spot_img

യുവാക്കളിലാണ് കേരളത്തിന്റെ ഭാവി; എക്‌സൈസ് ഓഫീസര്‍ ഗണേഷ് സംസാരിക്കുന്നു

ഓഗസ്റ്റ് 12 ഇന്റര്‍നാഷണല്‍ യൂത്ത് ഡേയാണ്. ട്രാന്‍സ്‌ഫോമിങ് എജ്യുക്കേഷന്‍ എന്നതാണ് ഇത്തവണത്തെ തീം. നാം ആര്‍ജിച്ചെടുത്ത വിദ്യാഭ്യാസം ഒരു രാജ്യത്തിന്റെ ഉന്നമനത്തിനായി എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തില്‍ യുവാക്കള്‍ ഇറങ്ങി പ്രവര്‍ത്തിച്ചതും സോഷ്യല്‍ മീഡിയ കണ്‍ട്രോള്‍ റൂം ആക്കിയതുമെല്ലാം നാം കണ്ടതാണ്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ബഹു. കേരളാ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ച വ്യക്തിയാണ് ഗണേഷ്. വിമുക്തി മിഷന്റെ റിസോഴ്‌സ് പേഴ്‌സണ്‍ കൂടിയായ അദ്ദേഹം വേറിട്ട രീതിയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി യുവാക്കള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഗണേഷുമായി ഹെല്‍ത്തി ടിവി നടത്തിയ അഭിമുഖം.

യുവാക്കള്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. എക്‌സൈസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ യുവാക്കളുമായി അടുത്തിടപഴകുന്ന താങ്കള്‍ക്ക് യുവാക്കളെ പറ്റിയുള്ള കാഴ്ചപ്പാടെന്താണ്?

കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ ദുരന്തമായ മഹാപ്രളയസമയത്ത് പൊന്നാനിക്കടുത്ത് നരിപറമ്പിലായിരുന്നു എനിക്ക് ഡ്യൂട്ടി. അവിടെ വെള്ളം പൊങ്ങി, ഭാരതപുഴയ്ക്ക് ആ ഭാഗത്ത് ഒന്നര കിലോമീറ്ററോളം വീതിയുണ്ട്. പോലീസും എക്‌സൈസും നാട്ടുകാരും മത്സ്യത്തൊഴിലാളികളും രക്ഷാ പ്രവര്‍ത്തനം നടത്തുമ്പോള്‍, അവര്‍ക്കൊപ്പം നിന്ന് കുറേ യുവാക്കളാണ് കയ്യും മെയ്യും മറന്ന് ആ രക്ഷാപ്രവര്‍ത്തനത്തില്‍ ഞങ്ങളെ സഹായിച്ചത്. യുവാക്കളുടെ വിലയെന്താണെന്ന് സമൂഹം തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. യുവാക്കളെ കുറിച്ച് പല സങ്കല്‍പ്പങ്ങളുമുണ്ടായിരുന്നു. മുടി നീട്ടി വളര്‍ത്തിയും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ സ്‌റ്റൈല്‍ പരീക്ഷിക്കുന്ന യുവാക്കള്‍ ലഹരിക്ക് അടിമപ്പെട്ടവരാണെന്ന് ഒരു ധാരണയുണ്ടായിരുന്നു. എന്നാല്‍ ഇതേ പോലെ മുടിയും താടിയും നീട്ടി വളര്‍ത്തിയവര്‍ തന്നെയാണ് ജീവന്‍ കളഞ്ഞും അവിടെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. അതുവരെ ഉണ്ടായിരുന്ന ധാരണ മാറ്റിമറിക്കാന്‍ ആ സംഭവത്തിനായി. അന്നുമുതല്‍ യുവാക്കളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നി.

യുവാക്കള്‍ ആരോഗ്യ കാര്യങ്ങളില്‍ എത്രമാത്രം ശ്രദ്ധാലുക്കളാണ്? പ്രത്യേകിച്ചും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ താങ്കള്‍ പ്രവര്‍ത്തിക്കുമ്പോള്‍..?

