ആര്‍ത്തവമെന്നു പറയുന്നത് സ്ത്രീക്ക് സാധാരണയായി നടക്കുന്ന ഒരു കാര്യമാണ്. ആ സമയത്ത് കുറച്ചു കൂടുതല്‍ വിശ്രമം എടുക്കണമെന്ന് തോന്നിയാല്‍ വിശ്രമിക്കുക, നല്ല പോഷക
ഗുണമുള്ള ആഹാരം കഴിക്കുക, അതുപോലെ തന്നെ ചിലര്‍ക്ക് നല്ല വേദനയുണ്ടാകും, ചിലര്‍ക്ക് രക്തം പോകുന്നത് കൂടുതലായിരിക്കും അതുമല്ലെങ്കില്‍ ചിലര്‍ക്ക് അവിടെ ചൊറിച്ചില്‍ തുടങ്ങിയ ബുദ്ധിമുട്ടുകളെല്ലാം ഉണ്ടാകും. അങ്ങനെയുള്ളവര്‍ ഡോക്ടറെ കാണിക്കുക. ആര്‍ത്തവമെന്നത് തെറ്റാണ, നാണക്കേട് തോന്നേണ്ട ഒരു കാര്യമാണ്, പേടി തോന്നേണ്ട കാര്യമാണ് എന്നിങ്ങനെയൊക്കെ ചിന്തിച്ച് കൂടുതല്‍ ടെന്‍ഷനടിക്കാതെ എപ്പോഴും നല്ല പോസിറ്റീവായിരിക്കാന്‍ ശ്രമിക്കുക. അതുപോലെ തന്നെയാണ് ആര്‍ത്തവത്തിന്റെ സമയത്ത് നഖം മുറിക്കാന്‍ പാടില്ല, മുടി വെട്ടാന്‍ പാടില്ല, മുടി ചീകാന്‍ പാടില്ല, തുടങ്ങിയ തെറ്റിദ്ധാരണകള്‍.
നമ്മുടെ നാട്ടില്‍ ആര്‍ത്തവമെന്ന് പറഞ്ഞാല്‍ വലിയൊരു ഒളിച്ചു കളിയാണ്. ആര്‍ത്തവ സമയത്ത് നോമ്പ് എടുക്കരുത് എന്നു പറയുന്നതിന്റെ കാരണം നമ്മള്‍ ഈ സമയത്ത് നിരവധി ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നു പോകുന്നതിനാലാണ്. അങ്ങനെയൊരു സമയത്ത് നോമ്പു എടുക്കുന്നതിന്റെ ഒരു ബുദ്ധിമുട്ട് കൂടി വരാതിരിക്കാനാണ് നോമ്പ് എടുക്കണ്ട എന്നു പറയുന്നത്. പക്ഷേ നമ്മൂടെ നാട്ടില്‍ നോമ്പു എടുക്കാതിരിക്കുക എന്നത് വലിയ തെറ്റായാണ് കാണുന്നത്. അതുകൊണ്ടു തന്നെ ആര്‍ത്തവ സമയത്ത് നോമ്പ് എടുക്കാന്‍ കഴിയാത്ത ചിലരുണ്ടാകാം. ആ പെണ്‍കുട്ടികള്‍ വീട്ടില്‍ ഒളിച്ചിരുന്ന് കഷ്ടപ്പെട്ട് വേണം ഭക്ഷണം കഴിക്കാന്‍. അപ്പോളെന്താണ് സംഭവിക്കുന്നത് എന്നു വെച്ചാല്‍ ആവശ്യത്തിന് വെള്ളവും പോഷകവും ഒക്കെ കിട്ടേണ്ട സമയത്ത് എല്ലാവരും കാണ്‍കെ ഭക്ഷണം കഴിക്കേണ്ട എന്നു പറയുന്നതു കൊണ്ട് ആ സമയത്ത് പോഷക കുറവാണ് പെണ്‍കുട്ടിയ്ക്ക് സംഭവിക്കുന്നത്. നമ്മള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ട സമയത്ത് ആര്‍ത്തവത്തെ കുറിച്ചുള്ള തെറ്റിദ്ധാരണ കാരണം നമ്മള്‍ ആ കുട്ടികളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുകയാണ് ചെയ്യുന്നത്.
