ടത് ആ ഭാഗത്ത് ഉള്ള അസ്ഥിയിലേക്ക് ടൈറ്റാനിയം അല്ലെങ്കില്‍ സെറാമിക് സ്‌ക്രൂകള്‍ വെച്ച് പിടിപ്പിക്കുകയും അതിന് മുകളില്‍ പല്ലിന്റെ ആക്യതിയിലുള്ള ക്രൗണുകള്‍ നല്‍കിയുമാണ് ഡെന്റല്‍ ഇംപ്ലാന്റ്സ് ചെയ്യുന്നത്.
ഒരു പല്ല് നഷ്ടപ്പെട്ടവര്‍ മുതല്‍ ഒരു പല്ല് പോലും ഇല്ലാത്തവര്‍ക്ക് പോലും ഇത്തരത്തില്‍ പല്ലുകള്‍ വെച്ച് പിടിപ്പിക്കാവുന്നതാണ്. ഡെന്റല്‍ ബ്രിഡ്ജസുമായി താരതമ്യം ചെയ്യുമ്പോള്‍ ഡെന്റല്‍ ഇംപ്ലാന്റുകള്‍ക്ക് മേന്‍മകള്‍ ഏറെയാണ്. തൊട്ടടുത്തുള്ള ആരോഗ്യമുള്ള പല്ലുകളെ ഡെന്റല്‍ ഇംപ്ലാന്റിനായി രാകേണ്ടി വരുന്നില്ല. എവിടെയാണോ ഇംപ്ലാന്റുകള്‍ വെക്കുന്നത് അതിന് ചുറ്റുമുള്ള മോണയും ഭാഗവും ഇതുവഴി സംരക്ഷിക്കാന്‍ സാധിക്കുന്നു. രോഗിയുടെ പൊതുവായ ആരോഗ്യസ്ഥിതി, പല്ലുവെക്കുന്ന ഭാഗത്തെ എല്ലിന്റെയും മോണയുടെയും ഘടന ഇതെല്ലാം അടിസ്ഥാനമാക്കിയാണ് ഇംപ്ലാന്റ് സര്‍ജറികള്‍ നിര്‍ദേശിക്കുന്നത്. സാധാരണ ഗതിയില്‍ ഒരു പല്ല് എടുക്കുന്ന സര്‍ജറിയോട് ഉപമിക്കാവുന്നതാണ് ഇംപ്ലാന്റ് സര്‍ജറി. ചില ഘട്ടങ്ങളില്‍ വിശാലമായ രീതികളിലേക്ക് പോകേണ്ടി വരും. എന്നിരുന്നാലും എവിടെയാണോ പല്ല് വെച്ച് പിടിക്കുന്നത് ആ ഭാഗത്തെ എല്ലുകളുടെ ബലം, മോണയുടെ ആരോഗ്യം, രക്തക്കുഴലുകളെ കുറിച്ചുള്ള ധാരണ എന്നിവയെല്ലാം ഡോക്ടര്‍ക്ക് ഉണ്ടായിരിക്കണം. ഇതിനായി പലപ്പോഴും CBCT പോലുള്ള സ്‌കാനുകള്‍ വേണ്ടി വരുന്നു.
