നമ്മളെ മനുഷ്യരാക്കി നിലനിര്‍ത്തുന്നത് പ്രധാനമായും മറ്റുള്ളവരോടുള്ള സഹാനുഭൂതിയും ശരിയും തെറ്റും തിരഞ്ഞെടുക്കാനുള്ള കഴിവുമാണ്. എന്നാല്‍ എല്ലാവര്‍ക്കും ഇതിനുള്ള കഴിവില്ല. സാമൂഹിക വിരുദ്ധ സ്വഭാവമുള്ള, വ്യക്തിത്വ വൈകല്യമുള്ള ആളുകളെയാണ് സോഷ്യോപാത്തുകള്‍ (സാമൂഹ്യ രോഗികള്‍) എന്ന് വിളിക്കുന്നത്.
ഹോളിവുഡ് ചിത്രങ്ങളില്‍ കാണാറുള്ളതു പോലെ എല്ലാ സോഷ്യോ പാത്തുകളും മറ്റുള്ളവരെ ഉപദ്രവിക്കുകയോ കൊലപാതകം ചെയ്യുകയോ ചെയ്യാറില്ല. രഹസ്യമായി മനസ്സില്‍ അടുത്ത നീക്കം കണക്കുകൂട്ടിയിരിക്കുമ്പോള്‍ സോഷ്യോപാത്തുകള്‍ സൗമ്യ സ്വഭാവം കാണിക്കാറുണ്ട്. ഒരൊറ്റ ആശയവിനിമയത്തിലൂടെ മറ്റുള്ളവരുടെ ബലഹീനതകള്‍ വളരെ പെട്ടെന്ന് മനസ്സിലാക്കുന്നതില്‍ ഇവര്‍ അതീവ ബുദ്ധിമാന്മാരായിരിക്കും. സോഷ്യോപതിക് വ്യക്തികളെ തിരിച്ചറിയാന്‍ കഴിയുന്ന അഞ്ച് സ്വഭാവ വിശേഷങ്ങള്‍ താഴെപ്പറയുന്നവയാണ്.
- ആത്മരതിയും (നാര്‍സിസ്റ്റ്) അഹംഭാവവും
സാമൂഹ്യരോഗിയായ ഒരാളുടെ ആശയവിനിമയവും ദൈനംദിന ജീവിതവുമെല്ലാം അയാളെ മാത്രം ചുറ്റിപ്പറ്റിയായിരിക്കും. അപൂര്‍വ്വമായി മാത്രം തങ്ങളുടെ കുറവുകള്‍ അംഗീകരിക്കുകയും ജീവിതത്തില്‍ സുഖകരമല്ലാത്ത കാര്യങ്ങള്‍ വരുമ്പോള്‍ മറ്റുള്ളവരില്‍ കുറ്റം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യും. വസ്തുതാ വിരുദ്ധമായി അവരുടെ ആഢംബര ജീവിതത്തെക്കുറിച്ച് എപ്പോഴും വാചാലരായിരിക്കും. നിങ്ങള്‍ ഇതിനെ എതിര്‍ക്കുകയോ കൂടുതല്‍ വ്യക്തതയോ ആവശ്യപ്പെട്ടാല്‍ അവര്‍ അസ്വസ്ഥരാകും.
- നുണപറയുന്നത് ശീലമാക്കിയവര്‍
ഒരു സാമൂഹ്യരോഗിയുടെ നിലനില്‍പ്പിന്റെ സഹജമായ അടിസ്ഥാനഘടകം നുണയായിരിക്കും. സത്യസന്ധത പുലര്‍ത്താന്‍ കഴിയുന്ന സാഹചര്യത്തില്‍ പോലും അവര്‍ നുണ പറയും. ഒരു ചെറിയ കാര്യം അല്ലെങ്കില്‍ സമയ പരിധിക്കുള്ളില്‍ കാര്യങ്ങള്‍ ചെയ്ത് പൂര്‍ത്തിയാക്കുന്നതിലും ഇവരുടെ സ്വാഭാവ വൈകല്യം കൊണ്ട് തുടര്‍ച്ചയായി ഉത്തരവാദിത്തക്കുറവ് കാണിക്കും. എപ്പോഴും നുണകളെ സാധൂകരിക്കാന്‍ സാങ്കല്‍പിക കഥകളുണ്ടാക്കിക്കൊണ്ടിരിക്കും.
- കൗശലപൂര്‍വ്വം മറ്റുള്ളവരെ കൈയ്യിലെടുക്കാന്‍ ഇവര്‍ മിടുക്കരായിരിക്കും
ഉയര്‍ന്ന ഐക്യു ഉള്ളതിനാല്‍ തനിക്കു വേണ്ടി ആര്‍ക്കൊക്കെ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഒരു വ്യക്തിയുടെ സ്വഭാവം ആഴത്തില്‍ മനസ്സിലാക്കാനും അത് സ്വന്തം നന്മക്കായി ഉപയോഗിക്കാനും ഇവര്‍ സമര്‍ത്ഥരായിരിക്കും. അവര്‍ക്ക് വേണ്ടി കാര്യങ്ങള്‍ ചെയ്യുന്നതിനായി ആളുകളെ ഉപയോഗിക്കും. ഈ സ്വഭാവം കൊണ്ട് അവര്‍ മാറ്റി നിര്‍ത്തപ്പെട്ടാല്‍ തെറ്റുകാരനല്ലെന്ന് ബോധ്യപ്പെടുത്താന്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കും. ബന്ധങ്ങളില്‍ സ്‌നേഹം തനിക്ക് മാത്രം ലഭിക്കണമെന്ന് ചിന്തിക്കുന്നവരും (possessive) അസൂയയുള്ളവരുമായിരിക്കും. യഥാര്‍ത്ഥ സ്‌നേഹം എന്ന് വിശേഷിപ്പിച്ചായിരിക്കും ഇത്തരം സ്വഭാവം കാണിക്കുന്നത്. ഇത്തരക്കാരുമായുള്ള ബന്ധത്തിലേര്‍പ്പെടുന്നത് വിഷലിപ്തവും അപകടകരവുമായിരിക്കും
- വളരെയധികം ആകര്‍ഷകമായ വ്യക്തിത്വമുള്ളവരായിരിക്കും.
