spot_img

തിരക്കുള്ള ദിവസങ്ങളില്‍ തയ്യാറാക്കാവുന്ന ആരോഗ്യകരമായ പ്രഭാത ഭക്ഷണങ്ങൾ

പ്രാതൽ നന്നായാൽ അന്നത്തെ ദിവസവും നന്നാകും. ഏറെ നേരത്തെ വിശ്രമത്തിന് ശേഷം ശരീരത്തിന്റെ മുന്നിലെത്തുന്ന ഊര്‍ജ്ജസ്രോതസാണ്‌ പ്രഭാത ഭക്ഷണം. അതിനാൽ തന്നെ ഏറ്റവും പോഷക സമ്പുഷ്ടമായ ഭക്ഷണമായിരിക്കണം പ്രാതലിനായി തിരഞ്ഞെടുക്കേണ്ടത്. ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിൽ പലർക്കും ആരോഗ്യകരമായ ഭക്ഷണശീലങ്ങളോട് നീതി പുലർത്താൻ സാധിക്കാറില്ല. ജോലിക്ക്‌ പോകേണ്ടതിനാൽ ഇൻസ്റ്റന്റ് ഫുഡ്, ജങ്ക് ഫുഡ് എന്നിവയിലേക്ക് കൂടുമാറ്റം നടത്തിയിരിക്കുകയാണ് ഒട്ടുമിക്ക ആളുകളും. കുട്ടികൾ പോലും അത്തരം ഭക്ഷണങ്ങൾ കഴിയ്ക്കാൻ നിർബന്ധിതരാകുന്നു എന്നതാണ് സങ്കടകരമായ മറ്റൊരു വസ്തുത. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന ആരോഗ്യ സമ്പുഷ്ടമായ പ്രാതലുകള്‍ ഉണ്ട്‌. അവ എന്തെല്ലാമെന്ന് നോക്കാം..

ഓട്‌സ് കഞ്ഞി

മലയാളികളുടെ ഭക്ഷണശീലത്തിൽ പുതിയതായി കടന്നുകൂടിയ ആരോഗ്യകരമായ ഒന്നാണ് ഓട്‌സ്. പ്രാതലിനായി ഓട്‌സ് കഞ്ഞി ഉണ്ടാക്കാവുന്നതാണ്. ന്യൂഡിൽസ് പോലുള്ള പോഷകഗുണങ്ങള്‍ ഒന്നുമില്ലാത്ത ഭക്ഷണം ഉണ്ടാക്കാനെടുക്കുന്ന അത്രസമയം തന്നെ മതിയാകും നല്ലൊരു ഓട്‌സ് കഞ്ഞി ഉണ്ടാക്കാനും. അതോടൊപ്പം നിങ്ങൾക്ക് ഇഷ്ടമുള്ള പഴങ്ങളോ, ഡ്രൈഫ്രൂട്ട്‌സോ വിതറി രുചികരവും കൂടുതൽ ആരോഗ്യപ്രദവുമാക്കി കഴിയ്ക്കാവുന്നതാണ്. ഓട്‌സ് കഞ്ഞി താൽപര്യമില്ലാത്തവർക്ക് ഓട്‌സ്‌ കൊണ്ടുള്ള ഉപ്പുമാവ് എന്നിങ്ങനെ മറ്റ് വിഭവങ്ങളും പരീക്ഷിക്കാവുന്നതാണ്. 

മുട്ട

പ്രോട്ടീൻ സമ്പുഷ്ടമായ മുട്ട പ്രാതലിൽ ഉൾപ്പെടുത്താവുന്ന മറ്റൊരു മികച്ച ആഹാരമാണ്. എങ്ങനെ വേണമെങ്കിലും മുട്ട കഴിയ്ക്കാം. പുഴുങ്ങിയോ, ചിക്കിപൊരിച്ചോ, ഓംലൈറ്റായോ, പച്ചക്കറികൾക്കൊപ്പമോ ചേർത്ത് പ്രാതലിൽ ഉൾപ്പെടുത്താം. 

