കാലം പോകെപ്പോകെ ശാസ്ത്രം വികസിക്കുകയും ആയുരാരോഗ്യ മേഖലകളില്‍ വമ്പിച്ച നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യുന്നുണ്ട്. മരണ നിരക്കിലും മാരക രോഗങ്ങളുടെ നിരക്കിലും കാര്യമായ കുറവും പ്രകടമാണ്. എന്നാല്‍ ഇന്നും കാന്‍സര്‍ നിരക്കില്‍ പറയത്തക്ക വ്യത്യാസം ഉണ്ടായിട്ടില്ല എന്നു കാണാം.
ലോകത്താകമാനമുള്ള കാന്‍സര്‍ ബാധയുടെ തോതുമായി തട്ടിച്ചു നോക്കുമ്പോള്‍ കുട്ടികളിലെ കാന്‍സര്‍ നിരക്കില്‍ കാര്യമായ വര്‍ധനയുണ്ട് എന്ന് പറയാനാവില്ലെങ്കിലും കുട്ടികളിലെ അര്‍ബുദത്തിന്റെ തോത് നിരാശാജനകമാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാന്‍സര്‍ ബാധയുടെ അഞ്ചു ശതമാനമാണ് കുട്ടികളിലെ കാന്‍സര്‍ നിരക്ക്.
പ്രധാനമായും രക്താര്‍ബുദമാണ് കുട്ടികളെ ബാധിക്കുന്നത്. രക്താര്‍ബുദത്തില്‍പ്പെടുന്ന അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയാണ് ഇതില്‍ പ്രധാനം. മറ്റൊന്ന് ബ്രെയിന്‍ ട്യൂമറുകളാണ്. ഈ ട്യൂമറുകളും മുതിര്‍ന്നവരുടേതില്‍ നിന്ന് വ്യത്യസ്തമാണ്. പ്രധാനമായും രണ്ടു മുതല്‍ പത്തു വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് ഇവ ബാധിക്കാറുള്ളത്. എന്നാല്‍ പതിനാലു വയസ്സു വരെയുള്ള കുട്ടികളിലും രോഗം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം രോഗങ്ങളുടെ കാര്യത്തില്‍ ആണ്‍-പെണ്‍ വ്യത്യാസങ്ങളൊന്നും കാണാറില്ലെങ്കിലും പതിനാറ്-പതിനേഴ് വയസ് പ്രായമാകുമ്പോള്‍ പെണ്‍കുട്ടികളില്‍ അണ്ഡാശയ കാന്‍സര്‍ കണ്ടുവരാറുണ്ട്.
ഏത് രോഗത്തെയും പോലെത്തന്നെ തുടക്കത്തിലേ കണ്ടുപിടിച്ച് ചികിത്സ ലഭ്യമാക്കലാണ് കുട്ടികളിലും പ്രധാനം. കുട്ടികളില്‍ കണ്ടുവരുന്ന ഭൂരിഭാഗം കാന്‍സറുകളും ചികിത്സയിലൂടെ ഭേദമാക്കാവുന്നവയാണ്. കുട്ടികളിലെ ചികിത്സയുടെ പ്രധാനകാര്യം അവര്‍ കുട്ടികളാണ് എന്നതുതന്നെയാണ്. കുട്ടികളിലെ ചികിത്സയ്ക്ക് അവരുടെ തൂക്കവും ഉയരവും പരിഗണിച്ച് കുറച്ച് ഡോസ് മരുന്നുകള്‍ മാത്രമേ ആവശ്യമായി വരാറുള്ളൂ. അതിനാല്‍ത്തന്നെ മുതിര്‍ന്നവരുടേതിനെ അപേക്ഷിച്ച് കുട്ടികളുടെ ചികിത്സയ്ക്ക് ചെലവും കുറവായിരിക്കും.
ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന മരുന്നുകള്‍ കുട്ടികളില്‍ ഒഴിവാക്കാറുണ്ട്. ചില മരുന്നുകളുടെ പ്രവര്‍ത്തന ഫലമായി കുട്ടികളില്‍ കുറഞ്ഞ ബുദ്ധിശക്തിയും ശ്രദ്ധക്കുറവും ഉണ്ടാകാറുണ്ട്. ചില അവസരങ്ങളില്‍ കുട്ടികളില്‍ മരുന്നുകള്‍ തലച്ചോറിലേക്കെത്താത്ത അവസ്ഥ ഉണ്ടാവാറുണ്ട്. അപ്പോള്‍, മരുന്നുകള്‍ സുഷുമ്‌നയില്‍ കുത്തിവെക്കേണ്ടതായി വരും. ഭാവിയില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന റേഡിയേഷനുകള്‍ കുട്ടികളില്‍ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നതു മാത്രമല്ല ജീവിതത്തിന്റെ നിലവാരം ഉറപ്പുവരുത്തേണ്ടതും ആവശ്യമാണ്. ചികിത്സയില്‍ ഉയര്‍ന്ന വിജയസാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ടെങ്കിലും രോഗമുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ ചില്ലറയല്ല. കുട്ടി ആശുപത്രിയിലായിരിക്കുമ്പോള്‍ മാതാപിതാക്കള്‍ അടുത്തുണ്ടാകാതെ തരമില്ല. അതുവഴി കുടുംബത്തിന്റെ വരുമാന സ്രോതസ്സ് നിലച്ചുപോകുന്ന അവസ്ഥ സാധാരണമാണ്.
