മദ്യപിച്ചില്ലെങ്കിൽ ഉറക്കം നഷ്ടപ്പെടുന്ന ധാരാളം ആളുകൾ ഉണ്ട്. കുറച്ചെങ്കിലും കഴിച്ചെങ്കിൽ മാത്രമേ ഇത്തരക്കാർക്ക് പൊതുവെ നല്ല ഉറക്കം കിട്ടാറുള്ളൂ. എന്നാൽ മദ്യപാനം മൂലം ഉറക്കത്തിന്റെ താളം തെറ്റുന്ന അവസ്ഥയാണ് പലരിലും കാണുന്നത്. വല്ലപ്പോഴും മദ്യപിക്കുന്നവർക്ക് കാര്യമായ പ്രശ്നങ്ങളുണ്ടാകുന്നില്ലെങ്കിലും സ്ഥിരമായി മദ്യപിക്കുന്നവരുടെ ഉറക്കത്തെ മദ്യം ഗുരുതരമായി ബാധിക്കുന്നു എന്നത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. എങ്ങനെയാണ് മദ്യം ഉറക്കത്തെ ബാധിക്കുന്നതെന്ന് പരിശോധിക്കാം.
ന്യൂറോ ട്രാൻസ്മിറ്ററുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു
മദ്യപാനം പതിവാക്കിയവരുടെ ശരീരത്തിലെ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ പ്രവർത്തനം മന്ദഗതിയിലായിരിക്കും. തലച്ചോറിലെ ഇത്തരം രാസവസ്തുക്കളാണ് ശരീരത്തിന് ആവശ്യമായ ഉറക്കവും, ഉണർവും നൽകുന്നത്. മദ്യം സ്ഥിരമായി ഉള്ളിൽ ചെല്ലുന്നതോടെ ഇവയുടെ പ്രവര്‍ത്തനം അവതാളത്തിലാകുന്നു. ഉണർന്നിരിക്കാൻ സഹായിക്കുന്ന ഗ്ലൂട്ടാമേറ്റ് എന്ന ന്യൂറോ ട്രാൻസ്മിറ്ററിന്റെ പ്രവർത്തനത്തേയും മദ്യപാനം ബാധിക്കുന്നു. ഇതുമൂലം പകൽ സമയത്ത് ഉറക്കം വരാനും സാധ്യത ഏറെയാണ്.
അഡിനോസിന്റെ ഉത്പാദനം വർധിക്കുന്നു
സ്ഥിരമായി മദ്യം കഴിയ്ക്കുന്ന ഒരാളുടെ ശരീരത്തിലെ അഡിനോസിന്റെ അളവ് വർധിക്കുന്നു. ഇതൊരു ന്യൂറോ ട്രാൻസ്മിറ്ററല്ലെങ്കിലും തലച്ചോറിന്റെ പ്രവർത്തനത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്. അഡിനോസിന്റെ അളവ് വർധിക്കുന്നത് ഉറക്കത്തിന് കാരണമാകും. പകല്‍ പോലും ഉറക്കം തൂങ്ങുന്ന സാഹചര്യം ഉണ്ടാകുന്നു. ഇതിനെ ആൽക്കഹോൾ സെഡേറ്റീവ് എന്നാണ് പറയുന്നത്. മദ്യപാനം മൂലം നിങ്ങളുടെ ഉറക്കത്തിന്റെ ചാക്രിക ഗതിയുടെ താളം തെറ്റുമെന്നതിൽ സംശയമില്ല.
ഉറക്കത്തിന്റെ ഫസ്റ്റ് സ്റ്റേജിനെ ബാധിക്കുന്നു
സ്ലീപ് സൈക്കിൾ 1,2,3,4 എന്നിങ്ങനെ ചക്രം പോലെ കറങ്ങി കൊണ്ടിരിക്കുന്നു. മദ്യപിച്ച് ഉറങ്ങാൻ കിടക്കുന്നവരിൽ ആൽക്കഹോൾ സെഡേഷന്‍ മൂലം ഫസ്റ്റ് സ്റ്റേജ് ഉറക്കം ഗാഢമായിരിക്കും. പക്ഷേ, സൈക്കിൾ വീണ്ടും ഒന്നിൽ എത്തുമ്പോള്‍ ഉറക്കത്തിന്റെ ഗാഢത കുറയും. ഇത് ഇടയ്ക്ക് വെച്ച് ഉറക്കം നഷ്ടപ്പെടുന്നതിന് കാരണമാകാം.
ഉറക്കത്തിന്റെ 3,4 സ്റ്റേജുകളെ ബാധിക്കുന്നു
ഏറ്റവും ഗാഢമായ ഉറക്കം ഉണ്ടാകുന്നത് 3,4 സ്റ്റേജുകളിൽ എത്തുമ്പോഴാണ്. ഗാഢനിദ്ര സാധ്യമാക്കുന്ന ഘടകങ്ങള്‍ ആ സമയത്ത് ക്യത്യമായി പ്രവർത്തിച്ചില്ലെങ്കിൽ ഉറക്കം നഷ്ടപ്പെടാം. മദ്യപിക്കുന്ന ഒരാൾക്ക് 3,4 സ്റ്റേജുകളിൽ ന്യൂറോട്രാൻസ്മിറ്ററുകളുടെ പ്രവർത്തനം താളം തെറ്റുന്നതോടെ ഉറക്കം നഷ്ടപ്പെടുന്നു. ഈ സമയത്ത് ഉണരുന്നവരിൽ അതിയായ ക്ഷീണവും തളർച്ചയും കണ്ടു വരാറുണ്ട്.
REM (റാപിഡ് ഐ മൂവ്മെന്റ്) കുറയ്ക്കുന്നു
ഉറക്കത്തിന്റെ 3,4 സ്റ്റേജുകളിലാണ് റെം എന്ന കണ്ണുകളുടെ ചലനങ്ങൾ ഉണ്ടാകുന്നത്. ഈ സമയത്താണ് മനുഷ്യർ സ്വപ്നം കാണുന്നതും. തലച്ചോറിന്റെ പ്രവർത്തനത്തിന് ആവശ്യമായ പ്രോട്ടീൻ, സെല്ലുകൾ എന്നിവ നിർമ്മിക്കപ്പെടുന്നതും ഈ സമയത്താണ്. അതുകൊണ്ട് തന്നെ ഉറക്കത്തിന്റെ ഈ സ്റ്റേജുകൾ ശാരീരിക മാനസിക ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാൽ സ്ഥിരമായി മദ്യപിക്കുന്ന ഒരാളുടെ 3,4 സ്റ്റേജുകളിലെ കണ്ണുകളുടെ ചലനങ്ങൾ പരിമിതപ്പെടുന്നു. ഫലമോ, ആദ്യം ഉറക്കം ക്യത്യമല്ലാതാകുകയും പിന്നീട്, തലച്ചോറിന്റെ പ്രവർത്തനങ്ങൾ പതിയെ പതിയെ താളം തെറ്റുകയും ചെയ്യും.
മദ്യപാനം ശീലമാക്കിയവർ അതിന്റെ ഉപയോഗം കുറച്ചു കൊണ്ടു വരിക. ഏറ്റവും നേരത്തേ തന്നെ മദ്യപാനത്തിൽ നിന്ന് മുക്തരാകാൻ ശ്രമിക്കുക.