ആരോഗ്യപൂര്‍ണ്ണമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണശീലം കൂടിയേ തീരൂ. ചിലര്‍ ഭക്ഷണകാര്യത്തില്‍ അതീവ ശ്രദ്ധയുള്ളവരാണെങ്കില്‍ തികഞ്ഞ അനാസ്ഥയാണ് മറ്റു ചിലര്‍ക്ക്. ഏതെങ്കിലും ഒന്നോ രണ്ടോ ആരോഗ്യദായക ഭക്ഷണം സ്ഥിരമായി കഴിക്കുന്നതിനേക്കാള്‍ നല്ലത് പോഷകസമൃദ്ധമായ വിവിധയിനം ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ്. ആരോഗ്യത്തിനു മാത്രമല്ല രുചിയ്ക്കും മടുപ്പൊഴിവാക്കുന്നതിനും ഇതാണ് നല്ലത്. അത്തരത്തില്‍ തെരഞ്ഞെടുക്കാവുന്ന ഏഴു ഭക്ഷ്യവസ്തുക്കള്‍ ഏതൊക്കെയെന്നും അവയുടെ ഗുണങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.
കക്ക / നത്തക്ക (Clams)
ധാരാളമായി വിറ്റാമിന്‍ ബി 12 അടങ്ങിയ കക്ക ദിവസവും ചെറിയ അളവില്‍ കഴിക്കുന്നത് വളരെ ആരോഗ്യകരമാണ്. വിഷാദവും ഉല്‍ക്കണ്ഠയും കുറക്കുന്നതിന് സഹായിക്കുന്ന വിറ്റാമിനാണ് ബി12. തലച്ചോറില്‍ ഡൊപ്പാമിന്‍, സെറോടോണിന്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതിന് ബി 12 ആവശ്യമാണ്. വിഷാദരോഗം ബാധിച്ചവര്‍ ബി 12 സപ്ലിമെന്റുകള്‍ കഴിക്കുമ്പോള്‍ ഇവ ഉല്‍പ്പാദിപ്പിക്കപ്പെടുകയും വ്യത്യാസം അനുഭവപ്പെടുകയും ചെയ്യും. കോര പോലെയുള്ള കടല്‍ മത്സ്യങ്ങളിലും പാലുല്‍പ്പന്നങ്ങളിലും ബി12 അടങ്ങിയിട്ടുണ്ട്.
കല്ലുമ്മക്കായ (Oysters)
സിങ്ക് ധാരാളമടങ്ങിയ ഒന്നാണ് കല്ലുമ്മക്കായ. 2013 ല്‍ നടന്ന ഒരു പഠനത്തില്‍ സിങ്ക് ഉല്‍ക്കണ്ഠ കുറച്ച് മൂഡിനെ ഉണര്‍ത്തുമെന്ന് കണ്ടെത്തിയിരുന്നു. വിഷാദരോഗികളായ 44 പേരിലാണ് പഠനം നടത്തിയത്. ആന്റിഡിപ്രസന്റിനൊപ്പം 25 മില്ലി ഗ്രാം സിങ്ക് സപ്ലിമെന്റ് കൂടി കഴിച്ചവര്‍ക്ക് പഠന കാലയളവായ മൂന്നു മാസവും സന്തോഷകരമായ മൂഡായിരുന്നുവെന്ന് കണ്ടെത്തി. ദിവസവും അല്‍പം കല്ലുമ്മക്കായ കഴിക്കുന്നത് നിങ്ങളുടെ മൂഡിനെ നല്ലതാക്കി നിലനിര്‍ത്തും.
