spot_img

സ്മാര്‍ട് ഫോണ്‍ ഉപയോഗവും ആരോഗ്യ പ്രശ്‌നങ്ങളും

കുറച്ചു നേരത്തേക്കു പോലും സെല്‍ഫോണിനെ പിരിയാന്‍ വയ്യാത്തവരായി നാം മാറിക്കഴിഞ്ഞു. ആരെങ്കിലും മെസേജ് ചെയ്തിട്ടുണ്ടോ, ഫെയ്‌സ്ബുക്ക് നോട്ടിഫിക്കേഷന്‍ വന്നിട്ടുണ്ടോ എന്ന ആകാംക്ഷയില്‍ ഓരോ പതിനഞ്ചു മിനിറ്റിലും ഫോണെടുത്ത് പരിശോധിക്കുന്നവരാണ് പലരും. 18 നും 44 നുമിടയില്‍ പ്രായമുള്ളവര്‍ ദിവസവും രണ്ടു മണിക്കൂറെങ്കിലും സ്മാര്‍ട് ഫോണില്‍ ചെലവിടുന്നുവെന്നാണ് കണക്ക്. പലര്‍ക്കും ഇതൊരു ആസക്തി (addiction) യായി മാറിക്കഴിഞ്ഞു. 14-18 വയസുള്ള വിദ്യാര്‍ത്ഥികളിലും വലിയ തോതില്‍ സെല്‍ ഫോണ്‍ ആശ്രിതത്വം കണ്ടുവരുന്നു. സെല്‍ഫോണ്‍ ആശ്രിതത്വം ആളുകളില്‍ പെരുമാറ്റ വൈകല്യങ്ങളും ശാരീരിക പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

 

സ്മാര്‍ട് ഫോണ്‍ ആസക്തിയുള്ളവരില്‍ (എല്ലാ പ്രായത്തിലുമുള്ള) പൊതുവായി കാണപ്പെടുന്ന ചില ലക്ഷണങ്ങള്‍.

 

  1. ഉല്‍ക്കണ്ഠ, ക്ഷമയില്ലായ്മ
  2. പ്രതികരണം / മറുപടി കിട്ടാതെ വരുമ്പോഴോ കൊടുക്കാന്‍ പറ്റാതെ വരുമ്പോഴോ സമ്മര്‍ദ്ദം
  3. അധിക നേരത്തേക്ക് ഫോണില്‍ നിന്ന് ദൂരത്താകേണ്ടി വരുമ്പോള്‍ അസ്വസ്ഥത
  4. മീറ്റിങ്ങുകളിലോ മറ്റു പ്രൊഫഷണല്‍ ആവശ്യങ്ങളിലോ ആയിരിക്കുമ്പോള്‍ പോലും ഫോണ്‍ ഇടയ്ക്കിടെ പരിശോധിക്കുക.
  5. ഫോണില്‍ മുഴുകി ഇരിക്കുന്നതിനാല്‍ മറ്റു പലതും മറന്നുപോകുക
  6. ഉറക്കം പോലും നീട്ടിവെക്കുക
  7. ഉല്‍പ്പാദന ക്ഷമതയും കാര്യശേഷിയും കുറയുക

 

സ്ഥിരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ഫോണ്‍ അഡിക്ഷന്‍ ഉള്ളവര്‍ക്കും ഉണ്ടായേക്കാവുന്ന ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ എന്തെന്നു നോക്കാം.

