എണ്ണമയമുള്ള ചര്‍മവുമായി ജീവിക്കുക പ്രയാസമേറിയ കാര്യമാണ്. ഫെയ്‌സ് വാഷ് തുടര്‍ച്ചയായി ഉപയോഗിക്കുന്നതില്‍ അര്‍ഥമില്ല. മേക്കപ്പാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ. മാത്രവുമല്ല, ഓരോ മണിക്കൂറിലും മാറ്റി മാറ്റി ഫൈയിങ് പൗഡര്‍ ഉപയോഗിക്കാന്‍ ആര്‍ക്കാണ് കഴിയുക. നിരന്തരമായ മുഖക്കുരുവിന്റെയും മറ്റും ശല്യം വേറെയും.
എണ്ണമയമുള്ള ചര്‍മത്തിന് പ്രത്യേക പരിചരണം വേണമെന്നത് വിശേഷിച്ച് പറയേണ്ട കാര്യമില്ലല്ലോ. തെറ്റായ ചര്‍മസംരക്ഷണവും ശീലങ്ങളും കാര്യങ്ങള്‍ വഷളാക്കും. അധികമായ എണ്ണമയം നിയന്ത്രിച്ചു നിര്‍ത്തലാകണം ലക്ഷ്യം, പൂര്‍ണമായും അതിനെ നിര്‍ത്തിക്കളയലല്ല. ചര്‍മത്തെ വരണ്ടതാക്കി മാറ്റുന്നത് ഗ്രന്ഥികളെ കൂടുതല്‍ എണ്ണമയം ഉല്‍പാദിപ്പിക്കാന്‍ പ്രേരിപ്പിക്കുകയേയുള്ളൂ. അപ്പോള്‍ ഇതിനിടയ്ക്കുള്ള ഒരു ബാലന്‍സിങ് നിലയാണ് ആവശ്യം.. ഇതാ പ്രയോജനപ്പെടുന്ന ഏതാനും നിര്‍ദേശങ്ങള്‍..
- ക്ലെന്‍സിങ് ഓയില്‍ ഉപയോഗിച്ച് മുഖം വൃത്തിയാക്കുക..
എണ്ണ ഉപയോഗിച്ചുതന്നെ എണ്ണമയം മാറ്റുകയോ എന്ന അത്ഭുതം വേണ്ട. ക്ലെന്‍സിങ് ഓയില്‍ മുഖത്തെ എണ്ണമയം, അഴുക്ക്, മേക്കപ്പ് എന്നിവ പൂര്‍ണമായും നീക്കുകയും ചര്‍മത്തിന് സ്‌നിഗ്ധത നല്‍കുകയും ചെയ്യും. കൊറിയന്‍ രീതിയിലുള്ള ചര്‍മസംരക്ഷണത്തില്‍ വലിയ പ്രാധാന്യം ഇതിനുണ്ട്. യുഎസിലും പ്രചാരം നേടിക്കൊണ്ടിരിക്കുന്നു. എണ്ണമയം കുറയ്ക്കുന്നതിന്
സീ ബക്തോണ്‍ ബെറി ഓയില്‍ മികച്ച ഫലം ചെയ്യും. ജോജൊബൊ ഓയിലും ഉപയോഗിക്കാം. അത് സ്വാഭാവിക എണ്ണമയം പോലെ പ്രവര്‍ത്തിക്കുകയും മുഖത്തെ ഗ്രന്ഥികള എണ്ണമയം ഉല്‍പാദിപ്പിക്കുന്നതില്‍ നിന്ന് നിയന്ത്രിക്കുകയും ചെയ്യും.
അതേസമയം, ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലല്ല ഇതെന്ന് ശ്രദ്ധിക്കണം. അതുകൊണ്ടുതന്നെ നിങ്ങളുടെ ചര്‍മം എങ്ങനെ ക്ലെന്‍സിങ് ഓയിലിനോട് പ്രതികരിക്കുന്നു എന്നു പരിശോധിച്ച ശേഷം ഉപയോഗിക്കുന്നതാകും ഉചിതം.