എന്തൊക്കെയാണ് നമ്മള്‍ ശുചിത്വപരമായി ശ്രദ്ധിക്കേണ്ടത്- ആര്‍ത്തവ സമയത്ത് എല്ലാവര്‍ക്കം വെള്ളം കുടിക്കാന്‍ നല്ല മടിയായിരിക്കും, ബാത്ത് റൂമില്‍ പോകാന്‍ മടിയായിരിക്കും. പക്ഷേ ഇങ്ങനെ ചെയ്യുന്നത് വലിയ തെറ്റാണ്. കാരണം ശരീരത്തിലെ രക്തം നാം രക്തം പാഡ് ഉപയോഗിച്ചും തുണിയുപയോഗിച്ചും തടഞ്ഞു നിര്‍ത്തുമ്പോള്‍ അണുക്കള്‍ കൂടി അണുബാധ ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെ അണുബാധ വരുമ്പോള്‍ ചൊറിച്ചില്‍, അതുമൂലമുള്ള അലര്‍ജി, രക്തം തങ്ങി നില്‍ക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ദുര്‍ഗന്ധം, ഇങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകള്‍ പെണ്‍കുട്ടിയ്ക്ക് ഉണ്ടാകും. നേരത്തെ പറഞ്ഞ പോലെ വെള്ളം ആവശ്യത്തിന് കുടിക്കാതിരിക്കുക, ബാത്റൂമില്‍ പോകാന്‍ മടി കാരണം മൂത്രം പിടിച്ചു വയ്ക്കുക, ഇങ്ങനെയൊക്കെ ഉണ്ടാകുമ്പോള്‍ മൂത്രത്തില്‍ പഴുപ്പ് വരാനുള്ള സാഹചര്യം കൂടുതലാണ്. അതിനാല്‍ ഇടയ്ക്കിടയ്ക്ക് ബാത്റൂമില്‍ പോകുക, വൃത്തിയായി കഴുകുക, ഉരച്ച് കഴുകുമ്പോള്‍ മുന്നില്‍ നിന്ന് പിന്നിലേക്കുള്ള ഡയറക്ഷനില്‍ കഴുകാന്‍ എപ്പോഴും ശ്രദ്ധിക്കുക. പിന്നെ നമ്മള്‍ പരസ്യത്തിലൊക്കെ കാണുന്നുണ്ടാകും 12 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന പാഡ് അല്ലെങ്കില്‍ ഒരുപാട് മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന പാഡ് എന്നിങ്ങനെ. ഏറ്റവും ഉത്തമം 4-6 മണിക്കൂര്‍ കൂടുമ്പോള്‍ എത്ര കൂടുതല്‍ രക്തമായാലും കുറവ് രക്തമായാലും പാഡ്/ തുണി മാറുക എന്നതാണ് ഉത്തമം. പുറത്ത് പോകുമ്പോള്‍ ബാത്റൂമുകളുടെ ബുദ്ധിമുട്ടുണ്ട്, സ്‌കൂളുകളിലാണെങ്കിലും ബുദ്ധിമുട്ടാണ്. എന്നിരുന്നാലും എത്രയും വേഗം രക്തം നിറഞ്ഞ പാഡ് മാറുക എന്നതു തന്നെയാണ് ഉത്തമം. ഇത് മറ്റ് രോഗങ്ങളില്‍ ഉണ്ടാകുന്നതില്‍ നിന്ന് നമ്മെ സംരക്ഷിക്കും.
ചിലര്‍ ആര്‍ത്തവ സമയത്ത് സോപ്പ് ഉപയോഗിച്ച് ചൂടുവെള്ളത്തില്‍ സ്വകാര്യ ഭാഗങ്ങള്‍ കഴുകും. അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ ശരീരത്തില്‍ നോര്‍മലായി പ്രതിരോധത്തിന് വേണ്ടിയുള്ള ലാക്ടോ ബാറ്റിലെസ് എന്നതിനെ നശിപ്പിക്കാനാണ് സാധ്യത കൂടുന്നത്. അത് അണുബാധ കൂടുന്നതിനെ ഉപകരിക്കൂ. അതുകൊണ്ടു തന്നെ സാധാ വെള്ളം ഉപയോഗിച്ച് കഴുകുക. അല്ലാത്ത പക്ഷം അത് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുകയേ ഉള്ളു.
ആര്‍ത്തവ നേരത്ത് പാഡിന് പകരം തുണി ഉപയോഗിക്കുന്നവരുണ്ടാകും. ഇത്തരക്കാര്‍ പൊതുവേ പഴയ തുണികള്‍ മറ്റും കീറിയാണ് ്ഉപയോഗിക്കുക. ഒരുപാട് ഉപയോഗിച്ച പഴകിയ തുണിയാണ് നമ്മള്‍ ഇത്രയും വലിയൊരു ആവശ്യത്തിന് വേണ്ടി, അതു നമ്മുടെ സ്വകാര്യ ഭാഗത്ത് വയ്ക്കാന്‍ ഉപയോഗിക്കുന്നത്. പിന്നെയുള്ള പ്രശ്‌നം ഈ തുണി എല്ലാവരും കാണുന്നിടത്ത് ഉണക്കാന്‍ ഇടാന്‍ പാടില്ല എന്ന തെറ്റിദ്ധാരണ മൂലം എല്ലാവരും ഒഴിഞ്ഞ ഒരിടത്ത് അല്ലെങ്കില്‍ വെയിലില്ലാത്ത സ്ഥലത്തൊക്കെ ഈ തുണി ഉണക്കാനിടും. ഇതു കാരണം ആ തുണി മര്യാദയക്ക് ഉണങ്ങില്ല, നല്ല വണ്ണം വെയില് കിട്ടില്ല, തുണി ആരും കാണാതെ ഒളിപ്പിക്കുന്ന സ്ഥലങ്ങളുടെ വൃത്തിഹീനതയും കൂടുതല്‍ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുക. തുണിയുപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടത് പുതിയ തുണികള്‍ പരമാവധി ഉപയോഗിക്കുക. അതുപോരെ ആ തുണി നല്ലവണ്ണം സോപ്പിട്ട് കഴുകി വെയിലത്തിട്ട് ഉണക്കിയെടുക്കുക. ഇത് ഉണക്കിയെടുത്ത് മടക്കി പ്ലാസിറ്റിക് കവറിലിട്ട് പ്രാണികളൊന്നും കയറാതെ സുരക്ഷിതമായിടത്ത് സൂക്ഷിക്കുക. തുണിയാണെങ്കിലും പാഡാണെങ്കിലും രക്തം കുറഞ്ഞ് വരുന്ന ദിവസങ്ങളാണെങ്കില്‍ പോലും അത് ആറു മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുക.
