spot_img

രക്തദാനം മഹാദാനം, രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ…

രക്തദാനം

ആധുനിക വൈദ്യശാസ്ത്ര ചികിത്സയിലെ ഒരു പ്രധാനപ്പെട്ട ഘടകമാണ് രക്തദാനം കൊണ്ടുള്ള ചികിത്സ. പല രോഗങ്ങളും മൂര്‍ച്ചിക്കുമ്പോള്‍ ശരീരത്തില്‍ രക്തം കുറഞ്ഞു വരികയും അതുപോലെ അപകടങ്ങള്‍, പ്രസവം എന്നിവയോടനുബന്ധിച്ച് രക്തം നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ട്. ഇവിടെ ആവശ്യക്കാര്‍ക്ക് പങ്കുവെയ്ക്കപ്പെടേണ്ടതാണ് രക്തം. രക്തം തന്നെ ലഭിക്കുക എന്നത് മാത്രമാണ് ഇവിടെ ഏക പ്രതിവിധി. അത് കൃത്യസമയത്ത് ലഭിക്കുകയും വേണം.

രക്ത ബാങ്കുകള്‍

ഗവണ്‍മെന്റ് തലത്തിലും പ്രൈവറ്റ് തലത്തിലുമായി 200 ഓളം രക്ത ബാങ്കുകള്‍ കേരളത്തിലുണ്ട്. ഇത് NACO (നാഷണല്‍ എയിഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍) യുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നവയാണ്. രക്തദാന ക്യാമ്പുകളിലൂടെയാണ് മുഖ്യമായും രക്തം ശേഖരിക്കുന്നത്. ഈ ക്യാമ്പുകള്‍ രക്ത ബാങ്കുകള്‍ തന്നെയാവും സംഘടിപ്പിക്കുക. 50 മുതല്‍ 100 വരെ ആളുകള്‍ ഒരു ക്യാമ്പില്‍ രക്തം ദാനം ചെയ്യാറുണ്ട്. അത് സൂക്ഷിച്ചാണ് ആവശ്യം വരുമ്പോള്‍ ഉപയോഗിക്കുന്നത്. രക്ത ബാങ്കിലെത്തി രക്തം നല്‍കുന്നവരും ഉണ്ട്.

ഒരുപാട് സംഘടനകള്‍ രക്തദാനത്തെ പ്രോത്സാഹിപ്പിക്കാനായി പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ക്യാമ്പുകള്‍ സംഘടിപ്പിച്ചു മറ്റും രക്തദാനത്തെ പ്രോത്സാഹിപ്പിക്കാറുമുണ്ട്. സ്‌കൂളുകളിലും കോളേജുകളിലുമുള്ള എന്‍എസ്എസ് യൂണിറ്റുകളും രക്തദാന ക്യാമ്പുകള്‍ നടത്തി സഹായിക്കാറുണ്ട്.

രക്തം ദാനം ചെയ്യാന്‍

18 വയസ്സ് മുതല്‍ 60 വയസ്സ് വരെയുള്ള സാമാന്യ ആരോഗ്യമുള്ള ആര്‍ക്കും രക്തം ദാനം ചെയ്യാം. 50 കിലോയെങ്കിലും മിനിമം ശരീരഭാരം വേണം. അതില്‍ കുറവുള്ളവര്‍ രക്തം ദാനം ചെയ്യരുത്. സ്ത്രീകള്‍ ആര്‍ത്തവ സമയത്തും പ്രസവ കാലയളവിലും രക്തം കൊടുക്കരുത്. പകര്‍ച്ച വ്യാധികളുള്ളവരും പ്രമേഹമുള്ളവരും ബിപിയുള്ളവരും മറ്റും രക്തം ദാനം ചെയ്യരുത്.

രക്തദാനത്തെ കുറിച്ചുള്ള ഭയം

ജനങ്ങള്‍ക്കിടയില്‍ രക്തദാനത്തെ കുറിച്ച് നിലനിന്നിരുന്ന ഭീതി ഇപ്പോള്‍ കുറഞ്ഞു വരുന്നുണ്ട്. ക്യാമ്പുകളിലും മറ്റും ആള്‍ക്കാര്‍ താല്‍പ്പര്യത്തോടെ എത്തി രക്തം ദാനം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ഒരാള്‍ക്ക് രക്തം കൊടുത്തു എന്നു കരുതി അയാള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല. നമ്മുടെ ശരീരത്തിലുള്ള ആറ് ലിറ്റര്‍ രക്തത്തില്‍ നിന്നും തീരെ കുറവ് അളവ് രക്തം മാത്രമാണ് എടുക്കുന്നത്. ഇത് അയാളുടെ ആരോഗ്യ സ്ഥിതിയെ മോശമായി ബാധിക്കില്ല. ഒരു തവണ രക്തം കൊടുത്തതിന് ശേഷം മൂന്നു മാസത്തിന് ശേഷമേ അടുത്ത രക്തദാനം നടത്താവൂ. ഒരു വര്‍ഷം നാല് തവണ രക്തം ഒരാള്‍ക്ക് ദാനം ചെയ്യാനാകും. ഇത്തരത്തില്‍ തുടര്‍ച്ചയായി കൊടുത്തു കൊണ്ടിരിക്കുന്നവരും ഉണ്ട്.

