ഗര്‍ഭകാലം സ്ത്രീകളെ സംബന്ധിച്ച് കഷ്ടതയാര്ന്നതാണെങ്കിലും വളരെ മനോഹരമായ സമയമാണിത്. ഈ സമയത്ത് നിങ്ങള്‍ എത്ര ആരോഗ്യത്തോടെയിരിക്കുന്നുവോ അത്രയും നിങ്ങളുടെ കുഞ്ഞും ആരോഗ്യത്തോടെയിരിക്കും. ചില കാരണങ്ങള്‍ കൊണ്ട് ഗര്‍ഭിണികള്‍ മാസം തികയാതെ പ്രസവിക്കാറുണ്ട്. ചില കുഞ്ഞുങ്ങള്‍ക്ക് മരണം പോലും ഇതിനെത്തുടര്‍ന്ന് ഉണ്ടാകാറുണ്ടെങ്കിലും ഭൂരിഭാഗം കുഞ്ഞുങ്ങളും ആരോഗ്യവാന്മാരായി തിരിച്ചുവരാറുണ്ട്. മാസം തികയാത്ത പ്രസവം പലവിധ കാരണങ്ങളാലാണ് സംഭവിക്കുന്നത്.
1. ഗര്‍ഭാനുബന്ധ രോഗങ്ങള്‍
പ്രീ എക്ലാംപ്സിയ : ഗര്‍ഭിണിയായി 20 ആഴ്ചകള്‍ കഴിഞ്ഞ് കാണപ്പെടുന്ന രോഗമാണിത്. വളരെ ചുരുക്കം പേരിലേ ഇത് കാണാറുള്ളൂ. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മൂത്രത്തില്‍ പ്രോട്ടീന്‍ കാണപ്പെടുന്നതും ഇതിന്റെ ലക്ഷണങ്ങളാകാം. ചികിത്സിക്കാതിരുന്നാല്‍ മാസം തികയാതെ പ്രസവിക്കാനോ മരണത്തിനോ കാരണമായേക്കും.
ഹെല്പ് സിന്‍ഡ്രം (HELLP Syndrome): പ്രീ എക്ലാംപ്സിയയുടെ ഒരു വകഭേദമാണിത്. 0.2 മുതല്‍ 0.6 ശതമാനം ആളുകളില്‍ മാത്രമേ ഇതിനു സാധ്യതയുള്ളൂ. ബാധിക്കപ്പെട്ടാല്‍ ജീവനു ഭീഷണിയുമാണ്. ഹിമോലിസിസ്, ഇലവേറ്റഡ് ലിവര്‍ എന്‍സൈംസ്, ലോ പ്ലേറ്റ്ലറ്റ്സ് എന്നിവയാണ് ഹെല്പ് കൊണ്ടുദ്ദേശിക്കുന്നത്.
ലൈംഗികാവയവത്തില്‍ അണുബാധ: 10 മുതല്‍ 30 ശതമാനം വരെ സ്ത്രീകളില്‍ ലൈംഗികാവയവത്തില്‍ അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. യോനിയുടെ താഴ്ഭാഗത്ത് അണുബാധയുണ്ടാകുന്നത് ആറു ശതമാനം മാസം തികയാതെയുള്ള പ്രസവങ്ങള്‍ക്ക് കാരണമാകുന്നു. ഗര്‍ഭാശയ രോഗങ്ങള്‍ക്കും ഇത് കാരണമാകുന്നു.
2. മുന്‍കാല ഗര്‍ഭചരിത്രം
നേരത്തെയും മാസം തികയാതെയുള്ള പ്രസവം : മുന്‍പും മാസം തികയാതെ പ്രസവിച്ചിട്ടുണ്ടെങ്കില്‍ പ്രസവം അടുക്കാറാകുന്ന സമയത്ത് കുഞ്ഞിന് മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ട്.
മുന്‍പ് ഗര്‍ഭം അലസിയിട്ടുണ്ടെങ്കില്‍ : ഗര്‍ഭം അലസി അടുത്ത മൂന്ന് മാസത്തിനുള്ളില്‍ വീണ്ടും ഗര്‍ഭധാരണം സംഭവിക്കുന്നത് മാസം തികയാതെ പ്രസവിക്കാന്‍ കാരണമായേക്കുന്നു.
ഗര്‍ഭച്ഛിദ്രം : മുന്‍പ് ഗര്‍ഭച്ഛിദ്രം സംഭവിച്ചിട്ടുണ്ടെങ്കിലും മാസം തികയാതെ പ്രസവിക്കാന്‍ സാധ്യതയുണ്ട്.