- ദിവസം രണ്ടു നേരം മാത്രം മുഖം കഴുകുക
ചര്‍മത്തിലെ എണ്ണമയത്തിന്റെ സാന്നിധ്യം നിങ്ങളെ ദിവസത്തില്‍ പല തവണ മുഖം കഴുകാന്‍ പ്രേരിപ്പിച്ചേക്കാം.. എന്നാല്‍ ദിവസത്തില്‍ രണ്ടു നേരം മാത്രം, അതും വിയര്‍ത്തതിനു ശേഷം മുഖം വൃത്തിയാക്കാനേ പാടുള്ളൂ. മുഖം കഴുകല്‍ അധികമാകുന്നത് സ്വാഭാവികമായ എണ്ണമയം നഷ്ടപ്പെടുത്തും. ആരോഗ്യകരമായ ചര്‍മത്തിന് സ്വാഭാവിക എണ്ണമയം ആവശ്യമുണ്ട്.
ക്ലെന്‍സിങ് ഓയില്‍ ഉപയോഗിച്ച് മുഖത്തെ അനാവശ്യ എണ്ണമയവും അഴുക്കും നന്നായി കളയാന്‍ ശ്രദ്ധിച്ചാല്‍ മതി. സാലിസൈലിക് ആസിഡ്, ബെന്‍സോയ്ല്‍ പെറോക്‌സൈഡ് എന്നിവ അടങ്ങിയ ഉല്‍പന്നങ്ങള്‍ ഒഴിവാക്കണം. ഇവ മുഖക്കുരു നിയന്ത്രിക്കുമെങ്കിലും ചര്‍മം വരണ്ടതാക്കും. സ്‌പോട്ട് ട്രീറ്റ്‌മെന്റിനു മാത്രമായി അവ ഉപയോഗിക്കാം..
- ആഴ്ചയില്‍ 2-3 തവണ ഫെയ്‌സ് മാസ്‌ക്
ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഫെയ്‌സ് മാസ്‌ക് ഉപയോഗിക്കുന്നതിലൂടെ ചര്‍മത്തിലെ എണ്ണമയവും അഴുക്കും നീക്കി മുഖക്കുരു സാധ്യത ഒഴിവാക്കാം.. മുഖകാന്തി വര്‍ധിക്കാനും ഇത് ഉപകരിക്കും. എണ്ണമയം വലിച്ചെടുക്കുന്ന ഘടകങ്ങള്‍ അടങ്ങിയ ഫെയ്‌സ് മാസ്‌ക് ഉപയോഗിക്കണം. ഹൈല്യുറോണിക് ആസിഡ് അഥവാ ആല്‍ഫ ഹൈഡ്രോക്‌സി ആസിഡ് (എഎച്ച്എ) എന്നിവ അടങ്ങിയതാണെങ്കില്‍ അധിക എണ്ണമയം വലിച്ചെടുക്കും. നിങ്ങള്‍ സ്വയം തയാറാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഏറെ പ്രചാരത്തിലുള്ള ഫെയ്‌സ് മാസ്‌കുകള്‍ ഇവയാണ്-
പപ്പായ:
ഇത് പ്രകൃതിദത്തമായ തിളക്കം നല്‍കും. എണ്ണമയത്തോടും ബാക്ടീരിയയോടും ഒരുപോലെ പപ്പായ പോരാടുമെന്ന് 2014ലെ ഇന്ത്യന്‍ ജേണല്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഇത് മെലാനിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. അതേസമയം ചര്‍മം വരണ്ടതാക്കുകയുമില്ല. ഫ്രഷ് ആയ പപ്പായ ഉപയോഗി്ച്ച് ലളിതമായി ഫെയ്‌സ് മാസ്‌ക് തയാറാക്കാം..
