2019 മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുകയാണ്. പുകയിലയുടെ എതു തരത്തിലുള്ള ഉപയോഗവും ആരോഗ്യത്തിന് ഹാനികരമാണെന്നും ആയുസ്സെത്താതെയുള്ള മരണത്തിനിടയാക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. കാന്‍സര്‍, ശ്വാസകോശരോഗങ്ങള്‍, ഹൃദ്രോഗം, ധമനിരോഗങ്ങള്, പക്ഷാഘാതം, ആമാശയ കുടല് വൃണങ്ങള്‍, പുരുഷന്മാരില് ഷണ്ഡത്വം തുടങ്ങിയവ പുകയിലയുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളാണ്.
ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്താകമാനം ഓരോ 8 സെക്കന്റിലും ഒരാള്‍ വീതം പുകയില ജന്യമായ രോഗം നിമിത്തം മരണപ്പെടുന്നു. പുകയില ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുവാന്‍ ലക്ഷ്യമിട്ടാണ് എല്ലാ വര്‍ഷവും മെയ് 31 ലോക പുകയില വിരുദ്ധദിനമായി ആചരിക്കുന്നത്. പുകയിലയും ശ്വാസകോശ ആരോഗ്യവും എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ദിനാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പുകയിലയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക, കലാലയങ്ങള്‍ പുകയില വിമുക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യവകുപ്പ് എറണാകുളം ജില്ലയില്‍ ‘പുകയിലരഹിതം എന്റെ കലാലയം’ എന്ന ക്യാമ്പയിന് സംഘടിപ്പിക്കുന്നു.
ദിനാചരണത്തിന്റെ ഉദ്ഘാടനവും ക്യാമ്പയിന് ഉദ്ഘാടനവും 2019 മെയ് 31ന് രാവിലെ 10 മണിക്ക് കളമശ്ശേരി ഗവ ഐ റ്റി ഐയില്‍ വെച്ച് വി കെ ഇബ്രാഹിം കുഞ്ഞ് നിര്‍വ്വഹിക്കുന്നു. കളമശ്ശേരി നഗരസഭ ചെയര്‍പേഴ്സണ്‍ റൂഖിയ ജമാല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം, ഗവ. ഐ റ്റി ഐ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.