കോഴിക്കോട് മെഡിക്കല്‍ കോളേജ് ഇന്റേണല്‍ മെഡിസിന്‍ വിഭാഗം മേധാവിയായിരുന്ന, ഇപ്പോള്‍ ഫാമിലി മെഡിസിന്‍ വിഭാഗത്തില്‍ എമിറേറ്റസ് പ്രൊഫസറും പിവിഎസ് ആശുപത്രിയിലെ മെഡിസിന്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. പി.കെ. ശശിധരന്‍ രോഗിയെ ഒരു വ്യക്തിയായി മാത്രം കാണാതെ സമൂഹത്തിന്റെ ഭാഗമായി കാണുന്ന സമഗ്ര സാമൂഹ്യ ആരോഗ്യം എന്ന ആശയത്തെക്കുറിച്ച് ഹെല്‍ത്തി ടിവിയുമായി സംസാരിക്കുന്നു
- അഴിമതി രഹിതമായ ആരോഗ്യ സംരക്ഷണം ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഘട്ടം ഘട്ടമായെങ്കിലും എങ്ങനെയാണ് ഇത് പ്രാവര്‍ത്തികമാക്കാനാകുക ?
അഴിമതിരഹിതമായ ആരോഗ്യം എന്നതു കൊണ്ടുദ്ദേശിക്കുന്നത് സാമൂഹികാരോഗ്യമാണ്. സാമൂഹികാരോഗ്യം എന്നാല്‍ ഒരു സമൂഹത്തിലെ എല്ലാവര്‍ക്കും ആരോഗ്യമുണ്ടാകുക എന്നാണ്. ഒരു വ്യക്തിക്ക് ആരോഗ്യം ഉണ്ടാകണമെങ്കില്‍ ആ സമൂഹത്തിലെ എല്ലാവര്‍ക്കും ആരോഗ്യമുണ്ടാകണം എന്ന കാഴ്ചപ്പാട്. ഇതിന് ഓരോരുത്തര്‍ക്കും അവനവന്റെ ആരോഗ്യത്തെക്കുറിച്ച് ബോധ്യം വേണം. ഇതിന് അടിസ്ഥാനപരമായി വേണ്ടത് മനുഷ്യത്വമാണ്. പ്രാഥമിക വിദ്യാഭ്യാസം വഴി മനുഷ്യത്വവും അവബോധവും ഉണ്ടാക്കിയെടുക്കണം.
സാമൂഹികാരോഗ്യം എന്ന ലക്ഷ്യം നടപ്പിലാക്കുന്നതിന് എല്ലാവര്‍ക്കും മൂന്നു നേരം സമീകൃതാഹാരം ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്. രണ്ടാമത് ശുദ്ധമായ കുടിവെള്ളം ടാപ്പിലൂടെ ലഭ്യമാക്കണം, കുപ്പിവെള്ളമല്ല. പരിസര ശുചിത്വമാണ് മൂന്നാമതായി ഉറപ്പാക്കേണ്ടത്. മാലിന്യം എങ്ങനെ വേര്‍തിരിക്കണം, എങ്ങനെ നിര്‍മാര്‍ജ്ജനം ചെയ്യണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്തിക്കും സമൂഹത്തിനും അറിവുണ്ടാകണം. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള സംവിധാനങ്ങള്‍ സര്‍ക്കാരുകള്‍ ഒരുക്കുകയും വേണം. മറ്റൊന്ന് വ്യക്തികള്‍ക്ക് നല്ല ശീലങ്ങള്‍ ഉണ്ടാവുകയെന്നതാണ്. പുകവലി, മദ്യപാനം, അമിതാഹാരം എന്നിവ ഒഴിവാക്കിയും വ്യായാമവും ആരോഗ്യകരമായ ഭക്ഷണ ശീലം ഉറപ്പാക്കിയുമാണ് ഇത് നേടിയെടുക്കാനാകുക. അഴിമതി ഇല്ലാത്ത മനുഷ്യത്വമുള്ള വ്യക്തികള്‍ ഉണ്ടെങ്കിലേ ഈ പറഞ്ഞ കാര്യങ്ങളൊക്കെയും സാധ്യമാകുകയുള്ളൂ. സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന വ്യക്തികളുള്ള സമൂഹത്തില്‍ ഇത് പ്രാവര്‍ത്തികമാക്കുക പ്രയാസമാണ്.