പ്രോട്ടീൻ അടങ്ങിയ മീൻ വിഭവങ്ങൾ

പ്രാതലിന് മീന്‍ കഴിക്കുന്ന കാര്യത്തില്‍ മലയാളികള്‍ പൊതുവെ പിന്നിലാണെങ്കിലും ആരോഗ്യം പരിഗണിക്കുമ്പോള്‍ പ്രോട്ടീൻ അടങ്ങിയ മീനുകൾ പ്രാതലിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. രാവിലെ മീൻ ഉണ്ടാക്കാൻ സമയം ഇല്ലാത്തവർക്ക് തലേദിവസം തന്നെ അവ തയ്യാറാക്കിവെക്കാം. രാവിലെ ചെറുചൂടോടെ വേവിച്ച പച്ചക്കറികൾക്കൊപ്പവും മുട്ടയ്‌ക്കൊപ്പവും മീന്‍ കഴിയ്ക്കാവുന്നതാണ്. 

പച്ചക്കറികൾ

പ്രാതലിൽ പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ഊർജവും ഉൻമേഷവും നൽകുന്നതിനൊപ്പം തന്നെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കാരണമാകുമെന്ന്‌ പഠനങ്ങൾ വ്യക്തമാക്കുന്നു. ഫ്രഷ് ആയി പച്ചക്കറികൾ കഴിയ്ക്കാം. നന്നായി കഴുകി, അണുവിമുക്തമാക്കിയ ശേഷം പച്ചക്കറികൾ കഴിയ്ക്കുന്നത്  കൂടുതൽ ഗുണകരമാണ്. വെറുതെ കഴിയ്ക്കാൻ താൽപര്യമില്ലാത്തവർക്ക് പച്ചക്കറി വേവിച്ച് രുചിക്ക് വേണ്ടി അൽപം മസാലയൊക്കെ ചേർത്തും കഴിയ്ക്കാം.പക്ഷേ സാലഡ് രൂപത്തിൽ കഴിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. പലവിധ പച്ചക്കറികളിലൂടെ വിവിധ പോഷകമൂല്യങ്ങള്‍ ശരീരത്തിന് ലഭിക്കുന്നു. 

പഴച്ചാറുകൾ

രാവിലെ പെട്ടെന്ന് ജോലിക്ക് പോകേണ്ടവർക്ക് പ്രാതലിനായി ഫ്രഷ് ജ്യൂസ് ഉപയോഗിക്കാം. പച്ചക്കറികൾ കൊണ്ടും പഴങ്ങള്‍ കൊണ്ടും ജ്യൂസ് തയ്യാറാക്കാം. പഞ്ചസാര ചേർക്കേണ്ടതില്ല. പോഷകങ്ങൾ ധാരാളമടങ്ങിയ പഴച്ചാറുകൾ വിശപ്പിനെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നതിനൊപ്പം ശരീരത്തിന് ആവശ്യമായ പോഷകങ്ങളും നൽകുന്നു. മുന്തിരി, ഓറഞ്ച്, ക്യാരറ്റ്‌, കുക്കുമ്പർ,മാങ്ങ എന്നിങ്ങനെ നിങ്ങളുടെ ഇഷ്ടാനുസരണം ജ്യൂസുകൾ തയ്യാറാക്കാവുന്നതാണ്. 

ധാന്യങ്ങൾ

ധാന്യങ്ങൾ ഉപയോഗിച്ചുള്ള പ്രാതലും പ്രഭാതത്തിൽ തിരഞ്ഞെടുക്കാവുന്നതാണ്. ഗോതമ്പ് കൊണ്ടുണ്ടാക്കിയ ചപ്പാത്തി പോലുള്ളവ വിശപ്പ് മാറ്റുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു. അവയ്‌ക്കൊപ്പം പച്ചക്കറികളും മുട്ടയും കഴിയ്ക്കാവുന്നതാണ്. അല്ലെങ്കിൽ കറി ചേർത്ത് കഴിയ്ക്കാം. ഫൈബർ സമ്പുഷ്ടമായ ധാന്യങ്ങൾ ഹ്യദയാരോഗ്യത്തിനും ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കുന്നു.

അൽപം എരിവ് ആകാം 

പ്രാതലിൽ അൽപം എരിവുള്ള വിഭവങ്ങൾ ഉൾപ്പെടുത്തുന്നത് ദഹനപ്രക്രിയ സുഗമമാക്കുമെന്ന് ആയുർവേദം പറയുന്നു. ശരീരത്തിന്റെ പ്രവർത്തനത്തിൽ ഗുണകരമായ മാറ്റങ്ങൾ വരുത്താൻ ഇത്തരം എരിവുള്ള ഭക്ഷണങ്ങൾക്ക് സാധിക്കും. അതിനാൽ നിങ്ങളുടെ പ്രാതൽ വിഭവങ്ങളിൽ അൽപം എരിവാകാം..

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.