ആരോഗ്യ കാര്യങ്ങളെ സംബന്ധിച്ച് എല്ലാവരും ബോധവാന്‍മാരാണ്. ലഹരിക്ക് അടിമപ്പെടുന്നത് ആരോഗ്യത്തിന് ദോഷമാണെന്ന് തിരിച്ചറിഞ്ഞും കുഴികളിലേക്ക് വീഴുന്നവര്‍ നിരവധിയാണ്. നേരത്തേ മധ്യവയസ്‌കരിലാണ് ലഹരി ഉപയോഗം കൂടുതല്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അത് കുട്ടികളിലേക്കും യുവാക്കളിലേക്കും പടര്‍ന്നിരിക്കുകയാണ്. മാനസികമായും ശാരീരികമായും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും എന്നറിഞ്ഞിട്ടും ലഹരി ഉപയോഗിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നതാണ്.

എന്തുകൊണ്ടാണ് യുവാക്കള്‍ ഇത്തരം ലഹരികള്‍ക്ക് അടിമകളാകുന്നത്. എന്തും അറിയാനും രുചിക്കാനുമുള്ള അവരുടെ ജിജ്ഞാസയാണോ കാരണം?

പ്രശസ്ത മനശ്ശാസ്ത്രജ്ഞനായ Dr. മധുജന്‍ സര്‍ ഞങ്ങള്‍ക്ക് ക്ലാസ്സെടുത്തപ്പോള്‍ ഞാന്‍ കേട്ടൊരു കാര്യമുണ്ട്. നമ്മളുടെ തലച്ചോറിലുള്ള ഡോപ്പമിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്ററാണ് നമ്മളെ എപ്പോഴും ആക്റ്റീവായി നിര്‍ത്തുന്നത്. പുതിയ തലമുറയില്‍ ഇതിന്റെ അളവ് വളരെ കൂടുതലാണ്. പഴയ തലമുറയെക്കാള്‍ ഏകദേശം അഞ്ഞൂറ് ക്യുബിക് സെന്റീമീറ്ററോളം വോള്യം കൂടുതലാണ് പുതിയ തലമുറയില്‍. അതിനനുസരിച്ച് യുവാക്കള്‍ ഹൈപ്പര്‍ ആക്ടീവാകും. ചിലപ്പോള്‍ ഹൈപ്പര്‍ ആക്ടീവ് ഡിസോഡറുമാകാം. ADHD എന്നും പറയാം. ഇതുള്ള ഒരു കുട്ടിക്ക് നല്ല കാര്യങ്ങളേക്കാള്‍ മോശം കാര്യങ്ങളിലേക്കാകും ശ്രദ്ധ പോകുക. ക്ലാസിലും സ്‌കൂളിലും മോശം കുട്ടി എന്ന് പേരുള്ളവരെ ക്യത്യമായി പരിചരിച്ചില്ലെങ്കില്‍ യുവത്വത്തിലേക്ക് കടക്കുമ്പോള്‍ ആന്റി സോഷ്യല്‍ പേഴ്‌സണാലിറ്റി ഡിസോഡര്‍ ആയി മാറും. ADHD എന്നറിയപ്പെടുന്നു. ഇവര്‍ സ്വാഭാവികമായും ലഹരിയിലേക്ക് വഴി തിരിയും. അച്ഛനമ്മമാരേക്കാള്‍ കൂട്ടുകാരുമായി സമയം ചെലവഴിക്കും. നല്ല കൂട്ടുകെട്ടല്ലെങ്കില്‍ അപകടങ്ങളിലേക്കാകും അവര്‍ ചെന്നെത്തുക.

കൂട്ടുകെട്ട് എത്രമാത്രം യുവാക്കളെ സ്വാധീനിക്കുന്നുണ്ട്?

നമുക്ക് ഇഷ്ടം തോന്നുന്ന ഒരു ശബ്ദമോ,മണമോ, രുചിയോ എന്തും നാം അനുഭവിക്കുമ്പോള്‍ നമുക്ക് ഒരു സുഖം ലഭിക്കുന്നു.ഇത് ഡോപ്പമിന്റെ പ്രവര്‍ത്തനം കൊണ്ടും, സാന്നിധ്യം കൊണ്ടുമാണ് സംഭവിക്കുന്നത്. വീണ്ടും വീണ്ടും അവ വേണമെന്ന് തോന്നലുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആ ചിന്തയെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുന്നിടത്താണ് വിജയം. ഒരു നല്ല സുഹൃത്ത് നാം തെറ്റ് ചെയ്യുമ്പോള്‍ അതുകൊണ്ടുണ്ടാകാവുന്ന ദൂഷ്യങ്ങള്‍ പറഞ്ഞുതരും. നേരെ മറിച്ച് ഒരു മോശം കൂട്ടുകാരനെങ്കില്‍ തെറ്റിനെ പ്രോത്സാഹിപ്പിക്കും. അതിനാല്‍ കൂട്ടുകെട്ട് നിശ്ചയമായും ഒരു സ്വാധീന ശക്തി തന്നെയാണ്. കൂട്ടുകാരനല്ല വേണ്ടത്, സുഹ്യത്താണ്.

