വിഷസംഹാരിയായും ഔഷധമായുമെല്ലാം മഞ്ഞൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ശരീര ഭാരം കുറയ്ക്കാൻ ഇവ ഉത്തമമാണെന്ന് എത്രപേർക്കറിയാം.. കാലാകാലങ്ങളായി ശരീരഭാരം നിയന്ത്രിക്കാൻ മഞ്ഞൾ ഉപയോഗിക്കുന്നുണ്ട്. ശരീരഭാരം നിയന്ത്രിക്കാൻ നിർദേശിക്കുന്ന പല മരുന്നുകളിലും മഞ്ഞൾ ഒരു പ്രധാന ഘടകമാണ്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ രക്താണുക്കളിലെ വെളുത്ത കൊഴുപ്പിനെ ബ്രൗൺ ഫാറ്റാക്കി മാറ്റുന്നു. ഇതിലൂടെ ശരീരത്തിൽ കൊഴുപ്പിന്റെ അംശം കുറയ്ക്കാനും ആന്റിയോക്‌സിഡന്റിന്റെ അളവ് വർധിപ്പിക്കാനും സാധിക്കുന്നു. ശരീരം ചീർക്കുന്നതിൽ നിന്നും തടയുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം തന്നെ പ്രമേഹം, ആർതറൈറ്റിസ്, അൽഷിമേഴ്‌സ്, കാൻസർ എന്നിവ വരുന്നതിനുള്ള സാധ്യത കുറയ്ക്കാനും കുർകുമിന് സാധിക്കുന്നു.
ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കുന്നു
ആരോഗ്യകരമായ ഭക്ഷണങ്ങൾക്കൊപ്പം മഞ്ഞൾ കഴിയ്ക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ദഹനപ്രക്രിയ സുഗമമാകുകയും ചെയ്യുന്നു. ചില സെൽ സിഗ്നലുകൾ വഴിയാണ് മഞ്ഞൾ കൊഴുപ്പിന്റെ വളർച്ചയെ നിയന്ത്രിക്കുന്നത്. കൊഴുപ്പ് എരിച്ചുകളയുന്നതിനായി കുർകുമിൻ വൈറ്റ് ഫാറ്റിനെ ബ്രൗൺ ഫാറ്റാക്കി മാറ്റുന്നു. ചർമ്മത്തിന് താഴെ അടിയുന്ന ഒരുതരം കൊഴുപ്പാണ് വൈറ്റ് ഫാറ്റ്. ഇത് പൊണ്ണത്തടിക്ക് കാരണമാകുന്നു. ഈ ഫാറ്റിനെ ബ്രൗൺ ഫാറ്റാക്കി കൊഴുപ്പിനെ എരിച്ച് കളയുന്നതിനൊപ്പം തന്നെ അതിൽ നിന്നുണ്ടാകുന്ന ഗ്ലൂക്കോസിനെ മഞ്ഞൾ എനർജിയാക്കുകയും ചെയ്യുന്നു. മാത്രമല്ല മഞ്ഞളിന്റെ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന ബ്രൗൺ ഫാറ്റ് ശരീരത്തിൽ കുടുതൽ ഉള്ളത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ശരീരം ചീർക്കുന്നത് തടയുന്നു
ശരീരം ചീർക്കുന്നതിലൂടെ മറ്റു പല പ്രശ്‌നങ്ങളും ആരോഗ്യത്തെ ബാധിക്കാൻ തുടങ്ങും. പൊണ്ണത്തടിയാണ് ഇത്തരക്കാരിൽ ഉണ്ടാകുന്ന പ്രത്യക്ഷ മാറ്റം. അണുബാധ, രോഗ പ്രതിരോധ ശേഷി കുറയുക, ഹോർമോൺ വ്യതിയാനം, മെറ്റബോളിക് ഡിസോഡർ എന്നീ അവസ്ഥകളും ഇതോടൊപ്പം ശരീരത്തില്‍ കടന്നുകൂടുന്നു. പൊണ്ണത്തടി പല രോഗങ്ങൾക്കും കാരണമാകും. പ്രമേഹം, കൊളസ്‌ട്രോൾ, രക്തസമ്മർദം, ഹ്യദ്രോഗം തുടങ്ങി പലവിധ ചെറിയ, വലിയ രോഗങ്ങൾക്കും പൊണ്ണത്തടി കാരണമാകാറുണ്ട്. മഞ്ഞള്‍ ഈ പ്രശ്‌നങ്ങളുടെ മൂലകാരണങ്ങളെ ഇല്ലാതാക്കുന്നു. ഹ്യദയം, ശ്വാസകോശം, വ്യക്കകൾ, കരൾ എന്നിവയുടെ സംരക്ഷണവും മഞ്ഞൾ ഏറ്റെടുക്കുന്നു.