കളിമണ്ണ്:
അധിക എണ്ണമയം വലിച്ചെടുക്കാന്‍ സവിശേഷ കഴിവുണ്ട് കളിമണ്ണിന്. ഒട്ടേറെ കൊമേഴ്‌സ്യല്‍ ഉല്‍പന്നങ്ങളില്‍ ഇതുണ്ട്. എന്നാല്‍ അവയ്ക്ക് ചിലവേറും. പണം ലാഭിക്കാന്‍ കോസ്‌മെറ്റിക് ക്ലേ പൗഡര്‍ വാങ്ങാന്‍ കിട്ടും. ഇത് പപ്പായയുമായി ചേര്‍ത്ത് ഫെയ്‌സ് മാസ്‌ക് തയാറാക്കാം. ഉപയോഗിച്ച് 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയണം. പൂര്‍ണമായും ഡ്രൈ ആവാന്‍ കാത്തു നില്‍ക്കരുത്.
മുട്ടയുടെ വെള്ളയും നാരങ്ങയും:
ഒരുമുട്ടയുടെ വെള്ളയും പുതുതായി മുറിച്ചെടുത്ത നാരങ്ങയുടെ ഒരു ടീസ്പൂണ്‍ നീരും ചേര്‍ത്ത് ഇതു തയാറാക്കാം. ദ്രവരൂപത്തിലാക്കിയ സ്‌ട്രോബറി കൂടി ചേര്‍ത്താല്‍ വൈറ്റമിന്‍ സി ഉറപ്പാക്കാം. നാരങ്ങയോട് അലര്‍ജിയുള്ളതും സെന്‍സിറ്റീവ് ആയതുമായ ചര്‍മമാണെങ്കില്‍ ഇത് പരീക്ഷിക്കരുത്.
ഏതു പുതിയ ഫെയ്‌സ് മാസ്‌ക് ഉപയോഗിക്കുമ്പോള്‍ ഒന്നു പരിശോധിച്ച ശേഷം ഉപയോഗിക്കുന്നതാണ് നല്ലത്. അല്‍പം എടുത്ത് കഴുത്തിലോ ചെവിക്കു പിന്നിലോ കൈത്തണ്ടയുടെ ഉള്ളിലോ പുരട്ടുക. അസ്വസ്ഥത തോന്നുന്നുണ്ടോ എന്ന് കുറച്ചുനേരം നിരീക്ഷിച്ച ശേഷം മാത്രം ഉപയോഗിക്കുക.
- മോയിസ്ചര്‍ ഉറപ്പാക്കുക
എണ്ണമയമുള്ള ചര്‍മമാണെങ്കിലും സ്‌നിഗ്ധത അനിവാര്യമാണ്. അല്ലാത്തപക്ഷം വരണ്ട ചര്‍മം നിങ്ങളുടെ ഗ്രന്ഥികളെ കൂടുതല്‍ എണ്ണമയം ഉല്‍പാദിപ്പിക്കാന്‍ പ്രേരിപ്പിക്കും. വാട്ടര്‍ ബേസ്ഡ് മോയിസ്ചറൈസര്‍ ഉപയോഗിക്കാം. ഇത് അധിക എണ്ണമയം ഉല്‍പാദിപ്പിക്കുന്നത് തടയും.
- തേന്‍ ശീലമാക്കുക
ചര്‍മപ്രശ്‌നങ്ങള്‍ക്കുള്ള ഒറ്റമൂലി എന്ന് തേനിനെ വിശേഷിപ്പിക്കാം. ഇത് എണ്ണമയം കുറയ്ക്കുന്നു, ചര്‍മത്തെ സ്‌നിഗ്ധമാക്കുന്നു, മുഖക്കുരുവിന് കാരണമാകുന്ന Propionibacterum acens, Staphylococcus Epidermidis തുടങ്ങിയ ബാക്ടീരിയകളെ നശിപ്പിക്കുന്നു. ഇത് ഫെയ്‌സ് മാസ്‌കുകളില്‍ ഉപയോഗിക്കുക. സ്‌പോട്ട് ട്രീറ്റ്‌മെന്റിനായും ഉപയോഗിക്കാം.
