spot_img

യോഗ ശീലമാക്കൂ, ജീവിതം സന്തോഷവും ആനന്ദകരവുമാവട്ടെ

ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ഇന്ന് വളരെ സുപരിചിതമായ കാര്യമാണ് യോഗ. എന്താണ് യോഗ. ശരീരത്തിനും മനസിനും ഉന്മേഷം പ്രധാനം ചെയ്യുന്ന ഒരു ജീവിത ശൈലിയാണ് യോഗ. യോഗയുടെ പ്രാരംഭം പ്രാചീന ഇന്ത്യയിലാണ്. ലോകത്തിന് ഇന്ത്യ നല്‍കിയ രണ്ട് വലിയ സംഭാവനകളിലൊന്നാണ് യോഗ. മറ്റൊന്ന് ആയുര്‍വേദമാണ്. ക്രിസ്തുവിന് രണ്ടോ മൂന്നോ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ജീവിച്ചിരുന്ന പതഞ്ചലി മഹര്‍ഷിയാണ് യോഗയെപ്പറ്റി ഒരു മഹത്തായ വിശദീകരണം നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ പതഞ്ചലി യോഗ സൂത്രയില്‍ 194 സൂത്രങ്ങളായിട്ട് യോഗയെ വളരെ വിശദമായിട്ട് പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ യോഗാചാര്യന്മാരാണ് യോഗയെ കുറിച്ചുള്ള വിവരങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. അതില്‍ 19-ാം നുറ്റാണ്ടിന്റെ തുടക്കത്തില്‍ സ്വാമി വിവേകാനന്ദനാണ് യൂറോപ്പില്‍ യോഗയെ കുറിച്ച് ആദ്യമായൊരു വിവരണം നല്‍കിയത്. 1980 മുതല്‍ യൂറോപ്പില്‍ വളരെ വ്യാപകമായി പ്രചാരത്തില്‍ വന്ന ഒന്നായി മാറി യോഗ. ഐക്യരാഷ്ട്ര സംഘടനയുടെ സമ്മേളനത്തില്‍ 2015ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശം 193 രാജ്യങ്ങളില്‍ 173 രാജ്യങ്ങളും അംഗീകരിക്കുകയും എല്ലാ വര്‍ഷവും ജൂണ്‍ 23 ന് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

2019 ജൂണ്‍ 21ന് അഞ്ചാമത് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുകയാണ്. ജൂണ്‍ 21 എന്ന തീയ്യതി തന്നെ യോഗ ദിനമായി തിരഞ്ഞെടുക്കാനുള്ള കാരണമായി പറയുന്നത് അന്ന് ഉത്തരാഖണ്ഡത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിനമാണ് എന്നതിനാലാണ്. യോഗ എന്ന സംസ്‌കൃത വാക്കിന്റെ അര്‍ത്ഥം Union of body breath and mind എന്നാണ്. ശരീരത്തെയും ശ്വാസത്തെയും മനസിനെയും സംയോജിപ്പിക്കുന്ന ഒരു പ്രക്രിയയാണ് യോഗ. യോഗ ചെയ്യുമ്പോല്‍ അതിന്റെ ഫലമായി ശരീരത്തിന് മാത്രമല്ല മനസിനും കൂടി അതിന്റെ ഫലം ലഭിക്കുന്നു. യോഗയിലെ ഓരോ ആസനങ്ങളിലും ശ്വാസത്തിന്റെ കണ്‍ട്രോള്‍ ഉപയോഗിച്ചിട്ട് മനസിനെയും നാം നിയന്ത്രിക്കാന്‍ ശീലിക്കുന്നു. അതു കൊണ്ടു തന്നെ യോഗാസനങ്ങള്‍ പ്രാക്ടീസ് ചെയ്യുന്ന സമയത്ത് മനസിനെ നമുക്ക് നിയന്ത്രിക്കാനാകും.