കൂടുതല്‍ ആളുകളും സാനിറ്ററി പാഡുകളാണ് ഉപയോഗിക്കുന്നത്. പാഡാണെങ്കിലും സെലക്ട് ചെയ്യുമ്പോള്‍ കോട്ടന്റെ പാഡുകള്‍ നോക്കി വാങ്ങാന്‍ ശ്രമിക്കുക. കാരണം ചില മെറ്റീരിയലുകള്‍ നമുക്ക് അലര്‍ജിയും ബുദ്ധിമുട്ടും സൃഷ്ടിക്കും. പാഡാണെങ്കിലും 4-6 മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുക. ഇത് കളയാനായി പലരും ടോയ്‌ലറ്റിനുള്ളിലിട്ട് ഫ്‌ളെഷ് ചെയ്യാറുണ്ട്. അങ്ങനെ ചെയ്യുന്നത് മണ്ടത്തരമാണ്. ഇത് നന്നായി ഒരു പേപ്പറില്‍ പൊതിഞ്ഞ് മൂടിയുള്ള വേയ്സ്റ്റ് ബോക്‌സില്‍ ഇട്ട് വയ്ക്കുക, ശേഷം സമയം കിട്ടുമ്പോള്‍ എടുത്ത് കത്തിക്കുക. ഇങ്ങനാണ് പാഡ് നശിപ്പിക്കേണ്ടത്.
തുണിയും പാഡുമല്ലാതെ പിന്നെ നമ്മള്‍ ഉപയോഗിക്കുന്ന ചില സാധനങ്ങളാണ് മെന്‍സ്ട്രല്‍ കപ്പ് അലെങ്കില്‍ ടാംബോണ്‍സ്. പിന്നെ പുതിയതായി വന്നിട്ടുണ്ട് പിരീഡ്‌സ് സ്‌പോഞ്ചസ് മറ്റ് പ്രത്യേക തരം അണ്ടര്‍ ഗാര്‍മെന്റ്‌സ് എല്ലാം. പത്രത്തിലെല്ലാവരും വായിച്ചു കാണും നമ്മുടെ ഗവണ്‍മെന്റ് തന്നെ ഷി പാഡ് എന്നൊരു പദ്ധതിയുമായി മുന്നോട്ടു പോവുകയാണെന്ന്. അതായത് സ്‌കൂള്‍ കുട്ടികള്‍ക്ക് പാഡ് കിട്ടുന്ന മിഷന്‍ എല്ലാ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ഥാപിക്കുക. ആ പാഡ് കളയാനുള്ള സഹായങ്ങള്‍ ഒരുക്കി കൊടുക്കുക. നല്ല ബാത്ത് റൂം സൗകര്യം ഉണ്ടാക്കി കൊടുക്കുക എന്നിങ്ങനെ നമ്മുടെ ആവശ്യങ്ങള്‍ക്കു വേണ്ടി നമ്മുടെ ഗവണ്‍മെന്റ് തന്നെ കൂടെ നില്‍ക്കുമ്പോള്‍ നമ്മളാണ് പെണ്‍കുട്ടികളെയും സ്ത്രീകളെയും കൂടെ നിര്‍ത്തി മുന്നോട്ട് കൊണ്ടു പോകേണ്ടത്. അല്ലാതെ ആര്‍ത്തവം അശുദ്ധമാണെന്ന് ചിന്തിക്കേണ്ടതില്ല. നമ്മള്‍ സ്ത്രീകള്‍ തന്നെയാണ് ഈ ചിന്തയ്ക്ക് ഒരു കാരണം. ആര്‍ത്തവം അശുദ്ധമാണെന്ന്കരുതി നമ്മള്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുമ്പോള്‍ നമ്മള്‍ നമ്മളോടു തന്നെയാണ് തെറ്റ് ചെയ്യുന്നത്. ഈ ലോകത്ത് സ്ത്രീകള്‍ക്ക് മാത്രമായി ഒരുപാട് ശരികളുണ്ട്. അതിലൊരു ശരിയാണ് ആര്‍ത്തവം.