താങ്കളുടെ സുഹ്യത്തുക്കളുടെ ഇടയില്‍ നിന്നും ലഹരി ഉപയോഗിക്കാനുള്ള പ്രേരണ ഉണ്ടായിട്ടുണ്ടോ?

യുവത്വത്തിലേക്ക് കടക്കുമ്പോള്‍ ധാരാളം കൂട്ടുകാരുണ്ടാകും. അവര്‍ പലപ്പോളും പ്രേരിപ്പിച്ചിട്ടുണ്ട്. പക്ഷേ ഞാന്‍ ഇതുവരെ ഒരു തരത്തിലുള്ള ലഹരിയും ഉപയോഗിച്ചിട്ടില്ല. അതില്‍ ഏറ്റവും കൂടുതല്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നത് എന്റെ അമ്മയോടാണ്. അമ്മയെ അനുസരിക്കാന്‍ മക്കള്‍ പഠിച്ചാല്‍ ഒരു മക്കളും ലഹരിക്ക് അടിമപ്പെടില്ല. ഒരു അമ്മയും കുട്ടികള്‍ ലഹരി ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവരല്ല. അമ്മയുടെ വിലയറിഞ്ഞ് മക്കള്‍ വളരണം. സ്വസ്ഥതമായ അന്തരീക്ഷത്തില്‍ വളരുന്ന കുട്ടികള്‍ ലഹരിയിലേക്ക് പോകില്ല.

ലഹരിയുടെ അടിമതത്തില്‍ നിന്ന് തിരികെ എത്തിയവരെ കുറിച്ച്..

ലഹരിക്ക് അടിമപ്പെട്ട് തിരിച്ചു വന്ന കുറച്ചുപേരെ എനിക്കറിയാം. പക്ഷേ, ലഹരി ഉപയോഗം മൂലം ജീവിതം തകര്‍ന്നുപോയ നൂറുകണക്കിന് ഉദാഹരണങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ലഹരിക്ക് അടിമപ്പെട്ടു കഴിഞ്ഞാല്‍ തിരികെ എത്തുക പ്രയാസമാണ്. ലഹരി ഉപയോഗത്തിന്റെ തുടക്കത്തില്‍ നിന്നും നിരവധി കുട്ടികളേയും യുവാക്കളേയും രക്ഷപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, അടിമപ്പെട്ട് ഭ്രാന്തിലേക്ക് വീണുപോയ പല ഉദാഹരണങ്ങളും
എന്റെ അനുഭവത്തിലുണ്ട്.

തിരിച്ചു വരുന്ന സമയത്ത് കുടുംബത്തിന്റെ പിന്തുണ ആവശ്യമല്ലേ…

തീര്‍ച്ചയായും.. ലഹരിയില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ നടക്കുമ്പോള്‍ കുടുംബം തന്നെയാണ് മികച്ച പിന്തുണ നല്‍കേണ്ടത്. ഒരാള്‍ ലഹരി ഉപയോഗിക്കുന്നെങ്കില്‍ അതിന്റെ കൂടുതല്‍ ഉത്തരവാദിത്തവും കുടുംബത്തിനാണ്. കുടുംബം ഭദ്രമായിരിക്കണം. എനിക്ക് എന്തുവന്നാലും കൂടെ നില്‍ക്കാന്‍ എന്റെ കുടുംബം ഉണ്ട് എന്ന ധാരണ വളര്‍ത്തി കൊണ്ടുവരണം.

താങ്കളുടെ മകന് നല്‍കാറുള്ള ഉപദേശങ്ങള്‍ എന്തൊക്കെയാണ്?

