ഇന്ന് സോഷ്യല് മീഡിയയില്‍ കാണുന്ന ഒരു ചര്‍ച്ചാ വിഷയമാണ് മെന്‍സ്ട്രല്‍ കപ്പ്. എന്താണ്
മെന്‍സ്ട്രല്‍ കപ്പ്? സാധാരണയായി സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് ഉപയോഗിക്കുന്നത് തുണി അല്ലെങ്കില്‍ പാഡാണ്. ഇതിന് പകരം ഇപ്പോള്‍ പുതുതായി കണ്ടുപിടിച്ചിരിക്കുന്ന ഉപകരണമാണ്
മെന്‍സ്ട്രല്‍ കപ്പ്. ഒരു ചെറിയ കപ്പിന്റെ ആകൃതിയാണ് ഇതിനുള്ളത്. ഇത് യോനിക്കകത്തേക്ക് കറ്റി വെച്ചു കൊണ്ട് ആര്‍ത്തവ സമയത്തെ രക്തം ഇതിലേക്ക് ശേഖരിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്നാല്‍ സാധാരണ ആര്‍ത്തവ സമയത്ത് ഉണ്ടാകുന്ന പോലെ ദുര്‍ഗന്ധം, ചൊറിച്ചില്‍, ഇന്‍ഫക്ഷന്‍ എന്നിവ ഉണ്ടാകില്ല എന്നതാണ്. ഒരേ കപ്പ് തന്നെ കഴുകി വൃത്തിയാക്കിയതിന് ശേഷം വീണ്ടും വീണ്ടും ഉപയോഗിക്കാവുന്നതാണ്. ആര്‍ത്തവം ആരംഭിച്ച് ഉപയോഗിക്കുന്നതിന് മുമ്പും ആര്‍ത്തവത്തിന് ശേഷവും നല്ലവെള്ളം തിളപ്പിച്ച വെള്ളത്തില്‍ കഴുകി വേണം ഇത് വൃത്തിയാക്കാന്‍.
ഇന്ന് സാധാരണയായി ഡോക്ടര്‍മാരും മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കാറുണ്ട്.
മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നവര്‍ അത് വളരെയധികം ആശ്വാസകരമാണെന്നാണ് പറയാറുള്ളത്. ആദ്യമായി ഉപയോഗിച്ച് തുടങ്ങുന്നവര്‍ക്ക് സ്വാഭാവികമായും അല്‍പ്പം സംശയങ്ങള്‍ കാണും. ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വേണ്ടത്ര അവഗാഹം ഇല്ലാത്തതിനാലാണിത്. എന്നാല്‍ ഉപയോഗിച്ച് കുറച്ച് ദിവസങ്ങള്‍ കഴിയുമ്പോള്‍ ഇതെല്ലാം മാറിക്കിട്ടും.
തുണിയും പാഡും ഉപയോഗിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് മെന്‍സ്ട്രല്‍ കപ്പ് ആര്‍ത്തവ സമയത്ത് ഉപയോഗിക്കുന്നത്. തുണി അലക്കി ഉണക്കുന്നതിന്റെ ബുദ്ധിമുട്ടില്ല. പാഡ് എങ്ങനെ കളയും എന്നത് ആലോചിക്കേണ്ടതില്ല. കൂടാതെ പരിസ്ഥിതി സൗഹാര്‍ദ്ദ മാര്‍ഗ്ഗം കൂടിയാണ് മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുക എന്നത്.
ചില ആളുകള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ഗര്‍ഭപാത്രം താഴ്ന്ന് ഇരിക്കുന്നവര്‍, കോപ്പര്‍ ടി പോലുള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗം ഉപയോഗിക്കുന്നവര്‍ തുടങ്ങിയവര്‍ ഡോക്ടറെ കണ്ട് ഉപദേശം സ്വീകരിച്ച ശേഷം ഉപയോഗിക്കുക.
മെന്‍സ്ട്രല്‍ കപ്പ് വാങ്ങുമ്പോളും ചിലകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം പ്രസവിച്ചവര്‍ക്കും കന്യകമാര്‍ക്കും ഒരേ അളവിലുള്ള മെന്‍സ്ട്രല്‍ കപ്പല്ല വേണ്ടത്. അത്‌പോലെ തന്നെ ആര്‍ത്തവ സമയത്ത് രക്തസ്രാവം കൂടുതല്‍ ഉള്ളവര്‍ക്കും അളവ് വ്യത്യാസമുണ്ടാകും. അതുകൊണ്ട് തന്നെ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറെ കണ്ട് ഉപദേശം സ്വീകരിക്കുന്നതാണ് അഭികാമ്യം.