ഇത്തരം പരിശോധനകള്‍ക്ക് ശേഷമാണ് ഇംപ്ലാന്റ് സര്‍ജറി പ്ലാന്‍ ചെയ്യുന്നത്. സര്‍ജറി ചെയ്യുന്ന ഭാഗം മരവിപ്പിച്ചതിന് ശേഷം അവിടെ ചെറിയ ഒരു മുറിവ് ഉണ്ടാക്കി അതുവഴി ഇംപ്ലാന്റിനെ അസ്ഥിയില്‍ ഉറപ്പിച്ചു നിര്‍ത്തുകയാണ് ചെയ്യുന്നത്. സ്റ്റിച്ച് ചെയ്തതിന് ശേഷം രോഗിക്ക് വീട്ടിലേക്ക് പോകാം. പിന്നീട് കുറച്ച് മാസങ്ങള്‍ക്ക് ശേഷം രോഗിയുടെ മോണയുടെ ആ ഭാഗം വീണ്ടും മുറിപ്പെടുത്തി അവിടെ ഹീലിങ് അബട്മെന്റ് ഉറപ്പിക്കുന്നു. ഇത് മോണയുടെ സ്വാഭാവിക ആക്യതി തിരിച്ചു കിട്ടാന്‍ സഹായിക്കുന്നു. അടുത്ത ഘട്ടത്തില്‍ അബട്മെന്റ് എന്ന സ്‌ക്രൂ വെച്ചതിന് ശേഷം അതിന് മുകളില്‍ ഡെന്റല്‍ ക്രൗണ്‍ കൊടുക്കുന്നു. ഇതോടെ സര്‍ജറി പൂര്‍ണമാകുകയും നഷ്ടപ്പെട്ടതിന് പകരം പുതിയ പല്ലുകള്‍ രോഗിക്ക് ലഭിക്കുകയും ചെയ്യുന്നു.
എന്നാല്‍ ചില ഘട്ടങ്ങളില്‍ ഇംപ്ലാന്റ് വെക്കുന്നതിന് മുന്‍പ് എല്ലിന്റെ ഘടന മാറ്റാന്‍ മറ്റൊരു സര്‍ജറിയോ ബോണ്‍ ഗ്രാഫ്റ്റ് മെറ്റീരിയലുകളോ ആവശ്യമായി വരാറുണ്ട്. അതേ പോലെ ചില രോഗികളില്‍ പല്ലെടുക്കുന്ന അതേ ദിവസം തന്നെ ഇംപ്ലാന്റ് നല്‍കാനും ഇംപ്ലാന്റ് നല്‍കുന്ന അതേ ദിവസം തന്നെ ലോഡ് ചെയ്ത് ക്രൗണ്‍ വെക്കാനും സാധിക്കും. ഇതെല്ലാം എല്ലിന്റെ ഘടനയ്ക്ക് അനുസരിച്ചും മറ്റ് പല കാര്യങ്ങള്‍ അപഗ്രഥിച്ചുമാണ് തീരുമാനം എടുക്കുന്നത്. ഇത്തരത്തില്‍ വിജയകരമായി സ്ഥാപിച്ച ഡെന്റല്‍ ഇംപ്ലാന്റുകള്‍ ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ അസ്ഥിയുമായി യോജിക്കുകയും ഓസിയോഇന്റെഗ്രേഷന്‍ നടക്കുകയും വളരെ ഉറപ്പുള്ളതാകുകയും ചെയ്യും. അതിനാല്‍ നഷ്ടപ്പെട്ട പല്ലിന് പകരമായി ഉറപ്പുള്ള പല്ലുകളാവും രോഗികള്‍ക്ക് ലഭിക്കുക. ഒരിക്കല്‍ ഓസിയോഇന്റെഗ്രേഷന്‍ നടന്നു കഴിഞ്ഞാല്‍ ശക്തമായ ഉറപ്പ് മുകളിലുള്ള പല്ലുകള്‍ക്ക് ലഭിക്കുന്നു. നഷ്ടപ്പെട്ട മുഖഭംഗിയും സംസാര ശീലവുമെല്ലാം ഇതിലൂടെ തിരിച്ചു പിടിക്കാന്‍ സാധിക്കും. മുന്‍കാലങ്ങളെ അപേക്ഷിച്ച് നമ്മുടെ നാട്ടില്‍ ഡെന്റല്‍ ഇംപ്ലാന്റുകള്‍ സര്‍വ സാധാരണമായി കൊണ്ടിരിക്കുകയാണ്. ഡെന്റല്‍ രംഗത്ത് ഉണ്ടായിട്ടുള്ള സാങ്കേതിക വളര്‍ച്ച ഇംപ്ലാന്റ് സര്‍ജറികള്‍ കൂടുതല്‍ ക്യത്യതയോടെ ചെയ്യാന്‍ സഹായിക്കുന്നു.