- ഗ്രീന്‍ ടീ ടോണ്‍ര്‍
ചര്‍മ സുഷിരങ്ങള്‍ ബലപ്പെടുത്താനും എണ്ണമയം നീക്കാനും ടോണറുകള്‍ നല്ലതാണ്. പല ബ്രാന്‍ഡുകളില്‍ പലതരം ടോണറുകള്‍ ലഭ്യമാണെങ്കിലും ഗ്രീന്‍ ടീ ടോണറോ അല്ലെങ്കില്‍ ഗ്രീന്‍ ടീ അടങ്ങിയ ഉല്‍പന്നങ്ങളോ ആണ് കൂടുതല്‍ നല്ലത്. ഇതിലടങ്ങിയിട്ടുള്ള പോളിഫെനോള്‍സ് (ആന്റിടോക്‌സിഡന്റ്‌സ്) എണ്ണമയം, ബാക്ടീരിയ തുടങ്ങിയവയെ തടയുന്നതിനാലാണിത്. ചൂടുവെള്ളത്തില്‍ ഗ്രീന്‍ ടീ ഇലകള്‍ മുക്കിയിടുക, ഒരു സ്േ്രപ ബോട്ടിലിലേക്ക് അത് പകരുക, മുഖത്തേക്ക് സ്േ്രപ ചെയ്യുക.
- ബ്ലോട്ടിങ് പേപ്പര്‍
വിയര്‍ത്ത് ഒഴുകുന്നതുപോലെ തോന്നിക്കുന്ന എണ്ണമയം നിയന്ത്രിക്കാന്‍ ചെലവു കുറഞ്ഞ, എളുപ്പമുള്ള മാര്‍ഗമാണ് ബ്ലോട്ടിങ് പേപ്പറുകള്‍. പ്രത്യേകിച്ച് വേനല്‍ കാലാവസ്ഥയില്‍. കട്ടി കുറഞ്ഞ, ചെറിയ ഈ പേപ്പര്‍ കൊണ്ട് എണ്ണമയം നിര്‍ത്താനാവില്ലെങ്കിലും കുറേ നേരത്തേക്ക് നിയന്ത്രിച്ചു നിര്‍ത്താനാകും.
- ബദാം, ഓട്‌സ് ഉപയോഗിച്ച് മൃതകോശങ്ങളെ നീക്കല്‍
മൃതകോശങ്ങള്‍, എണ്ണമയം, അഴുക്ക് എന്നിവ കൃത്യമായ ഇടവേളകളില്‍ നീക്കുന്നത് ചര്‍മസംരക്ഷണത്തില്‍ വളരെ പ്രധാനമാണ്. പ്രകൃതിദത്ത ചേരുവകളായ ബദാം, ഓട്മീല്‍ എന്നിവ ചര്‍മത്തെ വരണ്ടതാക്കാതെ തന്നെ മൃതകോശങ്ങളെ നീക്കാന്‍ ശേഷിയുള്ളവയാണ്. ഇവ രണ്ടും തേനുമായി ചേര്‍ത്ത് മുഖത്ത് മൃദുവായി തേച്ചു പിടിപ്പിക്കുകയും കഴുകി കളയുകയും ചെയ്യുക. ആഴ്ചയില്‍ രണ്ടു തവണയില്‍ കൂടുതല്‍ ചെയ്യരുത്.
- ക്ലീന്‍ ഡയറ്റ്
ക്ലീന്‍ ഡയറ്റും ചര്‍മവും തമ്മിലുള്ള ബന്ധം സംബന്ധിച്ച് പൂര്‍ണമായും മനസ്സിലാക്കാനാകുന്ന വിധം റിസര്‍ച്ച് നടന്നിട്ടില്ല. എങ്കിലും എണ്ണ നിറഞ്ഞ ഫാസ്റ്റ് ഫുഡ് ചര്‍മത്തിന്റെ അവസ്ഥ മോശമാക്കുമെന്നതില്‍ തര്‍ക്കമില്ല. ഇലവര്‍ഗങ്ങള്‍ അടങ്ങിയ പച്ചക്കറികള്‍, പഴങ്ങള്‍, നട്‌സ്, ധാന്യങ്ങള്‍ എന്നിവയടങ്ങിയ ഭക്ഷണം ആരോഗ്യകരമായ ചര്‍മത്തിന് ആവശ്യമാണ്.