 

  1. സമ്മര്‍ദ്ദം, ഉല്‍ക്കണ്ഠ, വിഷാദം

ഫോണിന്റെ അടുത്തുനിന്ന് കുറച്ചുസമയം മാറിനില്‍ക്കേണ്ടിവരികയും എന്നാല്‍ ഫോണില്‍ നോട്ടിഫിക്കേഷനുകള്‍ വരുന്ന ശബ്ദം കേള്‍ക്കുകയും ചെയ്യുമ്പോള്‍ അതെന്താണെന്നറിയാനുള്ള ഉല്‍ക്കണ്ഠ ഉണ്ടാകുന്നു. എന്നാല്‍ ഉടനെയൊന്നും ഫോണെടുത്ത് നോക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് മനസ്സിന് സമ്മര്‍ദ്ദമേകുന്നു. ഫോണുപയോഗം ഉല്‍ക്കണ്ഠയും മാനസിക സമ്മര്‍ദ്ദവും ഉണ്ടാക്കുന്ന രീതിയാണിത്. ഇനി ഈ രണ്ടു പ്രശ്‌നങ്ങളോടും പൊരുത്തപ്പെട്ടു പോകാനോ ഇവയെ അതിജീവിക്കാനോ കഴിയാതെ വരുമ്പോള്‍ വിഷാദരോഗവും പിടിപെടുന്നു. ഈ മാനസിക പ്രയാസങ്ങള്‍ ഭാവിയില്‍ പലവിധ മാനസിക രോഗങ്ങള്‍ക്കും ഇടയാക്കിയേക്കും. എന്തുതരത്തിലുള്ള കാര്യങ്ങളാണ് ഫോണില്‍ ചെയ്യുന്നതെങ്കിലും രണ്ടു മണിക്കൂറിലധികം ഫോണുപയോഗിക്കുന്ന കുട്ടികളില്‍ ആത്മഹത്യാ പ്രേരണ കണ്ടുവരുന്നതായി പഠനങ്ങള്‍ പറയുന്നു.

 

  1. ഉറക്കം തടസ്സപ്പെടല്‍

പണ്ട് കുട്ടികളും മുതിര്‍ന്നവരും ഉറങ്ങുമ്പോള്‍ കൈയില്‍ പുസ്തകങ്ങളായിരുന്നെങ്കില്‍ ഇന്നത് ഫോണാണ്. ഉറങ്ങുന്നതിനു മുന്‍പും ഉണര്‍ന്നാലുടനും നമ്മള്‍ ആദ്യം നോക്കുന്നത് ഫോണിലാണ്. സ്മാര്‍ട്‌ഫോണ്‍ ഉപയോഗം കൂടുന്നത് കുട്ടികളില്‍ പ്രത്യേകിച്ചും കുറഞ്ഞ ഉറക്കം, തടസ്സപ്പെട്ട ഉറക്കം എന്നിവയ്ക്ക് കാരണമാകുന്നു. ഉറക്കക്കുറവിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വേറെയും.

 

  1. ശ്രദ്ധ, ഏകാഗ്രത, പഠന മികവ് എന്നിവ കുറയുന്നു

സ്മാര്‍ട് ഫോണുകള്‍ നമ്മുടെ ശ്രദ്ധയും ഏകാഗ്രതയും കുറക്കുന്നുവെന്നാണ് പഠനങ്ങള്‍. വിദ്യാര്‍ത്ഥികളിലാണ് ഇത് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നത്. ശ്രദ്ധക്കുറവ് അവരുടെ പഠനനിലവാരത്തെ മോശമായി ബാധിക്കുന്നു.

ഫോണ്‍ ഉപയോഗിക്കാന്‍ പറ്റാതെ മറ്റെന്തെങ്കിലും പ്രവൃത്തി ചെയ്യുന്നവര്‍ക്ക് അവരുടെ ഫോണിലെ നോട്ടിഫിക്കേഷന്‍ ശബ്ദം അതെടുത്ത് നോക്കാനുള്ള പ്രേരണയുണ്ടാക്കും. എന്നാല്‍ അതിനു കഴിയാതെ വരുന്നത് ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ താല്‍പര്യം കുറക്കുന്നതിന് കാരണമാകുന്നു.