എങ്ങനെയാണ് യോഗയും ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നത്

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പറയുന്നതനുസരിച്ച് ഒരാള്‍ ആരോഗ്യവാനെന്ന് പറയണമെന്നുണ്ടെങ്കില്‍ അയാള്‍ക്ക് അസുഖമില്ല എന്നതു മാത്രമല്ല. അയാള്‍ ശാരീരകമായും മാനസികമായും സാമൂഹികമായിട്ടും ഫിറ്റായിരിക്കുന്നു എന്നതാണ് യഥാര്‍ത്ഥ ആരോഗ്യം. മാനസികമായ സംഘര്‍ഷങ്ങളാണ് പല അസുഖങ്ങള്‍ക്കും കാരണമാകുന്നത്. മാനസിക പിരിമുറുക്കം ഉണ്ടാകുമ്പോഴുണ്ടാകുന്ന കെമിക്കല്‍ റിയാക്ഷനാണ് അസുഖങ്ങള്‍ക്ക് കാരണമാകുന്നത്. ശരീരത്തിലുള്ള അഡ്നാലിന്‍, നോറള്‍ഡ്നാലിന്‍, കോര്‍ട്ടിസോള്‍ ഇവയ്ക്ക് പൊതുവേ പറയുന്നത് സ്ട്രെസ് ഹോര്‍മോണ്‍സ് എന്നാണ്. ഇത് മാനസിക പിരിമുറുക്കമുള്ള സമയത്ത് ശരീരത്തില്‍ സ്വാഭാവികമായി വളരുന്ന ഹോര്‍മോണുകളാണ്. ഇവയുടെ പ്രവര്‍ത്തനമാണ് ശരീരത്തിലെ അസുഖത്തിന്റെ കാഠിന്യത്തെ നിര്‍ണയിക്കുന്നത്.

ഉദാഹരണമായി ഒരു ഡയബറ്റിക് രോഗി അയാള്‍ക്ക്‌ സ്ട്രെസുള്ള സമയത്ത് ശരീരത്തില്‍ ക്രമാതീതമായ അളവില്‍ കോര്‍ട്ടിസോളുകള്‍ ഉണ്ടായിരിക്കും. അതു കൊണ്ടു തന്നെ അയാളുടെ ശരീരത്തിലെ രക്തസമ്മര്‍ദ്ദം അനിയന്ത്രിതമായിരിക്കും.. പലപ്പോഴും തനിക്ക് ഡയബറ്റിക്സ് ഉണ്ടെന്ന് ഒരു രോഗി തിരിച്ചറിയുന്നത് അയാള്‍ ഒരു മാനസിക പിരിമുറുക്കം അനുഭവിക്കുന്ന സമയത്താകും. ഇതിന് ഒരു ഉദാഹരണമാണ് ജെസ്റ്റേഷണല്‍ ഡയബറ്റിക്സ് അഥവാ ഗര്‍ഭ കാലത്ത് സ്ത്രീകള്‍ ആദ്യമായി ഷുഗര്‍ കാണിക്കുന്ന അവസ്ഥ. ഗര്‍ഭാവസ്ഥ എന്നു പറയുന്നതു തന്നെ വളരെ മാനസിക പിരിമുറുക്കമുണ്ടാകാവുന്ന ഒരു സമയമാണ്. ഈ സമയത്ത് ശരീരത്തിലെ കോര്‍ട്ടിസോള്‍ അളവ് വളരെ ഉയര്‍ന്നു നില്‍ക്കും. ഇങ്ങനെ അവരൊരു ഡയബറ്റിക് രോഗിയായി മാറുന്നു. പ്രസവത്തിന് ശേഷം തിരിച്ച് പഴയ അവസ്ഥയിലേക്ക് തന്നെ അവര്‍ മടങ്ങി എത്തുകയും ചെയ്യുന്നു. പക്ഷേ സ്ട്രെസ് പീരീയഡുമായി നിരന്തരം മുന്നോട്ടു പോകുന്നത് മൂലം അവര്‍ നിരന്തരം ഡയബറ്റിക് പിടിയിലാകും. ഇതു പോലെ തന്നെയാണ് സ്ട്രെസ് പ്രഷറുമായും ബന്ധപ്പെട്ടിരിക്കുന്നത്. സ്ട്രെസ് പീരീഡില്‍ അഡ്നാലിനും നോറള്‍ഡ്നാലിനും കൂടുകയും ഇതിന്റെ ഫലമായി പ്രെഷര്‍ കൂടുകയും ചെയ്യുന്നു. ഇത് സ്ട്രോക്ക്, അറ്റാക്ക് എന്നിവയിലേക്ക് നയിക്കുന്നു.

