spot_img

എന്താണ് വെരിക്കോസ് വെയിന്‍, പ്രതിരോധവും ചികിത്സയും

കാലിലെ ഞെരമ്പ് ചുളിച്ചിലാണ് വെരിക്കോസ് വെയ്ന്‍. അന്‍പത് ശതമാനം സ്ത്രീകള്‍ക്കും 40 ശതമാനം പുരുഷന്‍മാരിലും വെരിക്കോസ് വെയ്ന്‍ കാണപ്പെടുന്നുവെന്നാണ് കണക്കുകള്‍. ചുളിഞ്ഞ് കട്ടിയുള്ള ഞരമ്പുകളാണ് ഈ രോഗത്തിന്റെ മുഖ്യ ലക്ഷണം. ഇങ്ങനെയുള്ളവര്‍ക്ക് ഏറെ നേരം നില്‍ക്കുമ്പോള്‍ കാലിന് വേദന, കടച്ചില്‍, ചൊറിച്ചില്‍, ഉണങ്ങാത്ത മുറിവുകള്‍ എന്നിവ വരാനും സാധ്യതയുണ്ട്. കാലിന്റെ തൊലിക്ക് നീല നിറമമോ കറുപ്പ് നിറമോ ആകുകയും കാലിന്റെ അടി ഭാഗത്ത് ചൊറിച്ചില്‍ ഉണ്ടാകുകയും ചെയ്യും. രാത്രി കാലങ്ങളില്‍ ചൊറിച്ചിലിനിടെ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. വെരിക്കോസ് വെയ്ന്‍ ഉള്ളവരുടെ കാലില്‍ നീരും കണ്ടുവരാറുണ്ട്‌.

നേരത്തേ പല വിധത്തിലാണ് ഇതിന് ചികിത്സ ചെയ്തിരുന്നത്. മരുന്ന് കൊണ്ടുള്ള കാര്യമായ ചികിത്സ ഇതിനില്ല. കംപ്രഷന്‍ സ്റ്റോക്കിങ്‌സ് എന്ന സോക്‌സ് പോലൊന്ന് കാലില്‍ വലിച്ചിടുക, സര്‍ജറികള്‍, ലേസര്‍, വിനാസില്‍ എന്നിങ്ങനെയുള്ള ചികിത്സകളാണ് പൊതുവെ ഈ രോഗം ഭേദമാകാന്‍ ചെയ്തു വരുന്നത്. ഇത്തരം രോഗം ഉള്ളവരുടെ ഏതെല്ലാം രക്തക്കുഴലുകളാണ് തടിച്ചിരിക്കുന്നതെന്ന് ആദ്യം പരിശോധിക്കും. ഡോപ്ലര്‍ എന്ന സ്‌കാനിങ്ങിലൂടെ രക്തക്കുഴലുകളില്‍ എവിടെയാണ് പ്രശ്‌നം എന്ന് മനസിലാക്കാന്‍ സാധിക്കും. തടിച്ചിരിക്കുന്ന പുറമേയുള്ള രക്തക്കുഴലുകള്‍ നീക്കം ചെയ്യുക എന്നതാണ് അടുത്ത ഘട്ടം. കപ്രഷന്‍ സ്റ്റോക്കിങ്‌സ് ധരിക്കുന്നവരില്‍ തടിച്ച രക്തക്കുഴലുകള്‍ പതിയെ ചെറുതാവുകയും നീരും വേദനയും കുറയുകയും ചെയ്യും. എന്നാല്‍ എന്നും സ്റ്റോക്കിങ്‌സ്  ഉപയോഗിക്കുകയും അതിന്റെ പ്രഷര്‍ കുറയുമ്പോള്‍ മാറ്റി വാങ്ങുകയും വേണം. പക്ഷേ താല്‍ക്കാലിക ആശ്വാസമെന്നല്ലാതെ അതൊരു ശാശ്വത പരിഹാരമല്ല. സര്‍ജറി പലരും ചെയ്യാന്‍ മടിക്കുന്ന കാര്യമാണ്. വളരെ അപൂര്‍വമായി മാത്രമേ സര്‍ജറികള്‍ ചെയ്യാറുള്ളൂ.

