പണ്ട് ധനികരുടെ വീട്ടിലെ ആര്‍ഭാടം മാത്രമായിരുന്നു എയര്‍കണ്ടീഷണര്‍ എങ്കില്‍ ഇന്നത് സാധാരണക്കാരുടെ പോലും ആവശ്യമായി മാറിയിരിക്കുന്നു. കൂടിവരുന്ന ചൂടും സഹിക്കവയ്യാതായ വേനലും എസിയുടെ ആവശ്യം വര്‍ധിപ്പിച്ചു. എസി തരുന്ന ആശ്വാസത്തിനും സുഖനിദ്രയ്ക്കും അപ്പുറം അതിന്റെ ദോഷവശങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല.
- നിര്‍ജ്ജലീകരണം
എയര്‍ കണ്ടീഷന്‍ഡ് മുറികളില്‍ നിര്‍ജ്ജലീകരണ നിരക്ക് കൂടുതലായിരിക്കും. മുറിയിലെ മുഴുവന്‍ ഈര്‍പ്പവും എസി വലിച്ചെടുക്കുന്നതിനാല്‍ നിങ്ങളുടെ ശരീരം വരണ്ടതായി മാറും. താപനില ഏറ്റവും കുറച്ചുവെക്കുകയും നിങ്ങള്‍ക്ക് നന്നായി തണുക്കുകയും വെള്ളം കുടിക്കാന്‍ തോന്നുകയും ചെയ്യുന്ന സമയത്താണ് ഇത് സംഭവിക്കുന്നത്.
- തലവേദന, മൈഗ്രേന്
എസിയുടെ മറ്റൊരു പാര്‍ശ്വഫലമാണ് തലവേദനയും മൈഗ്രേനും. മുറിക്കകത്തെ വായുവിന്റെ ക്വാളിറ്റി കുറവായിരിക്കുമ്പോഴാണ് ഇത്തരം അസ്വസ്ഥതകളുണ്ടാകുന്നത്. നിര്‍ജ്ജലീകരണമാണ് തലവേദനയ്ക്കും മൈഗ്രേനും കാരണമാകുന്നത്.
- ശ്വസന പ്രശ്നങ്ങള്‍
എസി റൂമില്‍ ധാരാളം സമയം ചെലവഴിക്കുന്നവര്‍ക്ക് അല്ലാത്തവരേക്കാള്‍ ശ്വസന പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മൂക്കില്‍ ബ്ലോക്ക്, തൊണ്ടയില്‍ വരള്‍ച്ച, റിനൈറ്റിസ് (മൂക്കില്‍ പഴുപ്പ്, നീര് എന്നിവയുണ്ടാകുന്ന രോഗം) എന്നീ പ്രയാസങ്ങളാണ് പൊതുവെ കണ്ടുവരുന്നത്. എസി മുറിയില്‍ കൂടുതല്‍ സമയം കഴിയുന്നവരില്‍ 28 ശതമാനം ആളുകള്‍ക്ക് റിനൈറ്റിസ് ഉണ്ടാകുമ്പോള്‍ എസി ഇല്ലാത്ത സ്ഥലങ്ങളില്‍ കഴിയുന്നവരില്‍ റിനൈറ്റിസ് ബാധിക്കുന്നവര്‍ അഞ്ച് ശതമാനം മാത്രമാണ്. എസിയില്‍ കഴിയുന്നവരില്‍ 35 ശതമാനം പേര്‍ക്ക് മൂക്കില്‍ ബ്ലോക്ക് ഉണ്ടാകുമ്പോള്‍ അല്ലാത്തയിടങ്ങളിലുള്ളവര്ക്ക് അത് ഒന്‍പത് ശതമാനമാണ്.
- ആലസ്യം
വീട്ടിലായാലും തൊഴിലിടത്തിലായാലും എസി നിങ്ങളെ തണുപ്പിക്കാനും കൂടുതല്‍ ഊര്ജ്ജസ്വലരാക്കാനുമാണ്. എന്നാല്‍ പലപ്പോഴും നേരേ മറിച്ചാണ് സംഭവിക്കുന്നത്. എസിയില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ മയക്കം അനുഭവപ്പെടുന്നു. എസി ഇല്ലാത്ത സ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യുന്നവരേക്കാള്‍ ആലസ്യവും ഇവര്‍ പ്രകടിപ്പിക്കുന്നു.
- വരണ്ടതും ചൊറിയുന്നതുമായ ചര്‍മം
എയര്‍ കണ്ടീഷനിംഗിന് ഒപ്പം വെയിലേല്‍ക്കുക കൂടി ചെയ്താല്‍ ചര്‍മത്തിന് വരള്‍ച്ചയും ചൊറിച്ചിലും അനുഭവപ്പെടുന്നു. തൊലി വരള്‍ച്ച പെട്ടെന്നു മാറുന്ന ഒന്നല്ല, പലപ്പോഴും ദിവസങ്ങളെടുത്താണ് ചര്‍മം പഴയതു പോലെയാകുന്നത്.
- ആസ്ത്മ, അലര്‍ജി
എയര്‍ കണ്ടീഷനിംഗ് അലര്‍ജി ഉണ്ടാക്കുകയും ആസ്ത്മ രോഗം വഷളാക്കുകയും ചെയ്യുന്നു. ചില ആസ്ത്മ രോഗികള്‍ക്ക് എസി മുറിയില്‍ ഇരിക്കുന്നത് ആശ്വാസമാണ്. പുറത്തെ പൊടിയില്‍ നിന്നും മാലിന്യങ്ങളില്‍ നിന്നുമുള്ള സംരക്ഷണമാണ്. എന്നാല്‍ ചില ആസ്ത്മ രോഗികള്‍ക്ക് രോഗം വഷളാവാനും എസി കാരണമാകുന്നു. എയര്‍ കണ്ടീഷണര്‍ സമയാസമയം വൃത്തിയാക്കുകയും പൊടി കളയുകയുമൊക്കെ ചെയ്തില്ലെങ്കില്‍ ഇത്തരം പ്രയാസങ്ങള്‍ വര്‍ധിക്കും.
- വരണ്ട കണ്ണ്
കണ്ണ് വരളുന്നത് കണ്ണിന് അസ്വസ്ഥതയും ചൊറിച്ചിലും ഉണ്ടാക്കുന്നു. കണ്ണ് നീറുകയും വേദനിക്കുകയും ചെയ്യാം. ചിലപ്പോഴൊക്കെ കാഴ്ചയ്ക്ക് മങ്ങലേല്‍ക്കാനും സാധ്യതയുണ്ട്.
എയര്‍ കണ്ടീഷനിംഗ് നേരിട്ട് കണ്ണിന് വരള്‍ച്ച ഉണ്ടാക്കുന്നില്ല. കണ്ണ് വരളുന്ന അസുഖം ഉള്ളവര്‍ക്ക്
എസിയിലിരിക്കുമ്പോള് രോഗം വഷളാകുന്നു എന്നു മാത്രം.
- അണുബാധ
എയര്‍ കണ്ടീഷണര്‍ മൂക്ക് വരളുന്നതിന് ഇടയാക്കുന്നതിനാല്‍ മ്യൂക്കസ് മെമ്പ്രെയ്ന്‍ വരണ്ടുണങ്ങാനും ചൊറിച്ചിലുണ്ടാവാനും കാരണമാകുന്നു. മൂക്കിന്റെ സംരക്ഷണ വലയമായ മൂക്കിലെ ശ്ളേഷ്മം വരണ്ടുണങ്ങുന്നു. അത് വൈറസ് ബാധകള്‍ ഏല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.