ഹൈപ്പര്‍ ടെന്‍ഷന്‍ സ്ട്രെസ്

സ്ട്രെസ് എല്ലാ അസുഖങ്ങളോടും തന്നെ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടിരിക്കുന്നു. ഇന്‍ഫക്ഷനുണ്ടാകുമ്പോഴും അപകട സമയത്തും ആത്മഹത്യാ സമയത്തും സ്ട്രെസ് പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനം ചെലുത്തുന്നു. കേരളം സാക്ഷരതയുടെ കാര്യത്തില്‍ മുന്നിലാണ്. പക്ഷേ, ആത്മഹത്യ നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം രണ്ടാം സ്ഥാനത്തുണ്ട്. ഇതിന് കാരണം സ്ട്രെസ് ഫുള്‍ പീരീഡിനെ എങ്ങനെ നേരിടണം എന്ന് പലര്‍ക്കും അറിയില്ല എന്നുള്ളതാണ്. വളരെ ശാന്തതയുള്ള മനസുണ്ടെങ്കില്‍ മാത്രമേ സ്ട്രെസ് ഫുള്‍ പീരീഡിനെ സമചിത്തതയോടെ നേരിടാനാകൂ. ശാന്ത മനോഭാവുമള്ള ഒരാള്‍ക്ക് പ്രശ്നങ്ങളെ ലാഘവത്തോടെ കൈകാര്യം ചെയ്യാനുള്ള കഴിവാണ് നാം യോഗയിലൂടെ നേടിയെടുക്കുന്നത്.

യോഗയെ ജനകീയമാക്കിയത് ശ്രീ ശ്രീ രവിശങ്കറാണ്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഫൗണ്ടേഷന്‍ നടപ്പിലാക്കി വരുന്ന പരിപാടിയില്‍ പങ്കെടുത്താല്‍ എങ്ങനെ പിരിമുറുക്കങ്ങളെ നേരിടാം എന്ന് പഠിക്കാനാകും. ഏതൊരു പ്രതിസന്ധി നിമിഷത്തെയും അനായാസകരമായി കൈകാര്യം ചെയ്യാന്‍ അതിലൂടെ നമുക്ക് സാധിക്കും. മനസിന്റെ നിയന്ത്രണം പലപ്പോഴും നമ്മുടെ കൈയിലല്ല. മറ്റൊരാളുടെ കണ്‍ട്രോളിലായിരിക്കും. നമ്മള്‍ ചിരിക്കണോ കരയണോ തുടങ്ങി എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നത് വേറൊരാള്‍. അത് മാറി തന്റെ മനസിനെ തനിക്ക് തന്നെ നിയന്ത്രിക്കാനായാല്‍ മറ്റുള്ളവരുടെ ഒരു പ്രവത്തിയും നമുക്ക് ദോഷകരമായി ബാധിക്കില്ല. മറ്റുള്ളവര്‍ നമ്മോട് ദേഷ്യപ്പെട്ടാലോ കുറ്റപ്പെടുത്തിയാലോ അതൊക്കെ സമചിത്തതയോടെ നേരിടാന്‍ നമുക്കാവും. ഇതിനൊക്കെയുള്ള വഴികളാണ് യോഗ പ്രദാനം ചെയ്യുന്നത്.

രോഗികള്‍ക്ക് എങ്ങനെയാണ് യോഗ ഗുണപ്രദമാകുന്നത്

വിട്ടു മാറാത്ത വേദനകളുമായാണ് പലരും ചികിത്സ തേടിയെത്തുന്നത്. തലവേദന, നടു വേദന, മുട്ടു വേദന, കാലു വേദന തുടങ്ങി പല വേദനകളും വര്‍ഷങ്ങളായി അവര്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. നമ്മുടെ ശരീരത്തിന് വേദനകളെ അതിജീവിക്കാനുള്ള ഒരു കഴിവുണ്ട്. ഇതിനെയാണ് പെയ്ന്‍ ത്രെഷോള്‍ഡ് എന്നു പറയുന്നത്. ഈ പെയ്ന്‍ ത്രെഷോള്‍ഡ് നമ്മുടെ മനസുമായി നല്ല ബന്ധമുള്ളതാണ്. മനസ് എത്രത്തോളം നന്നായിരിക്കുന്നോ അത്രത്തോളം പെയ്ന്‍ ത്രെഷോള്‍ഡും ഉയര്‍ന്നിരിക്കും. മനസ് അസ്വസ്ഥമായിരിക്കുമ്പോല്‍ വേദനയെ അതിജീവിക്കാനുള്ള കഴിവ് കുറയും. ഇക്കൂട്ടര്‍ക്ക് ചെറിയ വേദന പോലും അസഹനീയമായി തോന്നും. അവിടെ മനസിനെ ശാന്തമാക്കിയാല്‍ വേദന കുറയും. യോഗയിലൂടെ ഇത് സാധ്യമാണ്. തനിക്കുണ്ടാകുന്ന മാറ്റം അവര്‍ക്ക് തന്നെ അനുഭവിച്ചറിയാന്‍ സാധിക്കുന്നു.