ആരോഗ്യ സംരക്ഷണമെന്നാല്‍ ചികിത്സാ സംവിധാനമോ ആശുപത്രികളോ അല്ല. ചികിത്സാ സൗകര്യങ്ങള്‍ ശക്തമാക്കിയതു കൊണ്ടോ ആശുപത്രികളുടെ എണ്ണം കൂടിയതു കൊണ്ടോ ആരോഗ്യം സംരക്ഷണം നടക്കുകയില്ല. രോഗമില്ലാത്ത അവസ്ഥയുണ്ടാക്കുക എന്നതാണ് ആരോഗ്യ സംരക്ഷണം കൊണ്ടുദ്ദേശിക്കുന്നത്. ചിന്തയിലും കാഴ്ച്ചപ്പാടിലും അതുവഴി ജീവിത രീതിയിലും സാമൂഹികമായ പരിവര്‍ത്തനം കൊണ്ടു വന്നാല്‍ മാത്രമേ സാമൂഹികാരോഗ്യം നേടിയെടുക്കാന്‍ കഴിയുകയുള്ളൂ. ഏതെങ്കിലും ഒരു വിഭാഗം ആളുകള്‍ക്കു മാത്രമായി ഇത് സാധിച്ചെടുക്കാനുമാകില്ല. മന്ത്രി തലത്തില്‍ എല്ലാ വകുപ്പുകളും ചേര്‍ന്നുള്ള സമഗ്രമായ പ്രവര്‍ത്തനമാണ് ആവശ്യം. ആരോഗ്യ മന്ത്രാലയത്തിനു മാത്രമായി ഒന്നും ചെയ്യാനാകില്ല. രോഗം കുറക്കാനുള്ള നടപടികള്‍ എല്ലാവരും ചേര്‍ന്ന് കൈക്കൊള്ളണം.
സ്റ്റീഫണ്‍ ഹോക്കിങ്സ് പറഞ്ഞതു പോലെ ഈ ലോകത്തിലെ എല്ലാ തിന്മകളും ഈ രീതിയില്‍ തന്നെ തുടര്‍ന്നാല്‍ അടുത്ത ഒരു നൂറു വര്‍ഷം കൂടിയേ മനുഷ്യരാശി ഈ ഭൂമുഖത്ത് നിലനില്‍ക്കുകയുള്ളൂ. മാറ്റം അത്രത്തോളം അനിവാര്യമാണ്.
- സാമൂഹികാരോഗ്യത്തിനായി താങ്കള്‍ വിഭാവനം ചെയ്തിട്ടുള്ള വണ്‍ ഹെല്‍ത്ത് മൂവ്മെന്റ് എന്താണ് ?
കഴിഞ്ഞ 40 കൊല്ലമായി രോഗികളുമായുള്ള ഇടപെടലില്‍ നിന്നു ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങളാണ് ഇങ്ങനെയൊരു ആശയത്തില്‍ കൊണ്ടെത്തിച്ചത്. എന്തു കൊണ്ട് രോഗങ്ങള്‍ വരുന്നു എന്ന് ഞാന്‍ അന്വേഷിച്ചു കൊണ്ടിരുന്നു. പല രാജ്യങ്ങളിലും ചെല്ലുമ്പോള്‍ അവിടങ്ങളിലെ ഭക്ഷണ രീതി, പരിസര ശുചിത്വം, ശുദ്ധജല ലഭ്യത എന്നിവ നിരന്തരം ശ്രദ്ധിക്കുമായിരുന്നു. മറ്റു പല രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായ രീതികളാണ് നമുക്കുള്ളത്. ശുദ്ധ ജലത്തിന്റെയും പോഷകാഹാരത്തിന്റെയും കുറവു മുതല്‍ ശുദ്ധവായു ഇല്ലാത്തതും തെറ്റായ ശീലങ്ങളും ഉള്‍പ്പെടെ നമ്മുടെ ആരോഗ്യത്തെ പിന്നോട്ടുവലിക്കുന്ന നിരവധിയായ കാരണങ്ങള്‍ കണ്ടെത്തുകയുണ്ടായി.