ഒരാളില്‍ നിന്ന് എത്രത്തോളം രക്തം എടുക്കുന്നു

ഒരാളുടെ ശരീരത്തില്‍ നിന്ന് 300 സിസി മുതല്‍ 450 സിസി വരെ രക്തമാണ് എടുക്കുന്നത്. ഇതില്‍ നിന്ന് ചുവന്ന രക്താണു, പ്ലേറ്റ്ലെറ്റ്, പ്ലാസ്മ എന്നിങ്ങനെ വേര്‍തിരിച്ച് ആവശ്യാനുസൃതമായി ഉപയോഗിക്കാം. പല രോഗങ്ങള്‍ക്ക് പല രീതിയിലുള്ള രക്തമാണ് നല്‍കേണ്ടത്. ഒരാളില്‍ നിന്ന് എടുക്കുന്ന രക്തം വിവിധ തരം രോഗബാധിതരായവര്‍ക്കും ഉപയോഗിക്കാം. നെഗറ്റീവ് ഗ്രൂപ്പുകളാണ് പൊതുവേ കുറവായി കാണുന്നത്. ഇത്തരം ഗ്രൂപ്പുകളുടെ കുറവ് പോലെ തന്നെ ആവശ്യക്കാരുടെ എണ്ണവും കുറവാണ്.

ഗുണങ്ങള്‍

രക്ത ദാനം പ്രഷര്‍ പോലുള്ള അസുഖകങ്ങള്‍ വരാതിരിക്കാന്‍ സഹായകരമാവുന്നതാണ്. മറ്റൊരാള്‍ക്ക് തന്റെ രക്തം ഉപയോഗപ്രദമാകുന്നുണ്ടല്ലോ എന്ന സംതൃപ്തിയാണ് ഏറ്റവും പ്രധാനം. രക്തം ടെസ്റ്റ് ചെയ്തതിന് ശേഷമാണ് മറ്റൊരാള്‍ക്ക് ഉപയോഗിക്കുക. ഇത് നമ്മളില്‍ മറഞ്ഞിരിക്കുന്ന രോഗങ്ങള്‍ നിര്‍ണയിക്കാന്‍ ഉപയുക്തമാണ്.

വേര്‍തിരിക്കല്‍

രക്തം എടുത്തു കഴിഞ്ഞാല്‍ അതിന്റെ ഘടകങ്ങള്‍ വേര്‍തിരിക്കലാണ് പ്രധാനമായും നടക്കുന്നത്. പിന്നീടത് പ്രത്യേകം റഫ്രിജറേറ്ററുകളിലായി സൂക്ഷിക്കും. പ്ലാസ്മയൊക്കെ ഒരു വര്‍ഷത്തിലേറെ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്.

നിങ്ങള്‍ സഹജീവിയ്ക്ക് രക്തം കൊടുക്കാന്‍ മടിക്കുകയോ ഭയക്കുകയോ വേണ്ട. നിങ്ങളെയത് നിരവധി രോഗങ്ങളില്‍ നിന്നും സംരക്ഷിക്കും. രക്തദാനം ഒരു ശീലമാക്കണം. ആരോഗ്യമുള്ള ചെറുപ്പക്കാര്‍ അതിന് തയ്യാറാകണം. പെണ്‍കുട്ടികളും ഇക്കാര്യത്തില്‍ പിന്നോക്കം പോവരുത്. പലപ്പോഴും പ്രസവം മുതലായ സാഹര്യങ്ങളില്‍ അവര്‍ക്കാണ് രക്തം അധികം ആവശ്യമായി വരുന്നത്. രക്തം ദാനം ചെയ്യുന്നവര്‍ ഭക്ഷണ ക്രമത്തിലും ശ്രദ്ധിക്കുക. ഇലക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഇന്ന് നാം കൊടുക്കുക. നമുക്കെന്നാണ് ഇതുപോലെ ആവശ്യം വരുന്നതെന്ന് പറയാനാവില്ല.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.