നമ്മള് നോമ്പിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ സമയത്ത് നാം നമ്മുടെ ശരീരത്തെയും മനസിനെയും എത്രത്തോളം സംസ്കരിച്ചിട്ടുണ്ട് എന്നത് ആത്മപരിശോധന ചെയ്യേണ്ട ഒരു കാര്യമാണ്. നോമ്പിന്റെ ഗുണങ്ങള്‍ കേവലം ആത്മീയമായിട്ട് മാത്രമല്ല ശാരീരികമായും ഒരുപാട് ഗുണങ്ങളുമുള്ളവയാണ്. ഈ ആത്മപരിശോധന കൊണ്ട് ഉദ്ദേശിക്കുന്നത് ഈ നോമ്പ് കൊണ്ട് നമ്മള് എന്തൊക്കെ നേടി, പ്രത്യേകിച്ച് ശാരീരികമായി എന്തൊക്കെ നേടി എന്നുള്ളതാണ്.
ആദ്യമായി നോമ്പ് കൊണ്ട് നമുക്ക് എത്ര കിലോ ഭാരം കുറയ്ക്കാന്‍ കഴിഞ്ഞു എന്നതാണ് ചിന്തിക്കേണ്ടത്. ഈ കാലയളവില്‍ ശരിക്കും നോമ്പെടുത്തിട്ടുണ്ടെങ്കില്‍ 2 മുതല്‍ 5 കിലോ വരെ ഭാരം കുറയ്ക്കാനാകും. അങ്ങനെ സംഭവിക്കാത്ത പക്ഷം നോമ്പ് ശാരീരികമായി നിങ്ങള്‍ക്ക് വലിയ പരാജയമാണ്. അതായത് നോമ്പ് എന്നുള്ളത് പകല്‍ കഴിയ്ക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ രാത്രിയിലേക്ക് ഷിഫ്റ്റ് ചെയ്യുകയോ പതിവിലും കൂടുതല്‍ രാത്രിയില്‍ കഴിയ്ക്കുന്നതോ അല്ല. പലപ്പോഴും കണ്ടു വരുന്നത് അങ്ങനെയാണ്. പലരും ധരിച്ചു വെച്ചിരിക്കുന്നതും അങ്ങനെയാണ്. നമ്മുടെ കുടംബ ബജറ്റൊക്കെ നോമ്പില്‍ കൂടുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നമ്മുടെ നോമ്പ് പരാജയമാണെന്നാണ് മനസിലാക്കേണ്ടത്. 2 മുതല്‍ 5 കിലോ വരെ ഭാരം കുറയ്ക്കാനായാല്‍ നിങ്ങളുടെ നോമ്പ് ശാരീരികമായി വിജയമാണെന്ന് പറയാം. അപ്പോള്‍ നോമ്പിനു മുമ്പ് ഭാരം നോക്കിയവര്‍ നോമ്പിന് ശേഷവും ഭാരം നോക്കി തിട്ടപ്പെടുത്തുക.
അതുപോലെ നമ്മുടെ ഒട്ടേറെ ദു:സ്വഭാവങ്ങള്‍ പുകവലി, മദ്യപാനം തുടങ്ങിയ ഉള്ളവര്‍ നോമ്പ് കാലത്ത് അത് നിര്ത്താനായിട്ടുണ്ടോ എന്ന് ചിന്തിക്കാവുന്നതാണ്. അങ്ങനെ സാധിച്ചിട്ടുണ്ടെങ്കില്‍ അത് നിങ്ങളുടെ വലിയൊരു വിജയമാണ്. അതുപോലെ മറ്റുള്ളവരോടുള്ള നമ്മുടെ പെരുമാറ്റത്തില്‍ മാറ്റം വന്നിട്ടുണ്ടോ നമ്മുടെ സത്യന്ധതയില്‍ മാറ്റം വന്നിട്ടുണ്ടോ എന്നുള്ളതൊക്കെ നമുക്ക് നോക്കാം. പെരുമാറ്റത്തില്‍ കാര്യത്തില്‍ ബിപിയുള്ള ആളുകള്‍ക്ക് അത് ഏറ്റവും കൂടുന്ന അവസ്ഥയാണ് ടെന്‍ഷന്‍ അഥവാ ദേഷ്യം വരുന്ന സാഹചര്യം. നോമ്പ് സത്യസന്ധതയോടെ എടുക്കുന്ന ഒരാള്‍ക്ക് അക്കാലയളവില്‍ ബിപി കുറയും ഷുഗറും കുറയും. എന്തിനേറെ ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം പോലും സാധാരണയില്‍ നിന്ന് നേര്‍പകുതിയായി കുറയും. അതിനര്‍ത്ഥം നമ്മുടെ രോഗാവസ്ഥയ്ക്ക് പ്രധാന കാരണം നമ്മുടെ ഭക്ഷണ ശീലങ്ങളും, അതിന്റെ ബാലന്സില്ലായ്മയുമാണ് എന്നതാണ്.