സ്ട്രോക്ക് വന്നവര്‍ക്ക് ശരിയായി മരുന്ന് കഴിച്ചാലും പിന്നെയും സ്ട്രോക്ക് വരുന്ന അവസ്ഥയുണ്ട്. പക്ഷേ, പിന്നെ എപ്പോഴെങ്കിലും അവരുടെ മനസിന് അസ്വസ്ഥതകള്‍ സ്ട്രെക്സ് ഹോര്‍മോണുകള്‍ ഉയര്‍ന്ന് പ്രഷറും ബിപിയും കൂടി അവര്‍ക്ക് പിന്നെയും സ്ട്രോക്ക് സംഭവിക്കുന്നു. ഇത്തരം രോഗികള്‍ക്ക് മാനസിക അസ്വസ്തകള്‍ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെ ബ്രീത്തിംഗ് ടെക്നിസിലൂടെയും യോഗയിലൂടെയും ഇല്ലാതാക്കാനാകും. ഒരിക്കല്‍ സ്ട്രോക്ക് വന്നയാള്‍ക്ക് മരുന്നുകള്‍ കൃത്യമായി കഴിച്ചാലും 30 ശതമാനം വീണ്ടും സ്ട്രോക്ക് വരാന്‍ സാധ്യതയുണ്ട്. ഇത്തരം ആളുകള്‍ മരുന്നിനൊപ്പം യോഗ കൂടി ശീലമാക്കുകയാണെങ്കില്‍ 30 ശതമാനം സാധ്യത അഞ്ച് ശതമാനം സാധ്യതയിലേക്ക് ചുരുക്കാനാകും.

ചികിത്സയുടെ അനുബന്ധമായാണ് യോഗ കണക്കാക്കേണ്ടത്. മറിച്ച് യോഗ മാത്രം നോക്കിയാല്‍ മതിയെന്ന് വിചാരിക്കരുത്. കൃത്യമായ മരുന്നുകള്‍ക്കും ചികിത്സയ്ക്കുമൊപ്പം യോഗയും ശീലമാക്കുകയാണ് വേണ്ടത്. ഇത് നല്ല റിസള്‍ട്ട് നല്‍കുന്നതായി കാണാം. അപസ്മാര രോഗികള്‍ക്കും ഈ രീതി പിന്തുടരുന്നത് നല്ലതാണ്.

യോഗയെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

യോഗയും വ്യായാമവും ഒന്നാണ് എന്നാണ് ചിലരുടെ ധാരണ. ഈ ധാരണ ശരിയല്ല. യോഗ കായികമായിട്ടുള്ള അഭ്യാസം മാത്രമല്ല. യോഗ ശരീരത്തെ മാത്രമല്ല ശ്വാസത്തെയും മനസിനെയും സംയോജിപ്പിക്കുന്ന ഒന്നാണ്. വ്യായാമവും യോഗയും രണ്ട് തലത്തിലുള്ളവയാണ്. വ്യായാമത്തിലൂടെ ഒരാളുടെ ശരീരത്തിലെ എനര്‍ജി ലൈവല്‍ താഴുകയാണ് ചെയ്യുന്നത്. അതേ സമയം ഒരു മണിക്കൂര്‍ യോഗയും ബ്രീത്തിംഗ് ടെക്നിക്സും മെഡിറ്റേഷനും ചെയ്തു കഴിയുമ്പോള്‍ ഒരാളുടെ എനര്‍ജി ലെവല്‍ ഉയര്‍ന്നിരിക്കും. അതിനാല്‍ കഠിനമായ വ്യായാമം ചെയ്യുന്നവര്‍ അവരുടെ എനര്‍ജി ലൈവല്‍ ഉയര്‍ത്താന്‍ വ്യായാമം കൂടി ശീലമാക്കുക.

യോഗ ഹിന്ദുക്കളുടെ ആചാരമാണ് ശീലമാണ് എന്നൊരു പൊതു ധാരണയുണ്ട്. ഇത് ഹിന്ദു സംസ്‌കാരത്തില്‍ നിന്നാണ് ഉരുത്തിരിഞ്ഞതെങ്കിലും മതപരമായുള്ള ഒരു പ്രാക്ടീസല്ല ഇത്. ഹിന്ദുക്കളാണ് ഇത് പ്രാരംഭ കാലത്ത് ശീലിച്ച് വന്നിരുന്നതെന്ന് മാത്രം. യോഗയില്‍ ശരീരത്തിനും മനസിനും ശ്വാസത്തിനു മാത്രമാണ് പ്രാധാന്യം കൊടുക്കുന്നത്. അതില്‍ ആത്മീയതയും മതവുമായി ഒരു ബന്ധവുമില്ല. ആത്മീയത എന്നത് നമ്മുടെ മനസിനെ എങ്ങനെ നിയന്ത്രിക്കാം എന്നുള്ളതാണ് ചെയ്യുന്നത്.

