അമിതവണ്ണമുള്ളവരുടെയും മെലിഞ്ഞ ശരീരപ്രക്യതക്കാരുടെയും ഏറ്റവും വലിയ സംശങ്ങളിൽ ഒന്നാണ് എത്ര കലോറി ഭക്ഷണം കഴിച്ചാൽ ക്യത്യമായ ശരീരഭാരം നിലനിർത്താം എന്ന കാര്യം. അമിതവണ്ണമുള്ളവർക്കാണ് മെലിഞ്ഞിരിക്കുന്നവരേക്കാൾ കൂടുതൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുക എന്ന സുപ്രധാന വസ്തുതയും നിലനിൽക്കുകയാണ്. എല്ലാ മനുഷ്യരും ശരീരഘടനയിൽ വ്യത്യസ്തരാണ്. ശരീരത്തിന്റെ ഭാരം, ഉയരം എന്നിങ്ങനെ പലരീതിയിലും വ്യത്യസ്തരായ ഓരോ വ്യക്തിക്കും ഒരേ തരത്തിലുള്ള കലോറി ആവശ്യമില്ല. പ്രത്യേകിച്ചും ശാരീരികാധ്വാനം കൂടുതലുള്ളവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ കലോറി അടങ്ങിയ ഭക്ഷണം ആവശ്യമാണ് അല്ലെങ്കിൽ അവരുടെ ശരീരം പെട്ടെന്ന് ക്ഷീണിക്കാൻ തുടങ്ങും. നിങ്ങൾ കഴിയ്ക്കുന്നത് എത്ര കലോറിയാണോ അത്രതന്നെ കലോറി നിങ്ങൾ നഷ്ടപ്പെടുത്തുകയും വേണം, ശരീരത്തിൽ കലോറിയുടെ അളവ് കൂടുന്നതാണ് പിന്നീട് പൊണ്ണത്തടി അടക്കമുള്ള പല പ്രശ്‌നങ്ങൾക്കും രോഗങ്ങൾക്കും കാരണമാകുന്നത്. നിങ്ങൾ ഇപ്പോഴുള്ള നിങ്ങളുടെ ശരീരഭാരത്തിൽ ത്യപ്തനാണെങ്കിൽ അത് തന്നെ തുടരാവുന്നതാണ്. അതേ സമയം നിങ്ങളുടെ ശരീരത്തിലെ കലോറിയെ ഉരുക്കിക്കളയുന്നുണ്ടെന്നും ഉറപ്പു വരുത്തണം. എന്തെല്ലാം കാര്യങ്ങളാണ് ശരീരഭാരം നിയന്ത്രിക്കുന്നതിൽ ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.
കലോറിയില്ലാതെ ജീവിക്കാനാവില്ല
കലോറി അമിതമായാൽ ശരീരത്തിന് ദോഷം ചെയ്യും എന്നതുപോലെ തന്നെ അതിന്റെ അളവ് കുറയുന്നതും ശരീരത്തിന് ഹാനികരമാണ്. ഭക്ഷണത്തിലൂടെ ശരീരത്തിൽ എത്തുന്ന കലോറിയിൽ നിന്നാണ് ശാരീരിക പ്രവർത്തനങ്ങൾക്കായുള്ള ഊർജം കണ്ടെത്തുന്നത്. ശരീരത്തിന്റെ ആന്തരീകാവയവങ്ങളും ബാഹ്യ അവയവങ്ങളും പ്രവർത്തിക്കണമെങ്കിൽ ഊർജം ആവശ്യമാണ്. അതിനാൽ കലോറിയടങ്ങിയ ഭക്ഷണങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
ഓരോ ആൾക്കും വ്യത്യസ്ത അളവ്
മനുഷ്യന്റെ ശാരീരിക ഘടന അനുസരിച്ച് തൂക്കത്തിലും ഉയരത്തിലും മറ്റു പല കാര്യങ്ങളിലും ഓരോ മനുഷ്യരും വിഭിന്നരായിരിക്കും. കായികാധ്വാനം ഏറെ ആവശ്യമുള്ള അത്‌ലറ്റുകൾക്കാവശ്യമായ കലോറി ഓഫീസിലിരുന്ന് ജോലി ചെയ്യുന്ന ഒരാൾക്ക് ആവശ്യമില്ല. അതിനാൽ പ്രായം, ജോലി, ഭാരം എന്നിവയെല്ലാം കലോറി എത്രമാത്രം ഒരാൾക്ക് ആവശ്യമാണ് എന്ന് തീരുമാനിക്കുന്ന ഘടങ്ങളാണ്.
