‘Empower Parents, Enable Breastfeeding’ എന്ന മുദ്രാവാക്യവുമായി നമ്മള്‍ ഈ വര്‍ഷത്തെ ലോക മുലയൂട്ടല്‍ വാരത്തില്‍ എത്തി നില്‍ക്കുകയാണ്. 1990 മുതല്‍ ലോകാരോഗ്യ സംഘടനയുടെ ആഹ്വാന പ്രകാരം ഓഗസ്റ്റ് മാസത്തിലെ ആദ്യ ആഴ്ച മുലയൂട്ടല്‍ വാരമായി ആചരിച്ചു വരുന്നു. ലോകത്ത് ദിനംപ്രതി ലക്ഷക്കണക്കിന് കുട്ടികള്‍ ജനിക്കുന്നു. അവര്‍ക്ക് മുലപ്പാല്‍ നല്‍കേണ്ടത് അനിവാര്യമാണ്.
എന്താണ് മുലയൂട്ടല്‍ വാരത്തിന്റെ പ്രസക്തി?
മുലയൂട്ടല്‍ വാരത്തിന് ഏറെ പ്രാധാന്യമുണ്ട്. അമ്മമാര്‍ മാത്രം വിചാരിച്ചാല്‍ കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ പറ്റുന്ന സ്ഥിതിയല്ല ഇപ്പോഴുള്ളത്. ജോലിയ്ക്ക് പോകുന്ന അമ്മമാരാണ് ഇന്ന് അധികവും. മൂന്നു മാസം വരെയാണ് അവര്‍ക്ക് ഗര്‍ഭകാല അവധി ലഭിക്കുന്നത്. ഇത് മുലയൂട്ടലിനെ കാര്യമായി ബാധിക്കാറുണ്ട്.
കുഞ്ഞ് ജനിച്ചയുടനെ മുലപ്പാല്‍ നല്‍കണമെന്നാണ് പറയുക. മുലപ്പാല്‍ കൊടുക്കാന്‍ അമ്മയും സ്വീകരിക്കാന്‍ കുഞ്ഞും സജ്ജമാണെങ്കില്‍ ജനിച്ചയുടന്‍ മുലപ്പാല്‍ കൊടുക്കാം. അതോടൊപ്പം തന്നെ ആദ്യ ആറ് മാസം മുലപ്പാല്‍ മാത്രം നല്‍കുക. ആറു മാസത്തേക്ക് കുട്ടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാം ധാതുക്കളും മുലപ്പാലില്‍ ഉണ്ട്. ഇക്കാലയളവില്‍ അമ്മാര്‍ക്ക് കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ ആവശ്യമാണ്. അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയും പിന്തുണ ആവശ്യമാണ്. അങ്ങനെയെങ്കില്‍ മാത്രമേ ആറു മാസം മുലപ്പാല്‍ മാത്രം നല്‍കുക എന്ന പ്രക്രിയ സാധ്യമാകൂ.
ആറുമാസം മുലപ്പാല്‍ മാത്രം എന്നുപറയുന്നത് എന്തു കൊണ്ട് ?
എന്തിന് മുലപ്പാല്‍ മാത്രം കൊടുക്കണം, പൊടിപ്പാല്‍ കൊടുത്താല്‍ എന്താണ് കുഴപ്പമെന്ന് പലരും ചോദിക്കുന്നതാണ്. ഇവ രണ്ടും തമ്മില്‍ എന്താണ് വ്യത്യാസം എന്ന് ചോദിച്ചാല്‍ മുലപ്പാലിന് പകരമാവില്ല മറ്റേതെന്നതാണ് ഉത്തരം. മുലപ്പാല്‍ കൊടുത്താലും പൊടിപ്പാല്‍ കൊടുത്താലും കുട്ടികള്‍ വളരുകയും വണ്ണം വെയ്ക്കുകയും ചെയ്യും. എന്നാല്‍ കുട്ടിയുടെ ബുദ്ധി വികാസത്തിനും പ്രതിരോധ ശക്തിക്കും മുലപ്പാലിന് പകരം വയ്ക്കാന്‍ മറ്റൊന്നില്ല. ആറുമാസം മുലപ്പാല്‍ മാത്രം കിട്ടിയ കുട്ടിയും രണ്ട് മാസം മാത്രം മുലപ്പാല്‍ കുടിച്ച കുട്ടിയും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ടായിരിക്കും.
മുലയൂട്ടല്‍ വാരം ആ വാരത്തോടെ തീരേണ്ട ഒന്നല്ല. ജനിച്ചു വീഴുന്ന കുട്ടികള്‍ക്ക് ഉടനെ നല്‍കാവുന്ന ഒന്നാണ് മുലപ്പാല്‍. അതിനു വേണ്ട എല്ലാ പിന്തുണയും അമ്മമാര്‍ക്കും അവരുടെ കുടുംബത്തിനും സമൂഹം നല്‍കണം. അതോടൊപ്പം ആറുമാസം മുലപ്പാല്‍ മാത്രം കൊടുക്കാം. മുലപ്പാല്‍ അല്ലാതെ ആദ്യ ആറ് മാസം കുട്ടികള്‍ക്ക് മറ്റൊന്നും നല്‍കില്ലെന്ന് തീരുമാനമെടുക്കാം. അങ്ങനെ എല്ലാ കുട്ടികളും ആവശ്യത്തിന് മുലപ്പാല്‍ കുടിച്ച് വളരട്ടെ. രണ്ട് വയസു വരെ മുലപ്പാല്‍ നല്‍കാം. അങ്ങനെ നല്ല കുട്ടികളെയും അതിലൂടെ നല്ല സമൂഹത്തെയും നമുക്ക് വാര്‍ത്തെടുക്കാം.