എന്നാല്‍, കുട്ടികളെ ചികിത്സിക്കുക എളുപ്പമാണ്. അവര്‍ക്ക് ആ രോഗത്തെക്കുറിച്ച് അറിവില്ലാത്തതുകൊണ്ട് മാനസിക സംഘര്‍ഷങ്ങളുണ്ടാവാറില്ല. കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചു കഴിഞ്ഞാല്‍ അവരെ കൈകാര്യം ചെയ്യുക എളുപ്പമാണ്. എളുപ്പത്തില്‍ അനുനയിപ്പിച്ച് ചികിത്സയ്ക്ക് വിധേയരാക്കാനും കഴിയും. ചില മരുന്നുകളുടെ ഫലമായി രക്തത്തിന്റെ അളവില്‍ പെട്ടെന്ന് ക്രമാതീതമായ കുറവുണ്ടാകാറുണ്ട്. പക്ഷേ കുട്ടികളില്‍ അതില്‍ നിന്നുള്ള വിടുതി വളരെ വേഗത്തിലായിരിക്കും.
കുട്ടികളുടെ മരുന്നില്‍ വ്യത്യാസമുണ്ടെങ്കിലും ചികിത്സാ കാലയളവ് ഏതാണ്ട് മുതിര്‍ന്നവരുടേതിന് തുല്യമാണ്. കുട്ടികളുടെ രക്താര്‍ബുദം രണ്ടര വര്‍ഷത്തോളമെങ്കിലും ചികിത്സിക്കേണ്ടതുണ്ട്. കൂടാതെ സ്ഥിരമായി ചെക്കപ്പ് ചെയ്യേണ്ടതും അത്യാവശ്യമാണ്. സാധാരണയായി ഒരു തവണ വന്ന കാന്‍സര്‍ ആവര്‍ത്തിക്കാറില്ല. എന്നാല്‍, ചികിത്സാ സമയത്ത് ഉപയോഗിച്ച ചില മരുന്നുകളുടെ പാര്‍ശ്വഫലമായി സെക്കന്‍ഡ് കാന്‍സര്‍ ഉണ്ടാക്കാറുണ്ട്. അത് മറ്റേതെങ്കിലും കാന്‍സറായിരിക്കും. അകാരണമായുള്ള വിളര്‍ച്ച, ഇടവിട്ടുള്ള പനി, ക്ഷീണം, ദേഹത്ത് ചുവന്ന പാടുകള്‍, രക്തസ്രാവം തുടങ്ങിയവയാണ് കാന്‍സറിന്റെ ലക്ഷണങ്ങള്‍.
കുട്ടികളുടെ ഭക്ഷണശീലങ്ങള്‍ ഒരു പരിധി വരെ കാന്‍സറിനു കാരണമാകുന്നുണ്ട്. പാക്ക്ഡ് ചിപ്‌സും ഫ്രൈഡ് ചിക്കനും പോലുള്ളവ കാന്‍സറിനു കാരണമായേക്കാം. ഇത്തരം ഭക്ഷണ സാധനങ്ങളെല്ലാം തന്നെ ഉയര്‍ന്ന കൊഴുപ്പും ഉയര്‍ന്ന കലോറിയും കുറഞ്ഞ ഫൈബറും അടങ്ങിയവയായിരിക്കും. ഇത് അനാരോഗ്യകരമാണ്. ഇതിന്റെ ഭവിഷ്യത്തുകള്‍ അനുഭവപ്പെടുന്നത് വര്‍ഷങ്ങള്‍ക്കു ശേഷമാവും. പച്ചക്കറികളാണ് കൂടുതലായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ചീര പോലുള്ള പച്ചക്കറികളില്‍ ആന്റി കാന്‍സര്‍ ഘടകങ്ങള്‍ ധാരാളമായുണ്ട്.
ഇന്നും സമൂഹം കാന്‍സറിന്റെ കാര്യത്തില്‍ ഒട്ടും ബോധവാന്മാരല്ല. കാന്‍സര്‍ രോഗം ഭേദപ്പെട്ട കുട്ടികളെ മാറ്റിനിര്‍ത്തുന്ന പ്രവണത ഇന്നുമുണ്ട്. ചില സ്‌കൂളുകളില്‍ അഡ്മിഷന്‍ കൊടുക്കാത്ത സാഹചര്യം പോലുമുണ്ടാകാറുണ്ട്. ഇത്തരം കുട്ടികളില്‍ പൊതുവെ ഐക്യു കുറവായിരിക്കും. മറ്റു കുട്ടികളോടൊപ്പം മത്സരിച്ചു മുന്നേറാനുള്ള അവസരം അവര്‍ക്ക് ഒരുക്കിക്കൊടുക്കുകയാണ് വേണ്ടത്. ചില സമയത്ത് മാതാപിതാക്കളും അധ്യാപകരും കൊടുക്കുന്ന അമിതശ്രദ്ധ കുട്ടികളെ പിന്നോട്ടുവലിക്കുകയേയുള്ളൂ. ചികിത്സാ കാലാവധി കഴിഞ്ഞാല്‍ മറ്റു കുട്ടികളോടൊപ്പം കളിക്കാനും ഒത്തുചേരാനും അനുവദിക്കണം. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് അത് ആവശ്യമാണ്. ശ്രദ്ധയും പരിചരണവും ആവശ്യമാണ്. എന്നാല്‍ കുട്ടിയുടെ വ്യക്തി വികാസത്തെ തടസ്സപ്പെടുത്തുന്ന തരത്തിലാകരുത് എന്നുമാത്രം.