ലേസര്‍, റേഡിയോ ഫ്രിക്വന്‍സി അബ്ലേഷന്‍ എന്നിവയാണ് മറ്റ് ചികിത്സകള്‍. കാലിന്റെ അടിയില്‍ ഏറ്റവും താഴെയായി ചെറിയ മുറിവുണ്ടാക്കി, രക്തക്കുഴലുകള്‍ക്കുള്ളിലൂടെ തടിച്ച കുഴലുകള്‍ ചൂടാക്കുന്നു. ചൂട് കൂടുമ്പോള്‍ രക്തക്കുഴലുകളുടെ തടിപ്പ് കുറഞ്ഞ് സാധാരണ നിലയിലേക്ക് എത്തും. അല്‍പം വേദനയുണ്ടെങ്കിലും 23 ആഴ്ചത്തെ വിശ്രമത്തിലൂടെ വേഗം സുഖപ്രാപ്തി ലഭിക്കുന്ന ചികിത്സയാണ് ലേസര്‍. ഇതിന് ശേഷം കംപ്രഷന്‍ സ്റ്റോക്കിങ്‌സ് ധരിക്കുന്നത് നന്നായിരിക്കും. തുടക്കത്തില്‍ രക്തം കട്ട പിടിച്ച പോലെയും തൊലിയില്‍ നിറ വ്യത്യാസവും തോന്നുമെങ്കിലും ഭയക്കേണ്ടതില്ല.

വിനാസില്‍ എന്നത് ഒരു ഗ്ലൂ ആണ്. ഗണ്‍ഷൂട്ട് രീതിയില്‍ വിനാസില്‍ രോഗികളുടെ രക്തക്കുഴലുകളില്‍ എത്തിക്കുന്നു. രാവിലെ വന്ന് വൈകിട്ട് തിരിച്ച് പോകാവുന്ന ഒരു തരം ചികിത്സയാണിത്. വെരിക്കോസ് വെയ്‌നില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഒരു രോഗിക്ക് ചിലപ്പോള്‍ പല ചികിത്സകള്‍ ആവശ്യമായി വരും. പുറമേയുള്ള വെരിക്കോസ് വെയ്‌നിന് സ്‌കളിറോ തെറാപ്പി എന്ന ചികിത്സയുണ്ട്. അതായത് ഒറ്റ ചികിത്സയിലൂടെ തന്നെ രോഗം പൂര്‍ണമായും ഭേദമാകണമെന്നില്ല. സ്‌ക്ലിറോ തെറാപ്പിയും ലേസര്‍ ചികിത്സയും നല്‍കേണ്ടി വന്നേക്കാം.

വെരിക്കോസ് വെയ്ന്‍ ചികിത്സിക്കാന്‍ എത്തുന്ന നിരവധി പേരുടെ ത്വക്കില്‍ മുറിവുകളും കേടുപാടുകളുമുണ്ടായിരിക്കും. ചികിത്സ നല്‍കിയാലും ഈ  മുറിവുകളും പാടുകളും ഏറെകാലം നിലനില്‍ക്കും. വെരിക്കോസ് വെയ്‌നിന്റെ ചികിത്സ വളരെ നേരത്തേ ചെയ്യണം. ത്വക്കില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങുന്നതിന് മുന്നേ ചികിത്സിച്ചാല്‍ ഫലപ്രാപ്തിയും മികച്ചതായിരിക്കും. ചികിത്സകള്‍ നടത്തിയാലും വീണ്ടും രോഗം വരാനുള്ള സാധ്യത 10 ശതമാനം ഉണ്ട്‌. വിനാസില്‍, ലേസര്‍ എന്നിവയ്ക്ക് താരതമ്യേന രോഗം തിരികെ വരാനുള്ള സാധ്യത മറ്റുള്ളതിനെ അപേക്ഷിച്ച് കുറവാണ്. ജീവിത രീതികള്‍, തുടര്‍ച്ചയായുള്ള നില്‍പ് എന്നിവയാണ് രണ്ടാമതും വെരിക്കോസ് വെയ്ന്‍ ഉണ്ടാകാനുള്ള പ്രധാന കാരണം. വെരിക്കോസ് വെയ്ന്‍ രോഗത്തിന് മികച്ച ചികിത്സകള്‍ ലഭ്യമാണ്. കൃത്യ സമയത്ത് ചികിത്സിച്ചാല്‍ രോഗം പൂര്‍ണമായും മാറ്റാന്‍ സാധിക്കും. കാര്യമായ വേദനയോ മുറിവോ ഇല്ലാത്തവര്‍ക്ക് വ്യായാമം ചെയ്യാന്‍ സാധിക്കും. എന്നാ ല്‍ വേദനയും മുറിവും ഉള്ളവര്‍ വ്യായാമം ഒഴിവാക്കുന്നതാകും ഉത്തമം.

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.