പുതിയ തലമുറയുടെ ഹൈപ്പര്‍ ആക്ടീവ്‌നസ്സ് ഉള്ള ഒരാള്‍ തന്നെയാണ് എന്റെ മകനും. അതു കൊണ്ടുതന്നെ അവന്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയിലും അത് പ്രകടമാണ്. ഡ്രൈവിങ്ങിലും മറ്റും ഞാന്‍ അത് ശ്രദ്ധിച്ചിട്ടുള്ളതാണ്. പലപ്പോഴും യുവാക്കള്‍ വാഹനം ഓവര്‍ സ്പീഡില്‍ ഓടിക്കാറുണ്ട്. അവര്‍ക്ക് അറിയാമെങ്കിലും അപകടമാണ് മു്ന്നിലുള്ളതെന്ന് തിരിച്ചറിയാറില്ല. പല അപകടങ്ങളിലും യുവാക്കള്‍ക്കാണ് കൂടുതലും പരിക്കേല്‍ക്കുന്നത്. അപകടത്തിന് കാരണം ഇത്തരം ഓവര്‍ സ്പീഡും വാഹന നിയമ ലംഘനവുമാണ്. ശരീരത്തിന്റെ ഒരുഭാഗത്തിന് വൈകല്യം സംഭവിച്ചാല്‍ ജീവിതം തന്നെ പെരുവഴിയിലാകാം. നല്ല ജോലി ലഭിക്കാനും ജീവിതം മുന്നോട്ടു കൊണ്ടുപോകാനും ആരോഗ്യം അത്യാവശ്യമാണ്.

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ആത്മാര്‍ത്ഥമായി സമയം ചിലവഴിക്കുന്നയാളാണ് താങ്കള്‍. അതിന് പിന്നിലെ കാരണം?

അനുഭവങ്ങളാണ് എപ്പോഴും എന്റെ ക്ലാസുകളില്‍ ഞാന്‍ പറയാറുള്ളത്. ലഹരിക്ക് അടിമപ്പെട്ടാല്‍ തിരികെയെത്തുക പ്രയാസമെന്ന് എനിക്ക് തോന്നിയത് രണ്ട് വര്‍ഷം മുന്‍പുണ്ടായ ഒരു സംഭവത്തിന്റെ അടിസ്ഥാനത്തിലാണ്. 21-22 വയസ് പ്രായമുള്ള ഒരാളെ ലഹരി മരുന്ന് കേസില്‍ പിടിച്ചുകൊണ്ടു വന്നു. രണ്ട് മൂന്ന് മണിക്കൂര്‍ കഴിഞ്ഞതോടെ ലഹരി എടുക്കുന്ന സമയമായപ്പോള്‍ അത്രയും നേരം സാധുവായി നിന്നയാള്‍ പെട്ടെന്ന് പ്രകോപിതനായി. ലോക്കപ്പിന്റെ അഴികളില്‍ തലകൊണ്ടടിച്ചു, ശരീരം മാന്തിപ്പൊളിച്ചു. മരുന്ന് വേണമെന്ന് പറഞ്ഞ് ബഹളം വെച്ചു. രക്തമൊഴുകുന്ന അയാളുമായി ആശുപത്രിയില്‍ ഞങ്ങളെത്തി. ഡോക്ടര്‍ മരുന്ന് നല്‍കിയപ്പോള്‍ അയാള്‍ നോര്‍മലായി. ഇയാളെ തിരികെ കൊണ്ടുപോയാല്‍ പ്രശ്‌നമാകുമോ എന്ന് ഡോക്ടറോട് ചോദിച്ചപ്പോള്‍, ഇത് ലഹരി കിട്ടാത്തതിന്റെ ഫലമായുള്ള വിഡ്രോവല്‍ സിംറ്റമാണെന്നും ലഹരിയുടെ തീവ്രതയ്ക്ക് അനുസരിച്ച് വിഭ്രാന്തിയിലും വ്യത്യാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂറത്തേക്ക് കുഴപ്പമില്ല എന്ന് അദ്ദേഹം പറഞ്ഞത് അനുസരിച്ച് ഞങ്ങള്‍ അയാളെ തിരികെ ലോക്കപ്പിലിട്ടു.