ജനങ്ങള്‍ക്കിടയിലെ അവബോധമില്ലായ്മയാണ് പ്രധാന കാരണം. എന്താണ് നിങ്ങള്‍ക്കു വേണ്ട ആരോഗ്യം എന്ന ബോധം അവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കണമെന്ന് തോന്നി. അങ്ങനെ സമാന ചിന്താഗതിയുള്ള, സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള കുറച്ചുപേര്‍ ചേര്‍ന്ന് ആരംഭിച്ചതാണ് ഈ മൂവ്മെന്റ്. ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്ന സാമൂഹ്യ ഘടകങ്ങള്‍ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കാനാണ് പ്രധാനമായും പദ്ധതി.
- രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ച് രോഗത്തെ ചെറുക്കുക എന്ന ആശയത്തോട് യോജിക്കുന്നുണ്ടോ ?
രോഗപ്രതിരോധമെന്നാല്‍ വാക്സിന്‍ മാത്രമല്ല. സാമൂഹികാരോഗ്യം / പൊതുജനാരോഗ്യം ഉണ്ടെങ്കിലേ രോഗപ്രതിരോധം സാധ്യമാകൂ. അതിന് നേരത്തേ പറഞ്ഞതു പോലെയുള്ള സാമൂഹിക സാഹചര്യങ്ങളുണ്ടാവണം. ശുദ്ധജലവും ശുദ്ധവായുവും ശരിയായ ഭക്ഷണ രീതിയും പരിസര ശുചിത്വവും എല്ലാം ചേര്‍ന്ന ആരോഗ്യ സംരക്ഷണത്തിലൂടെ മാത്രമേ രോഗത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ കഴിയുകയുള്ളൂ.
- ഇന്ന് മായം കലരാത്ത ഭക്ഷണ വസ്തുക്കള്‍ അധികമൊന്നുമില്ല. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ എന്തു ചെയ്യാന്‍ സാധിക്കും ?
ഒന്നാമതായി വേണ്ടത് മനുഷ്യത്വമാണ്. ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന മായങ്ങള്‍ കലര്‍ത്തുന്നത് തെറ്റാണ്, മനുഷ്യത്വ രഹിതമാണ് എന്ന തോന്നലാണ് ആദ്യം ഉണ്ടാവേണ്ടത്. അഴിമതി ചെയ്യുന്നത് മനുഷ്യത്വമില്ലായ്മ കൊണ്ടാണല്ലോ.
നമുക്കാവശ്യമായ ഭക്ഷണം ഏതൊക്കെയെന്ന് അറിയലും അവയില്‍ പറ്റുന്നത്രയും സ്വന്തമായി കൃഷി ചെയ്തും മറ്റും ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കലുമാണ് മറ്റൊന്ന്. ആവശ്യമില്ലാത്ത പല ഭക്ഷണങ്ങളും നാം ദിവസവും കഴിക്കുന്നുണ്ട്. അവ ഉപേക്ഷിക്കാനും ആരോഗ്യത്തിന് ആവശ്യമായവ മാത്രം കഴിക്കാനും ശ്രമിക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശരിയായ പ്രവര്‍ത്തനവും കൃത്യമായ ഇടപെടലുമാണ് മറ്റൊന്ന്. അതിന് മന്ത്രാലയങ്ങളുടെ കൂട്ടായ പ്രവര്‍ത്തനവും ജാഗ്രതയും കൂടിയേ തീരൂ.
- ത്രിതല റഫറല്‍ സമ്പ്രദായത്തിനു പകരം കുടുംബ ഡോക്ടര്‍ എന്ന ആശയത്തെ താങ്കള്‍ പിന്തുണക്കുന്നുണ്ടോ ?
