spot_img

കൊതുകുതിരി ഉപേക്ഷിക്കാം

നൂറു തരം രോഗങ്ങളുണ്ടാക്കുന്നതും ജന്തു വര്‍ഗത്തിലെ ഏറ്റവും അപകടകാരിയുമായ ജീവിയാണ് കൊതുക്. ലോകത്താകമാനം 2.5 മില്യണ്‍ ആളുകള്‍ കൊതുകു സംബന്ധമായ മാരക രോഗങ്ങള്‍ക്ക് വിധേയരാകുകയും മരിക്കുകയും ചെയ്യുന്നു. കൊതുകിനെ അകറ്റാനുള്ള എളുപ്പവഴിയായി ഭൂരിഭാഗം പേരും തെരഞ്ഞെടുക്കുന്നത് കൊതുകുതിരികളെയാണ്. ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കാതെയാണ് ആളുകള്‍ ഇത് ഉപയോഗിക്കുന്നത്. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ ആളുകളാണ് കൊതുകുതിരിയുടെ ഉപയോഗത്തില്‍ മുന്നിലുള്ളത്.

75 മുതല്‍ 135 വരെ സിഗരറ്റ് വലിക്കുമ്പോഴുണ്ടാകുന്ന അത്രയും കണങ്ങളാണ് ഒരു കൊതുകുതിരി കത്തിക്കുമ്പോള്‍ ഉണ്ടാകുന്നത്. മലേഷ്യയില്‍ നടന്ന പഠനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. അര്‍ബുദത്തിന് കാരണമാകുന്ന കണങ്ങള്‍ കൊതുകുതിരിയിലുണ്ടെന്ന കണ്ടെത്തലാണ് ഇതില്‍ പ്രധാനം. ദിവസവും ഒരു സിഗരറ്റ് വലിക്കുന്നതു പോലും ആളുകള്‍ക്കിടയില്‍ ഹൃദയ സ്തംഭനം, കാന്‍സര്‍, പക്ഷാഘാതം എന്നിവയെത്തുടര്‍ന്നുള്ള മരണങ്ങള്‍ക്ക് കാരണമാകുമെന്നിരിക്കെ ദിവസവും ഓരോ കൊതുകുതിരി കത്തിക്കുന്നതിലെ അപകടം എത്രയെന്ന് ആലോചിച്ചു നോക്കൂ.

 

കൊതുകുതിരിയില്‍ അടങ്ങിയിരിക്കുന്ന പൈറെത്രോയിഡ് എന്ന ഘടകമാണ് കൊതുകുകളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നത്. എന്നാല്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമേ പൈറെത്രോയിഡ് കൊതുകുതിരികളില്‍ ഉപയോഗിക്കുന്നുള്ളൂ. പൈറെത്രോയിഡിനൊപ്പം ഉപയോഗിക്കുന്ന ബൈന്‍ഡേഴ്‌സ്, ഫില്ലേഴ്‌സ്, ഡൈസ് എന്നിവ കൊതുകുതിരി നീറിക്കത്താന്‍ സഹായിക്കുന്നവയാണ്. ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഒരു കൊതുകുതിരിയില്‍ ഒരു ശതമാനം പൈറെത്രോയിഡിനൊപ്പം മരപ്പൊടി, ചിരട്ടപ്പൊടി, കഞ്ഞിപ്പശ എന്നിവയും ചേര്‍ക്കുന്നുണ്ട്. എരിഞ്ഞുകൊണ്ടിരിക്കുന്ന കൊതുകുതിരി പുറപ്പെടുവിക്കുന്ന പുകയില്‍ അടങ്ങിയിരിക്കുന്ന കണങ്ങള്‍ നമ്മുടെ തലമുടിയേക്കാള്‍ 1000 മടങ്ങ് വരെ നേര്‍ത്തതാണ്. അര്‍ബുദമുണ്ടാക്കാന്‍ കഴിയുന്ന രാസവസ്തുക്കള്‍ കൊണ്ട് ആവരണം ചെയ്തിട്ടുള്ള ഈ കണങ്ങള്‍ക്ക് ശ്വാസകോശത്തിന്റെ ഉള്‍ഭാഗങ്ങളില്‍ അടിയാന്‍ സാധിക്കുമെന്നാണ് കണ്ടെത്തല്‍.

