കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇന്ന് മൈഗ്രേന്‍ മൂലം വലയുന്നുണ്ട്. ഉപ്പ് കഴിക്കുന്നതിലൂടെ മൈഗ്രേന്‍ മാറുമോ എന്ന സംശയം പലര്‍ക്കുമുണ്ട്. പ്രത്യേകിച്ചും തെറ്റായ വാര്‍ത്തകള്‍ ധാരാളം പ്രചരിക്കുന്ന ഈ കാലത്ത്. വിദഗ്ധരുടെ അനുമാന പ്രകാരം ഉപ്പ് കഴിയ്ക്കുന്നതിലൂടെ എല്ലായ്‌പ്പോഴും മൈഗ്രേന്‍ കുറയാറില്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ അങ്ങനെ സംഭവിക്കുന്നുള്ളൂ. എന്നാല്‍ അമിതമായി ഉപ്പ് കഴിക്കുന്നത് മൈഗ്രേന് കാരണമാകുമെന്ന് ആയുര്‍വേദം പറയുന്നു.
നിര്‍ജലീകരണം മൂലമുണ്ടാകുന്ന മൈഗ്രേന്‍
നല്ല വെയില്‍ കൊണ്ടതിന് ശേഷമോ, കഠിനമായി വ്യായാമം ചെയ്തതിന് ശേഷമോ ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാകുകയും ഇത് മൈഗ്രേന് കാരണമാകുകയും ചെയ്യാറുണ്ട്. ധാരാളം വെള്ളം കുടിച്ചതു കൊണ്ട് മാത്രം മൈഗ്രേന്‍ വിട്ടുമാറണമെന്നില്ല. ശരീരത്തിന് ഇലക്ട്രോലൈറ്റും സോഡിയവും ഈ സമയത്ത് ആവശ്യമാണ്. അതിനാല്‍ വെള്ളത്തില്‍ കുറച്ച് ഉപ്പിട്ട് കുടിക്കാവുന്നതാണ്. അല്ലെങ്കില്‍ ഉപ്പിട്ട നാരങ്ങാ വെള്ളം പോലുള്ളവയും ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ മൈഗ്രേന് നല്ല ശമനമുണ്ടാകുന്നു.
മൈഗ്രേന്‍ മാറാന്‍ ഉപ്പ് കഴിയ്ക്കാമോ?
നിര്‍ജലീകരണത്തിന് പുറമേ മറ്റ് കാരണങ്ങള്‍ കൊണ്ടും മൈഗ്രേന്‍ ഉണ്ടാകാറുണ്ട്. രക്തക്കുഴലുകളും തലച്ചോറും മൈഗ്രേനുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റ് കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന മൈഗ്രേന്‍ ഉപ്പ് കഴിക്കുന്നതിലൂടെ മാറുകയില്ല. പലപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ ഉപ്പ് കഴിക്കുന്നത് വേദന വര്‍ധിപ്പിക്കും.
ആയുര്‍വേദം പറയുന്നത്
ആയുര്‍വേദ വിധിപ്രകാരം അമിതമായി ഉപ്പ് കഴിക്കുന്നവരില്‍ മൈഗ്രേന്‍ വര്‍ധിക്കാന്‍ സാധ്യത ഏറെയാണ്. പിത്ത ദോഷത്തിന്റെ ഫലമായാണ് മൈഗ്രേന്‍ ഉണ്ടാകുന്നതെന്ന് ആയുര്‍വേദം പറയുന്നു. ജീവിത ശൈലിയിലെ മാറ്റങ്ങളും ഭക്ഷണ ക്രമീകരണത്തിലുണ്ടായ വ്യത്യാസങ്ങളുമാണ് മൈഗ്രേന്‍ ഉണ്ടാകാന്‍ കാരണമായി ആയുര്‍വേദം പറയുന്നത്. ഒപ്പം തന്നെ അമിതമായി ഉപ്പ് കഴിക്കുന്നവര്‍ക്കും മൈഗ്രേന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ആയുര്‍വേദത്തില്‍ പറയുന്നു.
ഉപ്പ് എങ്ങനെ മൈഗ്രേന്‍ വര്‍ധിപ്പിക്കുന്നു
എല്ലാത്തരം മൈഗ്രേനുകളും ഉപ്പ് കഴിക്കുന്നതിലൂടെ മാറ്റാന്‍ സാധിക്കില്ല. സോഡിയം ഉള്ളില്‍ ചെല്ലുന്നത് മൈഗ്രേന്‍ വര്‍ധിക്കാന്‍ കാരണമാകുമെന്ന് 2016 ലെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. മൈഗ്രേന്‍ ഉണ്ടാകുന്ന സമയത്ത് തലച്ചോറില്‍ സോഡിയത്തിന്റേയും ഫഌയിഡുകളുടെയും സാന്നിധ്യം വളരെ കൂടുതലായിരിക്കുമെന്ന് പഠനങ്ങള്‍ തന്നെ വ്യക്തമാക്കുന്നു. എന്നാല്‍ ശരീരത്തില്‍ സോഡിയത്തിന്റെ അംശം കുറവുള്ളവര്‍ക്കും കഠിനമായ മൈഗ്രേന്‍ അനുഭവപ്പെടാറുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 2004 മുതല്‍ 2016 നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍, പഠനത്തിനായി തിരഞ്ഞെടുത്ത 8819 ആളുകളില്‍ ലോ സോഡിയം ഉള്ളവര്‍ക്ക് മൈഗ്രേന്‍ വരാനുളള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.