ഹൈപ്പോ തൈറോയിഡിസം മൂലം ശരീരഭാരം കൂടുന്നത് തടയുന്നു
ശരീരത്തില്‍ തൈറോയിഡ് ഹോർമോണുകളുടെ കുറവ് മൂലമുണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ഹൈപ്പോതൈറോയിഡിസം ഉളളവരിൽ കൊഴുപ്പ് അടിഞ്ഞ് കൂടുകയും അവ എരിച്ചു കളയാൻ സാധിക്കാതെ വരുന്നതോടെ പൊണ്ണത്തടി ഉണ്ടാക്കുകയും ചെയ്യുന്നു. അമിതഭാരംപല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നമ്മെ നയിക്കുന്നു. ഹൈപ്പോതൈറോയിഡിസം ഉള്ളവര്‍ക്കായി നിർദേശിക്കപ്പെടുന്ന ഡയറ്റിലും മഞ്ഞൾ ഉള്‍പ്പെടുത്താറുണ്ട്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന വിറ്റമിൻ സി, ഇ എന്നിവ ശരീരഭാരവും കൊളസ്‌ട്രോളും കുറച്ച് കൊണ്ട് വരികയും തൈറോയിഡ് ഹോർമോണുകളുടെ ഉത്പാദനം വർധിപ്പിക്കുകയും ചെയ്യുന്നു.
മെറ്റബോളിക് സിൻഡ്രോമിനെതിരെ പ്രവർത്തിക്കുന്നു
പൊണ്ണത്തടിയുളളവരിൽ സാധാരയായി കണ്ടുവരുന്ന അസുഖമാണ് മെറ്റബോളിക് സിൻഡ്രോം. രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞു കൂടുകയും രക്തപ്രവാഹത്തിന് ഇവ തടസം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് രക്തസമ്മർദവും പ്ലാസ്മ ഗ്ലൂക്കോസും ഉയരുന്നതിന് കാരണമാകുന്നു. മാത്രമല്ല ഈ രോഗം നല്ല കൊളസ്‌ട്രോളിന്റെ ഉത്പാദനത്തിന് തടസമാകുകയും പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും ശരീരത്തെ നയിക്കുകയും ചെയ്യുന്നു. എന്നാൽ മഞ്ഞൾ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തുന്നവർക്ക് കുർകുമിന്റെ സാന്നിധ്യത്താൽ പൊണ്ണത്തടി മാറുന്നു. ഇവര്‍ക്ക് ശരീരത്തിലെ കൊഴുപ്പിനെ എരിച്ച് കളയാനും രക്തസമ്മർദം നിയന്ത്രിച്ച് നിർത്താനും സാധിക്കും. പ്രമേഹമുള്ളവർക്ക് ഇൻസുലിൻ നിയന്ത്രണവിധേയമാക്കാനും അമിതഭാരം കുറയ്ക്കാനും മഞ്ഞൾ ഉപയോഗിക്കാം.
മാനസിക പിരിമുറുക്കം കുറയ്ക്കുന്നു
അമിതഭാരം, രോഗങ്ങൾ, ക്ഷീണം എന്നിവ മൂലമുണ്ടാകുന്ന ടെൻഷനും മനഃപ്രയാസങ്ങളും കുറയ്ക്കാൻ മഞ്ഞളിന് സാധിക്കും. ശരീരത്തിൽ സ്‌ട്രെസിന്റെ അളവ് വർധിപ്പിക്കുന്നത് കോർടിസോൾ എന്ന ഘടകമാണ്. ഇത് അമിതഭാരം ഉണ്ടാക്കുന്ന ഒരു ഘടകം കൂടിയാണ്. എന്നാൽ മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ കോർടിസോളിനെതിരെ പ്രവർത്തിക്കുകയും അമിതവണ്ണമെന്ന ആശങ്ക തന്നെ ഇല്ലാതാക്കുകയും ചെയ്യുന്നു.