spot_img

വാക്‌സിനുകള്‍ മുടക്കരുത്; തലമുറകള്‍ക്ക് തന്നെ ഗുണപ്രദവും സുരക്ഷയുമാണത്

ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതാണ് പകര്‍ച്ചാ വ്യാധികള്‍. രോഗാണുക്കളാണ് ഇതിന് കാരണമാകുന്നത്. ഈ രോഗാണുക്കള്‍ പ്രധാനമായും വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിങ്ങനെയാണ്. ചിക്കന്‍ പോക്സ് മുതലായ അസുഖങ്ങള്‍ ഉണ്ടാക്കുന്നതാണ് വൈറസ്. എലിപ്പനി മുതലായ അസുഖങ്ങളാണ് ബാക്ടീരിയ പരത്തുന്നത്. ഇവ രോഗവാഹകരില്‍ നിന്ന് വായിലൂടെയോ മൂക്കിലൂടെയോ മലത്തിലൂടെയോ തൊലിയിലൂടെയോ ലൈംഗിക ബന്ധത്തിലൂടെയോ ആണ് മറ്റൊരാളിലേക്ക് പകരുന്നത്. രോഗാണുക്കള്‍ വായുവിലൂടെയും ജലത്തിലൂടെയും മുറിവുകളിലൂടെയും പ്രാണികളിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കാം.

രോഗാണുക്കള്‍ പിടിപെടുന്ന എല്ലാവര്‍ക്കും അസുഖം ഉണ്ടാകുന്നില്ല. രോഗപ്രതിരോധ ശേഷി കുറഞ്ഞ ചിലരില്‍ മാത്രമേ അവ രോഗങ്ങള്‍ ഉണ്ടാക്കുന്നുള്ളു. രോഗപ്രതിരോധം പ്രധാനമായും രണ്ടുതരത്തിലുണ്ട്. ഒന്ന് സ്വാഭാവികമായി ശരീരത്തിലുള്ളതും മറ്റേത് കൃത്രിമമായി സൃഷ്ടിക്കുന്നതും. രോഗാണു ശരീരത്തിലെത്തിയാല്‍ തന്നെ ചിലര്‍ക്ക് പ്രതിരോധം ലഭിക്കും. ചിലരില്‍ രോഗ ലക്ഷണങ്ങള്‍ ഉണ്ടാകുമ്പോഴാണ്‌ പ്രതിരോധമുണ്ടാവുക. ചില രോഗങ്ങള്‍ ഒന്നോ രണ്ടോ ആഴ്ചകള്‍ നീണ്ടു നില്‍ക്കും. മറ്റു ചിലത് അതിലും കൂടുതല്‍ കാലം നീണ്ടേക്കും. ചിക്കന്‍പോക്സ് മുതലായവ ഇത്തരത്തില്‍ കുറേനാള്‍ നീണ്ടു നില്‍ക്കുന്നവയാണ്.

നമ്മുടെ ശരീരത്തിലെ ചില കോശങ്ങളാണ് പ്രതിരോധമുണ്ടാക്കുന്നത്. ഇതാണ് സ്വാഭാവികമായി നമുക്കു കിട്ടുന്ന പ്രതിരോധം. ഇതല്ലാതെ നമ്മള്‍ ഗര്‍ഭാവസ്ഥയില്‍ ആയിരിക്കുമ്പോള്‍ അമ്മയില്‍ നിന്ന് നമുക്ക് ഒരു പ്രതിരോധം കിട്ടും. ജനിച്ച് കഴിഞ്ഞ് ആറു മാസത്തോളം രോഗങ്ങളില്‍ നിന്ന് ഇത് നമ്മെ സംരക്ഷിക്കും. ഇത്തരത്തിലുള്ള പ്രതിരോധം ഒന്നും ലഭിക്കാതെ വന്നാല്‍ രോഗങ്ങള്‍ പിടിപെടാനും അവ മാരകമാകാനും സാധ്യതയുണ്ട്‌,ചിലര്‍ക്ക്‌ മരണം തന്നെ സംഭവിക്കുന്നു, അല്ലെങ്കില്‍ അംഗവൈകല്യം സംഭവിക്കുന്നു, രോഗം നിരവധി ആളുകളിലേക്ക് പകരുന്നു, അതിനാല്‍ രോഗങ്ങള്‍ക്കനുസരിച്ച് വാക്സിന്‍ നല്‍കേണ്ടതായിട്ടുണ്ട്. ഉദാഹരത്തിന് ടിടി എന്ന ഇഞ്ചക്ഷന്‍. ഇത് പ്രതിരോധത്തിനായുള്ള ഒരു മാര്‍ഗമാണ്.