നിരവധി കൊതുകുതിരികളില്‍ എസ്-2 എന്നും ഒക്ടക്ലോറോ ഡൈ പ്രൊപൈല്‍ ഈഥര്‍ എന്നും അറിയപ്പെടുന്ന രാസപദാര്‍ത്ഥം അടങ്ങിയിട്ടുണ്ടെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. എന്നാല്‍ എസ്-2 നെ കൊതുകുതിരിയില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങളുടെ ഗണത്തില്‍ പെടുത്തിയിട്ടില്ല. കൊതുകുതിരി കത്തിക്കുമ്പോള്‍ എസ്-2 ന് അതിന്റെ ഘടനയുടെ സങ്കീര്‍ണ്ണത കുറച്ച് മറ്റൊരു രാസപദാര്‍ത്ഥമായ ബിസ് ക്ലോറോ മീഥൈല്‍ ഈഥര്‍ (BCME) ആയി മാറാന്‍ സാധിക്കുന്നു. അങ്ങനെയുണ്ടാകുന്ന ബിസിഎംഇ വളരെ വീര്യം കൂടിയതാണ്. ബിസിഎംഇ ശ്വാസകോശാര്‍ബുദത്തിന് കാരണമാകുന്ന മുഖ്യ ഘടകമായാണ് അറിയപ്പെടുന്നത്. തായ്‌വാനില്‍ ശ്വാസകോശാര്‍ബുദം ബാധിച്ച് മരിച്ചവരില്‍ നല്ലൊരു ശതമാനവും കൊതുകുതിരി ഉപയോഗിക്കുന്നവരായിരുന്നുവെന്നാണ് തായ്‌വാന്‍ ചങ് ഷാന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിന്‍ വിഭാഗം പറയുന്നത്.

അര്‍ബുദത്തെ കൂടാതെ നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍, നേത്രരോഗങ്ങള്‍, ആസ്ത്മ, ശ്വാസോച്ഛ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും കൊതുകുതിരി കാരണമാകുന്നു. വായു സഞ്ചാരം കുറഞ്ഞ മുറികളിലും കിടക്കയ്ക്ക് സമീപവും കൊതുകുതിരി കത്തിച്ചു വെക്കുകയാണ് എല്ലാവരും ചെയ്യുന്നത്. ഇതാണ് ഏറ്റവും അപകടകരവും. കേരളത്തില്‍ എടിഎം കൗണ്ടറുകളിലും ഫ്‌ളാറ്റുകളിലും മറ്റും കാവല്‍ നില്‍ക്കുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്കിടയില്‍ ഇത്തരത്തിലുള്ള കൊതുകുതിരി ഉപയോഗം വളരെ കൂടുതലായി കണ്ടുവരുന്നു.

 

പ്രതിരോധ മാര്‍ഗങ്ങള്‍

കൊതുകിന്റെ ശല്യമില്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുകയാണ് കൊതുകിന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷ നേടാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. അതിനുള്ള ശ്രമത്തിലാണ് സര്‍ക്കാരും സന്നദ്ധ സംഘടനകളും. അവര്‍ക്കൊപ്പം പങ്കുചേരാനും കൊതുകുജന്യ രോഗങ്ങളില്‍ നിന്നും രക്ഷനേടാനും ശ്രമിക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ച് കൊതുകിന് മുട്ടയിടാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് കൊതുകിനെ അകറ്റാനുള്ള പ്രഥമവും ഫലപ്രദവുമായ വഴി. കൊതുകിന്റെ ശല്യം കൂടുതലുള്ള സ്ഥലത്താണ് നിങ്ങള്‍ ഉറങ്ങുന്നതെങ്കില്‍ കൊതുകുവല ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ജനല്‍, വാതില്‍, എയര്‍ ഹോള്‍ എന്നിവിടങ്ങളില്‍ ലോഹ നിര്‍മ്മിതമായ കൊതുകുവലകള്‍ സ്ഥാപിക്കുന്നത് കൊതുകുള്‍പ്പെടെയുള്ള കീടങ്ങളുടെ സഞ്ചാരത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

 

കൊതുകിനെ ദീര്‍ഘസമയം ശരീരത്തില്‍ നിന്നും അകറ്റിനിര്‍ത്തുന്നതും വലിയ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തതുമായ റെപ്പലന്റുകളും (ശരീരത്തില്‍ പുരട്ടുന്ന രാസപദാര്‍ത്ഥങ്ങള്‍) ദ്രവ്യ രൂപത്തിലുള്ള കൊതുകു നശീകരണ സംവിധാനങ്ങളുമാണ് കൊതുകിനെ അകറ്റാനുള്ള മറ്റൊരു മാര്‍ഗം. എന്നാല്‍ ഇവ ഉപയോഗിക്കുമ്പോള്‍ അതിലുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ഇവയുടെ അമിതവും അശ്രദ്ധവുമായ ഉപയോഗം അപകടങ്ങള്‍ക്കിടയാക്കിയേക്കും. അതുകൊണ്ടുതന്നെ പ്രകൃതിദത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ് ആരോഗ്യകരം.

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.