പിറ്റേന്ന് അയാളുടെ അമ്മ സ്റ്റേഷനിലെത്തി. അമ്മയെ കണ്ടതോടെ കുഞ്ഞിനെ പോലെ അവന്‍ കരഞ്ഞു. ലോക്കപ്പ് തുറന്നു കൊടുക്കാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ഞങ്ങള്‍ തുറന്നു കൊടുത്തു. അമ്മയെ ഓടിച്ചെന്ന് കെട്ടി പിടിച്ച് എനിക്ക് ഈ നശിച്ച മരുന്നില്ലാതെ ജീവിക്കാന്‍ പറ്റുന്നില്ലെന്ന് കരഞ്ഞ് പറയുന്നതാണ് പിന്നീട് കണ്ടത്. അവന്റെ സഹോദരനും ഇങ്ങനെയായിരുന്നു. ശരീരത്തിലെ ഞരമ്പുകളിലെല്ലാം മരുന്ന് കുത്തി നിറച്ച്, പിന്നീട് കിട്ടാതെ വന്നപ്പോള്‍ വിഡ്രോവല്‍ സിംറ്റം കാണിച്ചത് ശരീരം മുഴുവന്‍ കീറിമുറിച്ചായിരുന്നു. അവസാനത്തെ ഡോസ് മരുന്ന് അയാള്‍ തന്റെ ജനനേന്ദ്രിയത്തിലാണ് കുത്തിവെച്ച് മരിച്ചത്. അയാളുടെ മ്യതദേഹം പോലീസിന് ലഭിച്ചത് ഈ യുവാവിനെ പിടിച്ചതിന് കൃത്യം രണ്ടു മാസം മുന്‍പായിരുന്നു. ആ മനുഷ്യന്റെ സഹോദരനാണ് ഈ ചെറുപ്പക്കാരന്‍. ചേട്ടന്‍ മരിക്കാന്‍ കാരണം ലഹരിയാണെന്ന് തിരിച്ചറിഞ്ഞ് അതില്‍ നിന്നും പിന്തിരിയാന്‍ ശ്രമിക്കുമ്പോളും അത് നടക്കാതെ പോകുന്നു. അതാണ് ശക്തമായ അടിമത്തം.

ലഹരിയുടെ ഉപയോഗം വര്‍ധിക്കുന്നതുകൊണ്ടല്ലേ ഡോക്ടറിന്റെ പ്രിസ്‌ക്രിപ്ഷന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.?

മെഡിക്കല്‍ സ്റ്റോറുകളില്‍ ക്യത്യമായ പരിശോധനകള്‍ നടത്താറുണ്ട്. എക്‌സൈസും ഡ്രഗ് ഇന്‍സ്‌പെക്ടറും ചേര്‍ന്ന് പ്രിസ്‌ക്രിപ്ഷനും മറ്റും രേഖകളും പരിശോധിക്കാറുണ്ട്. ഇത് ഓരോ മാസവും നടക്കുന്നുണ്ട്. ടാബ്ലറ്റ് കേസുകള്‍ വരുന്നതുകൊണ്ടാണ് പരിശോധനയും കര്‍ശനമാക്കിയിരിക്കുന്നത്.

മഹേഷ്, ഫിലിപ്പ് എന്നീ രണ്ട് സുഹ്യത്തുക്കള്‍ ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് എത്രത്തോളം പിന്തുണ നല്‍കിയിട്ടുണ്ട്.

ഫിലിപ് മമ്പാട്, മഹേഷ് ചിത്രവര്‍ണം എന്നിവരുമായി ചേര്‍ത്ത് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരവധി നടത്തിയിട്ടുണ്ട്. ഇപ്പോള്‍ വിവിധ തൊഴില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കാറില്ല. എങ്കിലും തങ്ങളുടേതായ രീതിയില്‍ സംഭാവനകള്‍ ചെയ്യാറുണ്ട്. ഫിലിപ്പ് സര്‍ പോലീസിലും, ഹേഷ് ചിത്രവര്‍ണ്ണം കെഎസ്ഇബിയിലുമാണ്. വാക്ക്-വര-കവിത എന്ന തീമില്‍ മുന്നുപേരും ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങളാണ് എനിക്ക് കൂടുതല്‍ ഊര്‍ജം നല്‍കിയിട്ടുള്ളത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.