ചുവന്നു തുടുത്ത സ്ട്രോബെറി പഴങ്ങൾ കാഴ്ചയിൽ ഭംഗിയുള്ള ഫലം മാത്രമല്ല. നിറയെ പോഷകഗുണങ്ങളാലും വിറ്റമിനുകളാലും ധാതുക്കളാലും സമ്പുഷ്ടമാണ് ഈ സുന്ദരൻ പഴം. അതിനാല്‍ തന്നെ സ്ട്രോബറിപല രോഗങ്ങൾക്കും മികച്ച ഔഷധമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൊളസ്ട്രോൾ, പ്രമേഹം എന്നിവ നിയന്ത്രിച്ച് നിർത്താനും, ഡിമെൻഷ്യ കുറയ്ക്കാനും എന്തിനേറെ പറയുന്നു കാൻസറിനെതിരെ പോലും പ്രവർത്തിക്കാനുളള ശക്തി ഈ ചുവന്ന പഴത്തിലുണ്ട്. ആന്റിയോക്സിഡന്റുകളുടെ കലവറയായ സ്ട്രോബെറി കഴിയ്ക്കുന്നത് എല്ലിന്റെ വളർച്ചയ്ക്കും ആരോഗ്യത്തിനും ഉത്തമമാണ്. യുവത്വം തുളുമ്പുന്ന തിളക്കമുള്ള ചര്‍മ്മം ലഭിക്കാനും അലർജി രോഗങ്ങൾ ഇല്ലാതാക്കാനും സ്ട്രോബെറി കഴിയ്ക്കുന്നവർ ധാരാളമാണ്. സ്ട്രോബെറി കഴിയ്ക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം..
വിറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിരിക്കുന്നു
കാഴ്ചയില്‍ ചെറുതാണെങ്കിലും സ്ട്രോബെറിയുടെ പോഷക ഗുണങ്ങള്‍ വലുതാണ്. നിറയെ വിറ്റമിനുകളും ധാതുക്കളും നിറഞ്ഞ പഴങ്ങളാണ് സ്ട്രോബെറികൾ. സ്ട്രോബെറികൾ കഴിയ്ക്കുന്നതിലൂടെ വളരെ കുറച്ച് കലോറിയേ ശരീരത്തില്‍ എത്തുന്നുള്ളുവെങ്കിലും ഫൈബർ സമ്പഷ്ടമാണ് ഇവ. ഒരു കപ്പ് സ്ട്രോബെറികളിൽ നിന്നും 3.3 ഗ്രാം ഫൈബറാണ് ലഭിക്കുന്നത്. ആരോഗ്യകാര്യത്തിൽ ജാഗ്രത പുലര്‍ത്തുന്നവരും ശരീരത്തിലെ അധിക കലോറിയെ എങ്ങനെ പുറന്തള്ളുമെന്ന് ആശങ്കപ്പെടുന്നുവരും പട്ടിണി കിടന്ന് അതിനായി കഷ്ടപ്പെടേണ്ട. നിങ്ങള്‍ക്കുള്ള പ്രതിവിധിയാണ് സ്ട്രോബെറി. ഒരു കപ്പ് സ്ട്രോബെറിയിൽ നിന്ന് 97.7 മില്ലി ഗ്രാം വിറ്റമിൻ സിയും 27 മില്ലി ഗ്രാം കാൽഷ്യവും, 3.7 മില്ലിഗ്രാം വിറ്റമിൻ കെയും 249 മില്ലിഗ്രാം പൊട്ടാസ്യവും ശരീരത്തിന് ലഭിക്കുന്നു.
ഓർമ്മക്കുറവിന് ഉത്തമ പ്രതിവിധി
പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യാന്‍ മറക്കുന്നത് പലർക്കുമുളള പ്രശ്നമാണ്. എന്നാൽ ഇതിനുള്ള പ്രതിവിധിയും സ്ട്രോബെറി പഴങ്ങളിലുണ്ട്. സ്ട്രോബെറികളിൽ അടങ്ങിയിരിക്കുന്ന ആന്തോസൈയാനിൻസ് ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസിനെ കുറയ്ക്കാൻ സഹായിക്കുന്നു. ആന്റിയോക്സിഡന്റുകൾ തലച്ചോറിന്റെ പ്രവർത്തനത്തെ ഉദ്ദീപിപ്പിച്ച് കൂടുതൽ ഊർജം നൽകുന്നു. ഇത് നിങ്ങളുടെ മറവി രോഗം മാറാൻ സഹായിക്കും. സ്ട്രോബെറികളിൽ നിന്നുള്ള ഫ്ളെവനോയിഡുകൾ ഓർമ്മക്കുറവിന് ഉത്തമ പരിഹാരമാണെന്ന് പഠനങ്ങൾ തന്നെ വ്യക്തമാക്കുന്നു.
പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കുന്നു
ഇന്ന് ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന രണ്ട് രോഗങ്ങളാണ് പ്രമേഹവും കൊളസ്ട്രോളും. ഭക്ഷണക്രമത്തിൽ സ്ട്രോബെറി ഉൾപ്പെടുത്തുന്നവരിൽ ഇവ രണ്ടും നിയന്ത്രണ വിധേയമാകുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ദിവസവും സ്ട്രോബെറി കഴിയ്ക്കുന്നത് ശീലമാക്കുന്നവരിൽ ശരീരത്തിൽ ഫൈബറിന്റെ അംശം കൂടുന്നു. കുറഞ്ഞ കലോറിയുള്ള ഭക്ഷണം കൂടി ആയതിനാൽ ഇവ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ടൈപ്പ് ടു പ്രമേഹം ഉള്ളവർ പോലും ആഹാരത്തിനൊപ്പം സ്ട്രോബെറി കഴിയ്ക്കുന്നതോടെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാകുന്നു. ഇവയ്ക്ക് പുറമേ അമിത രക്തസമ്മർദം കുറയ്ക്കാനും ഹ്യദ്രോഗങ്ങൾ ഒഴിവാക്കാനും സ്ട്രോബെറിയുടെ ഉപയോഗം മൂലം സാധിക്കുന്നു.
ഹ്യദയ സംരക്ഷണം
സ്ട്രോബെറികൾ നമ്മുടെ ഹ്യദയത്തിനും ബെസ്റ്റാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റിയോക്സിഡന്റുകൾ ഹ്യദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. നല്ല കൊളസ്ട്രോളിന്റെ ഉത്പാദനം വർധിപ്പിക്കുകയും ശരീരത്തിന് ദോഷം ചെയ്യുന്ന ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിച്ച് ഹ്യദയത്തിന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. രക്തം കട്ടപിടിക്കുന്ന ത്രോംബോസിസ് എന്ന അവസ്ഥ വരാതെ നോക്കുകയും രക്തത്തിന്റെ ഒഴുക്ക് സുഗമമാക്കുകയും ചെയ്യുന്നു.
എല്ലുകളുടെ ആരോഗ്യം
സ്ട്രോബെറിയിൽ അടങ്ങിയിരിക്കുന്ന കാൽഷ്യം, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റമിൻ കെ എന്നിവ എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കുന്നതിൽ മുഖ്യ ഘടകങ്ങളാണ്. പ്രായാധിക്യം മൂലമുണ്ടാകുന്ന എല്ലുകളുടെ ബലക്ഷയത്തിൽ നിന്ന് രക്ഷനേടാൻ സ്ട്രോബെറികൾ കഴിയ്ക്കുന്നത് ഉത്തമമാണെന്ന് ഗവേഷകർ തന്നെ പറയുന്നു.
അലർജിക്കെതിരെ പൊരുതുന്നു
അന്തരീക്ഷ മലിനീകരണം വർധിച്ച് വരുന്ന സാഹചര്യത്തിൽ നിരവധിയാളുകൾ അലർജി പ്രശ്നങ്ങൾ മൂലം വലയാറുണ്ട്. അവർക്ക് ഒരാശ്വാസമാണ് സ്ട്രോബെറികൾ. ആഴ്ചയിൽ ഇടയ്ക്കിടെ സ്ട്രോബെറി കഴിയ്ക്കുന്നത് നിങ്ങളുടെ അലർജിക്കുള്ള പരിഹാരമാണ്. സ്ട്രോബെറി കഴിയ്ക്കുന്നവരിൽ രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കും. ഇത് അലർജിയുണ്ടാക്കുന്ന രോഗാണുക്കളോട് പൊരുതുന്നു.
കണ്ണുകളുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിന് ഉത്തമം
സ്ട്രോബെറിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റമിൻ സി കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.വിറ്റമിൻ സിയിൽ അടങ്ങിയിരിക്കുന്ന ആന്റിയോക്സിഡന്റുകൾ തിമിരം പോലുള്ള രോഗങ്ങളിൽ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നു. കണ്ണുകളുടെ ഭാഗത്തുള്ള രക്തക്കുഴലുകളിൽ ഉണ്ടാകുന്ന രക്തസമ്മർദം കണ്ണുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് വായന, ഡ്രൈവിങ് എന്നീ സമയങ്ങളിൽ ഈ രക്തസമ്മർദം സങ്കീർണമായേക്കാം. സ്ട്രോബെറിയിൽ അടങ്ങിയിരിക്കുന്ന ആന്തോസൈനനിൻസ് ഇത്തരം പ്രശ്നങ്ങളിൽ നിന്ന് കണ്ണുകളെ സംരക്ഷിച്ച് നിർത്തുന്നു.
കണ്ണുകളെ പോലെ തന്നെ ചർമ്മത്തിന്റെയും ആരോഗ്യത്തിന് സ്ട്രോബെറി ഉത്തമമാണ്. മുടിക്കൊഴിച്ചിൽ ഉള്ളവർ, ചർമ്മസംരക്ഷണം ആവശ്യമുള്ളവർ എന്നിവർക്കെല്ലാം ദിവസവും സ്ട്രോബെറി കഴിയ്ക്കാവുന്നതാണ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റമിനുകളും ആന്റിയോക്സിഡന്റുകളും തിളക്കമുള്ള, യുവത്വം തുളുമ്പുന്ന ചർമ്മവും ആരോഗ്യമുള്ള മുടിയും സമ്മാനിക്കുന്നു