നോമ്പിന് ശേഷം മാംസം, പോരിച്ച ഭക്ഷണങ്ങള്‍ എന്നിവ കൂടുതലായി കഴിക്കുന്നത് ഗുണകരമല്ല. നമ്മള് അത്രയും ദിവസം ലഘുവായ ഭക്ഷണ സാധനങ്ങള്‍ സേവിച്ച് വന്ന് പെരുന്നാള്‍ ദിനം ഹെവിയായ ഭക്ഷണം അധികമായി കഴിച്ചാല്‍ അത് ഒരുപാട് പ്രശ്നങ്ങള്‍ നമ്മിലുണ്ടാക്കും. ദഹന പ്രശ്നങ്ങള്‍ ഗ്യാസ്, ഛര്‍ദ്ദി അങ്ങനെ ഒരുപാട് പ്രശ്നങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. കാരണം സോഫ്റ്റായി പാകപ്പെടുത്തിയ നമ്മുടെ ദഹനേന്ദ്രിയം പെട്ടെന്ന് അതില്‍ നിന്ന് മാറുകയാണ്. തണുത്ത ചട്ടിയിലേക്ക് തീകോരിയിടുന്ന അവസ്ഥയാണ് അപ്പോള്‍ ഉണ്ടാകുന്നത്. അതിനാല്‍ പെരുനാളിന് വളരെ ലൈറ്റായിട്ടുള്ള ഭക്ഷണ സാധനങ്ങള്‍ കഴിക്കുക. പെരുന്നാള്‍ വിഭവങ്ങള്‍ വെജിറ്റേറിയനാക്കി മാറ്റാന്‍ ശ്രമിക്കുന്നതാണ് ഏറ്റവും ഉചിതം. പെരുന്നാളിന് മാംസം കകഴിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല.. അതിനാല്‍ ഈ പെരുന്നാളിന് വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഒരുക്കി ഒരു മാറ്റം സൃഷ്ടിക്കാം. അതു കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.
നോണ്‍ വെജിറ്റേറിയനായവര്‍ പെട്ടെന്ന് വെജിറ്റേറിയനിലേക്ക് മാറുമ്പോള്‍ ഒരു ബുദ്ധിമുട്ടുണ്ടാകും. അതിനാല്‍ മെല്ലെ മെല്ലെ അതിലേക്ക് മാറാനുള്ള ശ്രമങ്ങള്‍ നടത്തുക. അതിലേക്കുള്ള ആദ്യപടിയായി ഈ പെരുനാളിനെ നമുക്ക് മാറ്റാം. അടുത്ത പടിയായി ചെറിയ തോതില്‍ നോണ്‍ വെജ് കഴിക്കുകയും വെജിറ്റേറിയന്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാം. അത് ആരോഗ്യത്തിന് ഏറെ അത്യന്താപേക്ഷിതമാണ്. അങ്ങനെ നമ്മള് നല്ല ഒരു ഭക്ഷണ ശീലത്തിലേക്കും പെരുമാറ്റ രീതിയിലേക്കും കടന്നു വരും. അതിലൂടെ നമ്മുടെ അസുഖങ്ങളെയൊക്ക ഒരുപാട് നിയന്ത്രിക്കാനുമാവും. നോമ്പിന്റെ സമയത്ത് നമുക്ക് ലഭിച്ച ശാരീരിക സ്വഭാവ ഗുണങ്ങളുടെ ആംശം പിന്നീടും 50 ശതമാനമെങ്കിലും തുടരാനായാല്‍ അത് നല്ല ആരോഗ്യവും ജീവിതവും പ്രധാനം ചെയ്യും. അതല്ലെങ്കില്‍ നമ്മള് നോമ്പും അനുഷ്ടാനങ്ങള്‍ കൊണ്ടും നേടിയെടുത്ത നന്മ ഒരു ദിവസം കൊണ്ടോ ഏതാനും ദിവസങ്ങള്‍ കൊണ്ടോ നഷ്ടമാവുകയാണ് ചെയ്യുക.