ശരീരഭാരം നിയന്ത്രിക്കാൻ കലോറി നഷ്ടപ്പെടുത്തുക
എത്ര കലോറി അടങ്ങിയ ഭക്ഷണമാണോ നിങ്ങൾ കഴിയ്ക്കുന്നത് അത്ര തന്നെ കലോറി നിങ്ങൾ ഉപയോഗിക്കുകയും വേണം. എങ്കിൽ മാത്രമേ ക്യത്യമായ, ആരോഗ്യകരമായ ഭാരം നിങ്ങൾക്ക് നിലനിർത്താൻ സാധിക്കൂ. അല്ലാത്ത പക്ഷം അമിതവണ്ണമോ തൂക്കക്കുറവോ നിങ്ങളെ പിടികൂടിയേക്കാം. നിങ്ങൾ ഒരു ദിവസം 2000 കലോറി ആഗീകരണം ചെയ്‌തെങ്കിൽ ആ ദിവസത്തെ പ്രവർത്തനങ്ങളിലൂടെ 2000 കലോറിയും നിങ്ങൾ നഷ്ടപ്പെടുത്തിയിരിക്കണം.
കലോറി കണക്കുക്കൂട്ടുക
നിങ്ങൾ കഴിയ്ക്കുന്ന ഭക്ഷണത്തിൽ നിന്ന് എത്ര കലോറി നിങ്ങൾക്ക് ലഭിക്കും എന്ന് ക്യത്യമായി കണക്കുകൂട്ടുക. അതിന്റെ അടിസ്ഥാനത്തിൽ ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കും. നിങ്ങളുടെ ശരീരഭാരം 14,17 മായി ഗുണിച്ചു നോക്കുമ്പോൾ നിങ്ങളുടെ ആവറേജ് കലോറി എത്രയെന്ന് കണ്ടുപിടിക്കാനാകും. കലോറി കണക്കുകൂട്ടാൻ നിങ്ങൾക്കറിയാവുന്ന മറ്റ് മാർഗങ്ങളും പരീക്ഷിക്കാവുന്നതാണ്.
ആഹാരം ക്യത്യമായി കഴിയ്ക്കുക
ക്യത്യമായി ആഹാരം കഴിയ്ക്കുന്നതും ശരീരഭാരം നിയന്ത്രിക്കുന്നതിന് അത്യാവശ്യമാണ്. പ്രത്യേകിച്ചും ശാരീരിക അധ്വാനത്തിൽ ഏർപ്പെടുന്നവർ. ഇത്തരക്കാർ ക്യത്യമായി ഭക്ഷണം കഴിയ്ക്കാതെ വന്നാൽ ജോലി ചെയ്യാനുള്ള ശരീരത്തിന്റെ ഊർജം പെട്ടെന്ന് നഷ്ടപ്പെടുകയും തലകറക്കം, ക്ഷീണം എന്നിവ അനുഭവപ്പെടാനും സാധ്യതയുണ്ട്.
- ഫൈബർ സമ്പുഷ്ടമായ പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
- പഞ്ചസാര ചേർക്കാത്ത പഴച്ചാറുകൾ
- ധാന്യങ്ങൾ
- കൊഴുപ്പില്ലാത്ത പാൽ ഉത്പന്നങ്ങൾ
- വറുക്കാതെ വേവിച്ചെടുത്ത മീനും ഇറച്ചിയും
- ഇത്തരം ഭക്ഷണങ്ങൽ കഴിയ്ക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരത്തിന് ആവശ്യമായ ഊർജവും പ്രദാനം ചെയ്യുന്നു.
ക്യത്യമായി സമയങ്ങളിൽ ഭക്ഷണം കഴിയ്ക്കാൻ കഴിയാത്തവർക്ക് ഇടവേളകളിൽ ലഘുഭക്ഷണങ്ങൾ കഴിയ്ക്കാവുന്നതാണ്. അതും ഫൈബർ സമ്പുഷ്ടമായ ഭക്ഷണങ്ങൾ. പാക്കറ്റ് ഫുഡ്, ഫാസ്റ്റ് ഫുഡ്, സോസ്, കോള, രാസപദാർത്ഥങ്ങൾ ചേർത്തുണ്ടാക്കുന്ന ഭക്ഷണങ്ങൾ, എണ്ണയിൽ വറുത്തത്, പഞ്ചസാര ധാരാളമടങ്ങിയ ഭക്ഷണങ്ങൾ ഇവ നിർബന്ധമായും ഒഴിവാക്കേണ്ടതാണ്.