ഓരോ രോഗവും പകരുന്ന രീതി വ്യത്യസ്തമായിരിക്കും. അടിസ്ഥാന പുനരുല്‍പത്തി സംഖ്യയെ അടിസ്ഥാനപ്പെടുത്തിയാണ് രോഗം പകരുന്നത്. ഒരു പുതിയ രോഗാണു മനുഷ്യശരീരത്തില്‍ കടന്നാല്‍ രോഗാണുക്കളുടെ ശക്തിയും മറ്റുമനുസരിച്ച് അത് പകരുന്ന രീതി മാറാം. ഇതിന്റെ അടിസ്ഥാന പുനരുല്‍പത്തി സംഖ്യ ഒന്നില്‍ കൂടുതലാണെങ്കില്‍ രോഗം മറ്റുള്ളവരിലേക്ക് പകരാം, ഒന്നില്‍ താഴെയാണെങ്കില്‍ മറ്റുള്ളവരിലേക്ക് പകരില്ല.ഒരാള്‍ക്ക് ഡിഫ്തീരിയ പിടിപെട്ടാല്‍ ഏഴ് ആളുകളിലേക്ക് വരെ പകരാം. അഞ്ചാംപനി പരമാവധി 20 പേരിലേക്കും. ഇതിനെ നിയന്ത്രിക്കാനാകില്ല. അപ്പോള്‍ അടിസ്ഥാന പുനരുല്‍പത്തി സംഖ്യ ഒന്നില്‍ കുറവിലേക്ക് കൊണ്ടു വരിക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതിനുള്ള പ്രധാന മാര്‍ഗം രോഗിയെ ഐസിയുവില്‍ പ്രവേശിപ്പിക്കുക, അല്ലെങ്കില്‍ പ്രതിരോധം നല്‍കുക എന്നതാണ്. അവിടെയാണ് വാക്സിന്‍ നല്‍കുന്നതിന്റെ പ്രാധാന്യം. അതിലൂടെ രോഗം പകരുന്നത് നിയന്ത്രിക്കാനാവും. ഒരു സമൂഹത്തില്‍ 95 ശതമാനം ആള്‍ക്കാര്‍ പകര്‍ച്ചാ വ്യാധിക്കെതിരെ പ്രതിരോധമുള്ളവരാണെങ്കില്‍ രോഗം പകരില്ല. ഇതിനെയാണ് സാമൂഹിക പ്രതിരോധം എന്നു പറയുന്നത്.ബാക്കിയുള്ള, പ്രതിരോധമില്ലാത്തവരുടെ എണ്ണം അഞ്ച് ശതമാനത്തില്‍ നിന്നും ഉയരുമ്പോഴാണ് പല രോഗങ്ങളും പൊട്ടിപ്പുറപ്പെടുന്നത്.

പ്രതിരോധത്തിനായുള്ള വാക്സിന്‍ തന്നെ പലതരമുണ്ട്. ലാബില്‍ രോഗാണുക്കളെ രോഗം ഉണ്ടാക്കാതെ രോഗ പ്രതിരോധം ഉണ്ടാക്കുന്ന രീതിയില്‍ നിര്‍വീര്യമാക്കി രൂപപ്പെടുത്തിയെടുക്കുന്നവയാണ്‌ വാക്സിനുകള്‍. പോളിയോ വാക്സിന്‍ ഇത്തരത്തിലൊന്നാണ്. ജീവനില്ലാത്ത രോഗാണു വാക്സിനുകളാണ് വില്ലന്‍ ചുമയ്ക്ക് നല്‍കാറുള്ളത്. ടോല്‍സോയിസിനെ നിര്‍വീര്യമാക്കിയാണ് ഡിഫ്തീരിയയ്ക്ക് വാക്സിന്‍ കൊടുക്കുന്നത്. ഇവ മൂന്ന് പ്രധാന വാക്സിനുകളാണ്. സമൂഹത്തില്‍ വളരെ നല്ല മാറ്റമാണ് ഇവ വരുത്തിയിരിക്കുന്നത്. മിക്ക വാക്സിനുകളും 70-90 ശതമാനം വരെ സുരക്ഷ നല്‍കുന്നവയാണ്. 2011 ലാണ് ഇന്ത്യയില്‍ അവസാനമായി പോളിയോ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വാക്സിന്‍ എടുക്കാത്തവര്‍ക്കാണ് ഡിഫ്തീരിയ മുതലായ രോഗങ്ങള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത്. വാക്സിനെടുത്തവര്‍ക്ക് ഡിഫ്തീരിയ വന്നാല്‍ തന്നെ ടോക്സിന്‍ ഇല്ലാത്ത ഡിഫ്തീരിയയാണ് പിടിപെടുക. ഇത് വേഗത്തില്‍ മാറുകയും ചെയ്യുന്നുണ്ട്.

വലിയ പകര്‍ച്ചാ വ്യാധികളുണ്ട്, കുറേ നാള്‍ ആശുപത്രിയില്‍ കിടക്കേണ്ടതായ രോഗങ്ങളുണ്ട്‌, കിടപ്പിലായി പോകുന്ന രോഗങ്ങളുണ്ട്‌, മരണമുണ്ടാക്കുന്ന രോഗങ്ങളുണ്ട്‌, വൈകല്യമുണ്ടാക്കുന്ന രോഗങ്ങളുണ്ട്‌. ഇവയ്ക്കെല്ലാം ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന വാക്സിനുകള്‍ എടുക്കുക. ഇത് നമുക്കും നമ്മുടെ കുടുംബത്തിനും മാത്രമല്ല സമൂഹത്തിനും വരും തലമുറയ്ക്കും ഗുണപ്രദമായ ഒന്നാണ്. നവജാത ശിശുക്കള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വാക്സിനുകള്‍ ലഭ്യമാക്കുന്നുണ്ട്. നിര്‍ബന്ധമായും കുട്ടികള്‍ക്ക് അത് കൊടുക്കുക. അതിന്റെ പ്രാധാന്യം സമൂഹത്തിന് മനസിലാക്കി കൊടുക്കാനാണ് വാക്സിന്‍ മാസമായി ഈ മാസം ആചരിക്കുന്നത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.