ജീവിതത്തിലെ കാര്യങ്ങള്‍ സ്വന്തം നന്മക്കായി ഉപയോഗപ്പെടുത്താന്‍ ഇവര്‍ക്ക് കഴിയാറില്ല. സോഷ്യോപാത്തുകളെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും കാണാന്‍ കഴിയും. വലിയ ഉയരങ്ങള്‍ ലക്ഷ്യമിടുന്നതോടൊപ്പം അധികാര സ്ഥാനങ്ങള്‍ നേടിയെടുക്കാനും ഇവര്‍ക്ക് കഴിയും. പൊതു ചടങ്ങുകളില്‍ ആരെയും ആകര്‍ഷിക്കാന്‍ കഴിയുന്ന വ്യക്തിത്വം പ്രകടിപ്പിക്കുന്ന ഇവര്‍ ആരുടെയും മനസ്സ് കീഴടക്കും. ഉപരിപ്ലവമായ ഇവരുടെ ആകര്‍ഷണീയ സ്വഭാവത്തെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ല. യഥാര്‍ത്ഥത്തില്‍ ഉള്ളിലെ ഇരുട്ടിനെ മറച്ചുവെക്കാന്‍ കെട്ടിച്ചമച്ചതായിരിക്കും ഇവരുടെ ബാഹ്യവ്യക്തിത്വം.
- വികാരങ്ങളുടെ ആഴവും വ്യാപ്തിയും മനസ്സിലാക്കില്ല
ഒന്നാമതെത്താനുള്ള ശ്രമത്തിനിടെ വ്യക്തിപരമായ നേട്ടങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്നതിനാല്‍ മറ്റുള്ളവരോട് അനുകമ്പ കാണിക്കാനുള്ള കഴിവ് ഇവര്‍ക്ക് നഷ്ടപ്പെടും. അവരുടെ പ്രവൃത്തിയിലോ വാക്കുകളിലോ ദയ, പശ്ചാത്താപം, സങ്കടം, മറ്റുള്ളവരെ കുറിച്ചുള്ള ആശങ്ക തുടങ്ങിയ കാര്യങ്ങളൊന്നുമുണ്ടാവില്ല. ഇതുകൊണ്ടുതന്നെ അവര്‍ മറ്റുള്ളവരുടെ മറ്റുള്ളവരുടെ വികാരങ്ങളെ കണക്കിലെടുക്കാറില്ല. സാമൂഹ്യ രോഗികളുടെ ഈ സ്വഭാവം ഒരു വ്യക്തിയുടെ ജീവിതത്തിലോ സമൂഹത്തിനോ വലിയ നാശമുണ്ടാക്കുന്നതാണ്.
സാമൂഹ്യ രോഗികളുമായി ഫലപ്രദമായി എങ്ങനെ ഇടപഴകാം
ഇത്തരം സ്വഭാവ വിശേഷമുള്ളവരുമായി ഇടപെടേണ്ട വരുമ്പോള്‍ മുകളില്‍ പറഞ്ഞ അവരുടെ സ്വഭാവ വിശേഷങ്ങള്‍ ഓര്‍മ്മിച്ച് ഇടപെടുക എന്നതാണ് പ്രധാനം. സാമൂഹ്യരോഗിയില്‍ നിന്ന് സ്വയം സംരക്ഷണം സാധ്യാമാകാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക
- നിങ്ങളുടെ ദൗര്‍ബല്യങ്ങള്‍ വെളിപ്പെടുത്തരുത്. അത് അവര്‍ക്ക് ഊര്‍ജ്ജമാവും.
- ജാഗ്രതയോടെ, ശാന്തത കൈവിടാതെ ഇടപെടുക.
- ജീവിതം കുഴപ്പത്തിലാകും മുമ്പ് നിങ്ങളുടെ സൗഹൃദവലയത്തില്‍ നിന്ന് ആ വ്യക്തിയെ മാറ്റി നിര്‍ത്തുന്നതാണ് നല്ലത്.
- ്ഏതെങ്കിലും പ്രശ്‌നങ്ങള്‍ ഗുരുതരാവസ്ഥയില്‍ എത്തുംമുമ്പ് അത്തരം വ്യക്തികളുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുക
- എപ്പോഴും കള്ളം പറഞ്ഞു കൊണ്ടിരിക്കുമെന്നതിനാല്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ അപ്പാടെ വിശ്വസിക്കരുത്.
- നിങ്ങളുടെ സാമൂഹ്യ-വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങള്‍ ഒരിക്കലും വെളിപ്പെടുത്തരുത്.
- ഒരു സാമൂഹ്യരോഗിയില്‍ നിന്ന് രക്ഷ നേടാന്‍ നിങ്ങള്‍ക്ക് സഹായം ആവശ്യമാണെങ്കില്‍ കുടുംബാംഗങ്ങളെയോ അടുത്ത സുഹൃത്തുക്കളെയോ മറ്റേതെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളെയോ ബന്ധപ്പെടുക.