തീര്‍ച്ചയായും. ലോകത്തിലെവിടെ ചെന്നാലും അവിടുത്തെ ആരോഗ്യ സംവിധാനത്തില്‍ ഏറ്റവുമധികമുള്ളത് ഫാമിലി ഡോക്ടര്‍മാരാണ്. ആരോഗ്യ സംരക്ഷണ പിരമിഡില്‍ ഏറ്റവുമാദ്യം വരേണ്ടത് അവരാണ്. പ്രാഥമികാരോഗ്യ സംരക്ഷകരുടെ (ഫാമിലി ഡോക്ടര്‍) എണ്ണം 80 ശതമാനമുള്ള ഒരു രീതിയാണ് നടപ്പിലാക്കേണ്ടത്. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും ജനറല്‍ ആശുപത്രികളും പിന്നീടും സ്പെഷ്യലിസ്റ്റുകളും സ്പെഷ്യാലിറ്റി ആശുപത്രികളും അതിനു ശേഷവും. അസുഖം വന്നാല്‍ ആദ്യം തന്നെ സ്പെഷ്യലിസ്റ്റിനെ കാണുന്ന രീതിയാണ് നമുക്കുള്ളത്. അത് ശരിയല്ല. കുടുംബ ഡോക്ടറെ അല്ലെങ്കില്‍ ജനറല്‍ ഫിസിഷ്യനെ കണ്ട ശേഷം അദ്ദേഹം ആവശ്യപ്പെടുന്നെങ്കില്‍ മാത്രമേ അടുത്ത തലത്തിലേക്കു പോകേണ്ടതുള്ളൂ. ഫാമിലി ഡോക്ടര്‍ എന്നാല്‍ രോഗിയെ അറിയുന്ന ഡോക്ടര്‍ എന്നാണ്. രോഗിയുടെ എല്ലാ കാര്യങ്ങളുമറിയുന്ന ഡോക്ടറായിരിക്കും ഫാമിലി ഡോക്ടര്‍. അതു കൊണ്ടു തന്നെ രോഗം കൃത്യമായി മനസ്സിലാക്കാനും അതിന്റെ കാരണമറിയാനും ചികിത്സ ഫലപ്രദമായി നടത്താനും കഴിയുന്നത് അവര്‍ക്കാണ്.
- താങ്കള്‍ക്ക് വായനക്കാരോടു പറയാനുള്ള സന്ദേശം എന്താണ് ?
രോഗം ചികിത്സിക്കലല്ല ആരോഗ്യ സംരക്ഷണം എന്നു മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ എല്ലാവരും ശീലിക്കണം. ശുദ്ധവായുവും ശുദ്ധജലവും മൂന്നുനേരം സമൂകൃതാഹാരവും ഉറപ്പാക്കിയാല്‍ തന്നെ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാഥമിക കാര്യങ്ങളായിക്കഴിഞ്ഞു. തെറ്റായ ശീലങ്ങള്‍ (മദ്യപാനം, പുകവലി, അമിതാഹാരം) ഒഴിവാക്കുകയും കൃത്യമായ വ്യായാമം ശീലമാക്കുക കൂടി ചെയ്താല്‍ രോഗസാധ്യത കുറക്കാനും ആരോഗ്യപൂര്‍ണ്ണമായ ജീവിതം ഉറപ്പാക്കാനും കഴിയും.
പാര്‍ശ്വവല്‍കൃത സമൂഹങ്ങളില്‍ രോഗസാധ്യത കൂടുതലാണ്. അത്തരം സമൂഹങ്ങളില്‍പ്പെട്ടു പോയവര്‍ക്ക് രോഗം വന്നാല്‍ പ്രയാസങ്ങളില്ലാതെ ചികിത്സ ഉറപ്പാക്കണം. പണമുള്ളവനു മാത്രം ചികിത്സ എന്ന രീതി മാറണം. ഇതിന് നേരത്തേ പറഞ്ഞ മനുഷ്യത്വം ഉണ്ടാകുകയും അഴിമതി ഇല്ലാതാകുകയും വേണം.