3. ഒരു സമയം ഒന്നിലധികം കുട്ടികളുണ്ടാകുന്നത്
ഒരുസമയം ഒന്നിലധികം കുട്ടികളെ ഗര്‍ഭം ധരിക്കുന്നത് സമയമെത്തും മുന്നേ പ്രസവിക്കാന്‍ കാരണമാകാറുണ്ട്. ഭൂരിഭാഗം കേസുകളിലും ഇതുതന്നെയാണ് സംഭവിക്കാറുള്ളത്. 60 ശതമാനം ഇരട്ടക്കുട്ടികളും നേരത്തേ ജനിക്കുന്നു. രണ്ടിലധികം കുട്ടികളുള്ള 90 ശതമാനം കേസുകളിലും ഇങ്ങനെതന്നെ. ഇരട്ടക്കുട്ടികളാണെങ്കില്‍ കൂടുതല്‍ തവണ ഡോക്ടറെ സന്ദര്‍ശിക്കുകയും പരിശോധനകള്‍ നടത്തുകയും വേണം.
4. കുടുംബ ചരിത്രം
കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഈ സാഹചര്യം മുമ്പ് ഉണ്ടായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അതിനുള്ള സാധ്യത കൂടുതലാണ്. നിങ്ങള്‍ ജനിച്ചത് മാസം തികയുന്നതിനു മുമ്പ് ആയിരുന്നെങ്കില്‍ സാധ്യത വളരെ കൂടുതലാണ്.
5. അമ്മയുടെ പ്രായം
പ്രസവത്തില്‍ അമ്മയുടെ പ്രായം വളരെ പ്രധാനമാണ്. കൗമാരക്കാരായ അമ്മമാരില്‍ നേരത്തേ പ്രസവിക്കാനുള്ള സാധ്യത വളരെയധികമാണ്. 14 നും 17 നും ഇടയില്‍ പ്രായമുള്ള അമ്മമാരുടെ കാര്യത്തില്‍ വലിയ അപകടസാധ്യതയുണ്ട്. അതേസമയം 18, 19 പ്രായക്കാര്‍ക്ക് സാധ്യത കുറവാണെങ്കിലും ജാഗ്രത ആവശ്യമുണ്ട്.
35 വയസ് കഴിഞ്ഞവരിലും ഇതേ സാധ്യതയുണ്ട്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങളുള്ള അമ്മമാരിലും സങ്കീര്‍ണ്ണതകള്‍ക്ക് സാധ്യതയുണ്ട്. ജാഗ്രതയോടെ സമീപിച്ചാല്‍ 35 നും 39 നും ഇടയിലുള്ളവര്‍ക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കുകയുമാവാം.
6. സമ്മര്‍ദ്ദം
ഗര്‍ഭകാലത്ത് മാനസിക സമ്മര്ദ്ദങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം. ഇതിന് പാര്‍ട്ണറുടെയും ബന്ധുക്കളുടെയും ശ്രദ്ധ ആവശ്യമാണ്. സമ്മര്‍ദ്ദമുള്ള സമയത്ത് സ്ത്രീകള്‍ അനാരോഗ്യകരമായ ഭക്ഷണശീലം മുതല്‍ മദ്യപാനം വരെ അപകടകരമായ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ ഈ സമയത്ത് അവര്‍ക്ക് കാര്യമായ പിന്തുണ നല്‍കണം.
7. അടുത്തടുത്തുള്ള പ്രസവം
ഒരു കുഞ്ഞ് ജനിച്ച് അടുത്ത കുഞ്ഞുണ്ടാകുന്നതിനിടയില് ഏറ്റവും ചുരുങ്ങിയത് ഒന്നര വര്‍ഷത്തെ അകലം വേണം. അടുത്തടുത്തുള്ള പ്രസവം വളരെ അപകടകരമാണ്. ഒരു കുഞ്ഞ് ജനിച്ചു കഴിയുമ്പോള്‍ നിങ്ങളുടെ ശരീരം നന്നായി ക്ഷീണിക്കുകയും ആരോഗ്യം തിരിച്ചുപിടിക്കാന്‍ സമയമെടുക്കുകയും ചെയ്യും. നഷ്ടപ്പെട്ട പോഷകങ്ങളും ജീവകങ്ങളും തിരിച്ചുപിടിക്കേണ്ടതുണ്ട്. അതിനാലാണ് ചുരുങ്ങിയത് 18 മാസമെങ്കിലും കാത്തിരിക്കണമെന്ന് പറയുന്നത്.
8. മദ്യപാനവും പുകവലിയും
ഗര്‍ഭകാലത്ത് മദ്യപിക്കുന്നതും പുകവലിക്കുന്നതും മാസം തികയാതെ പ്രസവിക്കുന്നതിനും കുഞ്ഞുങ്ങളുടെ അനാരോഗ്യത്തിനും കാരണമായേക്കും. കുഞ്ഞുങ്ങള്‍ക്ക് ഭാരം കുറയാന്‍ പുകവലി കാരണമാകുന്നു.