 

  1. ദേഹഭാവം (Posture) വഷളാകുന്നു

ഫോണില്‍ സ്ഥിരമായി നോക്കിയിരിക്കുന്നത് ദേഹഭാവത്തെ മോശമായ രീതിയില്‍ ബാധിക്കുന്നു. കഴുത്ത് മുന്നോട്ടു നീട്ടിയിരുന്നാണ് പലരും ഫോണില്‍ ശ്രദ്ധിക്കുന്നത്. ഇത് പിന്നീട് കഴുത്തിനും നടുവിനും അസ്ഥികള്‍ക്കും കേടുപാടുകള്‍ വരുത്തിവെക്കും. വ്യത്യസ്തമായ ദേഹഭാവത്തില്‍ ഫോണ്‍ നോക്കുന്നത് ശ്വസന പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

 

  1. കാഴ്ചശക്തിയെ ബാധിക്കുന്നു

അമിതമായ ഫോണ്‍ ഉപയോഗം കാഴ്ചശക്തിയെ ബാധിക്കുന്നു. ഫോണിന്റെ പ്രകാശം അമിതമായി കണ്ണിനേല്‍ക്കുന്നത് മയോപ്പിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഫോണില്‍ നിന്നുള്ള എച്ച്ഇവി, ബ്ലു ലൈറ്റുകള്‍ കണ്ണിന്, പ്രത്യേകിച്ച് റെറ്റിനക്ക് അപകടകരമാണ്. കാഴ്ചയെ ബാധിക്കുന്നത് പലപ്പോഴും തിരിച്ചറിയുന്നത് കണ്ണിലെ വേദന, കണ്ണ് കടച്ചില്‍, തലവേദന എന്നീ ലക്ഷണങ്ങളിലൂടെയാണ്.

 

  1. അര്‍ബുദ സാധ്യത കൂട്ടുന്നു

സെല്‍ ഫോണ്‍ പുറത്തേക്കുവിടുന്ന റേഡിയോ തരംഗങ്ങള്‍ ഫോണുമായി ചേര്‍ന്നിരിക്കുന്ന ശരീര ഭാഗത്തിലെ കോശങ്ങള്‍ സ്വീകരിക്കുന്നത് അര്‍ബുദ സാധ്യത കൂട്ടുന്നു. കുട്ടികളിലാണ് ഇതിനുള്ള സാധ്യത കൂടുതല്‍.

 

സെല്‍ ഫോണ്‍ ആസക്തിയില്‍ നിന്ന് പുറത്തു കടക്കാം

  1. ഉറപ്പായും ഫോണില്‍ നിന്ന് അകലം പാലിക്കുന്ന കുറച്ചു സമയം ദിവസവും ഉണ്ടാവണം. ഇത് കൃത്യമായി പ്ലാന്‍ ചെയ്ത് നടപ്പാക്കണം.
  2. ഫോണ്‍ ബെഡില്‍ നിന്ന് ദൂരെ വെച്ച് ഉറങ്ങണം. ഉണരാനുള്ള അലാറത്തിനായി ഒരു യഥാര്‍ത്ഥ അലാറം തന്നെ വാങ്ങിവെക്കുക.
  3. ഡ്രൈവിങിനു മുന്‍പ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക.
  4. ഫോണില്‍ ചെലവഴിക്കുന്ന സമയം കുറച്ച് ആളുകളെ നേരിട്ടു കണ്ടു സംസാരിക്കുന്ന രീതി ആരംഭിക്കുക. ആ സമയം ഫോണിലെ നോട്ടിഫിക്കേഷന്‍ ഓഫ് ചെയ്തുവെക്കുക.
  5. പുതിയൊരു ഹോബി കണ്ടെത്തി അതില്‍ സമയം ചെലവിടുക.
  6. ഫോണുപയോഗം നിയന്ത്രിക്കാന്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സഹായം തേടുക.
  7. ഓരോ 20 മിനിറ്റിലും 20 സെക്കന്‍ഡ് ബ്രേക്കെടുത്ത് 20 അടി അകലെയുള്ള എന്തെങ്കിലും വസ്തുവില്‍ നോക്കുക. ഇത് കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറക്കാന്‍ നല്ലതാണ്.

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.