യോഗ രോഗിങ്ങള്‍ക്കു മാത്രമല്ല എല്ലാവര്‍ക്കും ഗുണ പ്രദമാണ്. ശരീരത്തിന്റെ ഫ്ളെക്സിബിലിറ്റി വര്‍ധിപ്പിക്കും, എനര്‍ജി വര്‍ധിപ്പിക്കും അതിലേറെ മനസിനെ ശാന്തമാക്കും. മനസില്‍ നല്ല വിചാരങ്ങള്‍ ജനിക്കാന്‍ സഹായകരമാക്കും. സ്നേഹം, സമാധാനം, സന്തോഷം, ഉത്സാഹം തുടങ്ങിയവ സൃഷ്ടിക്കും. മറ്റുള്ളവര്‍ മോശമായി പെരുമാറിയാലും അവരോട് പൊറുക്കാനുള്ള ഒരു മനോഭാനം നമുക്കുള്ളില്‍ വളരും. കാരണം നമ്മുടെ മനസ് അത്ര ശാന്തമായിരിക്കും, സ്വസ്ഥമായിരിക്കും.

വ്യക്തി ബന്ധങ്ങള്‍ മെച്ചപ്പെടാന്‍ യോഗ സഹായകരമാണ്. മറ്റുള്ളവരോട് എങ്ങനെ പെരുമാറണം, അവര്‍ നമ്മോട് പെരുമാറുന്നതിനോട് എങ്ങനെ പ്രതികരിക്കണം തുടങ്ങി പല കാര്യങ്ങളും യോഗയിലൂടെ ആര്‍ജ്ജിക്കാം. മനസിലെ ഏകാഗ്രത വര്‍ധിപ്പിക്കാന്‍ യോഗ ഗുണകരമാണ്. അതിനാല്‍ കുട്ടികള്‍ യോഗ ശീലമാക്കുന്നത് നല്ലതാണ്. ഇതിലൂടെ കുട്ടികള്‍ കൂടുതല്‍ ഉത്സാഹികളും ആത്മ വിശ്വാസമുള്ളവരും മെമ്മറി പവറുള്ളവരുമായി മാറും. ശരിക്കും കുട്ടിക്കാലം മുതലാണ് യോഗ ശീലമാക്കേണ്ടത്. യോഗയും മെഡിറ്റേഷനും പ്രായമായ ആളുകളാണ് ചെയ്യേണ്ടത് എന്നൊരു തെറ്റിദ്ധാരണ സമൂഹത്തിലുണ്ട്. സത്യത്തില്‍ യോഗയുടെ ഗുണങ്ങള്‍ ഏറ്റവും കുടുതല്‍ കിട്ടുന്നത് ചെറുപ്പക്കാര്‍ക്കാണ്. അവരുടെ ജീവിതമാണ് ഏറെ സമ്മര്‍ദ്ദം അനുഭവിച്ച് ഇരിക്കുന്നത്. അതില്‍ നിന്നുള്ള മോചനവും തിരിച്ചറിവുമാണ് യോഗയിലൂടെ സാധ്യമാകുന്നത്.

10 വയസു മുതല്‍ എല്ലാ കുട്ടികളും ഒരു പത്തു മിനിട്ട് മെഡിറ്റേഷന്‍ ശീലമാക്കിയാല്‍ 10 വര്‍ഷത്തിനു ശേഷം ലോകത്ത് അക്രമങ്ങളും അനീതികളും ഒന്നുമുണ്ടാവില്ല. എല്ലാവരും ഉത്സാഹികളും ശാന്തരും സന്തോഷമുള്ളവരും ആയിരിക്കും. വളരെ പോസിറ്റീവായി ജീവിക്കാന്‍ അവര്‍ക്ക് സാധിക്കും. അതിനാല്‍ യോഗ ഒരു ജീവിത ശൈലിയാക്കി മാറ്റുക. അത് ഒരുപാട് പോസിറ്റീവ് ഗുണങ്ങള്‍ നമ്മില്‍ നിക്ഷേപിക്കുന്നു. അത് രോഗങ്ങളെ അകറ്റി നിര്‍ത്തുകയും നിലവിലുള്ള അസുഖങ്ങളെ ലഘുവായി മാറ്റാനും ഗുണകരമാകും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.