കോഫി (Coffee)
അതിരാവിലെ ഒരു കപ്പ് കാപ്പി കുടിക്കുന്നത് നിങ്ങളുടെ മൂഡിനെ സന്തുഷ്ടവും ഉന്മേഷമുള്ളതും പോസിറ്റീവുമാക്കി നിര്‍ത്തുന്നു. ദിവസവും രണ്ടു കപ്പ് കാപ്പി കുടിക്കുന്ന സ്ത്രീകള്‍ക്ക് വിഷാദരോഗം വരാനുള്ള സാധ്യത വളരെ കുറവാണെന്ന് ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. കാപ്പി പലപ്പോഴും സൗഹൃദവും അടുപ്പവും സംതൃപ്തിയുമൊക്കെ തരുന്ന ഒന്നാണ്. മെല്ലെ കാപ്പി മൊത്തിക്കുടിച്ചു കൊണ്ടിരിക്കുന്നത് തികഞ്ഞ ശാന്തതയും സമാധാനവും തരുന്നു.
പയര്‍ (Legumes)
പീസ്, ബീന്‍സ്, നിലക്കടല എന്നിവയില്‍ ധാരാളമായി മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് മഗ്നീഷ്യമാണ്. വ്യായാമത്തിലേര്‍പ്പെടുന്ന സമയങ്ങളിലെല്ലാം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഊര്‍ജ്ജം എത്തിക്കുന്നത് മഗ്നീഷ്യം ആണ്.
തൈര് (Yogurt)
വയറ്റില്‍ പ്രോബിയോട്ടിക് ബാക്ടീരിയയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഭക്ഷണമാണ് തൈര്. ദിവസവും തൈര് കഴിക്കുന്ന സ്ത്രീകള്‍ ദേഷ്യം, പേടി എന്നിവയോട് സമ്മര്‍ദ്ദത്തോടെ പ്രതികരിക്കാനുള്ള സാധ്യത വളരെ കുറവാണ്.
ഡാര്‍ക് ചോക്ലേറ്റ് (Dark Chocolate)
ഡാര്‍ക് ചോക്ലേറ്റ് കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ വിരളമായിരിക്കും. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ രക്തസമ്മര്‍ദ്ദം കുറക്കാനും രക്തചംക്രമണം വര്‍ധിപ്പിക്കാനും സഹായിക്കുന്നു. 2014 ലെ ഒരു പഠനമനുസരിച്ച് ദിവസവും ഒരു ഔണ്‍സ് വീതം രണ്ട് ആഴ്ചത്തേക്ക് ഡാര്‍ക് ചോക്ലേറ്റ് കഴിച്ചവരില്‍ അവരുടെ മാനസിക സമ്മര്‍ദ്ദം വലിയ തോതില്‍ കുറഞ്ഞതായി കണ്ടെത്തി. സ്ത്രീകളില്‍ പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോ (PMS) മിന്റെ ഭാഗമായുണ്ടാകുന്ന ക്ഷീണവും അസ്വസ്ഥതകളും കുറക്കാന്‍ സഹായിക്കുന്ന മഗ്നീഷ്യം ഡാര്‍ക് ചോക്ലേറ്റില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ സത്ത ജീവിതത്തോട് സ്‌നേഹവും താല്‍പര്യവും ഉണ്ടാക്കുന്നു.
ഗ്രീന്‍ ടീ (Green Tea)
ഭാരം കുറക്കുന്നതിനും ശരീരം ശുദ്ധീകരിക്കുന്നതിനും നല്ലൊരു ഔഷധമാണ് ഗ്രീന്‍ ടീ. ദിവസവും ഒരു കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് മനസ്സിന്റെ സമ്മര്‍ദ്ദങ്ങളെയും മറ്റു പ്രയാസങ്ങളെയും അകറ്റുന്നു. 2016 ല്‍ ജപ്പാനില്‍ 40,000 പേരില്‍ നടത്തിയ ഒരു പഠനത്തില്‍ ദിവസവും അഞ്ചോ അതില്‍ കൂടുതലോ കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നവര്‍ക്ക് മാനസിക സമ്മര്‍ദ്ദങ്ങളുണ്ടാകാനുള്ള സാധ്യത ദിവസവും ഒന്നോ അതില്‍ കുറവോ കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നവരേക്കാള്‍ വളരെ കുറവാണെന്ന് കണ്ടെത്തിയിരുന്നു.